പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞിട്ടും താന്‍ പരിശീലകനായിരിക്കുമ്പോള്‍ നടന്ന മോശം പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡാരന്‍ ലീമാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നു. ജോഹന്നാസ് ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാളെ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ലീമാന്‍ രാജിക്കാര്യം സൂചിപ്പിച്ചത്. ജോഹന്നാസ് ടെസ്റ്റ് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ എന്ന സ്ഥാനത്തുള്ള തന്റെ അവസാന മത്സരമായിരിക്കുമെന്നാണ് ലീമാന്‍ പറഞ്ഞത്. സ്മിത്തും ബാന്‍ക്രോഫ്റ്റും നാട്ടിലെത്തിയശേഷം നടത്തിയ വാര്‍ത്തസമ്മേളനവും അവരുടെ കുറ്റസമ്മതവും താന്‍ വാര്‍ത്തയില്‍ കണ്ടെന്നും ഇതിനുശേഷമാണ് താന്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും ലീമാന്‍ പറഞ്ഞു. സംസാരത്തിനിടയില്‍ പലപ്പോഴും ലീമാന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നുവെന്നും ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തന്നെ പുറത്താക്കുകയല്ലെന്നും സ്വയം ഒഴിയുകയാണെന്നും ലീമാന്‍ വ്യക്തമാക്കി.
നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ തെളിവെടുപ്പില്‍ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ പരിശീലകനായ ലീമാന് യാതൊരു പങ്കും ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. ഇതനുസരിച്ച് ലീമാനെതിരേ നടപടികളൊന്നും സ്വീകരിക്കില്ലെന്നും കാലാവധി തീരും വരെ ലീമാന്‍ ടീമിന്റെ പരിശീലകനായി തുടരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ജെയിംസ് സതര്‍ലാന്‍ഡും വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുമായി നടന്ന ടെസ്റ്റ് മത്സരത്തിനിടയില്‍ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ മുന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായ സ്മിത്ത്, വാര്‍ണര്‍, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കു മാത്രമാണ് പങ്ക് എന്നും പരിശീലകന്‍ ഡാരന്‍ ലീമാന് ഇങ്ങനെയൊരു കാര്യം ചെയ്യുന്നതിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നുമായിരുന്നു ജെയിംസ് സതര്‍ലാന്‍ഡ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. ബാന്‍ക്രോഫ്റ്റ് പന്ത് ചുരുണ്ടുന്നതായി ടെലിവിഷന്‍ കാമറകള്‍ കണ്ടുപിടിച്ചതിനു പിന്നാലെ ലീമാന്‍ ടീമിലെ പന്ത്രണ്ടാമനായ ഹാന്‍സ്‌കോമ്പിന് സന്ദേശം അയച്ചിരുന്നുവെന്നും എന്ത് നാശമാണ് ഈ നടക്കുന്നത്? എന്നായിരുന്നു ലീമാന്‍ ചോദിച്ചതെന്നും ഈ കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തത കിട്ടിയെന്നും ലീമാന് വിവാദസംഭവത്തില്‍ യാതൊരു പങ്കും ഇല്ലെന്നു തെളിഞ്ഞതായും ജോഹന്നാസ്ബര്‍ഗില്‍ ഓസീസ് ടീം താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സതര്‍ലാന്‍ഡ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നിരപരാധിയാണെന്നു തെളിഞ്ഞിട്ടും പരിശീലകസ്ഥാനത്തു നിന്നുള്ള ലീമാന്റെ പടിയിറക്കം അപ്രതീക്ഷിതമാണ്. നേരത്തെ സംഭവത്തില്‍ പ്രതികളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷവും കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പതുമാസത്തെയും വിലക്ക് പ്രഖ്യാപിച്ചിരുന്നു.