UPDATES

യാത്ര

‘മലമുകളിലെ മനുഷ്യരെ’ തേടി ഐസ്വാളിലേക്ക്..

ഐസ്വാള്‍, കുന്നുകള്‍ക്കുമുകളില്‍ ഇടുങ്ങിയ വഴികളുള്ള തിരക്കുള്ള വലിയൊരു പട്ടണം – യാം നോവലിന്റെ യാത്രവിവരണം

യാം നോവല്‍

യാം നോവല്‍

                       

സില്‍ച്ചര്‍ റെയില്‍വേ സ്റ്റേഷനുമുമ്പില്‍ ബസ്സിറങ്ങുമ്പോള്‍ നേരംപുലരാന്‍ മണിക്കൂറുകള്‍ ബാക്കിയുണ്ടായിരുന്നു, ചിന്നിപെയ്യുന്ന മഴയും. പുസ്തകത്തില്‍നിന്നും തെറിച്ചുയരുന്ന മുഷ്ടിചുരുട്ടിയ പതിനൊന്നു കൈകള്‍ കത്തിപ്പടരുന്ന തീനാളംപോലെ തോന്നിക്കുന്ന വലിയൊരു ശില്പമുണ്ട് സ്റ്റേഷനു പുറത്ത്. ബരാക്ക് താഴ്വരയില്‍ അസാമീസ് ഭാഷ നിര്‍ബന്ധമാക്കിയതിനെതിരെ നടന്ന ബംഗാളി മാതൃഭാഷാ സംരക്ഷണസമരത്തില്‍ രക്തസാക്ഷികളായവരുടെ സ്മാരകസ്തൂപം. സാംസ്‌കാരിക വൈവിധ്യങ്ങളെയില്ലാതാക്കി സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ പണ്ടുമുതലേ സ്വീകരിച്ചുവരുന്ന രീതിയാണല്ലോ അന്യഭാഷകള്‍ അടിച്ചേല്‍പ്പിക്കുന്നത്. ദേശീയ ഭാഷയെന്ന മിഥ്യാപദവി വഴി നടപ്പാക്കുന്ന സാംസ്‌കാരികാധിനിവേശങ്ങളുടെ കെട്ടകാലത്ത് കൂടുതല്‍ ജാഗരൂകരാവാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നൂ ആ ഉയരുന്ന കൈകള്‍. ‘ചോരതുടിക്കും ചെറുകയ്യുകളേ, പേറുക വന്നീ പന്തങ്ങള്‍…’

അഗര്‍ത്തലയിലേയ്ക്കുള്ള പാസഞ്ചര്‍ വണ്ടിയ്ക്കു ടിക്കെറ്റെടുക്കാന്‍ രാവിലെ കൗണ്ടെര്‍ തുറക്കുന്നതുവരെ കാത്തിരിക്കണം. വരാന്തയിലെ കസേരകളിലിരുന്നുറങ്ങി നേരം വെളുത്തപ്പോളാണു മിസൊറാമിലേക്കുള്ള inner line permit നെപ്പറ്റി ആലോചിച്ചത്. മിസോറാം സ്വദേശികള്‍ അല്ലാത്തവര്‍ക്ക് സംസ്ഥാനത്തിനകത്ത് പ്രവേശിക്കുവാന്‍ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. അഗര്‍ത്തലയില്‍ നിന്നും തിരിച്ചെത്തുക അവധി ദിവസമാകുമെന്നതിനാല്‍ ഐ.എല്‍.പി ലഭിക്കില്ലെന്നു കരുതി മിസോറാം ഹൗസിലേക്ക് വച്ചുപിടിച്ചു. ‘ഉര്‍വശി തീയേറ്ററി’നെ അനുസ്മരിപ്പിക്കുന്ന മിസോറാം ഹൗസില്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന മുറികളില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം. ഇനി എന്തെന്ന് ആലോചിച്ചു പണ്ടെന്നോ നിര്‍ത്തലാക്കിയ മിസൊറാം ട്രാന്‍സ്‌പോര്‍ട് സര്‍വ്വീസിന്റെ സമയപ്പട്ടികയും നോക്കി നില്‍ക്കുമ്പോളാണു ഒരു ടാക്‌സി മുന്നില്‍ വന്നു നിന്നത്. ഐസ്വാളിലേക്ക് ആറുമണിക്കൂറിലേറെ നീളുന്ന ടാക്‌സിയാത്രയാണ്, സംസ്ഥാനാതിര്‍ത്തിയായ വാറെന്‍ഗെറ്റ്‌ലെ ഒരു വീട്ടില്‍ തിരിച്ചറിയല്‍ രേഖയും വരിപ്പണവും നല്‍കി ലഭിച്ച അനുമതി തൊട്ടത്തുള്ള പോലീസ് പോസ്റ്റിലെ ഉദ്യോഗസ്ഥന്‍ മുദ്ര ചെയ്യണമെങ്കില്‍ കൈക്കൂലി നല്‍കണം, അല്ലെങ്കില്‍ തിരിച്ചു പോരാം.

