December 10, 2024 |

‘എല്‍വിസിനെക്കാള്‍ മികച്ചവനായിരുന്നു ചംകില’

ആരാണ് അമർ സിംഗ് ചംകില

പഞ്ചാബി സംഗീതത്തിൽ നിന്ന് ലോകപ്രശസ്തനായി മാറിയ കലാകാരൻമാർ ഒട്ടനവധിയാണ്. എന്നാൽ കാലിഫോർണിയയിലെ സംഗീതോത്സവമായ കോച്ചെല്ലയിൽ ഗാനമാലപിക്കുന്ന ആദ്യത്തെ പഞ്ചാബി കലാകാരൻ ദിൽജിത് ദോസഞ്ചാണ്. കോച്ചെല്ലയിൽ പഞ്ചാബി സംഗീതത്തെ സംഗീതപ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ബ്രിസ്ബേൻ എൻ്റർടൈൻമെൻ്റ് സെൻ്ററിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇന്ത്യൻ കലാകാരനായിരുന്നു അദ്ദേഹം. പഞ്ചാബിന് പുറത്ത് ഇന്ത്യൻ സിനിമയുടെ തന്നെ പ്രിയ ഗായകരിലൊരാളാണ് അദ്ദേഹം.

ഏപ്രിൽ 13-ന് റിലീസിന് ഒരുങ്ങുന്ന “അമർ സിംഗ് ചംകില”യാണ് ദിൽജിത്തിൻ്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദിൽജിത് ദോസഞ്ചും പരിനീതി ചോപ്രയും പ്രധാനവേഷങ്ങളിൽ എത്തുന്ന ഇംതിയാസ് അലി ചിത്രത്തിന്റെ ട്രെയിലർ മാർച്ച് അവസാനം അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു. സ്വതസിദ്ധമായ കഴിവ്കൊണ്ട് അതി പ്രശസ്തനായി മാറിയ പഞ്ചാബി ഗായകൻ അമർ സിംഗ് ചംകിലയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അദ്ദേഹം കൊല്ലപ്പെട്ട അതേ സ്ഥലത്താണ് തങ്ങൾ ഒരു രംഗം ചിത്രീകരിച്ചതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ദിൽജിത് ദോസഞ്ച് വെളിപ്പെടുത്തിയിരുന്നു. തന്റെ 27-ാം വയസ്സിലാണ് പഞ്ചാബിൽ വെച്ച് ചാംകില കൊല്ലപ്പെടുന്നത്.

ആരാണ് അമർ സിംഗ് ചംകില ?

1980-കളുടെ തുടക്കത്തിലാണ് വരികളിൽ ചടുലതയും, രാഷ്ട്രീയവും, സാമൂഹിക അസമത്വം ഒരു പോലെ പ്രതിഫലിപ്പിച്ച ചംകില മുഖ്യധാരാ സംഗീതത്തിനും, പഞ്ചാബിനും ഒരു പോലെ ജനപ്രിയനായി മാറുന്നത്. 1960 ജൂലൈ 21 നാണ്, പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപമുള്ള ദുഗ്രി ഗ്രാമത്തിലെ ദരിദ്ര ദളിത് കുടുംബത്തിൽ കർതാർ കൗറിൻ്റെയും ഹരി സിംഗ് സണ്ടിലയുടെയും മകനായിചാംകില ജനിക്കുന്നത്.
ബാല്യ കാലത്തു തന്നെ സംഗീതത്തിൽ അഭിരുചി പുലർത്തിയിരുന്ന കുട്ടി ദാരിദ്രത്തിനെയും തോൽപ്പിച്ചു കൊണ്ട് സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കി. പഞ്ചാബിന്റെ റോക്‌സ്റ്റാറായി വളർന്നു. അക്കാലത്തെ ഏറ്റവും പ്രശസ്‌തനായ, ഏറ്റവും കൂടുതൽ ഗാനങ്ങൾ വിറ്റുപോയ ഗായകനായിരുന്നു അദ്ദേഹം. പലപ്പോഴും പ്രണയം, സമൂഹം, രാഷ്ട്രീയം എന്നിവയെ ശക്തമായ ഭാഷയിൽ അടയാളപ്പെടുത്തുന്നതായിരുന്നു ചംകിലയുടെ വരികൾ. ചാംകില തൻ്റെ പങ്കാളിയും പാട്ടുകാരിയുമായ അമർജോത്തിനൊപ്പം സമകാലിക സംഗീതവുമായി പരമ്പരാഗത പഞ്ചാബി നാടോടി ഗാനങ്ങളെ സംയോജിപ്പിച്ച് ഒരു തനതായ സംഗീത ശൈലി രൂപപ്പെടുത്തിയിരുന്നു. പഞ്ചാബിന് പുറത്തേക്ക് ചംകിലയുടെ പ്രശസ്തി വർധിപ്പിച്ചതും ഈ പരീക്ഷണമായിരുന്നു.

