UPDATES

യാത്ര

‘അവസാന വെള്ളപ്പൊക്കത്തില്‍ അപ്രത്യക്ഷമായ പാത’യിലൂടെ മജുലിയില്‍ എത്തിയ ഒരു യാത്രികന്റെ കുറിപ്പ്

വെള്ളപ്പൊക്കത്തിന്റെയും രാസോത്സവങ്ങളുടെയും കഥകള്‍ കേട്ട് ഗ്രാമവഴികളില്‍ ശിവോയിയോടൊപ്പം ചുറ്റിയടിച്ചു കമലാ ബാരിയില്‍ തിരിച്ചെത്തിയപ്പോള്‍ നിമാത്തി ഘട്ടിലേക്കുള്ള അവസാന ബോട്ട് ആളെ കയറ്റിത്തുടങ്ങിയിരുന്നു.

യാം നോവല്‍

യാം നോവല്‍

                       

‘അവസാന വെള്ളപ്പൊക്കത്തില്‍ അപ്രത്യക്ഷമായ പാതയുടെ കൃശഃസ്മൃതിയിലൂടെ കയറിയും ഇറങ്ങിയും ബസ് നീങ്ങിക്കൊണ്ടിരുന്നു. പുരയിടങ്ങളുടെ മദിപ്പിക്കുന്ന പച്ച വഴിയില്‍ സാവധാനം പിന്തള്ളപ്പെട്ടു. നദിയോടടുക്കും തോറും പ്രകൃതി നിര്‍ജനവും വിശാലവുമായ ചളിപ്പരപ്പായി മാറി’, വര്‍ഷങ്ങള്‍ക്കു മുന്‍പ് നിമാത്തിഘട്ടിലേക്കുള്ള ബസ് യാത്രയെ രവീന്ദ്രന്‍ കുറിച്ചിടുന്നത് ഇങ്ങനെയാണ്.

ജോര്‍ഹട് പട്ടണപ്രാന്തത്തിലെ വഴികള്‍ ഇപ്പോള്‍ ചെറിയ വാനുകള്‍ കൈയ്യടക്കിയിരിക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഗസ്റ്റ് ഹൗസില്‍ നിന്നും മഞ്ഞല മായുന്നതിനു മുന്‍പേയിറങ്ങി ഘട്ടിലേക്കുള്ള വാനുകളിലൊന്നില്‍ ഇടം പിടിച്ചു. വയലുകളും ചെറിയ ഗ്രാമങ്ങളും താണ്ടി നദിയ്ക്കു സമാന്തരമായി കുറച്ചോടി വണ്ടി നിമാത്തി ഘട്ടില്‍ നിന്നു. മണല്‍ പരപ്പില്‍ താത്കാലിക പന്തലുകളില്‍ ചെറിയ പീടികകള്‍, പിന്നെ നിദിയില്‍ നങ്കൂരമിട്ട നിര്‍ത്തിയിരിക്കുന്ന ബോട്ട് സ്റ്റേഷന്‍ അതിനപ്പുറത്തു നിളയോളം വീതിയില്‍ ബ്രഹ്മപുത്രയുടെ നിറവ്. അക്കരയില്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന മണല്‍ത്തിട്ട മാത്രം കാണാം. മഞ്ഞുകാലത്തിന്റെ ആലസ്യത്തില്‍ ശാന്തമായൊഴുകുന്ന നദി ആദ്യനോട്ടത്തില്‍ അത്ഭുതപ്പെടുത്തില്ല. കലിയിളകി മറുകര കാണിക്കാതൊഴുകുന്ന ബ്രഹ്മപുത്രയുടെ ചിത്രമാണല്ലോ നമുക്ക് സുപരിചിതം.

