UPDATES

വായന/സംസ്കാരം

ഈ സീറോ ഡിഗ്രിയിലും കാലം തിളയ്ക്കുന്നത് കാണാം; 2019ല്‍ ചാരുനിവേദിതയെ വായിക്കുമ്പോള്‍

അടിച്ചമര്‍ത്തപ്പെടുന്ന ഭരണകൂടത്തിനു കീഴില്‍ നില്‍ക്കുമ്പോള്‍ ജനജീവിതം എത്രത്തോളം ദുസഹമായിരിക്കുമെന്ന് ഈ നോവല്‍ കാണിച്ചുതരുന്നു.

ആർഷ കബനി

ആർഷ കബനി

                       

സീറോഡിഗ്രി ഒരു നോവലാണോ? ഒരിക്കലുമല്ല, സാമൂഹിക വ്യവസ്ഥയും ഭരണകൂടവും ഇല്ലാതാക്കിയ ജനങ്ങളുടെ ശബ്ദം പെറുക്കി കൂട്ടി വെച്ചതാണ് ഈ പുസ്തകം. നോവല്‍ എന്ന രൂപത്തില്‍ കാലങ്ങളായി നാം വായിച്ച പലതും ഇതിലില്ല. ഒരുകൂട്ടം മനുഷ്യരുടെ പച്ചയായ ജീവിതവും പ്രതിസന്ധികളും, പ്രതിരോധവുമാണ് ചാരുനിവേദിതയുടെ ഈ നോവല്‍.

തമിഴിലെഴുതപ്പെട്ട സീറോഡിഗ്രി ഫേബിയന്‍ ബുക്‌സാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡോ.ജി ബാലസുബ്രഹ്മണിയന്‍, ഡോ പി എം ഗിരീഷ് എന്നിവര്‍ മൊഴിമാറ്റം ചെയ്ത ഈ നോവലിന്റെ പ്രസക്തി 2019 ല്‍ വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. മതം, ഭരണകൂടം, സാമൂഹിക വ്യവസ്ഥ എന്നിവ തീവ്ര വത്കരിക്കപ്പെട്ട 2019 ല്‍ ഈ നോവലിന്റെ പ്രാധാന്യം വളര്‍ന്നിരിക്കുന്നു.

അടിച്ചമര്‍ത്തപ്പെടുന്ന ഭരണകൂടത്തിനു കീഴില്‍ നില്‍ക്കുമ്പോള്‍ ജനജീവിതം എത്രത്തോളം ദുസഹമായിരിക്കുമെന്ന് ഈ നോവല്‍ കാണിച്ചുതരുന്നു. തമിഴ്‌നാടിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെടുമ്പോഴും അതിര്‍ത്തികള്‍ തകര്‍ത്ത് ഇന്ത്യയുടെ കഥ പറയുകയാണ് സീറോഡിഗ്രി.

നോവലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു,
‘ ആ ഗവണ്‍മെന്റിന്റെ ഭാഷാവിഭാഗത്തലവന്റെ ജോലി ജനങ്ങള്‍ വ്യവഹരിക്കുന്ന വാക്കുകള്‍ കുറയ്ക്കുകയെന്നതാണ്. വാക്കുകള്‍ കൂടുതലായാല്‍ ചിന്തിക്കാനുള്ള പ്രേരണ കൂടും. കൂടുതല്‍ ചിന്തിക്കുന്നത് ഗവണ്‍മെന്റിന് ആപത്താണ്. അവസാനം ഭാഷാവിഭാഗത്തലവന്‍ ജനങ്ങളുടെ വ്യവഹാരത്തിലുള്ള വാക്കുകള്‍ കുറച്ച് കുറച്ചു ഒമ്പതു വാക്കുകളില്‍ കൊണ്ടെത്തിച്ചു. ‘ ഭരണകൂടം എത്തരത്തില്‍ ജനതയെ നിശബ്ദരാക്കുന്നുവെന്നതിന്റെ അടയാളപ്പെടുത്തലാണ് ഈ വരികള്‍. ഭരണകൂടത്തിന്റെ കരുനീക്ക തന്ത്രങ്ങള്‍ ഇവിടെ വിവരിക്കപ്പെടുന്നു.

ഇത്തരമൊരു ഭരണകൂടത്തിനു കീഴില്‍ നിലകൊള്ളുന്ന ജനതയുടെ ജീവിതം ഭീകരമായിരിക്കും. ദാരിദ്രം, അസമത്വം, അതിക്രമം എന്നിവയെല്ലാം ഈ ജനതയ്ക്കു മേല്‍ നിര്‍ബന്ധിതമായി തന്നെ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഇതില്‍ നിന്ന് ഉയര്‍ന്നു വരുവാനുള്ള സാധ്യതയെ ഒരിയ്ക്കലും ഭരണകൂടം ജനതയ്ക്ക് നല്‍കുകയില്ല. അവര്‍ വീണ്ടും പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്കു തന്നെ സഞ്ചരിച്ചു കൊണ്ടിരിക്കും.

