UPDATES

വിദേശം

അമേരിക്കയുടേത് വെറും ഇസ്ലാമോഫോബിയ? ഇസ്ലാമിസ്റ്റ് ഭീകരാക്രമണം യുഎസില്‍ കുറവെന്ന് കണക്കുകള്‍

ഗ്ലോബല്‍ ടെററിസം ഡാറ്റാബേസിന്റേയും എഫ്ബിഐയുടേയും മറ്റും കണക്കുകള്‍ പ്രകാരം ട്രംപ് വിലക്കേര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഒരാള്‍ പോലും ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നില്ല.

                       

ഇസ്ലാമിസ്റ്റ് തീവ്രവാദികളെ തടയാനും ഭീകരാക്രമണങ്ങള്‍ തടയാനുമെന്ന് പറഞ്ഞ് ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്കയിലെ ട്രംപ് ഭരണകൂടം വിസ നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ 2001 സെപ്റ്റംബര്‍ 11 മുതല്‍ അമേരിക്കയിലുണ്ടായിട്ടുള്ള ആക്രമണങ്ങളും അക്രമപരമ്പരകളും കൊലപാതകങ്ങളും എടുത്ത് പരിശോധിച്ചാല്‍ ഇതില്‍ ഇസ്ലാമിസ്റ്റ് ഭീകരരുടെ ഭാഗത്ത് നിന്നുള്ള ആക്രമണ വളരെ അപൂര്‍വമായേ സംഭവിച്ചിട്ടുള്ളൂ എന്ന് കാണാം. ഗ്ലോബല്‍ ടെററിസം ഡാറ്റാബേസിന്റേയും എഫ്ബിഐയുടേയും മറ്റും കണക്കുകള്‍ പ്രകാരം ട്രംപ് വിലക്കേര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഒരാള്‍ പോലും ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നില്ല.

2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ 19 പേരാണ് ആക്രമണസംഘത്തിലുണ്ടായിരുന്നത് എന്നാണ് പറയുന്നത്. 15 പേര്‍ സൗദി അറേബ്യയില്‍ നിന്ന്, രണ്ട് പേര്‍ യുഎഇ പൗരന്മാര്‍, ഒരാള്‍ ലെബനന്‍കാരന്‍, ഒരാള്‍ ഈജീപ്റ്റില്‍ നിന്ന്് എല്ലാവരും അമേരിക്കന്‍ വിസ നേടി എത്തിയവരായിരുന്നു. ആക്രമണത്തില്‍ 2977 പേര്‍ കൊല്ലപ്പെട്ടു.

2002 ലാക്‌സ് എയര്‍പോര്‍ട്ട് വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു ഈജിപ്റ്റുകാരനാണ് ആക്രമണം നടത്തിയത്. 1992 മുതല്‍ യുഎസില്‍ താമസിക്കുകയായിരുന്ന ഇയാള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ഉണ്ടായിരുന്നു

2009 ലിറ്റില്‍ റോക്ക് മിലിട്ടറി ട്രെയിനിംഗ് സെന്ററില്‍ വെടിവയ്പ് നടത്തിയത് അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന പൗരന്‍ തന്നെ. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

2009
പാലസ്തീന്‍ കുടിയേറ്റക്കാരുടെ മകനായി അമേരിക്കയില്‍ ജനിച്ച യുഎസ് പൗരനാണ് ഫോര്‍ട്ട്ഹുഡില്‍ വെടിവയ്പ് നടത്തിയത്. 13 പേര്‍ കൊല്ലപ്പെട്ടു.

2013 ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിംഗ് നാല് പേര്‍ കൊല്ലപ്പെട്ടു. കിര്‍ഗിസ്ഥാനില്‍ ജനിച്ച രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഒരാള്‍ യുഎസ് പൗരനും മറ്റെയാള്‍ ഗ്രീന്‍കാര്‍ഡുള്ളയാളും.

2014
ന്യൂജഴ്‌സിയിലും വാഷിംഗ്ടണിലും നടത്തിയ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയില്‍ ജനിച്ച യുഎസ് പൗരനായിരുന്നു അക്രമി.

2014 നോര്‍ത്ത് കരോലിന വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൊല നടത്തിയത് അമേരിക്കയില്‍ ജനിച്ച യുഎസ് പൗരന്‍

2015 ചാറ്റനൂഗ മിലിട്ടറി ഓഫീസ് വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കുവൈറ്റില്‍ ജനിച്ച യുഎസ് പൗരനാണ് ആക്രമണം നടത്തിയത്.

2015 സാന്‍ബെര്‍ഡിനാഡോ വെടിവയ്പില്‍ കൊല്ലപ്പെട്ടത് 14 പേരാണ്. രണ്ട് പേരായിരുന്നു ആക്രമണത്തിന് പിന്നില്‍ അമേരിക്കയിലെ ഇല്ലിനോയ്‌സില്‍ ജനിച്ച യുഎസ് പൗരനാണ് ഒരാള്‍. മറ്റെയാള്‍ കെ വണ്‍ വിസയില്‍ പാകിസ്ഥാനില്‍ നിന്നെത്തി.

2016 ഓര്‍ലാന്‍ഡോയില്‍ അമേരിക്കയില്‍ ജനിക്കുകയും പൗരത്വമുള്ളയാളുമായ അക്രമി നടത്തിയ വെടിവയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടു.

എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ട്രംപ് വിസ നിഷേധിച്ചത് ഇറാന്‍, ഇറാഖ്, സിറിയ, യെമന്‍, സൊമാലിയ, സുഡാന്‍, ലിബിയ എന്നീ ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. സിറിയയില്‍ നിന്നുള്ളവര്‍ക്ക് അനിശ്ചിതകാലത്തേയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഒരാള്‍ പോലും ഈ പട്ടികയിലില്ലെന്നതാണ് ശ്രദ്ധേയം.

Share on

മറ്റുവാര്‍ത്തകള്‍