അവര്‍ വിഷമിക്കരുതെന്നു കരുതി സ്വന്തം പ്രയാസങ്ങള്‍ കുട്ടികളില്‍ നിന്നു മറച്ചു വയ്ക്കുന്നതാണ് നമ്മുടെ രീതി
കുട്ടികളുടെ ജീവിതം ഇന്നത്തെക്കാലത്ത് ദുഷ്കരമാണ്.
അവര്‍ വിലയേറിയ ഗാഡ്ജെറ്റ്സ് ഉപയോഗിച്ച് കളിക്കുന്നത് കണ്ടാല്‍ അങ്ങനെ തോന്നില്ല. പക്ഷേ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതത്തിന്‍റെ വെല്ലുവിളികള്‍ അവര്‍ക്കുമുണ്ട്. പല കുട്ടികളും അതിനെ അതിജീവിക്കാന്‍ ബുദ്ധിമുട്ടുന്നു.
ഉത്കണ്ഠ പ്രശ്നങ്ങള്‍ കൊണ്ട് വിഷമിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ഷങ്ങളായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോളത്തെ കൌമാരക്കാരില്‍ 25% പേര്‍ക്കും ആകുലതയുടെ വ്യക്തമായ ലക്ഷണങ്ങള്‍ കാണാം.
ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ എനിക്കു പ്രശ്നത്തിന്‍റെ കാരണമോ പരിഹാരത്തിന്‍റെ മാര്‍ഗമോ ആയി മാറാം. സമ്മതിച്ചാലുമില്ലെങ്കിലും ഞാന്‍ പലപ്പോഴും ആദ്യത്തെ കൂട്ടത്തിലാണ്.
കുട്ടികളുടെ മനഃസ്താപങ്ങള്‍ നിങ്ങളുടെ കുഴപ്പം കൊണ്ടാകണമെന്നില്ല. എന്നാല്‍ നമ്മള്‍ അഭിമാനപൂര്‍വം കൊണ്ടു നടക്കുന്ന ചില വളര്‍ത്തു രീതികള്‍ സത്യത്തില്‍ കാര്യങ്ങളെ വഷളാക്കുകയാണ്.
അധിക ശ്രദ്ധ
സ്കൂളില്‍ നിന്നെത്തിയാല്‍ അവിടത്തെ പ്രശ്നക്കാരികളായ പെണ്‍കുട്ടികളുടെയും ഉപദ്രവിക്കുന്ന ആണ്‍കുട്ടികളുടെയും ദയയില്ലാത്ത ടീച്ചര്‍മാരുടെയും കാര്യങ്ങള്‍ കുഞ്ഞ് പറയുമ്പോള്‍ നമുക്കും വിഷമം തോന്നും. പലപ്പോഴും നമ്മളത് പ്രകടിപ്പിക്കും. പക്ഷേ അങ്ങനെ ചെയ്യുന്നത് നല്ലതല്ല. കുട്ടികള്‍ നമ്മുടെ വികാരങ്ങളില്‍ നിന്നാണ് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത്; അച്ഛനമ്മമാര്‍ വിഷമിച്ചാല്‍ അവര്‍ കൂടുതല്‍ വിഷമിക്കും. എന്‍റെ മോള്‍ വന്ന് അവളുടെ സങ്കടങ്ങള്‍ പറയുമ്പോള്‍ ഞാനും വിഷമിക്കുമെന്നു കണ്ടാല്‍ അവളുടെ അവസ്ഥ ഒന്നുകൂടെ മോശമാകും. എന്നില്‍ നിന്ന് ധൈര്യവും ശക്തിയുമാണ് കുട്ടി പ്രതീക്ഷിക്കുന്നത്. മറിച്ച് വേവലാതിപ്പെട്ടാല്‍ അതാണവളുടെ പ്രശ്നങ്ങള്‍ക്കുള്ള ശരിയായ പ്രതികരണം എന്ന സന്ദേശമാകും ഞാന്‍ കൊടുക്കുക. അതുകൊണ്ടു തന്നെ അവരുടെ പ്രശ്നങ്ങളില്‍ സഹതപിക്കുമ്പോള്‍ ബുദ്ധിമുട്ടിയാണെങ്കിലും നമ്മുടെ വേവലാതി മറച്ചു വയ്ക്കണം. നമ്മള്‍ അവരുടെ വൈകാരിക അഭയമാണ്: ആകാംക്ഷ ഒരിയ്ക്കലും പുറത്തു കാണിക്കാതെ അവരെ മനസ്സിലാക്കാനും പിന്തുണയ്ക്കാനും ആവശ്യമെങ്കില്‍ ഉപദേശിക്കാനും ഉള്ള വ്യക്തി.