‘ഇന്ത്യയില്‍ 180 ലക്ഷം ബാലവേലക്കാര്‍ ഉണ്ടെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ 1980ലെ സെന്‍സസ് പറയുന്നു. കുളിക്കലും മലവിസര്‍ജ്ജനം നടത്തലും തെരുവില്‍ തന്നെ. പകല്‍നേരത്ത് കക്കൂസില്‍ പോകണമെന്ന് തോന്നിയാല്‍ അമ്മയോ മറ്റ് സ്ത്രീകളോ എവിടെ പോവും, അമ്മ മാത്രമല്ല മറ്റെല്ലാ തെരുവ് പെണ്ണുങ്ങളും വെളുപ്പാന്‍ കാലത്തേ ഉണര്‍ന്ന് മുന്നിലുള്ള വെളിമ്പ്രദേശങ്ങളിലേക്ക് പോവുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ” എന്നിങ്ങനെ സീറോ ഡിഗ്രിയില്‍ ചാരുനിവേദിത എഴുതുന്നു. എന്നാല്‍ 1980ലെ സാഹചര്യത്തില്‍ നിന്ന് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ വളര്‍ന്നിട്ടില്ല എന്ന് കാണാന്‍ കഴിയും. 2017ല്‍ വിദ്യ ഭാരതി സംവിധാനം ചെയ്ത കക്കൂസ് എന്ന ഡോക്യുമെന്ററി ഇതിന്റെ ശക്തമായ തെളിവാണ്.

മഹാരാഷ്ട്രയിലെ ഹാജിപുരി ഗ്രാമത്തില്‍ ആളുകള്‍ കരിമ്പ് കൃഷിക്കുവേണ്ടി കുടിയേറ്റം നടത്തുന്നതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ മാസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലമൂത്ര വിസര്‍ജനം പോലും ചെയ്യാന്‍ കഴിയാതെ ആളുകള്‍ ജീവിതത്തെ മുന്നോട്ട് നീക്കുവാന്‍ വേണ്ടി മാത്രം കുടില്‍ കെട്ടി താമസിക്കുകയും, ഇത്തരം സാഹചര്യങ്ങളിലെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതുമായ വാര്‍ത്ത ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ജീവിതം ദുസഹമായ അവസ്ഥയില്‍ തന്നെയാണ് എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സീറോഡിഗ്രി. വാര്‍ത്തമാന ഇന്ത്യയുടെ പകര്‍പ്പ് തന്നെയാണ് ഈ നോവല്‍.

‘നിങ്ങളുടെ ദേശത്തെപ്പറ്റി മുനി വളരെയധികം പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ പരസ്പരം കണ്ടുമുട്ടാതെ മുഖം പോലും പരിചയിക്കാതെ വിവാഹിതരാവാറുണ്ടത്രേ’ എന്നിങ്ങനെ ചാരുനിവേദിതയുടെ ഒരു കഥാപാത്രം എഴുതുന്നുണ്ട്. സാങ്കേതിക പരമായും, വ്യാവസായികമായും ഇന്ത്യ വളരുമ്പോഴും ഇന്ത്യക്കാരായ ജനത വിവാഹം കഴിക്കുന്നത് ഇത്തരത്തില്‍ മുഖം കാണാതെ തന്നെയെന്നത് വാസ്തവമാണ്. പലപ്പോഴും ഇരയാക്കപ്പെടുന്നത് സ്ത്രീകളാണ്. വലിയൊരു ശതമാനം സ്ത്രീകളിപ്പോഴും വിവാഹത്തില്‍പ്പോലും തീരുമാനമെടുക്കാന്‍ കഴിയാത്തവരായിട്ടാണ് ഇന്ത്യയില്‍ ജീവിക്കുന്നത്.

സീറോ ഡിഗ്രിയില്‍ ഭക്ഷണ സ്വാതന്ത്ര്യത്തെ കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. ‘ആദ്യ ദിവസം നായ്ക്കറി വെച്ചപ്പോള്‍ അവന്‍ മാത്രമാണ് കഴിച്ചത്. ഞങ്ങളാരും കഴിച്ചില്ല .പിന്നീട് കുറച്ചു ദിവസം കൂടി ഞങ്ങള്‍ കാത്തിരുന്നു. അവന്‍ കുരയ്ക്കുന്ന മട്ടൊന്നുമില്ലെന്ന് തീര്‍ച്ചയാക്കിയതിന് ശേഷമാണ് ധൈര്യത്തോടെ ഞങ്ങളും നായ്ക്കറി കഴിക്കാന്‍ തുടങ്ങിയത്. ” വ്യക്തി താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു സമൂഹത്തെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഭക്ഷണ വസ്തുവായ മാംസത്തിന്റെ പേരില്‍ ആളുകള്‍ കൊലചെയ്യപ്പെടുമ്പോള്‍, ഭക്ഷണ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്ന നോവല്‍ ഇന്ത്യക്കാരുടെ ദയനീയ വര്‍ത്തമാനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അതെ ഇന്ത്യന്‍ ജനതയുടെ വര്‍ത്തമാനവും, ചരിത്രവുമാണ് സീറോഡിഗ്രിയില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാലത്തിന്റെ തിളനിലയെ ചാരുനിവേദിത സീറോ ഡിഗ്രിയെന്ന് പേരിട്ടുവെന്ന് മാത്രം.

പീഡോഫീലിയയും ലൈംഗിക അതിക്രമങ്ങളും വിഷയമാക്കി; ടര്‍ക്കിഷ് ഗവണ്‍മെന്‍റ് എഴുത്തുകാര്‍ക്കെതിരെ

 

ആർഷ കബനി

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

Share on

മറ്റുവാര്‍ത്തകള്‍