കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി,സൗബിന്‍ ഷാഹിര്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് ‘വൈറസ്’. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി,സൗബിന്‍ ഷാഹിര്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെയിലറിന് ലഭിക്കുന്നത്.
കേരളം നിപ്പയെ അറിഞ്ഞതും ഭയപ്പെട്ടതും അതിജീവിച്ചതും ഒരിക്കല്‍ കൂടി അനുഭവിക്കുകയാണ് ചിത്രത്തിന്‍റെ ട്രെയിലറിലൂടെ. നിപ്പാ വെെറസ് ബാധയുടെ സമയത്തെ കോഴിക്കോട് നിവാസികളുടെ ജീവിതവും ദൃശ്യങ്ങളില്‍ കാണാം.റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയായി എത്തുന്നത്. ‘ആള്‍ക്കാര്‍ക്ക് അസുഖം വന്നാല്‍ നോക്കാതിരിക്കാനാവുമോയെന്ന’ റിമയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാവുകയുമാണ്.
രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ്, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
രാജീവ് രവിയാണ് ‘വൈറസി’ന്‍റെ ഛായാഗ്രാഹണം. മുഹ്‌സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍.
ഒപിഎം പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രം ജൂൺ 7 ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററിൽ എത്തും.