Continue reading “അപരിചിതര്‍ കുട്ടികളെ വഴക്ക് പറയരുത്‌”

" /> Continue reading “അപരിചിതര്‍ കുട്ടികളെ വഴക്ക് പറയരുത്‌”

"> Continue reading “അപരിചിതര്‍ കുട്ടികളെ വഴക്ക് പറയരുത്‌”

">

UPDATES

ഓഫ് ബീറ്റ്

അപരിചിതര്‍ കുട്ടികളെ വഴക്ക് പറയരുത്‌

Avatar

                       

ഡെര്‍ലേന കന്‍ഹ

തിരക്കേറിയ ഒരു ഭക്ഷണശാലയില്‍ ഒരു ശനിയാഴ്ച രാവിലെ ഒരു കുടുംബം ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നു. ഒപ്പമുള്ള കുഞ്ഞ് നിറുത്താതെ കരച്ചില്‍ തുടങ്ങി.

നിങ്ങള്‍ എന്തുചെയ്യും?

നിങ്ങള്‍ പോര്‍ട്ട്‌ലാന്റിലെ ഡാര്‍ല ന്യൂഗ്‌ബോര്‍ ആണെങ്കില്‍ നാല്‍പ്പത് മിനുട്ട് ഇത് കേട്ടിരുന്ന ശേഷം നിങ്ങള്‍ക്ക് നില തെറ്റും.

ജോണ്‍ കാര്‍സനും താരയ്ക്കും ഭക്ഷണം പൊതിഞ്ഞ് കൊടുത്തുകഴിഞ്ഞ് അവര്‍ കണിശമായി പറഞ്ഞു, ഒന്നെങ്കില്‍ അവര്‍ പോകണം, അല്ലെങ്കില്‍ കുട്ടി പോകണം. പത്തുമിനുട്ട് കഴിഞ്ഞു കൗണ്ടറിനു പിന്നില്‍ നിന്ന് കുട്ടിയെ നോക്കി കൈ ഉച്ചത്തില്‍ അടിച്ചുകൊണ്ടു അവര്‍ ഉച്ചത്തില്‍ പറഞ്ഞു, ‘ഇത് നിറുത്തിയേ പറ്റൂ!’

ഇരുപത്തൊന്നുമാസം പ്രായമുള്ള കെയ്‌റ കരച്ചില്‍ അപ്പോള്‍ നിര്‍ത്തിയതിനെ ന്യൂഗ്‌ബോര്‍ ഒരു വിജയമായി കാണുന്നുവെങ്കിലും കുട്ടിയുടെ അമ്മ താര പറയുന്നത് കുട്ടി കുറച്ചു നിമിഷം മാത്രമാണ് കരഞ്ഞതെന്നും ന്യൂഗ്‌ബോറിന്റെ പെരുമാറ്റത്തില്‍ കുട്ടി ഭയപ്പെട്ടുമെന്നാണ്.

‘കെയ്‌റ അത്രയ്ക്ക് ബഹളം വച്ചുവെന്ന് സത്യത്തില്‍ ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ പ്രതികരണം ഒരു കാര്യവുമില്ലാതെ പെട്ടെന്നു സംഭവിച്ചത് പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഞങ്ങള്‍ക്ക് തോന്നിയത് അവര്‍ തമാശ പറയുകയാണെന്നാണ്’, കാര്‍സന്‍ പറയുന്നു. ‘അത്ര നേരം കാത്തിരുന്നശേഷം വേറെ എവിടെയെങ്കിലും പോകുന്നതിനുമുന്‍പ് ഞാന്‍ ഉറപ്പായും കുഞ്ഞിന് ഭക്ഷണം കൊടുക്കുമായിരുന്നു.‘ 

