പല അഭിപ്രായ കണക്കെടുപ്പുകളും കാണിക്കുന്നത് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയ്ക്കുള്ള ഏറ്റവും ജനസ്വീകാര്യത കുറഞ്ഞ പ്രസിഡണ്ടായാണ് ട്രംപ് വൈറ്റ് ഹൌസിലേക്ക് പ്രവേശിച്ചത് എന്നാണ്
ലിസ ലേറെര്‍
യു.എസ് കാപ്പിറ്റോളിന് മുന്നില്‍ എബ്രഹാം ലിങ്കന്റെ ബൈബിളിന് മുകളില്‍ കൈവെച്ചു ഡൊണാള്‍ഡ് ട്രംപ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡണ്ടായി സ്ഥാനമേറ്റു.
ലോകം ശ്വാസമടക്കി നില്‍ക്കുകയാണ്.
മുസ്ലീങ്ങളെ യു.എസില്‍ കടക്കുന്നതില്‍ നിന്നും തടയാനുള്ള ആവശ്യവുമായി ട്രംപ് മുന്നോട്ട് പോകുമോ, അതോ കുടിയേറ്റക്കാരെ ‘അതീവ കര്‍ശനമായ അരിക്കലിന്’ വിധേയമാക്കുന്ന നടപടിയാകുമോ?അമേരിക്കക്കാര്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുമോ അതോ മുന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ആരോഗ്യ സുരക്ഷാ നിയമം അട്ടിമറിക്കാനുള്ള റിപ്പബ്ലിക്കന്‍ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കുമോ? റഷ്യയുമായി പുതിയ ആയുധപ്പന്തയത്തിനാണോ ട്രംപ് മുതിരുക അതോ ഇരു രാജ്യങ്ങളുടെയും ആണവായുധ ശേഷി കുറയ്ക്കുന്നതിന് വാണിജ്യ ഉപരോധ ഇളവെന്ന ധാരണ ഉണ്ടാക്കുമോ?
പ്രചാരണക്കാലത്ത് ട്രംപ് പറഞ്ഞതും വിജയത്തിനു ശേഷം അയാളും പുത്തന്‍ ഉപദേശക സംഘവും വാഗ്ദാനം ചെയ്തതും കണക്കിലെടുക്കുമ്പോള്‍ എന്തെങ്കിലും തീര്‍ത്തു പറയുക അസാധ്യമാണ്. തന്റെ ഉദ്ദേശങ്ങളെക്കുറിച്ചുള്ള അതാര്യത ഒരു ഭൂഷണമായാണ് ട്രംപ് കൊണ്ട് നടക്കുന്നത്. തങ്ങളുടെ തലവന്‍ പറയുന്നതെല്ലാം ‘അക്ഷരാര്‍ത്ഥത്തില്‍’ എടുക്കുന്നതിന് അയാളുടെ അനുചരന്മാര്‍ മാധ്യമങ്ങളെ പഴിക്കുകയും ചെയ്യുന്നു.
“ട്രംപ് ഒരു സാമ്പ്രദായിക രാഷ്ട്രീയക്കാരനല്ല. ആദ്ദേഹം അങ്ങനെ ആകാനും പോകുന്നില്ല,” ട്രംപിന്റെ സ്ഥാനാരോഹണത്തിനെത്തിയ ആര്‍പ്പുവിളിക്കുന്ന അനുയായികളോട് മുന്‍ സഭ സ്പീക്കര്‍ ന്യൂട് ഗിന്‍ജ്റിച്ച് പറഞ്ഞു. “അദ്ദേഹത്തെ തെരഞ്ഞെടുത്ത നമ്മളാരും അദ്ദേഹമൊരു സാമ്പ്രദായിക രാഷ്ട്രീയക്കാരനാകാന്‍ ആഗ്രഹിക്കുന്നില്ല.”
പല അഭിപ്രായ കണക്കെടുപ്പുകളും കാണിക്കുന്നത് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയ്ക്കുള്ള ഏറ്റവും ജനസ്വീകാര്യത കുറഞ്ഞ പ്രസിഡണ്ടായാണ് ട്രംപ് വൈറ്റ് ഹൌസിലേക്ക് പ്രവേശിച്ചത് എന്നാണ്. മുന്‍കാലത്തേക്കാളും രാജ്യം കൂടുതല്‍ രാഷ്ട്രീയമായി ഭിന്നിച്ചിരിക്കുന്നു എന്നാണ് 86% പേരും കരുതുന്നതെന്നാണ് സ്ഥാനാരോഹണദിനത്തിന്റെ തലേന്ന് Pew Research Center പുറത്തുവിട്ട അഭിപ്രായ കണക്കെടുപ്പ് കാണിക്കുന്നത്. 2004-ല്‍ ഈ ചോദ്യം ചോദിച്ചതിന് ശേഷമുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്.
