നാളെ കേരളം വിധിയെഴുതുമ്പോൾ
ബാലറ്റിന് ബുള്ളറ്റിനേക്കൾ ശക്തിയുണ്ടെന്ന് പറഞ്ഞത് എബ്രഹാം ലിങ്കനാണ്. കുറച്ച് പേരെ കുറേ കൂടുതൽ സമയത്തേക്കും ഏറെപ്പേരെ കുറച്ചു സമയത്തേക്കും വിഡ്ഢികളാക്കാമെന്നും എന്നാൽ എല്ലാവരേയും എല്ലായ്പ്പോഴും ആ അവസ്ഥയിൽ തുടർന്നു കൊണ്ട് പോകാൻ കഴിയില്ലെന്നു പറഞ്ഞതും അദ്ദേഹം തന്നെ. അതുകൊണ്ട് തന്നെ അനീതിയെ തെരഞ്ഞെടുപ്പ് (election analysis) എന്ന ബുള്ളറ്റിലൂടെ നേരിടാൻ പൗരന് അവകാശമുണ്ടെന്ന അടിവരയിലൂടെ കടന്നുപോകുന്നതാവും കൂടുതൽ സന്തോഷം നൽകുന്നത്.
‘ ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ‘
തൃശൂർപൂരം നൽകുന്ന സന്തോഷം ഒന്ന് വേറെതന്നെയാണ്. അത് തൃശൂർക്കാർക്കാണ് കൂടുതൽ അറിയാവുന്നത്. കൊല്ലത്തുകാർക്കോ പത്തനംതിട്ടക്കാർക്കോ അല്ല. അതുകൊണ്ട് തന്നെ ആ സന്തോഷം തല്ലിക്കെടുത്തി മറ്റൊരാൾ വന്ന് തൃശൂരെടുക്കാൻ അവര് സമ്മതിക്കില്ല. സെക്കുലറിസം എന്ന പരമ സുന്ദരമായ അവസ്ഥയെ തുരങ്കം വച്ച് തകർക്കുന്ന സംഘപരിവാര സെറ്റപ്പ് തൃശൂരിലെന്നല്ല കേരളത്തിലൊരിടത്തുപോലും വേവുന്ന ദാലല്ല എന്ന് മനസിലാക്കണം. ഇത് ഒരു വിധപ്പെട്ട സാധാരണ മനുഷ്യർക്ക് മനസിലായിട്ടുണ്ടെങ്കിലും രാഹുൽ ഗാന്ധി യിൽ തുടങ്ങി രാഹുൽ മാങ്കൂട്ടത്തിൽ അവസാനിക്കുന്ന കോൺഗ്രസ്കാർക്ക് അത്ര ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അവർ ഇടതുപക്ഷത്തെ വിമർശിച്ചു കൊണ്ടിരിക്കും. ഇടതുപക്ഷം വിമർശനാതീത തലത്തിലൊന്നുമല്ലെങ്കിലും രാജ്യത്തെ ഹിന്ദുത്ത്വ അജണ്ടയെ എതിർക്കുന്നതിൽ ഇടതുപക്ഷം ഉയർത്തിയ പ്രതിഷേധത്തിൻ്റെ പത്തിലൊരു അംശം പോലും ഉയർത്തിയിട്ടുണ്ടോ രാഹുൽജികൾ എന്ന് സംശയമാണ്. വെറുതെ ഇവരുടെ സോഷ്യൽ മീഡിയ പേജിലൂടെ ഒന്നു പോയാൽ മതി (പ്രത്യേകിച്ചും ഛോട്ടാ രാഹുലിൻ്റെ ) ഇത് ബോധ്യമാകാൻ. സംഘപരിവാര പ്രത്യയ ശാസ്ത്രത്തിനെതിരെ, ബി.ജെ.പിയുടെ ആൻ്റി സെക്കുലർ പദ്ധതിക്കെതിരെ നിരന്തരം പോരാടുന്നുവെന്ന് പറയുന്ന ബഡാ രാഹുൽജി ഒടുവിൽ പോരാടാൻ തെരഞ്ഞെടുത്ത മണ്ഡലം ദേശീയ തലത്തിൽ മണിപ്പൂർ കലാപം ഒരു സർക്കാർ സ്പോൺസേർഡ് പ്രോഗ്രാമായിരുന്നുവെന്ന പ്രസ്താവന ഉയർത്തി ഹിന്ദുത്വയ്ക്കെതിരേ ശക്തമായി പ്രതിരോധിച്ചതിൻ്റെ പേരിൽ ഇപ്പോഴും കേസ് നിലവിലുള്ള ആനി രാജയ്ക്ക് എതിരെ. വെറുതേ എങ്കിലും മതിപ്പ് തോന്നുന്നത് കെ. സുരേന്ദ്രൻ എന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ നിർത്തി ദേശീയ നേതാവിനു ചെക്ക് വച്ച ബി.ജെ.പിയുടെ നീക്കത്തിലാണ്. ജയവും പരാജയവും ആപേക്ഷികമാണ്. പക്ഷേ മതനിരപേക്ഷതയുടെ പേജുകൾ നീക്കം ചെയ്ത പ്രകടന പത്രികയുമായി വന്നു നിന്നു കൊണ്ട്. സി.പി.എം എന്തിനാണ് ഒരു പ്രകടന പത്രിക പാർലമെൻ്റ് ഇലക്ഷന് തയ്യാറാക്കുന്നതെന്ന് ചോദിച്ച ഛോട്ടാ രാഹുലിൻ്റെ വെല്ലുവിളിയൊക്കെ കണ്ടപ്പോൾ പറഞ്ഞു പോയതാണ്.
