UPDATES

‘അന്ന് തള്ളിപ്പറഞ്ഞവര്‍ക്കും മനസിലായി ഞങ്ങളാണ് ശരിയെന്ന്’

മെമ്മറി കാര്‍ഡ് വിവാദം; അതിജീവിതയുടെ അഭിഭാഷക പ്രതികരിക്കുന്നു

                       

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് കോടതി വിധിയുടെ അടിസ്ഥാനത്തിൽ അതിജീവിതക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് സംഭവത്തിൽ തന്റെ പ്രതികരണവുമായി അതിജീവിത രംഗത്ത് വരുകയും ചെയ്തു. ഈ സാഹചര്യത്തിൽ അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി അഴിമുഖത്തോട് സംസാരിക്കുന്നു.

ജുഡീഷ്യറി എന്നത് ഒരു അധികാരക്രമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്. ലോവർ കോടതി, ജില്ലാ കോടതി, ഹൈ കോടതി, സുപ്രീം കോടതി എന്നിങ്ങനെ ആണ് കോടതി പ്രവർത്തനങ്ങൾ. അതിജീവിതയുടെ ഈ കേസിൽ മാത്രമല്ല മറ്റ് പല കേസുകളിലും കീഴ്കോടതികളിൽ നിന്നുള്ള വിധി തെറ്റാണെന്ന അഭിപായം പലപ്പോഴും വാദി ഭാഗത്തിനും പ്രതി ഭാഗത്തിനും ഉണ്ടാകാറുണ്ട്. ഇത്തരം ഒരു സാഹചര്യം വരുമ്പോൾ സാധാരണയായി മേൽക്കോടതികളിൽ പല വിധികളും മാറ്റി മാറിക്കപ്പെടുന്ന സാഹചര്യവും അവസ്ഥയും സാധാരണമാണ്. ബഹുഭൂരിപക്ഷം കേസുകളിലും അങ്ങനെ തന്നെയാണ് സംഭവിക്കാറുള്ളതും. കീഴ്ക്കോടതി വിധിയിൽ തെറ്റ് പറ്റിയാൽ ഹൈ കോടതിയെ സമീപിക്കുന്നത് നീതി ലഭിക്കും എന്ന പ്രതീക്ഷയിന്മേലാണ്. അതിജീവിതക്ക് വേണ്ടി ഞാൻ ഹാജരായ കാലം മുതൽ കോടതിയിൽ നിന്ന് നല്ല ഫലങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ വിധിക്ക് വേണ്ടി സമീപിച്ചപ്പോഴും അത് തന്നെയാണുണ്ടായത് എല്ലാ കോടതികളും ഒരു പോലെ അല്ല. കോടതികളിൽ നിയമത്തിന്റെ കൂടെയും മൗലിക അവകാശങ്ങൾക്ക് വേണ്ടി നിൽക്കുന്നവയുമുണ്ട് അവർ ഇക്കാര്യം തീർച്ചയായും പരിഗണിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്ന വാദവുമായി കോടതിയിൽ നിൽക്കുമ്പോൾ പല തവണ ഞാൻ കേൾക്കേണ്ടി വന്നിട്ടുള്ളത് കോടതിക്കെതിരെ സംസാരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന വാദങ്ങളാണ്. പക്ഷെ, അന്ന് ഇങ്ങനെ പറഞ്ഞ വ്യക്തികൾക്ക് ഇന്ന് ഞാനായിരുന്നു ശരി എന്ന് മനസിലായി. അന്ന് തള്ളിപ്പറഞ്ഞവർ വരെ ഇന്ന് ഞങ്ങൾക്കൊപ്പമാണ് നിൽക്കുന്നത്. അതി ജീവിതയുടെ മൗലിക അവകാശങ്ങൾക്ക് ഭംഗം വന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ ഈ വസ്തുത പരമായ ഒരു അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അന്വേഷണം നടത്തി ബന്ധപ്പെട്ട വ്യക്തികൾ തെറ്റുകാരാണ് എന്ന് മനസ്സിലാക്കിയിട്ടും അത് വേണ്ട രീതിയിൽ കാണാതെ അതിജീവിതയുടെ തെറ്റായ ബന്ധമായാണ് വിലയിരുത്തപ്പെട്ടത്. പക്ഷെ ഇതെല്ലാം ഇരയാക്കപ്പെട്ട അതിജീവിതയുടെ മൗലിക അവകാശങ്ങൾക്കെതിരെയുള്ള ലംഘനമായി വേണം കാണാൻ. അഡ്വ. ടി.ബി. മിനിയുടെ വാക്കുകൾ.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ജില്ല സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹൻ പരിശോധനയ്ക്കായി വീട്ടിൽ കൊണ്ടുപോയി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. 2018 ഡിസംബർ 13-ന് രാത്രി 10.58-ന് മെമ്മറി കാർഡ് കോടതി ജീവനക്കാരൻ പരിശോധിച്ചു എന്നാണ് റിപ്പോർട്ടിൽ. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപിനും അഭിഭാഷകർക്കും അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീനാ റഷീദ് തൻ്റെ ലാപ്ടോപ്പിൽ കാണിച്ചുനൽകിയെന്നും പ്രോസിക്യൂഷൻ്റെ നിർദേശം മറികടന്നായിരുന്നു ഇതെന്നും അഡ്വ. ടി.ബി. മിനി വഴി ഫയൽചെയ്‌തിരിക്കുന്ന ഉപഹർജിയിൽ ആരോപിക്കുകയും ചെയ്‌തിട്ടുണ്ട്.

റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതി ജീവിത സാമൂഹ്യ മാധ്യമത്തിൽ ഒരു കുറിപ്പ് പങ്കു വച്ചിരുന്നു, ഇത് നീതി യുക്തമല്ലാത്തതും ഞെട്ടിക്കുന്നതുമാണ് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. കോടതിയുടെ കൈവശമിരിക്കെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് തൻറെ മൗലീക അവകാശങ്ങൾ ആണെന്നാണ് അതിജീവിത പറയുന്നത്. കൂടാതെ, സത്യസന്ധരായ ന്യായാധിപൻമാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അതിജീവിത തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

കുറിപ്പിന്റെ പൂർണ്ണ രൂപം:

ഇത് നീതി യുക്തമല്ലാത്തതും ഞെട്ടിക്കുന്നതുമാണ്

എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറികാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ വിചാരണ കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്റെ റിപ്പോർട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി, സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കേ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങി മെമ്മറികാർഡിന്റെ ഹാഷ്യ വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിയ്ക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. എന്റെ സ്വകാര്യതയ്ക്ക് ഈ കോടതിയിൽ സുരക്ഷയില്ലെന്നത് ഭയമുളവാക്കുന്നു.

ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിയ്ക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയിൽ നിന്നും ഇത്തരം ദുരാനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.
എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപൻമാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഓരോ ഇന്ത്യൻ പൗരൻ്റെയും അവസാനത്തെ അത്താണിയായ നിതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുക തന്നെ ചെയ്യും. സത്യമേവ ജയതേ…

Share on

മറ്റുവാര്‍ത്തകള്‍