ഇരു കക്ഷികളും സമാധാനപരമായ അധികാരകൈമാറ്റം ആഘോഷിക്കുന്ന നീണ്ടകാലത്തെ രീതികളെ തകിടം മറിച്ച ട്രംപിന്റെ സ്ഥാനാരോഹണ ആഘോഷങ്ങള്‍ പോലും വിവാദമായി.
ട്രംപിന്റെ സംഘം അയാളുടെ മുന്‍ഗണന ക്രമത്തിന്റെ ഒരു സൂചന നല്കിയിട്ടുണ്ട്-ആരോഗ്യ സുരക്ഷാ പരിഷ്കരണം, അടിസ്ഥാന സൌകര്യ നിയമ നിര്‍മ്മാണം, നികുതിഘടന പരിഷ്കാരം എന്നിവ അവയില്‍ ചിലതാണ്. തന്റെ ആദ്യ ദിവസം 18 ഭരണ തീരുമാനങ്ങള്‍ എടുക്കുമെന്ന ട്രംപിന്റെ പ്രചാരണ വാഗ്ദാനം പാലിക്കുമോ എന്നു അവര്‍ ഉറപ്പ് പറഞ്ഞിട്ടില്ല. റഷ്യന്‍ പിന്തുണയോടെ തിങ്കളാഴ്ച കസാഖ്സ്ഥാനില്‍ നടക്കുന്ന സിറിയ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ട്രംപിന്റെ വിജയത്തില്‍ റിപ്പബ്ലിക്കന്‍മാര്‍ പൊതുവേ ആവേശത്തിലാണെങ്കിലും അദ്ദേഹത്തിന്റെനിര്‍ണ്ണായകമായ ചില നിര്‍ദേശങ്ങളെ സംബന്ധിച്ചു അവര്‍ക്ക് നിരാശയുണ്ടു. ‘എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്’ നല്‍കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം- ആരോഗ്യ സുരക്ഷാ രംഗത്ത് സര്‍ക്കാര്‍ ചെലവ് കുറയ്ക്കണമെന്ന നീണ്ട നാളായുള്ള റിപ്പബ്ലിക്കന്‍ നിലപാടില്‍ നിന്നുള്ള ഒരു മാറ്റം-റിപ്പബ്ലിക്കന്മാരെ അസ്വസ്ഥരാക്കിയിരുന്നു. വൈസ് പ്രസിഡണ്ട് മൈക് പെന്‍സ് നാല് ദിവസങ്ങള്‍ക്ക് ശേഷം ഈ നിലപാടില്‍ നിന്നും പിന്നാക്കം പോവുകയും ചെയ്തു.
സെനറ്റിന്റെ അനുമതി വേണ്ട 690 ഫെഡറല്‍ പദവികളില്‍ 29 എണ്ണം ട്രംപിന്റെ സംഘം നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്ന് ട്രംപിന്റെ ഭരണമേറ്റെടുക്കലിന് ഉപദേശം നല്‍കുന്ന Partnership for Public Service എന്ന സ്ഥാപനം പറയുന്നു. സര്‍ക്കാരില്‍ തുടര്‍ച്ച ഉറപ്പുവരുത്താന്‍ ഒബാമ സര്‍ക്കാര്‍ നിയമിച്ച 50 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് തുടരാന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
വാഷിംഗ്ടണിലേക്കുള്ള തന്റെ വരവിനെക്കുറിച്ചുള്ള അസ്വസ്ഥതകളെ ട്രംപ് കാര്യമാക്കുന്നില്ല എന്നതാണു വാസ്തവം. സ്ഥാനമേറ്റെടുക്കുന്നതിന് മുമ്പ് തന്റെ സംഘത്തിനായി നടത്തിയ ഉച്ചവിരുന്നില്‍ അയാള്‍ പറഞ്ഞു, “നമ്മള്‍ ഒന്നിച്ചു നന്നായിത്തന്നെ നീങ്ങുന്നു എന്ന് ലോകത്തെ അറിയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”