കാര്യങ്ങൾ അങ്ങനെ പോകുമ്പോഴാണ് ജനാധിപത്യത്തിൻ്റെ ഉത്സവം എന്ന് നമ്മൾ സാധരണക്കാരെക്കൊണ്ട് വിളിപ്പിക്കുന്ന ഈ എക്ട്രാ വെജൻ സായുടെ ചെലവ് സംബന്ധിച്ച First Post ൻ്റെ ഒരു റിപ്പോർട്ട് കണ്ണിൽപ്പെട്ടത്. 20 ദിവത്തോളം വോട്ട് ചെയ്തതിൻ്റെ അടയാളമായി നമ്മുടെ വിരലുകളിൽ അവശേഷിക്കുന്ന മഷിയിൽ നിന്നു തുടങ്ങുന്ന കച്ചവടം-മൈസൂർ പെയ്ൻ്റ്സ് ആൻ്റ് വാർണിഷ് കമ്പനിക്ക് ഇലക്ഷൻ സമയത്ത് 7 മില്യൺ ഡോളറിൻ്റെ ബിസിനസ് ആണ് മഷി വിൽപ്പനയിലൂടെ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തുന്നു. ഈ മെഗാ ഇവൻ്റിന് 120 ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ ചെലവ് വരുന്നതെന്ന് റിപ്പോർട്ട് തുടരുമ്പോൾ. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് പ്രക്രിയയായി ഇത് മാറുന്നു. ഈ ആർഭാടം കൊണ്ടാടുന്നത് 2019 ലെ തോതിൽ നിന്നും 1.7 % ഉയർന്ന് 16.30%മായി മാറിയ പട്ടിണിയുടെ അനുപാതമുള്ള ഇന്ത്യയിലാണെന്ന സത്യമാണ് ഇതിൻ്റെ ‘ഗ്യാരണ്ടി ‘. ഇതിൽ ഇരുപത് ശതമാനമാണ് ഇലക്ഷൻ കമ്മീഷൻ്റെതായ ചെലവ്. 80% ൻ്റെ കണക്കാണ് ശരിക്കും കണ്ണു തള്ളിക്കുന്നത്. ഇതിൽ ക്ഷീണം മാറ്റാൻ വോട്ടർക്ക് നൽകാവുന്ന 15 രൂപയുടെ ഡ്രിങ്ക്സ് മുതൽ മണിക്കൂറിന് 5 ലക്ഷം രൂപാ നൽകി ജനാധിപത്യം സംരക്ഷിക്കാനായി നേതാക്കൻമാരും അവരുടെ പാർട്ടികളും സഞ്ചരിക്കുന്ന ചാർട്ടേഡ് ഫ്ലൈറ്റിൻ്റെ ചെലവുവരെ ഉൾപ്പെടുന്നു. തീർന്നില്ല, ഒടുവിൽ ജയിച്ചു കഴിയുമ്പോൾ കേജ്രിവാൾ മോഡലിൽ ബിരിയാണി വിളമ്പുന്ന ചെലവ് വേറെയുമുണ്ട്. അപ്പോൾ കാര്യങ്ങൾ മനസിലാകാൻ അരിയാഹാരം കഴിക്കേണ്ട – ഈ ഉത്സവനടത്തിപ്പിനുള്ള കരവരിയായിരുന്നു ഇലക്ട്രൽ ബോണ്ട് എന്നങ്ങ് മനസിലാക്കിയാൽ മതി.