ന്യൂഗ്‌ബോര്‍ ഒച്ച വെച്ചതിനുശേഷമാണ് കുട്ടി ‘ഉറക്കെ കരയാന്‍ തുടങ്ങിയത്’, കാര്‍സന്‍ പറയുന്നു. ‘അവള്‍ ശരിക്കും പേടിച്ച് പോയിരുന്നു. മാതാപിതാക്കള്‍ കുട്ടിയുടെ മുഖത്ത് കാണാനാഗ്രഹിക്കാത്ത ഒരു തരം പേടിയാണ് അത്’, കുട്ടിയുടെ അമ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘മെല്ലെ കരയുന്ന ഒരു കുട്ടി ഉടമസ്ഥയ്ക്ക് പ്രശ്‌നമാണെങ്കില്‍ അവര്‍ നേരിട്ടു ഞങ്ങളുടെ അരികിലെത്തി കാര്യം പറയണമായിരുന്നു. അതിനുപകരം ഞങ്ങളുടെ ഭക്ഷണം പൊതിഞ്ഞുതരികയും ദേഷ്യത്തില്‍ നടക്കുകയുമാണ് അവര്‍ ചെയ്തത്. പൊട്ടിത്തെറിക്കുന്നതിനുമുന്‍പ് ഞങ്ങള്‍ പോകാനായാണ് അവര്‍ ഇതൊക്കെ ചെയ്തതെന്ന് ഞങ്ങള്‍ക്ക് മനസിലായില്ല’.

അവരുടെ ഭക്ഷണശാല വളരെ തിരക്കുള്ളതാണെന്നും താന്‍ ഇതേവരെ ഒരു കുട്ടിയുടെ നേര്‍ക്ക് ഒച്ചവെച്ചിട്ടില്ലെന്നും ന്യൂഗ്‌ബോര്‍ പറയുന്നു. ‘മാതാപിതാക്കള്‍ക്ക് കുട്ടിയെ സമാധാനിപ്പിക്കാന്‍ പത്തോ ഇരുപതോ മിനുറ്റ് ഞാന്‍ കൊടുക്കാറുണ്ട്. കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ലെങ്കില്‍ ഞാന്‍ അവരോട് പോകാനോ കുട്ടിയെ പുറത്ത് കൊണ്ടുപോകാനോ ആവശ്യപ്പെടാറുണ്ട്’, അവര്‍ പറഞ്ഞു. ‘പക്ഷെ ഇവര്‍ കുട്ടിയെയും ഞാന്‍ പാക്ക് ചെയ്തുകൊടുത്ത ഭക്ഷണത്തെയും അവഗണിക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ കയര്‍ത്തത്.’

ചെറിയ കുട്ടികള്‍ ഉള്ള എല്ലാവര്‍ക്കും അറിയാം പുറത്തുപോയി ഭക്ഷണം കഴിക്കല്‍ ഒരു പേടിസ്വപ്നമാണെന്ന്. ആള്‍ക്കൂട്ടം, ഒച്ച, കാത്തിരിപ്പ് സമയം: ഇതെല്ലാം ഓര്‍ക്കുമ്പോള്‍ തന്നെ പലരും വീട്ടില്‍ തന്നെ ഇരിക്കാന്‍ തീരുമാനിക്കും. എന്നാല്‍ ഈ മാതാപിതാക്കള്‍ യാത്രയിലായിരുന്നു, അവര്‍ക്ക് വേഗം ചെല്ലാന്‍ അടുത്ത് വീടും ഉണ്ടായിരുന്നില്ല. എന്നാല്‍ ഭക്ഷണശാലകളില്‍ കുട്ടികളെ കൊണ്ടുവരുന്നതിനെപ്പറ്റി എല്ലാവര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. തിരക്ക് പിടിച്ച ഭക്ഷണശാലകളില്‍ കുട്ടികളെ സമാധാനമായിരുത്തുന്നതും അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും ഒക്കെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്, പക്ഷെ അത് അസാധ്യമായ കാര്യമല്ല.

