UPDATES

കളിക്കളത്തിന് പുറത്തേക്കു നീണ്ട പോര് ശ്രീശാന്തിന് വിനയാകുമോ?

എന്താണ് ഗംഭീറിനും ശ്രീശാന്തിനും ഇടയില്‍ നടന്നത്?

                       

ഗ്രൗണ്ടില്‍ പരസ്പരം കളിക്കാര്‍ കൊമ്പു കോര്‍ക്കുന്നത് ക്രിക്കറ്റില്‍ പതിവാണ്. ചില വെല്ലുവിളികളും വാഗ്വാദങ്ങളും ഓഫ് ഫീല്‍ഡിലും നടക്കാറുണ്ട്. എന്നാല്‍ അവയൊക്കെ വ്യക്തിപരമായ ഏറ്റുമുട്ടലുകളിലേക്ക് പോകാറില്ല. എന്നാല്‍ രണ്ട് മുന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ തുടങ്ങിയ തര്‍ക്കം ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടായിരിക്കുകയാണ്. ലെജന്‍ഡ്‌സ് ലീഗ് കളിക്കുന്ന ഗൗതം ഗംഭീറും എസ്. ശ്രീശാന്തും തമ്മിലാണ് പോര്. നിയന്ത്രണരേഖകള്‍ ലംഘിച്ചിരിക്കുന്ന വഴക്കിനെക്കുറിച്ച് ആഭ്യന്തരതല അന്വേഷണം നടത്തുമെന്നാണ് ലെജന്‍ഡ് ലീഗ് ക്രിക്കറ്റ് പെരുമാറ്റ ചട്ട സമിതി തലവന്‍ സയ്യീദ് കിര്‍മാനി അറിയിച്ചിരിക്കുന്നത്. അതേസമയം, പ്രശ്‌നം പൊതുവിടത്തിലേക്ക് കൊണ്ടുപോയതിന്റെ പേരില്‍ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ശ്രീശാന്തിന് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് അധികൃതര്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലെജന്‍ഡ്‌സ് ലീഗിന്റെ ഭാഗമായി ബുധനാഴ്ച്ച ഇന്ത്യ കാപ്പിറ്റലും ഗുജറാത്ത് ജെയ്ന്റ്‌സും തമ്മിലുള്ള മത്സരത്തിലാണ് പ്രശ്‌നങ്ങളുടെ തുടക്കം.

മത്സരത്തിന്റെ രണ്ടാം ഓവര്‍ ചെയ്യുന്നത് ശ്രീശാന്തായിരുന്നു. ശ്രീയുടെ രണ്ടു ബോളുകള്‍ അതിര്‍ത്തിക്കപ്പുറം കടത്തി ഗംഭീര്‍ തുടര്‍ച്ചയായി ഓരോ സിക്‌സും ഫോറും നേടി. എന്നാല്‍ അടുത്ത ബോളില്‍ ഗംഭീറിന് ഒന്നും ചെയ്യാനാവാത്ത വിധമായിരുന്നു ശ്രീശാന്തിന്റെ പന്ത് പാഞ്ഞത്. ഇതിനുശേഷമായിരുന്നു രണ്ടു പേരും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്. കളിക്കളത്തില്‍ ചൂടന്‍ സ്വഭാവം കൊണ്ട് കുപ്രസിദ്ധി നേടിയ രണ്ടു താരങ്ങളാണ് ശ്രീശാന്തും ഗംഭീറും. പണ്ടത്തെ അതേ വീറോടെ മുഖാമുഖം നിന്ന ഇരുവരെയും അമ്പയര്‍മാരും സഹകളിക്കാരും ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

ഫീല്‍ഡില്‍ ഉണ്ടായ തര്‍ക്കം പിന്നീട് മൂര്‍ച്ഛിക്കുന്നത് സോഷ്യല്‍ മീഡിയയിലായിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്നും തന്റെ രക്തം തിളപ്പിക്കുന്ന തരത്തില്‍ ഗംഭീര്‍ എന്തായിരുന്നു പറഞ്ഞതെന്നും വിശദീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ ശ്രീശാന്ത് രണ്ട് വീഡിയോകള്‍ പങ്കുവച്ചു. തന്റെ ചിരിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ എക്‌സില്‍ പങ്കുവച്ച് ഗംഭീര്‍ എഴുതി; ‘ ലോകം ശ്രദ്ധിക്കുമ്പോള്‍ പുഞ്ചിരിക്കൂ’.

