December 10, 2024 |

തൊഴിലില്ലായ്മയുടെ പേരിലും തീവെട്ടിക്കൊള്ള; നായിഡുവിനെ കരുക്കിയ 3,300 കോടിയുടെ അഴിമതി

എപിഎസ്എസ്ഡിസി അഴിമതി കേസില്‍ ആ്ന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

സഹസ്ര കോടികളുടെ അഴിമതി കേസില്‍ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ അറസ്റ്റിലായിരിക്കുന്നു. തെലുങ്ക് ദേശം പാര്‍ട്ടി പ്രസിഡന്റിനെ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംസ്ഥാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്( സി ഐ ഡി) അറസ്റ്റ് ചെയ്യുന്നത്. തന്റെ ഭരണകാലത്ത് നായിഡു ആവിഷ്‌കരിച്ച ആന്ധ്രപ്രദേശ് സംസ്ഥാന നൈപുണ്യ വികസന കോര്‍പ്പറേഷന്‍(എപിഎസ്എസ്ഡിസി) അഴിമതിയുടെ പേരിലാണ് അദ്ദേഹത്തിനെതിരേ ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. തെലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ മറികടന്നായിരുന്നു അറസ്റ്റ്. പ്രതിഷേധങ്ങള്‍ക്കെതിരേയുള്ള മുന്‍കരുതലായി നിരവധി ടിഡിപി നേതാക്കളെ വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്.

നന്ദ്യാല്‍ റേഞ്ച് ഡി ഐ ജി രഘുറാമി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സി ഐ ഡി സംഘം വന്‍ പൊലീസ് സന്നാഹത്തോടെയാണ് ആര്‍ കെ ഫങ്ഷന്‍ ഹാളില്‍ നായിഡുവിനെ തേടിയെത്തുന്നത്. ഈ സമയം തന്റെ കാരവാനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘം എത്തിയതെന്ന് മനസിലായതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ നേതാവിന് രക്ഷാവലയം തീര്‍ത്തു. ഒരുവേള, മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ നായിഡുവിനെ സംരക്ഷിക്കുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കാമാന്‍ഡോകളും അദ്ദേഹത്തിനു പ്രതിരോധം തീര്‍ത്തു. എല്ലാ പ്രതിബന്ധങ്ങളും മറി കടന്ന് ശനിയാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് സി ഐ ഡി സംഘം ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത്. ജാമ്യമില്ല വകുപ്പുകളായ ഐ പി സി വകുപ്പകളായ സെക്ഷന്‍ 120(8), 166,167, 418, 420,465,468,471,409,201, 109 r/w 34 & 37, മറ്റ് അഴിമതി നിരോധന വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിനുശേഷം നായിഡുവിനെ വിജയവാഡയിലേക്ക് കൊണ്ടു പോയി.

ഇങ്ങനെയൊരു അറസ്റ്റ് ചന്ദ്രബാബു നായിഡു മുന്‍കൂട്ടി കണ്ടിരുന്നതാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അനന്ദ്പൂര്‍ ജില്ലയിലെ റായദുര്‍ഗത്തില്‍ നടത്തിയ റാലിയില്‍ സംസാരിക്കാവെ താന്‍ അറസ്റ്റ് ചെയ്യപ്പെടാമെന്നും അക്രമിക്കപ്പെട്ടേക്കുമെന്നും നായിഡു പറഞ്ഞിരുന്നു. നായിഡുവിന്റെ ആരോപണങ്ങളെല്ലാം വൈഎസ്ആര്‍സിപി സര്‍ക്കാരിനെതിരെയായിരുന്നു.

എന്താണ് എപിഎസ്എസ്ഡിസി അഴിമതി?