ഇരുവരും അവതരിപ്പിക്കുന്ന ഗാനങ്ങൾ സംഭാഷണങ്ങൾ പോലെ ആളുകളിൽ പ്രവർത്തിച്ചു. പഞ്ചാബിലുടനീളമുള്ള ചാംകിലയുടെ അഖാഡകളിലേക്ക് (സൗജന്യ, ഓപ്പൺ എയർ പ്രോഗ്രാമുകൾ) ആളുകൾ ഒഴുകിയെത്തി. പാട്ടുകൾ കേൾക്കാൻ ദൂരെ ദിക്കുകളിൽ നിന്നും ആളുകൾ എത്തിയിരുന്നു, ഒരു കാലത്ത് ചാംകില ഒരു വർഷത്തിനുള്ളിൽ 365 ഷോകൾ നടത്തിയിരുന്നു. കൂടാതെ നിരവധി സിനിമകൾക്ക് റെക്കോർഡ് ചെയ്യുകയും ഇന്ത്യയ്ക്ക് പുറത്ത് അവതരിപ്പിക്കുകയും ചെയ്തു.

ആകർഷകമായ ഈണങ്ങൾ, രസകരമായ വരികൾ, ആരും പറയാതെ പോകുന്ന ജീവിതത്തിൻ്റെ കാണാപ്പുറങ്ങൾ തുടങ്ങി ഒട്ടനവധി ഘടകങ്ങൾ കൊണ്ട് തുന്നി ചേർത്ത ചംകിലയുടെ സംഗീതം പ്രേക്ഷകരിൽ പകരക്കാരനില്ലാത്ത വിധം അദ്ദേഹത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു. പക്ഷെ ആ കലാസപര്യ അധിക കാലം നീണ്ടു നിന്നില്ല. പഞ്ചാബിലെ മെഹ്‌സാംപൂരിൽ വച്ച് അമർ സിംഗ് ചംകിലയും ഭാര്യ അമർജോത്തും വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്നും ചംകിലയുടെ കൊലപതകത്തിനു പിന്നിലെ ദൂരൂഹതകൾ മാറാ നീക്കി പുറത്തു വന്നിട്ടില്ല. ഇരുവരുടെയും മരണം ദുരൂഹതയായി തന്നെ നിലനിൽക്കുകയാണ്. പഞ്ചാബ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ലൈവ്-സ്റ്റേജ് പെർഫോമർമാരിൽ ഒരാളായിരുന്ന ചംകില തന്റെ 27-ആം വയസിലാണ് കൊല്ലപ്പെടുന്നത്.

അദ്ദേഹത്തിൻ്റെ വരികൾ കുറ്റകരവും അശ്ലീലവുമാണെന്ന് നിരന്തര വിമർശനം എതിരാളികളിൽ നിന്ന് ഉയർന്നു വന്നിരുന്നു. തീവ്രവാദത്തിൻ്റെ മുൾമുനയിൽ അകപ്പെട്ട അവസ്ഥയിൽ പാട്ടുപാടുന്ന അയാൾക്ക് വധഭീഷണി വന്നുതുടങ്ങി, അദ്ദേഹം ദിവസങ്ങളോളം ഒളിവിൽ പോയിരുന്നു. കുറച്ചു കാലത്തേക്ക് അദ്ദേഹം വരികൾ എഴുതുന്നതു പോലും ഉപേക്ഷിച്ചു. 1988 മെയ് 8-ന് പഞ്ചാബിലെ ജലന്ധറിലെ മെഹ്സാംപൂരിലേക്ക് ഒരു ഷോയ്‌ക്കായി യാത്ര ചെയ്യുകയായിരുന്ന ചാംകിലക്കും അമർജോത്തിനും നേരെ വേഷംമാറി മോട്ടോർ സൈക്കിളിൽഎത്തിയ മൂന്ന് പേർ നിറയൊഴിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല, പ്രതികളെയും പിടികൂടാനായിട്ടില്ല.

