UPDATES

യുകെ/അയര്‍ലന്റ്

ജി20 ഉച്ചകോടിക്കിടെ തെരേസ മേ സൗദി കിരീടാവകാശിയെ കാണും; ഖഷോഗി വധം ഉന്നയിക്കപ്പെടും

യെമനിലെ ജനങ്ങളുടെ ദുരിതപൂർണമായ സാഹചര്യങ്ങളെക്കുറിച്ചാണ് താൻ ഏറെ ആശങ്കപ്പെടുന്നതെന്ന് തെരേസ മേ പറഞ്ഞു.

                       

ബ്യൂനസ് അയേഴ്സില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ താൻ സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനെ കാണുമെന്നും ഖഷോഗി വധം സംബന്ധിച്ച തന്റെ ആശങ്കകൾ ഉന്നയിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. യമനിലെ സ്ഥിതിഗതികളും രാജകുമാരനുമായി താൻ ചർച്ച ചെയ്യുമെന്ന് മേ അറിയിച്ചു. ജമാൽ ഖഷോഗി വധത്തിലും യെമൻ വിഷയത്തിലും താൻ വ്യക്തമായ സന്ദേശം രാജകുമാരന് നൽകുമെന്നും അവർ പറഞ്ഞു.

ഖഷോഗി വധക്കേസിൽ സുതാര്യവും സമ്പൂർണവുമായ അന്വേഷണമാണ് താൻ ആഗ്രഹിക്കുന്നതെന്നു പറഞ്ഞ തെരേസ മേ സംഭവത്തിൽ ഉത്തരവാദികളായ എല്ലാവരും പിടിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു.

യെമനിലെ ജനങ്ങളുടെ ദുരിതപൂർണമായ സാഹചര്യങ്ങളെക്കുറിച്ചാണ് താൻ ഏറെ ആശങ്കപ്പെടുന്നതെന്ന് തെരേസ മേ പറഞ്ഞു. യമനിൽ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ നടക്കുന്ന സൈനികനീക്കം അവസാനിപ്പിക്കാനാണ് പടിഞ്ഞാറൻ നാടുകൾ ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

തെരേസ മേ താനവതരിപ്പിക്കുന്ന ബ്രെക്സിറ്റ് ഉടമ്പടിക്ക് ദേശീയവും അന്തർദ്ദേശീയവുമായ പിന്തുണ സമ്പാദിക്കാനായി പ്രയാസപ്പെടുവന്നതിനിടയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ഇവിടെയും തന്റെ ബ്രെക്സിറ്റ് ഡീലിന് പിന്തുണ സമ്പാദിക്കാനുള്ള ശ്രമങ്ങൾ മേ തുടരും. ഡോണൾഡ് ട്രംപ്, വ്ലാദ്മിർ പുടിൻ എന്നിവർ ഒഴികെയുള്ള ലോകനേതാക്കളുമായി മേ സംസാരിക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് ഡീലിനോട് ട്രംപിന് താൽപര്യമില്ല. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടന് പൂർണമായ വിടുതൽ വേണമെന്ന പക്ഷക്കാരനാണ് അദ്ദേഹം. അമേരിക്കയുമായുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടാൻ ഇത് ഉപകരിക്കുമെന്നും ട്രംപ് കരുതുന്നു.

ഉക്രൈനുമായി റഷ്യ കഴിഞ്ഞദിവസങ്ങളിൽ നടത്തിയ കൊമ്പു കോർക്കല്‍ അടക്കമുള്ള നിരവധി വിഷയങ്ങളുണ്ട് തെരേസ മേയ്ക്ക് പുടിനുമായി കൂടിക്കാഴ്ച നടത്താതിരിക്കാൻ.

Share on

മറ്റുവാര്‍ത്തകള്‍