ശ്രീശാന്ത് രണ്ട് വീഡിയോകള്‍ പോസ്റ്റ് ചെയ്തതില്‍ ഒന്ന് ബുധനാഴ്ച്ച മത്സരം കഴിഞ്ഞശേഷവും മറ്റൊന്ന് തൊട്ടടുത്ത ദിവസവുമായിരുന്നു. വ്യാഴാഴ്ച്ച പങ്കുവച്ച വീഡിയോയിലാണ് ഗംഭീര്‍ തന്നോട് പറഞ്ഞതെന്താണെന്ന് ശ്രീ വെളിപ്പെടുന്നത്. വാതുവയ്പ്പുകാരന്‍ എന്ന് പലതവണയായി ഗംഭീര്‍ തന്റെ നേര്‍ക്ക് ആക്രോശിച്ചുവെന്നാണ് ഇന്‍സ്റ്റ ലൈവ് വീഡിയോയില്‍ ശ്രീശാന്ത് പറയുന്നത്. ടെലിവിഷന്‍ കാമറകള്‍ ഓണ്‍ ആയിരിക്കുമ്പോള്‍ വിക്കറ്റിന് നടുവില്‍ വച്ചായിരുന്നു അവന്‍ എന്നെ വാതുവയ്പ്പുകാരന്‍ എന്ന് വിളിച്ചത്. ഗംഭീര്‍ ഉപയോഗിച്ച മോശം പദപ്രയോഗങ്ങള്‍ അതുപോലെയെന്നവണ്ണം ശ്രീശാന്ത് വീഡിയോയില്‍ പറയുന്നുണ്ട്. രംഗം ശാന്തമാക്കാന്‍ ശ്രമിച്ച അമ്പയര്‍മാരുടെ മുന്നില്‍ വച്ചും ഗംഭീര്‍ തന്നെ വാതുവയ്പ്പുകാരന്‍ എന്ന് ആക്ഷേപിച്ചതായി ശ്രീ പരാതിപ്പെടുന്നുണ്ട്.

ഏറ്റവും അഗ്രസ്സീവ് ആയ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന് അറിയപ്പെടുന്ന ശ്രീശാന്ത്, അവിടം കൊണ്ടും നിര്‍ത്തിയില്ല ഗംഭീറിനോടുള്ള തന്റെ അരിശം. ‘നിങ്ങളെ പിന്തുണച്ചവരോട് ഒരു തരത്തിലുള്ള ബഹുമാനവുമില്ലാത്ത അഹങ്കാരിയും തീര്‍ത്തും വര്‍ഗസ്‌നേഹമില്ലാത്തവനുമായ വ്യക്തിയാണ് നിങ്ങള്‍. ഞാന്‍ സഹിച്ചത് ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങള്‍ പറഞ്ഞതും ചെയ്തതും തെറ്റാണെന്ന് നിങ്ങള്‍ക്ക് തന്നെ നന്നായി അറിയാം’-ഒരിക്കല്‍ ടീമില്‍ തന്റെ സഹതാരമായിരുന്നയാളോട് ശ്രീശാന്തിന്റെ വാക്കുകള്‍ കൊണ്ടുള്ള ബീമര്‍.

ശ്രീശാന്ത് പറയുന്നതാണ് വാസ്തവമെങ്കില്‍, കോടതി കുറ്റവിമുക്തനാക്കിയൊരു കളിക്കാരനെയാണ് ബിജെപി എംപി പരസ്യമായി ആക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ പരസ്യപ്രതികരണം ശ്രീക്ക് തന്നെ തിരിച്ചടിയാകുമോന്നാണ് സംശയം.