കുട്ടികളുടെ ശ്രദ്ധ തിരിക്കാനുള്ള കളികളും കളിപ്പാട്ടങ്ങളും ഒക്കെക്കൊണ്ട് ഭക്ഷണം വരുന്നതുവരെ മിക്ക കുട്ടികളെയും രസിപ്പിക്കാനാകും. എന്നാല്‍ ഇത്തരം അനുഭവങ്ങളില്‍ ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്നവരുടെ സഹകരണവും സഹായവും കൂടി പ്രധാനമാണ്. മിക്ക ഇടങ്ങളിലും കുട്ടികള്‍ കൂടെ ഉള്ളവരുടെ ഭക്ഷണം നേരത്തെ എത്തിക്കാനും കുടുംബങ്ങളെ കുട്ടികള്‍ക്ക് ഒരു അടഞ്ഞ ഇടം ലഭ്യമാകുന്ന ജനാലയ്ക്കരികിലുള്ള ഒരിടം നല്‍കാറുമുണ്ട്.

ചില ഭക്ഷണശാലകള്‍ ചെറുതാണ്, ആഴ്ചയവസാനങ്ങളില്‍ തിരക്കുമാണ്. ഭക്ഷണം എത്താന്‍ വൈകുന്നത് സ്വാഭാവികമാണ്. മാത്രമല്ല ഒരു കുട്ടിയെ ആസ്വസിപ്പിക്കേണ്ടത് കടയുടമകളാണോ അതോ മാതാപിതാക്കളോ? മാതാപിതാക്കളും അല്ലാത്തവരും കരയുന്ന കുട്ടിയെ ഒരു പൊതുസ്ഥലത്ത് കുറച്ചുസമയം നിറുത്തികഴിഞ്ഞാല്‍ കരച്ചില്‍ ശമിപ്പിക്കാനും മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും എന്തെങ്കിലും ചെയ്യണമെന്നതിനോട് യോജിക്കുന്നുണ്ട്.പക്ഷെ ഒച്ചയുയര്‍ത്തുന്നതോ? ഒരു കുട്ടിയുടെ നേരെ ഒച്ച ഉയര്‍ത്തുക.

വാഷിംഗ്ടണ്‍ പ്രദേശത്ത് പല ഭക്ഷണശാലകള്‍ നടത്തുന്ന ബ്രയന്‍ വോള്‍ടാജിയോ പറയുന്നത് പത്തുവര്‍ഷത്തെ ജോലിക്കിടെ കുറച്ചുനിമിഷങ്ങള്‍ക്കപ്പുറത്തെയ്ക്ക് കരയുന്ന ഒരു കുഞ്ഞിനെ കണ്ടിട്ടില്ലെന്നാണ്. ജോലിക്കാരും മാതാപിതാക്കളും ഒരുമിച്ചു പ്രയത്‌നിച്ചാല്‍ വളരെയെളുപ്പം ഒരു കുട്ടിയെ ശാന്തനാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

കരയുകയോ ഇരിക്കാന്‍ സമ്മതിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു കുട്ടിയെ കണ്ടാല്‍ ഞങ്ങള്‍ കഴിയും വിധം സഹായിക്കാന്‍ ശ്രമിക്കാറുണ്ട്’, അദ്ദേഹം പറയുന്നു. ‘സാധാരണയായി മാതാപിതാക്കള്‍ വിഷമാവസ്ഥയിലായിരിക്കും. കുട്ടിയുടെ കരച്ചില്‍ കൊണ്ടുമാത്രമല്ല, കാണുമ്പോള്‍ അറിയാം അവര്‍ക്ക് ഭക്ഷണം കഴിച്ചു തീര്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന്.’

കളറിംഗ് ബുക്ക്, ടാബ്ലറ്റുകള്‍, ഫോണുകള്‍, പുസ്തകങ്ങള്‍ എന്നിവയൊക്കെ ഭക്ഷണശാലയുടെ കൈവശം ഉണ്ടാകണം എന്ന് വോള്‍ട്ടാജിയോ പറയുന്നു.