കുത്തനെയുള്ള ചെറുമലനിരകളും താഴ്വാരങ്ങളുമായി വിസ്തീര്‍ണത്തിന്റെ സിംഹഭാഗവും വനമാണിവിടെ. മലമ്പാതയാണെങ്കിലും പറയത്തക്ക കാഴ്ചകളൊന്നും ഈ വഴിയിലെവിടെയുമില്ല. മാത്രമല്ല പൊട്ടിപ്പൊളിഞ്ഞ ദേശീയപാതയും മലയിടിച്ചിലും പൊടിമയമാക്കിയ അന്തരീക്ഷവും. വഴിയരികില്‍ കാണുന്ന മരങ്ങളും മുളവീടുകളും ചെറിയ ഗ്രാമച്ചന്തകളുമെല്ലാം പൊടിയുടെ നരച്ചമേലങ്കിയണിയുന്ന മടിപ്പിക്കുന്ന കാഴ്ചകള്‍ മാത്രം. സംസ്ഥാന തലസ്ഥാനത്തെയ്ക്ക്കുള്ള ഈ പ്രധാന പാതയുടെ ഇരുന്നൂറു കിലോമീറ്റര്‍ ദൂരത്തിലെവിടെയും തുറന്ന ഒരു എ.ടി.എം പോലുമില്ലായിരുന്നു, കാര്‍ഡ് ഉപയോഗിക്കാവുന്ന കടകളും. ഭക്ഷണശാലയില്‍ ടാക്‌സി ഡ്രൈവറില്‍ നിന്നും കടം വാങ്ങിയ നോട്ടുകള്‍ നല്‍കുമ്പോള്‍ ഗീര്‍വാണങ്ങളെല്ലാം പൊളിഞ്ഞു തിക്തഫലങ്ങള്‍ മാത്രം അവശേഷിപ്പിച്ച ആ നോട്ടുപിന്‍വലിക്കല്‍ പ്രഖ്യാപനം നടന്നിട്ട് നാലുമാസത്തോളം കഴിഞ്ഞിരുന്നു. മംഗളോയിഡ് വംശത്തില്‍പ്പെട്ട മനുഷ്യരാണ് മിസോറമിലുളളതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. മിസോകള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മിസോ എന്ന വാക്കിന്റെ അര്‍ത്ഥം മലമുകളിലെ മനുഷ്യര്‍ (മി-മനുഷ്യര്‍, സോ-മല) എന്നാണ്

ഐസ്വാള്‍, കുന്നുകള്‍ക്കുമുകളില്‍ ഇടുങ്ങിയ വഴികളുള്ള തിരക്കുള്ള വലിയൊരു പട്ടണം. അല്പം വിശ്രമിച്ചു പുറത്തിറങ്ങിയപ്പൊഴെക്കും സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. ചാറ്റല്‍ മഴയും തണുപ്പും വകവക്കാതെ മിസൊ ഗാനങ്ങള്‍ പോപ് സംഗീത രീതിയില്‍ അവതരിപ്പിക്കുന്ന ഒരു പറ്റം യുവാക്കള്‍, വാരാന്ത്യമാഘോഷിക്കുന്ന കുടുംബങ്ങള്‍, തനതു മാംസാഹാരങ്ങള്‍ വില്‍ക്കുന്ന വഴിവാണിഭക്കാരായ സ്ത്രീകള്‍, അലസമായി പുകവലിച്ചിരിക്കുന്നവര്‍, പരാജയപ്പെട്ട മദ്യ നിരോധനത്തിനു ശേഷം തുറന്ന മദ്യശാലകള്‍ക്കു മുന്നിലെ ചെറിയ ആള്‍ക്കൂട്ടം, നടത്തതിനിടയ്ക്ക് കടന്നുപോയ ആ മുഖങ്ങളിലെല്ലാം നേരിയ ഒരു മ്ലാനത നമുക്ക് വായിച്ചെടുക്കാനാവും, പിന്നിട്ട വിഷമഘട്ടങ്ങളുടെ ശേഷിപ്പായിരിക്കാം.