ആവശ്യമില്ലാതെ അവര്‍ക്ക് വേണ്ടി വാദിക്കുന്നത്
പ്രശ്നങ്ങളില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ നമ്മള്‍ ആഗ്രഹിക്കുമെങ്കിലും അവര്‍ക്കു വേണ്ടി വാദിക്കാനുള്ള അമിതാവേശം ചിലപ്പോള്‍ ഉത്കണ്ഠ വര്‍ദ്ധിപ്പിച്ചേക്കാം. സ്കൂളിലെ ഒരു പ്രശ്നം കുട്ടി വന്നു പറയുമ്പോള്‍ നമ്മുടെ ആദ്യത്തെ പ്രതികരണം നേരെ സ്കൂളിലേയ്ക്ക് ചെന്ന് അത് പരിഹരിക്കാം എന്നാവും. ഇതിലൂടെ രണ്ടു കാര്യങ്ങളാണ് നിങ്ങള്‍ കുട്ടിയോട് പറയുന്നത്- രഹസ്യമായി വയ്ക്കേണ്ട ഒരു കാര്യം വീട്ടില്‍ വന്നു പറയരുതെന്നത് ഒന്നാമത്തേത്. സ്വന്തം പ്രശ്നങ്ങള്‍ സ്വയംപരിഹരിച്ചോളും എന്ന വിശ്വസം നമുക്കവരില്‍ ഇല്ലെന്നത് രണ്ടാമത്തെ കാര്യം. അവരുടെ അറിവോടെയും പരിപൂര്‍ണ്ണ സമ്മതത്തോടെയും കൂടെ മാത്രമേ നിങ്ങള്‍ അവര്‍ക്കായി വാദിക്കാന്‍ ഇറങ്ങിത്തിരിക്കൂ എന്ന കാര്യം കുട്ടികള്‍ വ്യക്തമായി മനസ്സിലാക്കണം. എല്ലാ സാഹചര്യങ്ങളിലും പ്രശ്നങ്ങള്‍ക്കു സ്വയം പരിഹാരം കാണാനും അത് നടപ്പിലാക്കാനും കുട്ടിയെ പിന്തുണയ്ക്കുക എന്നതിനാവണം ആദ്യത്തെ പരിഗണന.