കാര്‍സന്‍ ദമ്പതികള്‍ പറയുന്നത് അവര്‍ അതൊക്കെ പരീക്ഷിച്ചുനോക്കിയിട്ടും ഫലം കണ്ടില്ലെന്നാണ്. മഴ പെയ്തിരുന്നതിനാല്‍ കുട്ടിയെ പുറത്തുകൊണ്ടുപോകാനും കഴിയുമായിരുന്നില്ല. ന്യൂഗ്‌ബോര്‍ പറയുന്നത് അവര്‍ കുട്ടിയെ അവഗണിക്കുകയായിരുന്നു എന്നാണ്. ‘അവര്‍ക്ക് കുട്ടി അവിടെ ഉണ്ടായിരുന്നു എന്നറിയുമായിരുന്നോ എന്നുപോലും എനിക്ക് സംശയമുണ്ട്.’ അവര്‍ പറഞ്ഞു.

ഇരുകൂട്ടരും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെങ്കിലും ആരാണ് ശരിയെന്നു നമുക്ക് കൃത്യമായി പറയാനാകില്ല. രണ്ടുഭാഗവും പൂര്‍ണ്ണമായി ശരിയാണോ? അല്ല. എന്നാല്‍ ഒരു ബിസിനസ് ഉടമയ്ക്ക് ഒരു കുട്ടിയെ മര്യാദപഠിപ്പിക്കാന്‍ അവകാശമുണ്ടോ? ഒരു അപരിചിതനായ മുതിര്‍ന്നയാള്‍ ഒരു കുട്ടിയോട് ഒച്ചയുയര്‍ത്തുന്നത് ശരിയോ? ന്യൂഗ്‌ബോര്‍ പറയുന്നത് അത് ശരിയാണെന്നും ആവശ്യം വന്നാല്‍ അവര്‍ വീണ്ടും ഇനി അങ്ങനെ ചെയ്യുമെന്നുമാണ്. 

‘ഞാന്‍ ബോധപൂര്‍വമാണ് കുട്ടിയോട് ഒച്ചയെടുത്തത്. അപ്പോള്‍ കുട്ടി ബഹളം നിറുത്തി. അത് എന്നെ സന്തോഷിപ്പിച്ചു, എന്റെ ജോലിക്കാരെ സന്തോഷിപ്പിച്ചു, അവിടെ ചുറ്റുമുണ്ടായിരുന്ന മറ്റ് എഴുപത്തഞ്ചു പേരെയും.‘ അവര്‍ തുടര്‍ന്നു. ‘ഞാന്‍ ചെയ്തത് പൂര്‍ണ്ണമായും ശരിയാവണമെന്നില്ല, പക്ഷെ എനിക്ക് കുറ്റബോധമില്ല’

പല ഉപഭോക്താക്കളും ഇതിനോട് യോജിക്കുന്നു. പലരും ഇത്തരം ഒരു നിലപാട് എടുത്തതിന് ന്യൂഗ്‌ബോറിനെ അനുമോദിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. ഒരു കുഞ്ഞിനോട് ഒച്ചയുയര്‍ത്തിക്കൂടാ. സമൂഹം അത് തന്നെയാണ് പറയുന്നത്. അലിഖിതനിയമമാകാം, ഇത് ഒരു മനുഷ്യത്വം കൂടിയാണ്. പലരും ഇതിനെ ചോദ്യം ചെയ്യാറോ മനസിലാക്കാന്‍ ശ്രമിക്കാറോ ഇല്ല. നിങ്ങള്‍ അപരിചിതനായ ഒരു കുഞ്ഞിനോട് ഒച്ചയുയര്‍ത്തി സംസാരിക്കില്ല.