മൂന്നു പതിറ്റാണ്ടോളം കലുഷിതമായിരുന്നു മിസോറാം. മുളകള്‍കൊണ്ടു സമ്പുഷ്ടമാണിവിടുത്തെ കാടുകള്‍. അരനൂറ്റാണ്ടിലൊരിക്കല്‍ അവ ഒന്നിച്ചു പൂക്കുന്നു..വളരെ മനോഹരമായ കാഴ്ചയാണത്. പക്ഷെ അതോടൊപ്പം പെറ്റുപെരുകുന്ന എലികള്‍ വലിയ വിള നാശത്തിനു കാരാണമാകുന്നു. അത്തരമൊരു പഞ്ഞകാലത്തു സഹായമപേക്ഷിച്ച കര്‍ഷകക്കുനേരെയുള്ള അവഗണന അസ്സം ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപെടുന്നതിലേക്കും പിന്നീടത് സ്വതന്ത്ര മിസൊ രാജ്യമെന്ന ആവശ്യത്തിലേക്കും രണ്ടു പതിറ്റാണ്ടൊളം നീണ്ട സായുധ സമരങ്ങളിലേക്കും ഇവിടുത്തെ ജനങ്ങളെ എത്തിച്ചു. സ്വന്തം ജനതയ്ക്ക്‌മേല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു ബോംബിങ് നടത്തേണ്ട അവസ്ഥപോലും സൃഷ്ടിച്ചു. മിസോറാം സംസ്ഥാന രൂപീകരണത്തിനും സമാധാന കരാറുകള്‍ക്കും ശേഷം ഏറെക്കുറെ ശാന്തമാണിവിടം. എങ്കിലും സമാധാനകരാറുകള്‍ക്ക് ഭൂതകാലാനുഭവങ്ങളെ മായ്ക്കുവാനാകില്ലല്ലൊ. കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ തലസ്ഥാനത്തു നടക്കുന്ന സമരങ്ങളോടുപൊലും മുഖതിരിച്ചിരിക്കുന്നവര്‍ ഇങ്ങനെയുള്ള ”നല്ല ദിവസ”ങ്ങളാവും നമുക്ക് സമ്മാനിക്കാന്‍ പോകുന്നത്.

മാംസാഹാരപ്രിയര്‍ക്ക് പരീക്ഷിക്കാന്‍ ഒരുപാടു വിഭവങ്ങളുമായി തുറന്നിരിക്കുന്ന ഭക്ഷണശാലകളിലൊന്നില്‍ വലിയ പരീക്ഷണങ്ങള്‍ക്ക ്മുതിരാതെ അത്താഴം കഴിച്ചു. തണുപ്പും യാത്രാക്ഷീണവും ഉറക്കത്തെ വേഗമെത്തിച്ചു. തിരിച്ചിറങ്ങിയത് മറ്റൊരു വഴിക്കാണ്, വഴി മാറിയെങ്കിലും അവസ്ഥയ്ക്ക് മാറ്റമേതുമില്ല, പാറക്കല്ലുകള്‍ നിറഞ്ഞ പൊടിപാറുന്ന പാത. ഇടി വെട്ടിയവനെ പാമ്പുകടിച്ചെന്നു പറഞ്ഞപോലെ വഴിയില്‍ വച്ച് വണ്ടിയും കേടായി. ആളെ നിറച്ചു മാത്രം മലയിറങ്ങുന്ന ടാക്സികളിലൊന്നിലും ഇടം ലഭിക്കാതെ വഴിയില്‍ ഇരിക്കേണ്ടിവന്നു. അവസാനം ഒരു സ്വകാര്യവാഹനത്തിനു കൈകാണിച്ചു. അസം അതിര്‍ത്തിയില്‍ എത്തുമ്പോള്‍ മിസോറാമിലെ ഏക റെയില്‍വേ സ്റ്റേഷന്‍ കാണാം, പാത ഐസ്വാളിലേക്കു നീട്ടുന്നതിനായി ഉണ്ടാക്കുന്ന തുരങ്കത്തിന്റെ തുടക്കവും. തെക്കന്‍ അസം സമതലങ്ങളിലെ നെല്‍പ്പാടങ്ങളും തേയിലത്തോട്ടങ്ങളും കടന്നു അതിര്‍ത്തി പട്ടണമായ കരിംഗഞ്ച് എത്തുമ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു. ബരാക്ക് നദിക്കപ്പുറത്ത് ബംഗ്ലാദേശ് ഗ്രാമങ്ങളിലും ഇരുട്ട് പരന്നിരിക്കും, അതിര്‍ത്തികള്‍ മനുഷ്യരുണ്ടാക്കിയതാണല്ലോ.

Share on

മറ്റുവാര്‍ത്തകള്‍