April 22, 2025 |

ക്യാപ്റ്റന്‍ കൂളൊക്കെ പണ്ട്; മനീഷ് പാണ്ഡെയോട് ചൂടായി ക്യാപ്റ്റനല്ലാത്ത ധോണി (വീഡിയോ)

അവസാന ഓവറാണ്. ക്രീസിന്റെ അപ്പുറത്തുള്ള മനീഷ് പാണ്ഡെയുടെ നില്‍പ്പില്‍ ധോണി തൃപ്തനല്ല.

ക്യാപ്റ്റന്‍ കൂള്‍ എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അറിയപ്പെട്ടിരുന്നത്. കളിക്കളത്തിനകത്തും പുറത്തും വളരെ ശാന്തനായ മനുഷ്യന്‍. ടെന്‍ഷന്‍ ഫ്രീയായ, സഹകളിക്കാരെ സമ്മര്‍ദ്ദത്തിലാക്കാതെ കളിക്കളത്തില്‍ കൂളായി തന്ത്രങ്ങള്‍ മെനയുകയും നടപ്പാക്കുകയും ചെയ്യുന്ന, അക്ഷോഭ്യനായ ധോണി പലര്‍ക്കും കൗതുകമായിരുന്നു. എന്നാല്‍ ധോണി ഈ പറയുന്ന പോലെ ആളത്ര കൂളൊന്നുമല്ലെന്നും ഭേദപ്പെട്ട ഒരു ചൂടന്‍ തന്നെയാണെന്നും സുരേഷ് റെയ്‌ന അടക്കമുള്ളവര്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിരുന്നു. തന്റെ ചൂടാകലുകളും പൊട്ടിത്തെറിക്കലുകളും ദേഷ്യവുമെല്ലാം ടിവി കാമറകള്‍ കാണാതെ ഒളിച്ചുകടത്താനുള്ള ധോണിയുടെ കഴിവിനെ പറ്റിയാണ് റെയ്‌ന അന്ന് പറഞ്ഞത്. എന്തായാലും സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആ ചൂടന്‍ ധോണിയെ അവസാനം കാമറ പിടികൂടി.

അവസാന ഓവറാണ്. ക്രീസിന്റെ അപ്പുറത്തുള്ള മനീഷ് പാണ്ഡെയുടെ നില്‍പ്പില്‍ ധോണി തൃപ്തനല്ല. രണ്ടാമത്തെ ബോള്‍ എറിയാന്‍ പോകുന്നു. ധോണിയാണ് സ്‌ട്രൈക്ക് എടുക്കുന്നത്. ദേഷ്യത്തോടെ ഇവിടെ ശ്രദ്ധിക്കാന്‍ ധോണി മനീഷ് പാണ്ഡെയോട് ആവശ്യപ്പെടുന്നു. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലെ 98 റണ്‍സിന്റെ ധോണി – പാണ്ഡെ കൂട്ടുകെട്ട് പിടിച്ചുയര്‍ത്തുകയായിരുന്നു. നാല് വിക്കറ്റിന് 188 എന്ന നിലയിലാണ് 20 ഓവര്‍ ഇന്ത്യ പൂര്‍ത്തിയാക്കിയത്. പതുക്കെ തുടങ്ങിയ ധോണി ഇന്നിംഗ്‌സിന്റെ അവസാനമായപ്പോളേക്ക് ഫോറുകളും സിക്‌സുകളുമായി ആക്രമണം തുടങ്ങി. മോശം തുടക്കത്തില്‍ നിന്ന് കര കയറാന്‍ ഈ പ്രകടനം ഇന്ത്യയെ സഹായിച്ചു. അവസാന ഓവറില്‍ നിന്ന് ധോണി 18 റണ്‍ നേടി. ഒരു സിക്‌സും രണ്ട് ബൗണ്ടറികളും അടക്കം.

Leave a Reply

Your email address will not be published. Required fields are marked *

×