ദൌര്‍ബല്യങ്ങള്‍ക്കു പരിഹാരം ചെയ്യല്‍
കുട്ടികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുമ്പോള്‍ അവരെ സഹായിക്കാനുള്ള വെമ്പല്‍ നമുക്കെല്ലാം ഉള്ളതാണ്. ഒരുതവണ കണക്കിനു മാര്‍ക്ക് കുറഞ്ഞാല്‍ ട്യൂഷന് ആളെ തിരയും. സ്കൂളില്‍ ഒരു ചട്ടമ്പിയെ കൊണ്ട് ശല്യമുണ്ടെങ്കില്‍ ‘ചട്ടമ്പികളെ എങ്ങനെ നേരിടാം’ എന്നു പറയുന്ന പുസ്തകം വാങ്ങി കൊടുക്കും. അറിഞ്ഞു കൊണ്ടല്ലെങ്കിലും നെഗറ്റീവുകളില്‍ ശ്രദ്ധിക്കാനുള്ള പ്രോല്‍സാഹനമാണ് നമ്മള്‍ അവര്‍ക്ക് കൊടുക്കുന്നത്. ദൌര്‍ബല്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടല്ല, മറിച്ച് ശക്തികള്‍ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുന്നതിലൂടെയാണ് അധികം പേരും ആത്മവിശ്വാസം നേടുന്നത്. സംതൃപ്തമായ ജീവിതം നയിക്കുന്ന ഭൂരിഭാഗം പേരും അവര്‍ക്ക് നന്നായി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുകയും ബാക്കിയുള്ളവയെ പറ്റി വിഷമിക്കാതിരിക്കുകയുമാണ് ചെയ്യാറ്. നമുക്ക് തീരെ ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ക്കായി വിട്ടു കൊടുക്കുകയോ അതിനു ആളെ വയ്ക്കുകയോ ചെയ്യും. കുട്ടികള്‍ക്ക് ഇതെപ്പോഴും സാധിച്ചു കൊള്ളണമെന്നില്ല. പക്ഷേ അവര്‍ക്ക് മിടുക്കുള്ള കാര്യങ്ങളില്‍ ഊന്നുമ്പോള്‍ കാര്യക്ഷമതയും ആത്മവിശ്വാസവും കൈവരുന്നു. അടുത്ത തവണ കുട്ടി കണക്കിനു മോശമാണെന്ന് കരുതി ഒഴിവു ദിവസം മുഴുവന്‍ ട്യൂഷന്‍ ടീച്ചറെ തിരയുന്നതിനു പകരം ആ ദിവസം അവനു കഴിവുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിച്ചു നോക്കൂ, അവനില്‍ മല്‍സരങ്ങളെ നേരിടാനുള്ള വിശ്വസം ഉണ്ടാകും. അതൊരുപക്ഷേ അടുത്ത കണക്കു ക്ലാസ്സിലും കണ്ടേക്കാം.
കഴിവുകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത്
അവരുടെ കഴിവുകളില്‍ ശ്രദ്ധയൂന്നണമെന്ന് ഞാനിപ്പോള്‍ പറഞ്ഞതേയുള്ളൂ. അങ്ങനെ നമ്മള്‍ ചെയ്തേ തീരൂ. എന്നാല്‍ അതേ ചൊല്ലിയുള്ള പ്രതീക്ഷകള്‍ അവരില്‍ ഉത്കണ്ഠയുണ്ടാക്കാം. മകന്‍ ഒരു നല്ല കോളേജിലേയ്ക്കുള്ള വഴിയിലാണെന്നോ അല്ലെങ്കില്‍ മകള്‍ ഒരു ഒളിമ്പിക് ജിംനാസ്റ്റ് ആകുമെന്നോ മറ്റുള്ളവരോട് പറയുമ്പോള്‍ നമ്മുടെ വിചാരം അത് ഒരു പ്രോല്‍സാഹനമാണെന്നാണ്. പക്ഷേ പോസിറ്റീവായ ഇത്തരം ഉറപ്പുകള്‍ സമ്മര്‍ദ്ദത്തിന് കാരണമായേക്കാം. മക്കള്‍ നല്ല പ്രകടനം നടത്തുമ്പോള്‍ തീര്‍ച്ചയായും അഭിനന്ദിക്കുക. ആ മികവ് അവരില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കാനുള്ള ഒരു കാരണമാകരുത്. ഒരുപാട് ഉയര്‍ന്ന പ്രതീക്ഷകള്‍ അവര്‍ സന്തോഷത്തോടെയും തൃപ്തിയോടെയും ചെയ്തിരുന്ന പ്രവര്‍ത്തികളില്‍ ടെന്‍ഷനും വേവലാതിയും കലരാനിടയാക്കും.