ആളിനും ആടിനും ആനയ്ക്കുമൊക്കെയുള്ള കടത്തുകൂലി രേഖപ്പെടുത്തിയ വലിയ ബോര്‍ഡും വായിച്ചു ബോട്ടുപുറപ്പെടുന്നതും കാത്തിരുന്നു. വലിയ വഞ്ചികള്‍ ചേര്‍ത്തുണ്ടാക്കിയ തകരത്തട്ടില്‍ വാഹനങ്ങളും അതിനു താഴെയുള്ള അറകളിലെ മരബെഞ്ചുകളില്‍ ആളുകളുമായുള്ള ഈ കടത്തു ബോട്ടുകളാണ് ലോകത്തിലെ ജനവാസമുള്ള ഏറ്റവും വലിയ നദീ ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. മുക്കാല്‍ മണിക്കൂറോളം വേണം അക്കരെയെത്താന്‍, കടവിന് മറുവശത്തായി കാണുന്നത് മണല്‍ തിട്ടകള്‍ മാത്രമാണ്, ശൈത്യകാലത്തു മാത്രം തെളിയുന്ന മണല്‍ ദ്വീപുകള്‍, അവയ്ക്കിടയിലൂടെ ചെറുതും വലുതുമായ കൈവഴികളായി ഒഴുകുന്ന നദി മഴക്കാലത്ത് ഈ ചെറിയ തുരുത്തുകളെയെല്ലാം അസുര പ്രവാഹത്തില്‍ മുക്കിക്കളയുന്നു, കൂടെ കരയെയും. കടവുകള്‍ കിലോ മീറ്ററുകളോളവും പിറകിലോട്ട് മാറ്റപ്പെടുന്നു. മണല്‍ തുരുത്തുകള്‍ക്കിടയിലെ ജലവീഥികളിലൂടെ ചെറിയ കാറ്റിനൊപ്പം ബോട്ട് കമലബാരി കടവിനെ ലക്ഷ്യം വച്ചു നീങ്ങി. നാലുപാടും നോക്കെത്താദൂരത്തോളം വെള്ളവും വെള്ള മണലും മാത്രം.

കമലാബാരിയിലെ കടവും താത്കാലികമാണ്, കര പിന്നെയും ഒരു കിലോമീറ്ററോളം അകലെയാണ്. വിശാലമായ മണല്‍പ്പരപ്പില്‍ ചെറിയ കടകള്‍ക്കപ്പുറം യാത്രക്കാരെ കാത്തുനില്‍ക്കുന്ന വാഹനങ്ങള്‍. മണ്ണിട്ട് നിരപ്പാക്കിയ വഴിയിലൂടെ പൊടിപാറിച്ചു പോകുന്ന വണ്ടികളിലൊന്നില്‍ മണല്‍ നദി കടന്നു. പ്രസിദ്ധമായ വൈഷ്ണവ സത്രങ്ങളിലേക്കുള്ള ദിശാസൂചകങ്ങളും ഡ്രൈവറുടെ സത്ര മാഹാത്മ്യങ്ങളും പാടെ അവഗണിച്ചു.

നെല്ല് തിളപ്പിച്ച് പുളിപ്പിച്ചു ഉണ്ടാക്കുന്ന റൈസ് ബിയറിന് പ്രസിദ്ധമാണ് മജൂലിയിലെ ഗ്രാമങ്ങള്‍. കള്ളിനെ പോലെ ലഹരി കുറഞ്ഞ പാനീയം . അപോങ് എന്ന് വിളിപ്പേരുള്ള പാനീയത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒഴുക്കില്ലാത്ത തോടിന്റെ ഓരം ചേര്‍ന്നുള്ള മണ്‍വഴിയിലേക്ക് ഡ്രൈവര്‍ വണ്ടി തിരിച്ചു. മിസിങ് ഗോത്രക്കാരുടെ ഒരു ഗ്രാമത്തിലാണ് വണ്ടി നിന്നത്. മുളംകൂട്ടങ്ങള്‍ അതിരിടുന്ന മരങ്ങള്‍ നിറഞ്ഞ പറമ്പില്‍ തൊട്ടുതൊട്ടുള്ള ചെറിയ വീടുകള്‍. മഴക്കാലത്തു ഉഗ്രരൂപിയാകുന്ന ബ്രഹ്മപുത്രയില്‍ നിന്നുള്ള രക്ഷയ്ക്കായ് ഗ്രാമത്തിലെ വീടുകളെല്ലാം വലിയ മരമുട്ടുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നു. പക്ഷെ പലപ്പോഴും വെള്ളം അതിനെയെല്ലാം കവിഞ്ഞു നിറയുന്നു. മുളകള്‍ അടുക്കി ഉണ്ടാക്കിയ നിലവും മുളന്‍ചീന്ത് കൊണ്ടുള്ള ചുമരിനും മുകളില്‍ വൈക്കോല്‍ മേഞ്ഞ വീടുകള്‍ക്ക് താഴെ ചെറിയ തറികള്‍ കാണാം.നെയ്തും കൃഷിയുമാണിവരുടെ പ്രധാന ഉപജീവനമാര്‍ഗം. എല്ലാം താത്കാലികമാണിവിടെ, എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന വെള്ളപൊക്കത്തിന്റെ അനിശ്ചിതത്വത്തില്‍ ജീവിക്കുന്ന ഗ്രാമങ്ങള്‍.