ആറുമാസം മുന്‍പ് എന്റെ ആറുവയസുകാരായ ഇരട്ട മക്കള്‍ ഞങ്ങളുടെ പ്രദേശത്ത് സൈക്കിള്‍ ചവിട്ടുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ടു തിരിച്ചുവന്നു. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ വിറച്ചിരുന്നു. ‘എതോ ഒരാള്‍’ പോലീസിനെ വിളിക്കും എന്ന് പറഞ്ഞ് അവരെ പേടിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു. അവര്‍ അയാളുടെ സ്ഥലത്തിനോടു ചേര്‍ത്ത് സൈക്കിള്‍ ഓടിച്ചുവെന്നും ഉച്ചത്തില്‍ ബഹളം വച്ചുവെന്നും ആണ് പറഞ്ഞത്. അവരോടു അയാള്‍ ആദ്യം പോകാന്‍ ആവശ്യപ്പെട്ടോ എന്ന് ഞാന്‍ ചോദിച്ചു, അവര്‍ ഇല്ലെന്ന് പറഞ്ഞു. 

ദേഷ്യത്തോടെ അവിടെ ചെന്ന എന്നോട് ആ മനുഷ്യനും ഇത് തന്നെ പറഞ്ഞു. ന്യൂഗ്‌ബോര്‍ ചെയ്തത് പോലെ തന്നെയാണ് അയാളും ന്യായീകരിക്കാന്‍ ശ്രമിച്ചത്. അത് അയാളുടെ ഇടമായിരുന്നു. തോന്നുമ്പോള്‍ പോലീസിനെ വിളിക്കാന്‍ അയാള്‍ക്ക് അവകാശവുമുണ്ട്.

ഞാന്‍ മറുപടി പറഞ്ഞു, ‘സാര്‍, എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അത് ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങള്‍ കുട്ടികളുടെ നേരെ ഒച്ചയുയര്‍ത്തി സംസാരിച്ചുകൂട. നിങ്ങള്‍ കൊച്ചുകുട്ടികളെ ഭീഷണിപ്പെടുത്തിക്കൂടാ. നിങ്ങള്‍ക്ക് അവരോടു പോകാന്‍ ആവശ്യപ്പെടാം, അവര്‍ പോകുന്നില്ലെങ്കില്‍ സാഹചര്യം അനുസരിച്ച് പ്രതികരണത്തില്‍ മാറ്റം വരുത്താം. എന്നാല്‍ പൊട്ടിത്തെറിയാകുന്നത് വരെ നിങ്ങള്‍ക്കുണ്ടായ ചെറിയ അസൗകര്യത്തെ ഉള്ളിലിട്ടു പെരുപ്പിക്കാനും പാടില്ല.’

ഞാന്‍ പറഞ്ഞുതീര്‍ന്നപ്പോഴേയ്ക്കും അദ്ദേഹം ക്ഷമാപണം തുടങ്ങി. ഞാന്‍ അയാളുടെ പേരില്‍ പോലീസിനെ വിളിക്കരുതേ എന്ന് പ്രതീക്ഷിച്ചും കാണണം. എന്നാല്‍ അതൊക്കെ ഉണ്ടായെങ്കിലും എന്റെ കുട്ടികള്‍ അതിനുശേഷം സൈക്കിള്‍ ചവിട്ടിയില്ല. അവര്‍ക്ക് ഇപ്പോഴും പേടിയാണ്. അപരിചിതനായ ഒരു മുതിര്‍ന്നയാള്‍ ഒച്ചയില്‍ വഴക്ക് പറഞ്ഞാല്‍ അവരുടെ ലോകം തന്നെ മാറ്റിമറിക്കും. അത് മാതാപിതാക്കള്‍ക്ക് ഒരു നാണക്കേടാകും, എന്നാല്‍ കുട്ടിക്ക് അത് ജീവിതം തന്നെ മാറ്റിമറിക്കുന്ന സംഗതിയാണ്. 

മാതാപിതാക്കളോട് പോകാന്‍ പറയുക. അവരോട് വേണ്ടിവന്നാല്‍ ഒച്ചയിടുക. അവരെ ബലമായി പുറത്തിറക്കണമെങ്കില്‍ അതും ചെയ്യുക. പക്ഷെ കുട്ടികളോട് ഒച്ചയുയര്‍ത്തരുത്. ഓര്‍ക്കുക: മനുഷ്യത്വം.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Share on

മറ്റുവാര്‍ത്തകള്‍