‘ലോകത്തിലെ തന്നെ മൊബൈൽ ഡേറ്റാ റേറ്റിൽ മൂന്നാം സ്ഥാനമുള്ള ഇന്ത്യയിലെ മെഗാ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. 820 മില്യൺ ആളുകൾ മൊബൈൽ ഉപഭോക്താക്കളാകുന്ന പുതിയ ഇന്ത്യ. ഇതിൽ പകുതിയും ഗ്രാമീണരാണ്. അതുകൊണ്ട് തന്നെ ഡിജിറ്റൽ സ്പെയ്സിൻ്റെ സാധ്യതകളാണ് ഈ തെരഞ്ഞെടുപ്പിൻ്റെ ഏറ്റവും വലിയ പ്രത്യേകത. റീൽസും യുട്യൂബ് വീഡിയോകളും Content creator മാരും ഇൻഫ്ലുവൻസർമാരും ഫുഡ് ബ്ലോഗർമാരുമൊക്കെ പ്രചരണ ഉപാധികളായി മാറുന്നു. സോഷ്യൽ മീഡിയ തെരഞ്ഞെടുപ്പ് ചുവരുകൾ ഒരുക്കിയ കാലത്തെ ഒരു പ്രി ഇലക്ഷൻ ക്യാമ്പയിൻ കണക്കുകൂടി വ്യക്തമാക്കാം. കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ ഈ ജനുവരി വരെ ബി.ജെ.പി, യു ട്യൂബിനു വേണ്ടി ചെലവാക്കിയത് 1. 2 മില്യൻ ഡോളറാണ്. ഇതേ സമയത്ത് തന്നെ 3000 കിലോമീറ്റർ നടന്നുവെന്നവകാശപ്പെടുന്ന രാഹുൽജിയുടെ ഭാരത് ജോഡോ യാത്രയ്ക്കായും സോഷ്യൽ മീഡിയയുടെ സേവനം അത്ര മോശമല്ലാത്ത തരത്തിൽ ഉപയോഗിച്ചിരുന്നു. കോൺഗ്രസ് സൈബർ വിഭാഗത്തിൻ്റെ ചുമതലയിൽ അന്നുണ്ടായിരുന്ന ആൻ്റണി പുത്രൻ അനിൽ ഇക്കാലയളവിലാണ് മൗനം പൂണ്ടതും ബി.ജെ.പിയിലേക്ക് ചേക്കേറാൻ തയ്യാറായതും- അത് കഥ വേറെ. അഴിമുഖത്തിനു വേണ്ടി P o V എഴുതിത്തുടങ്ങിയപ്പോൾ ഒരു പ്രത്യേക സബ്ജറ്റിൽ ലേഖനം ഒതുക്കേണ്ട എന്ന ഉൾവിളിയുയർന്നതിനാൽ ചിന്തകൾ ചിലപ്പോൾ കാടുകയറിപ്പോകുന്നു. ഞാൻ പഴയ എസ് എഫ് ഐ.ആണ് എന്ന് പറയുന്നതിൽ ഒരു ബ്രാൻ്റിംഗുണ്ട്. തൃശൂരെ ബി.ജെ.പി സ്ഥാനാർത്ഥി മുതൽ പോലീസ് ചെക്കിംഗിൽ വന്നു പെടുന്ന ബൈക്ക് യാത്രക്കാരൻ വരെ ഈ ബ്രാൻ്റിംഗിൽ എന്തോ ചില പ്രിവിലേജുകൾ ഒളിച്ചുകടത്താനാണ് ശ്രമിക്കുന്നത്. എന്നാൽ ശരിക്കും ഈയാഴ്ച അത്ഭുതപ്പെടുത്തിയ ഒരു വായനാനുഭവം കൂടി പങ്കുവച്ച് PoV അവസാനിപ്പിക്കാം. ഉണ്ണികൃഷ്ണൻ കിടങ്ങൂരിൻ്റെ കഥ പച്ചക്കുതിരയിൽ വായിച്ചു. ‘നിലവിളക്ക് വിപ്ലവം’. പറയാതെ പറയുന്ന രാഷ്ട്രീയ കഥ. ജയകൃഷ്ണൻ മാഷിൻ്റെ ഭാരതീയചിത്രകലാ പഠന കേന്ദ്രത്തിൽ എത്തിയ പഴയ എസ്. എഫ് ഐ ക്കാരനായിരുന്ന – ക്ഷേത്ര പൂജാരിയായിരുന്ന – സുകേശൻ്റെ കഥ. താമസിയാതെ നിലവിളക്ക് വിപ്ലവം നമുക്ക് ചർച്ച ചെയ്യാം; സ്വസ്ഥമായി.
English summary; election analysis, kerala and india loksabha election analysis