UPDATES

വിദേശം

ഉള്ളി തീരുമാനിക്കും ആര് ജയിക്കണമെന്ന്

ദക്ഷിണ കൊറിയന്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക വിലക്കയറ്റത്തിനെതിരായ വോട്ടര്‍മാരുടെ രോഷം

                       

സാധാരണക്കാരന്റെ അടുക്കള ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ തീരുമാനിക്കും. പല ലോക രാജ്യങ്ങള്‍ക്കുമുണ്ട് താഴെത്തട്ടിലുള്ളവന്റെ പ്രതിഷേധത്തില്‍ അധികാരം നഷ്ടപ്പെട്ടവന്റെ കഥകള്‍ പറയാന്‍. ദക്ഷിണ കൊറിയയില്‍ നിന്നു കേള്‍ക്കുന്നതും അത്തരമൊരു വിപ്ലവത്തിന്റെ പ്രതിധ്വനികളാണ്.

ബുധനാഴ്ച്ചയാണ് ദക്ഷിണ കൊറിയന്‍ നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ പാര്‍ട്ടിക്ക് നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം നേടേണ്ടത് അനിവാര്യമാണ്. എന്നാല്‍ കാര്യങ്ങള്‍ കുറച്ചു പരുങ്ങലിലാണ്. ജനം ജീവിതച്ചെലവ് കൊണ്ടു പൊറുതി മുട്ടിനില്‍ക്കുകയാണ്. അടിസ്ഥാന വര്‍ഗത്തിന്റെ, രാഷ്ട്രീയ ഭാഷയില്‍ പറഞ്ഞാല്‍ സാധാരണ വോട്ടറുടെ-ജീവിത പ്രാരാബദ്ധങ്ങള്‍ അറിയാന്‍ ശ്രമിക്കാത്ത ഭരണാധികാരികളില്‍പ്പെട്ടയാളാണ് യൂന്‍ സുക് യോളും എന്നാണ് വിമര്‍ശനം. അതിനുള്ള തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

കൊറിയന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകാന്‍ പോകുന്നത് ‘ പച്ച ഉള്ളി(Scallion അഥവ Green Onion) ആണ്. ഏഷ്യയിലെ നാലമത്തെ സാമ്പത്തിക ശക്തിയായ ദക്ഷിണ കൊറിയ നേരിടുന്ന വിലക്കയറ്റത്തിനെതിരേയുള്ള വോട്ടര്‍മാരുടെ രോഷത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് കൊറിയന്‍ ഭക്ഷണത്തില്‍ നിര്‍ണായക സ്ഥാനമുള്ള പച്ച ഉള്ളി.

ഉള്ളി പൊള്ളിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രസിഡന്റ് യൂന്‍ സമീപകാലത്തായി സിയോളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയറിയിറങ്ങാന്‍ തുടങ്ങി. അടുക്കളയില്‍ നിന്നും രാഷ്ട്രീയ അരങ്ങിലേക്ക് പച്ച ഉള്ളി എത്തിയെന്ന് തെളിയിക്കുകയായിരുന്നു പ്രസിഡന്റിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശനം. വിലക്കയറ്റം കൊണ്ട് സാധാരണജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാകുന്ന ഒരാളാണ് പ്രസിഡന്റെന്ന് ചിത്രീകരിക്കാനുള്ള തന്ത്രമായിട്ടാണ് യൂനിനെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കണ്ടതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചശേഷം യൂന്‍ പറഞ്ഞത്, കാര്യമായ വിലക്കയറ്റമൊന്നും നാട്ടില്‍ ഇല്ലെന്നാണ്. താന്‍ പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചന്തകളിലും പോയെന്നും, ഒരു കെട്ട് പച്ച ഉള്ളിക്ക് 875 വോണ്‍(ഇന്ത്യന്‍ രൂപയില്‍ 54 രൂപയ്ക്ക് അടുത്ത്) മാത്രമെയുള്ളൂവെന്നും അത് കൂടുതല്‍ അല്ലെന്നുമാണ്.

