കാബേജില്‍ ഒളിച്ചിരുന്ന പാമ്പിന്‍ കുഞ്ഞിനെ കാബേജിനോടൊപ്പം അരിഞ്ഞ് കറിവെച്ചുകൂട്ടിയ അമ്മയും മകളും ആശുപത്രിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. അരിഞ്ഞ കാബേജ് കറിവെച്ച് കഴിച്ചതിന് ശേഷം ബാക്കി വന്ന കാബേജില്‍ പാമ്പിന്റെ വാല്‍ഭാഗം കണ്ടതോടെ ഇരുവരും ഭയചകിതരായി. ഇവരെ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയായ എംവൈ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഫസാന്‍ ഇമാം (35), ആംന (15) എന്നിവരുടെ നില ഇപ്പോള്‍ സാധാരണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ എന്തെങ്കിലും വിഷാംശം ശരീരത്തില്‍ ഉണ്ടോ എന്നറിയുന്നതിനായി വിവിധതരം ടെസ്റ്റുകള്‍ നടത്തിവരിയാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇരുവരും ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് മെഡിസിന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഡോ.ധര്‍മ്മേന്ദ്ര ഛാന്‍വര്‍ പറഞ്ഞു. പാമ്പിനെ ഭക്ഷിച്ചത് മൂലം ഇവരുടെ കോശങ്ങള്‍ക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടോ എന്നറിയാനാണ് ടെസ്റ്റുകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രക്തത്തില്‍ കലരുകയും അത് ചംക്രമണം ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് പാമ്പിന്റെ വിഷം അപകടകാരിയായി മാറുന്നത്. വിഷപ്പാമ്പിനെയാണോ ഭക്ഷിച്ചതെന്നും സംശയമുണ്ട്. അവരുടെ നില ഇപ്പോള്‍ സാധാരണമാണെങ്കിലും പാമ്പിനെ ഭക്ഷിച്ചത് മൂലം എന്തെങ്കിലും സൈഡ് എഫ്ക്ട്‌സ് ഉണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. ആര്‍ക്കും സംഭവിക്കാവുന്ന ഒരു ദുരന്തമാണിതെന്നും ഡോക്ടടര്‍ മുന്നറിയിപ്പ് നല്‍കി. പച്ചക്കറികള്‍ മുറിക്കുകയും പാചകം ചെയ്യുകയും ചെയ്യന്നതിന് മുമ്പ് വ്യക്തമായി പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
വായനയ്ക്ക്: https://goo.gl/WU5NXM