ലോകമെമ്പാടുമുള്ള പഞ്ചാബി സംഗീത പ്രേമികൾക്കിടയിൽ ഇന്നും ചംകിലയുടെ സംഗീതത്തിന് ആസ്വാദകർ ഏറെയാണ്. കാലാതീതമായ സംഗീതത്തിലൂടെ അമർ സിംഗ് ചംകില ഇപ്പോഴും ആളുകൾക്കിടയിൽ ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ നിരവധി സംഗീതജ്ഞർ കവർ ചെയ്യുകയും റീമിക്സ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പഞ്ചാബി സംഗീതത്തിലും സംസ്കാരത്തിലും അദ്ദേഹത്തിൻ്റെ സംഗീതവും,സ്വാധീനവും ആരാലും മറികടക്കപെടാതെ തുടർന്നു പോരുന്നു.

ചംകിലയായി എത്തുന്ന ദിൽജിത് ദോസഞ്ച്

ചംകിലയുടെ ജീവിത കഥ ഇംതിയാസ് അലി തൻറെ സിനിമയായി വരച്ച് കാട്ടുമ്പോൾ അദ്ദേഹത്തിന്റെ വേഷം കൈ കാര്യം ചെയ്യുന്നത് ദിൽജിത് ദോസഞ്ചാണ്. പരിണീതി ചോപ്രയാണ് ഭാര്യ അമർജോത്തായി എത്തുന്നത്. പഞ്ചാബിന്റെ ജനപ്രിയ സംഗീതജ്ഞൻ ചംകിലയായി എത്തുന്നതിന്റെ ആകാംഷയിലാണ് പ്രേക്ഷകർ. ദിൽജിത് ദോസഞ്ച് എന്ന ഗായകനെ സംബന്ധിച്ച് ആരാധകർക്കൊപ്പം തന്നെ വിമർശകരുമുണ്ട്. ചംകില അഭിമുഖീകരിച്ച ആരോപണങ്ങൾ ദിൽജിതും നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനശൈലി അശ്ലീലതയാണെന്ന് പലപ്പോഴും ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. തന്റെ സംഗീതത്തിന്റെ പേരിൽ വധ ഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും കലയോടുള്ള അഭിനിവേശം അദ്ദേഹത്തെ ജനപ്രിയനാക്കി നിലനിർത്തുന്നു. കൂടാതെ ജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഗാനങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നതുകൊണ്ട് തന്നെ ‘അടുത്ത വീട്ടിലെ പയ്യൻ’ എന്ന ഇമേജ് നിലനിർത്തി പോരാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. പാതിവഴിയിൽ സംഗീതം ഉപേക്ഷിച്ചു പോയ തങ്ങളുടെ പ്രിയ ഗായകനെ, അത്രത്തോളം പ്രിയങ്കരനായ മറ്റൊരു ഗായകൻ അവതരിപ്പിക്കുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ.

യഥാർത്ഥ ജീവിതത്തിൽ അമർ സിംഗ് ചംകില കൊല്ലപ്പെട്ട അതേ സ്ഥലത്താണ് തങ്ങൾ ഒരു രംഗം ചിത്രീകരിച്ചതെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ദിൽജിത്ത് വെളിപ്പെടുത്തിയിരുന്നു. സെറ്റിൽ ചാമകിലയുടെ ഊർജ്ജം തന്നെ തേടിയെത്തിയതായും അദ്ദേഹം പറയുന്നു. “ചാംകിലയുടെ ഊർജം 100 ശതമാനം സെറ്റിൽ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ചാംകില കൊല്ലപ്പെട്ട അതേ സ്ഥലത്താണ് ഞങ്ങൾ വെടിയുതിർത്തത്. അതേ സ്ഥലത്ത് ഇംതിയാസ് സാർ ആ രംഗം ചിത്രീകരിച്ചു. കൃത്യം ആ ഘട്ടത്തിൽ വെടിയേറ്റ ശേഷം ഞാൻ താഴെ വീണു. സീനിൽ തുമ്പി (പഞ്ചാബിലെ ഒരു പരമ്പരാഗത സംഗീത ഉപകരണം) കയ്യിൽ പിടിച്ചിരുന്നു, വീണപ്പോൾ തുമ്പിയുടെ വയർ എൻ്റെ കൈയിൽ കുത്തികയറി. ഞാൻ വീഴുമ്പോൾ, എൻ്റെ കൈയും രക്തത്തുള്ളികളും നിലത്ത് വീഴുന്നത് എനിക്ക് കാണാമായിരുന്നു. ചാംകിലയുടെ രക്തം വീണതും ഇതേ സ്ഥലമാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.” ദിൽജിത്ത് പറയുന്നു.

×