UPDATES

കായികം

അഭിമാനമായി ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

കോമണ്‍വെല്‍ത്ത് റെക്കോര്‍ഡുമായാണ് ഭാരദ്വാഹനത്തില്‍ മീരബായ് ചാനു സ്വര്‍ണം നേടിയിരിക്കുന്നത്

                       

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തിലാണ് മണിപ്പൂരില്‍ നിന്നുള്ള മിരബായ് ചാനു രാജ്യത്തിനായി സ്വര്‍ണനേട്ടം കരസ്ഥമാക്കിയത്. 196 കിലോഗ്രാം ഉയര്‍ത്തിയാണ് കോമണ്‍വെല്‍ത്ത്, കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ലോകചാമ്പ്യനായ ചാനു സ്വര്‍ണം നേടിയത്. നൈജീരിയയുടെ അഗസ്റ്റീന ന്വാകോലോ 2010 ല്‍ സ്ഥാപിച്ച 175 കിലോ എന്ന റെക്കോര്‍ഡാണ് ചാനു തകര്‍ത്തത്. 80 കിലോ സ്‌നാച്ചില്‍ 86 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡ് ഇട്ട ചാനു, ക്ലീന്‍ ആന്‍ഡ് ഡെര്‍ക്കില്‍ 103 കിലോയില്‍ തുടങ്ങി ഗെയിംസ് റെക്കോര്‍ഡ് തകര്‍ത്ത ചാനു പിന്നീട് 107 ഉം തുടര്‍ന്ന് 110 കിലോ ഉയര്‍ത്തി ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തിലും പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയും മൊത്തത്തില്‍ പുതിയ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡ് സ്വന്തമാക്കുകയുമായിരുന്നു.

2014 ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോയില്‍ ചാനുവിന് വെള്ളി മെഡല്‍ ആയിരുന്നു കിട്ടിയത്. 2017 ല്‍ യുഎസിലെ അനഹെയ്മില്‍ നടന്ന ലോക ഭാരദ്വാഹന ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയിട്ടുള്ള ഈ 27 കാരി ഇതേ വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ ആണിത്. നേരത്തെ പുരുഷന്മാരുടെ 56 കിലോഗ്രാം ഭാരദ്വാഹനത്തില്‍ പി. ഗുരുരാജ് ഇന്ത്യക്കായി വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