UPDATES

വീഡിയോ

അഴിയൂരിലെ മത്സ്യത്തൊഴിലാളി കടലില്‍ നിന്ന് കോരിയെടുത്തത് 13 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

പ്രിയേഷ് ശേഖരിക്കുന്ന മാലിന്യം ഏറ്റെടുത്ത്, പഞ്ചായത്തിലെ സ്‌ക്രാപ്പിംഗ് മെഷീനില്‍ പ്രോസസ്സ് ചെയ്ത ശേഷം റോഡു നിര്‍മാണം പോലുള്ള പ്രവൃത്തികള്‍ക്കായി വില്‍ക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്.

                       

കോഴിക്കോട് അഴിയൂരിലെ മത്സ്യത്തൊഴിലാളിയായ പ്രിയേഷ് മാളിയേക്കല്‍ കേരളത്തിലെ സമുദ്ര ശുചീകരണ ഒറ്റയാള്‍ പട്ടാളമാണ്. മത്സ്യബന്ധനത്തിനു വലയിടുമ്പോള്‍ ഇവിടത്തുകാര്‍ക്ക് മീനിനേക്കാള്‍ കൂടുതല്‍ കിട്ടുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്ന് തിരിച്ചറിഞ്ഞ പ്രിയേഷ് കടലില്‍നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന ഉദ്ദേശത്തോടെ സ്വയം കടലിലിറങ്ങുകയായിരുന്നു.

‘അടിവലയിട്ട് വലിച്ച് പ്ലാസ്റ്റിക്കെടുക്കാന്‍ ശരിക്കും ബുദ്ധിമുട്ടില്ല. ഇത് വൃത്തിയാക്കി എടുക്കാനാണ് പ്രയാസം. കാലങ്ങള്‍ പഴക്കമുള്ള പ്ലാസ്റ്റിക്കല്ലേ. ആറു വര്‍ഷം പഴക്കമുള്ള പ്ലാസ്റ്റിക് വരെ എന്റെ കൈയില്‍ കിട്ടിയിട്ടുണ്ട്. തീരക്കടലിലാണ് ഇപ്പോള്‍ പ്ലാസ്റ്റിക്കെടുക്കുന്നത്. ആഴക്കടലില്‍ നിന്നും എടുക്കണമെങ്കില്‍ ഡൈവ് ചെയ്യണം. അതെനിക്കറിയില്ല. ചോമ്പാല്‍ ഹാര്‍ബര്‍ മുതല്‍ മാഹി ഹാര്‍ബര്‍ വരെയുള്ള സ്ഥലം കവര്‍ ചെയ്യുന്നുണ്ട്. മത്സ്യത്തിന്റെ ലഭ്യത കുറയുന്നതില്‍ പ്ലാസ്റ്റിക് മാലിന്യത്തിന് വലിയ പങ്കുണ്ട്. പ്ലാസ്റ്റിക് കൂടുതല്‍ കിട്ടുന്നിടത്തു നിന്നും മത്സ്യം അധികം കിട്ടുകയേയില്ല.’ എന്നാണ് പ്രിയേഷ് പറയുന്നത്.

പ്രിയേഷ് അതിരാവിലെ തന്റെ ഫൈബര്‍ ബോട്ടില്‍ വലയുമായി ചോമ്പാല്‍ ഹാര്‍ബറില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കാനിറങ്ങും. നാലും അഞ്ചും മണിക്കൂര്‍ ഒറ്റയ്ക്ക് വലയിട്ട് ബോട്ടില്‍ കയറ്റുന്ന പ്ലാസ്റ്റിക് മുഴുവനും ഒറ്റയ്ക്കു തന്നെ വേര്‍തിരിച്ച് വൃത്തിയാക്കി പഞ്ചായത്തിന്റെ ഹരിതസേനയ്ക്കു കൈമാറുന്നു.

മത്സ്യഫെഡിലെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫീസിലെയും ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രിയേഷിന് എല്ലാ പിന്തുണയും നല്‍കുന്നത് അഴിയൂര്‍ പഞ്ചായത്ത് തന്നെയാണ്. തീരക്കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് സെക്രട്ടറിയോടു സംസാരിച്ചപ്പോള്‍ത്തന്നെ, ‘ഉടനെ പരിപാടി തുടങ്ങണം’ എന്ന മറുപടിയാണ് കിട്ടിയതെന്ന് പ്രിയേഷ് പറയുന്നു. പ്രിയേഷ് ശേഖരിക്കുന്ന മാലിന്യം ഏറ്റെടുത്ത്, പഞ്ചായത്തിലെ സ്‌ക്രാപ്പിംഗ് മെഷീനില്‍ പ്രോസസ്സ് ചെയ്ത ശേഷം റോഡു നിര്‍മാണം പോലുള്ള പ്രവൃത്തികള്‍ക്കായി വില്‍ക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്.

 

ഒരു പ്ലാസ്റ്റിക് വേട്ടക്കാരന്‍; കേരളത്തിന്റെ ‘സമുദ്ര ശുചീകരണ’ ഒറ്റയാള്‍പ്പട്ടാളമാണ് ഈ യുവാവ്

Share on

മറ്റുവാര്‍ത്തകള്‍