ഇപ്പോഴത്തെ ‘വിലക്കുറവ്’ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഗവണ്‍മെന്റ് സബ്‌സിഡി പ്രഖ്യാപിച്ചതിന്റെ ഫലമായി വന്ന വിലക്കുറവാണിത്. കൂടാതെ സൂപ്പര്‍ മാര്‍ക്കറ്റുകളും വില കുറച്ചു. എന്നാല്‍ ചില്ലറ വ്യാപാരത്തില്‍ ഇപ്പോള്‍ പറയുന്നതിന്റെ മൂന്നും നാലും ഇരട്ടിയാണ് വില. അതായത് ഒരു കെട്ട് പച്ച ഉള്ളിക്ക് മൂവായിരം മുതല്‍ നാലായിരം വോണ്‍ വരെയാണ് സമീപ ആഴ്ച്ചകളിലെ വില(ഇന്ത്യന്‍ രൂപ പ്രകാരം 185 മുതല്‍ 250 വരെ).

യൂനിന്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത് 300 അംഗ അസംബ്ലയില്‍ പ്രതിപക്ഷത്തിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയെ തകര്‍ത്ത് ആധിപത്യം നേടാമെന്നാണ്. എന്നാല്‍, പച്ചക്കറി കടകള്‍ കയറി നടക്കുന്ന പ്രസിഡന്റിനെ കാണുമ്പോള്‍, ലക്ഷ്യം കുറച്ച് അകലെയാണെന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂനിന്റെ പാര്‍ട്ടിക്ക് നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം കിട്ടാത്തപക്ഷം, പ്രസിഡന്റിന്റെ കാലാവധി ശേഷിക്കുന്ന മൂന്നു വര്‍ഷവും അവരുടെ അജണ്ടകള്‍ പാസാക്കിയെടുക്കുക ബുദ്ധിമുട്ടായിരിക്കും. മാര്‍ച്ച് 31 ന് പുറത്തു വന്ന സര്‍വേ ഫലം അനുസരിച്ച് യൂനിന്റെ പാര്‍ട്ടിയെക്കാള്‍(35 ശതമാനം) ചെറിയ മുന്‍ തൂക്കം ലീ ജെ മ്യുങ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിക്ക്(37ശതമാനം) ഉണ്ട്.

പച്ച ഉള്ളി മാത്രമല്ല, സാധാരണ പച്ചക്കറികള്‍ക്കെല്ലാം വില കയറി നില്‍ക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച് ഈ മാര്‍ച്ചില്‍ പച്ചക്കറി-പഴ വര്‍ഗങ്ങള്‍ക്ക് 20 ശതമാനമാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ആപ്പിളിന്റെ വിലയില്‍ 90 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ ഉണ്ടാകുന്ന വില വര്‍ദ്ധനവ് പരിശോധിച്ചാല്‍ 1980 ന് ശേഷം ഇത്രയും കൂടുതല്‍ ഇതാദ്യമാണ്.

പ്രതിപക്ഷം അവരുടെ പ്രചാരണങ്ങളില്‍ പച്ചക്കറികളാണ്-പ്രധാനമായും പച്ച ഉള്ളി- ഭരണപക്ഷത്തിനെതിരായ ആയുധങ്ങളാക്കിയത്. ഓരോ വോട്ടും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുള്ളവര്‍ക്ക് മറുപടിയാകണമെന്നാണ് പ്രതിപക്ഷം ആഹ്വാനം ചെയ്യുന്നത്. ദക്ഷിണ കൊറിയയിലെ സോഷ്യല്‍ മീഡിയകളിലും താരം പച്ച ഉള്ളി തന്നെയാണ്. പച്ച ഉള്ളി കേന്ദ്രകഥാപാത്രമായി നിരവധി മീമുകളും ട്രോള്‍ വീഡിയോകളുമാണ് ഇറങ്ങുന്നത്. ‘തെരഞ്ഞെടുപ്പ് ഇടപെടല്‍’ ആശങ്ക സംബന്ധിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് മേഖലകളില്‍ പച്ച ഉള്ളിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിലുള്ള പ്രതിഷേധമായി പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് സമീപം പച്ച ഉള്ളിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ഇതോടെയാണ് ട്രോളന്മാര്‍ക്ക് തിരക്കേറിയത്.

Share on

മറ്റുവാര്‍ത്തകള്‍