UPDATES

വിദേശം

മകന്റെ മൃതദേഹമെങ്കിലും വിട്ടുതരാന്‍ യാചിക്കുകയാണൊരു വൃദ്ധ മാതാവ്

റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നവാല്‍നി ജയിലില്‍ വച്ചാണ് മരിക്കുന്നത്

                       

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമര്‍ശകനും പ്രതിപക്ഷനേതാവുമായിരുന്ന അലക്‌സി നവാല്‍നിയുടെ മൃതദേഹമെങ്കിലും വിട്ടുകിട്ടാന്‍ വേണ്ടി യാചിക്കുകയാണ് അദ്ദേഹത്തിന്റെ അമ്മ. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം മൃതശരീരം വിട്ടുനല്‍കാമെന്നാണ് പറയുന്നതെങ്കിലും അക്കാര്യത്തില്‍ ഭരണകൂടത്തെ വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. അവര്‍ ആരോപിക്കുന്നത് നവാല്‍നിയെ പുടിന്റെ നിര്‍ദേശപ്രകാരം അര്‍ടിക് ജയില്‍വച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്. രാജ്യത്തെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുഖ്യപോരാളിയായിരുന്ന നവലാനിയുടെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചതിന്റെ പേരില്‍ 16 നഗരങ്ങളിലായി 400-ല്‍ അധികം റഷ്യക്കാരെ അറസ്റ്റ് ചെയ്തതായും പ്രതിപക്ഷ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നുണ്ട്.

വൃദ്ധയായ ഒരു മാതാവ് സ്വന്തം മകന്റെ മൃതദേഹത്തിനായി അലയുന്നതാണ്, നവാല്‍നിയുടെ മരണത്തെക്കാള്‍ ഇപ്പോള്‍ ലോകത്തെ വേദനിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 69 കാരിയായ മാതാവ് ല്യുഡ്മില നവാല്‍നയയോട് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കാമെന്ന് പറയുന്നത് വെറുതെയാണെന്നാണ് നവാല്‍നിയുടെ പ്രസ് സെക്രട്ടറിയായ കിറ യാര്‍മിഷ് ആരോപിക്കുന്നത്. അവര്‍ കള്ളം പറയുകയാണ്, മൃതദേഹം കൈമാറുന്നത് ഒഴിവാക്കാന്‍ തങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്യുകയാണെന്ന് വ്യക്തമാണ്, യാര്‍മിഷ് കുറ്റപ്പെടുത്തുന്നു. വര്‍ഷങ്ങളോളം ജയിലറയ്ക്കുള്ളിലായിരുന്നുവെങ്കിലും നവാല്‍നിക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് പെട്ടെന്നുള്ള മരണമാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പുടിനെതിരായ ആരോപണമായി വിളിച്ചു പറയുന്നത്.

റഷ്യന്‍ ഉദ്യോഗസ്ഥര്‍ നവാല്‍നിയുടെ മൃതദേഹം ആര്‍ട്ടിക്കിലെ പീനല്‍ കോളനിയില്‍(നാടുകടത്തപ്പെടുന്നവരെയും ഏകാന്ത തടവിനു വിധിക്കുന്നവരെയും പാര്‍പ്പിക്കുന്ന ജയിലുകള്‍) നിന്നും സലേഖാര്‍ഡ് നഗരത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് കിറ യാര്‍മിഷ് ആരോപിക്കുന്നത്. എത്രയും വേഗം നവാല്‍നിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും യാര്‍മിഷ് പറയുന്നു.

റഷ്യയുടെ വിമര്‍ശകരായ പാശ്ചാത്യരാജ്യങ്ങളും 47 കാരനായ അലക്‌സി നവാല്‍നിയുടെ പെട്ടെന്നുള്ള മരണത്തില്‍ പുടിന്‍ ഭരണകൂടത്തിനെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ്. എന്താണ് നവാല്‍നിയുടെ പെട്ടെന്നുള്ള മരണത്തിനു പിന്നിലുള്ള കാരണമെന്നത് റഷ്യ വെളിപ്പെടുത്തണമെന്നാണ് ജി-7 രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍ക്ടിക് സര്‍ക്കിളിലെ ഐകെ-3 ജയിലില്‍ വച്ച് അസുഖബാധിതനായി അലക്‌സി നവാല്‍നി മരണപ്പെട്ടു എന്ന വിവരം വെള്ളിയാഴ്ച്ച ജയില്‍ അധികൃതര്‍ പുറത്തു വിട്ടതിന് ശേഷം ഇതുവരെ ഈ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഇപ്പോള്‍ നടക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വാദിക്കുന്നത്.

പുടിന്റെ എക്കാലത്തെയും രൂക്ഷവിമര്‍ശകനും എതിരാളിയും പ്രതിപക്ഷത്തിന്റെ കരുത്തുറ്റ പോരാളിയുമായിരുന്നു അലക്‌സി നവാല്‍നി. 1125 ദിവസത്തെ തടവുജീവിതത്തിന് ശേഷമാണ് അലക്സി നവാല്‍നി ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. ഫെബ്രുവരി 15 വ്യാഴാഴ്ച നടന്ന തന്റെ അവസാന കോടതി വിചാരണയില്‍ നവാല്‍നി അതീവ ദുര്‍ബലനായാണ് കാണപ്പെട്ടത്. വര്‍ഷങ്ങളായി ജയിലില്‍ കിടന്ന് പീഡനമേറ്റതിന്റെ സകല ലക്ഷണങ്ങളും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന അലക്‌സി നവാല്‍നിയെ ജയില്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണു റഷ്യന്‍ പ്രിസണ്‍സ് സര്‍വീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.

ആരാണ് പുടിന്‍ പേടിച്ച അലക്‌സി നവാല്‍നി

‘നിങ്ങളുടെ മരണം റഷ്യന്‍ ജനതക്ക് എന്ത് സന്ദേശമാണ് നല്‍കുക ‘

Share on

മറ്റുവാര്‍ത്തകള്‍