ഒരുപാട് മൂല്യങ്ങള്‍
കുട്ടികളില്‍ മൂല്യങ്ങള്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ ഒരുപക്ഷേ വളരെ കഷ്ടപ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ അവ ഒരു ഒഴിയാബാധയാകരുത്. ചെറുപ്പക്കാര്‍ ഇത്തരം അവസ്ഥകളില്‍ ജീവനൊടുക്കിയ ഒന്നിലധികം സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അതിന്‍റെയൊന്നും കാരണങ്ങള്‍ ഒരു ജീവന്‍ നഷ്ടപ്പെടുത്താന്‍ മാത്രം ഗുരുതരമല്ല. നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതു മുതല്‍ അശ്ലീലം കാണുന്നത് വരെ പലപ്പോഴും കുട്ടികളുടെ തെരഞ്ഞെടുപ്പുകള്‍ തെറ്റാകാം. വീട്ടുകാര്‍ അതേപ്പറ്റി അറിയുന്നതിലും ഭേദം മരണമാണെന്ന ചിന്തയുമുണ്ടാകാം. മൂല്യങ്ങള്‍ പ്രധാനമാണെങ്കിലും കുട്ടികള്‍ നേരിടുന്ന പ്രലോഭനങ്ങളെ പറ്റിയും യാഥാര്‍ത്ഥ്യങ്ങളെ പറ്റിയും നമ്മള്‍ ബോധവാന്‍മാരാണെന്ന് അവര്‍ക്ക് മനസിലാക്കി കൊടുക്കണം. തങ്ങള്‍ക്ക് അബദ്ധം പറ്റിയെന്ന് വന്നു തുറന്നു പറയാന്‍ മടിക്കുന്ന ഒരു അന്തരീക്ഷം ഒരിയ്ക്കലും സൃഷ്ടിക്കരുത്. അതുപോലെ അബദ്ധങ്ങള്‍ ചെയ്യാനുള്ള സമ്മര്‍ദ്ദവും മക്കള്‍ക്ക് മേലുണ്ടാകരുത്.
നിങ്ങളുടെ പ്രശ്നങ്ങള്‍ മറച്ചു വയ്ക്കല്‍
അവര്‍ വിഷമിക്കരുതെന്നു കരുതി സ്വന്തം പ്രയാസങ്ങള്‍ കുട്ടികളില്‍ നിന്നു മറച്ചു വയ്ക്കുന്നതാണ് നമ്മുടെ രീതി. സാമ്പത്തികബുദ്ധിമുട്ടുകളോ ദാമ്പത്യ പ്രശ്നങ്ങളോ മക്കള്‍ അറിയാതിരിക്കുന്നതാണ് നല്ലതെന്നാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ അവര്‍ക്ക് അതറിയാന്‍ കഴിയും. അപാരമായ ധാരണാ ശക്തിയാണ് കുട്ടികള്‍ക്ക്. മുഴുവന്‍ കാര്യങ്ങളും അറിഞ്ഞുകൊള്ളണമെന്നില്ല. അപ്പോള്‍ അവര്‍ അറിയാവുന്നതിനെ ഒരുപാട് വലുതായി കാണും, പ്രത്യേകിച്ച് ഉത്കണ്ഠയുള്ള കുഞ്ഞുങ്ങള്‍. നമ്മുടെ ഭാരങ്ങള്‍ മുഴുവന്‍ അവരുടെ തോളില്‍ വച്ചു കൊടുക്കണമെന്നല്ല. ഇതിനര്‍ത്ഥം. പക്ഷേ കാര്യങ്ങള്‍ അവരോടു തുറന്നു പറയാം; പരിഹരിക്കാന്‍ എന്തൊക്കെയാണ് നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും. ആധിയുണ്ടാക്കുന്ന കാര്യങ്ങളും അവയുടെ നിവാരണ മാര്‍ഗങ്ങളും തുറന്നു ചര്‍ച്ച ചെയ്യുന്നതിലൂടെ ഉത്കണ്ഠയെ നേരിടുന്നതില്‍ നിങ്ങള്‍ മാതൃകയാവുകയാണ്.
കാരെന്‍ ബെയ്ന്‍സ്
(വാഷിംഗ്ടന്‍ പോസ്റ്റ്)