വീടുകളിലൊന്നിലേക്ക് ഞങ്ങളെ നയിച്ച് ഡ്രൈവര്‍ ശിവോയ് തറികളിലൊന്നില്‍ താളത്തില്‍ കൈകള്‍ ചലിപ്പിച്ചു നെയ്തുകൊണ്ടിരിക്കുന്ന വീട്ടുകാരിയോട് അപോങ് ആവശ്യപ്പെട്ടു. അവര്‍ നടത്തിയ കുശലാന്വേഷങ്ങള്‍ മിസിങ് ഭാഷയില്‍ നിന്നും ശിവോയ് ഞങ്ങള്‍ക്കായി തര്‍ജ്ജമ ചെയ്തു. അവധി ദിനം ആഘോഷമാക്കുന്ന കുട്ടിക്കൂട്ടത്തിനു പക്ഷേ ശിവോയുടെ സഹായം ആവശ്യമില്ലായിരുന്നു. ഹിന്ദിയിലും അല്പം തപ്പി ഇംഗ്ലീഷിലും അവര്‍ അതിഥികളെ ചോദ്യം ചെയ്തു. വീടിനു മുന്നിലെ മുളംതട്ടില്‍ ഞങ്ങളെ ഇരുത്തി അകത്തു പോയ അവര്‍ തിരിച്ചു വന്നത് കഞ്ഞി വെള്ളം പോലെ തോന്നിക്കുന്ന കൊഴുത്ത പാനീയം നിറച്ച ചെറിയൊരു തൂക്കുപാത്രവുമായാണ്. എടുത്ത് പറയാന്‍ മാത്രം ഗന്ധമില്ലാത്ത അപോങ് മൊത്തിക്കുടിച്ചുകൊണ്ട് സുഹൃത്ത് പറഞ്ഞത് ‘കഞ്ഞി വെള്ളത്തില്‍ മുന്തിരി വീഞ്ഞ് കലക്കിയ പോലെ’ എന്നാണ്.

വെള്ളപ്പൊക്കത്തിന്റെയും രാസോത്സവങ്ങളുടെയും കഥകള്‍ കേട്ട് ഗ്രാമവഴികളില്‍ ശിവോയിയോടൊപ്പം ചുറ്റിയടിച്ചു കമലാ ബാരിയില്‍ തിരിച്ചെത്തിയപ്പോള്‍ നിമാത്തി ഘട്ടിലേക്കുള്ള അവസാന ബോട്ട് ആളെ കയറ്റിത്തുടങ്ങിയിരുന്നു. മണലിന്റെ വെളുത്ത ക്യാന്‍വാസിലേക്ക് നദിയുടെ ഇളം നീലനിറം നിറയുന്നതും നോക്കി ബോട്ടിലിരിക്കെ മജുലി ഒരു നീണ്ട വരയായി ചുരുങ്ങി മാഞ്ഞു.

[ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ് മജുലി. അസമില്‍ ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിന് 421.65 ചതുരശ്രകിലോമീറ്ററോളം വിസ്തീര്‍ണ്ണമുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപു കൂടിയായ മജുലി മനോഹരമായ പ്രകൃതിഭംഗിയാല്‍ സഞ്ചാരികളുടെ മനം കവരുന്ന ഒരിടമാണ്.]

.
..
ലേഖകനും സുഹൃത്തുകളും മജുലിയില്‍

.
Feature image: wikipedia

Share on

മറ്റുവാര്‍ത്തകള്‍