പേസ് കൊണ്ടും ബൗണ്‍സ് കൊണ്ട് ബാറ്റര്‍മാരെ ഭയപ്പെടുത്തിയിരുന്ന, ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായി മാറിയ ശ്രീശാന്തിന്റെ കരിയര്‍ തകര്‍ത്ത സംഭവമായിരുന്നു 2013-ലെ ഐപിഎല്ലില്‍ ഉയര്‍ന്ന വാതുവയ്പ്പ് ആരോപണം. 2013 ഡിസംബറില്‍ ഡല്‍ഹി പൊലീസ് മൂന്നു ക്രിക്കറ്റ് താരങ്ങളെ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. അജിത് ചന്‍ഡില, അങ്കിത് ചവാന്‍, എസ് ശ്രീശാന്ത്. മൂന്നുപേരും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരായിരുന്നു. അറസ്റ്റിന് പിന്നാലെ ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കി. ആജീവനാന്ത വിലക്കാണ് കല്‍പ്പിച്ചത്. വാതുവയ്പ്പുകാരുമായി ശ്രീശാന്ത് കരാറിലെത്തിയിരുന്നുവെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തില്‍ വെള്ള തൂവാല ജഴ്‌സില്‍ തിരുകിയാണ് ശ്രീശാന്ത് പന്തെറിഞ്ഞത്. ഇത് വാതുവയ്പ്പുകാര്‍ക്കുള്ള സൂചനയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ ആരോപണം. ആ ഓവറില്‍ ശ്രീശാന്ത് 13 റണ്‍സ് വിട്ടു കൊടുത്തു. മുമ്പത്തെ ഓവറില്‍ ടൗവല്‍ ഉപയോഗിക്കാതിരുന്നിട്ട് തൊട്ടടുത്ത ഓവറില്‍ ഉപയോഗിച്ചത് വാതുവയ്പ്പിന്റെ ഭാഗമായിരുന്നുവെന്ന് പൊലീസ് സമര്‍ത്ഥിച്ചു. പിന്നീടുള്ള ദിവസങ്ങള്‍ ശ്രീശാന്ത് എന്ന താരത്തിന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങളായിരുന്നു. തിഹാര്‍ ജയിലിലെ ഇരുണ്ട തടവറകളില്‍ വരെ കിടക്കേണ്ടി വന്നു ഒരിക്കല്‍ ഇന്ത്യയുടെ പ്രധാന സെലിബ്രിറ്റികളില്‍ ഒരാള്‍ക്ക്. എന്നാല്‍ ശ്രീയുടെ പോരാട്ടത്തിന്റെ വിജയമെന്നോണം പാട്യാല ഹൗസ് കോടതി ശ്രീയടക്കം മൂന്നു താരങ്ങള്‍ക്കുമെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ഒഴിവാക്കി വിധി പറഞ്ഞു. ശ്രീക്കെതിരേ ചുമത്തിയ മക്കോക്ക ചാര്‍ജ്( മഹാരാഷ്ട്ര കണ്‍ട്രോല്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്-എംസിഒസിഎ) പ്രഥമദൃഷ്ട്യ നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തി. മാര്‍ച്ച് 2019-ല്‍ സുപ്രിം കോടതി ബിസിസിഐ ശ്രീശാന്തിനു മേല്‍ ചുമത്തിയിരുന്ന ആജീവനാന്ത വിലക്കും നീക്കി.

അപ്പോഴേക്കും ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചു പോക്കിനുള്ള സമയം അവസാനിച്ചിരുന്നുവെങ്കിലും ക്രിക്കറ്റില്‍ തന്നെ ശ്രീശാന്ത് തുടര്‍ന്നു. കേരളത്തിനു വേണ്ടി രഞ്ജി കളിച്ചു, തന്നിലെ ആ പഴയ അഗ്രസ്സീവ് ഫാസ്റ്റ് ബോളര്‍ തളര്‍ന്നിട്ടില്ലെന്ന് ക്രിക്കറ്റ് മൈതാനങ്ങളില്‍ തെളിയിച്ചു. ഗാലറികളില്‍ ക്രിക്കറ്റിന്റെ ശബ്ദമായി നിന്നു. അതിനിടയിലാണ് ഗംഭീര്‍ ഇങ്ങനെയൊരു വിവാദത്തിന് കാരണമായിരിക്കുന്നത്. ഇതിലെ മറ്റൊരു കൗതുകം; ഗംഭീറും ശ്രീശാന്തും ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍ കളിക്കാനിറങ്ങിയവരാണെന്നതാണ്. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗംഭീര്‍, ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപിക്കു വേണ്ടി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Share on

മറ്റുവാര്‍ത്തകള്‍