2016-ല്‍ തെലുങ്കുദേശം പാര്‍ട്ടി ആന്ധ്രപ്രദേശ് ഭരിക്കുന്ന സമയത്താണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് സംസ്ഥാന നൈപുണ്യ വികസന കോര്‍പ്പറേഷന്‍(എപിഎസ്എസ്ഡിസി) രൂപീകരിക്കുന്നത്. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക്, അവരുടെ തൊഴില്‍ നൈപുണ്യം വളര്‍ത്താനുള്ള പരിശീലനം നല്‍കി ശാക്തീകരിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ഈ പദ്ധതിയുടെ മറവില്‍ 3,300 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ഈ മാര്‍ച്ചിലാണ് ആന്ധ്രപ്രദേശ് പൊലീസിലെ സി ഐ ഡി വിഭാഗം എപിഎസ്എസ്ഡിസി അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങുന്നത്. ആദ്യത്തെ നിര്‍ണായ നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എപിഎസ്എസ്ഡിസിയുടെ എംഡിയും സിഇഒയുമായിരുന്ന അര്‍ജ ശ്രീകാന്തിന് സി ഐ ഡി നോട്ടീസ് അയക്കുന്നതോടെയാണ്. അഴിമതിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയവരെ ചോദ്യം ചെയ്തതില്‍ കോടതിയില്‍ മാപ്പ് സാക്ഷിയാകാന്‍ തയ്യാറായൊരു വ്യക്തിയുടെയും മൂന്ന് ഐ എ എസ് ഉദ്യോഗസ്ഥരുടെയും മൊഴികളില്‍ നിന്നാണ് അന്വേഷണ സംഘം അര്‍ജ ശ്രീകാന്തിലെത്തുന്നത്.

എപിഎസ്എസ്ഡിസി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ധാരണാപത്രം (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്-എം ഒ യു) ഒപ്പുവച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്. സിമെന്‍സ് ഇന്‍ഡസ്ട്രി സോഫ്റ്റ്‌വെയര്‍ ഇന്ത്യ ലിമിറ്റഡ്, ഡിസൈന്‍ ടെക് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്നിയുടെ ഒരു കണ്‍സോര്‍ഷ്യവുമായാണ് ധാരണാപത്രം സര്‍ക്കാര്‍ ഒപ്പു വയ്ക്കുന്നത്. 3,300 കോടിയുടെ പദ്ധതിക്കായിട്ടായിരുന്നു ധാരണപത്രം ഒപ്പ് വയ്ക്കുന്നത്.

ധാരണപത്ര പ്രകാരം, സിമെന്‍സ് ഇന്‍ഡസ്ട്ര് സോഫ്റ്റ് വെയര്‍ ഇന്ത്യ 3,300 കോടി ചെലവില്‍ നൈപുണ്യ വികസനത്തിനായി അറ് മികവിന്റെ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് സ്ഥാപിക്കും. മൊത്തം ചെലവിന്റെ പത്തുശതമാനം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വഹിക്കും ബാക്കി തുക ഗ്രാന്റ്-ഇന്‍-എയ്ഡ് ആയി സിമെന്‍സും ഡിസൈന്‍ ടെക്കും വഹിക്കണം. ആദ്യപടിയായി, മികവ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ 371 കോടി സിമെന്‍സിനും ഡിസൈന്‍ ടെക്കിനും അനുവദിച്ചു. ഒരു ടെന്‍ഡര്‍ പോലും വിളിക്കാതെയായിരുന്നു തുക അനുവദിച്ചത്. മാത്രമല്ല, ഇത്തരമൊരു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത് സംസ്ഥാന കാബിനറ്റിന്റെ അനുമതി പോലും തേടാതെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നു എല്ലാം തീരുമാനിച്ചിരുന്നത് എന്നാണ് കഴിഞ്ഞ ദിവസം, ഈ അഴിമതി കേസുമായി ബന്ധപ്പെട്ട് നിലവിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്, പദ്ധതി നടത്തിപ്പിനായി സിമെന്‍സ് ഇന്‍ഡസ്ട്രി അവരുടെ പങ്കായി ഒരു രൂപ പോലും ചെലവഴിച്ചിരുന്നില്ല എന്നാണ്. മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 371 കോടി കൈക്കലാക്കുകയും ചെയ്തു. ഈ പണം, അവരുടെ ഷെല്‍ കമ്പനികളായ അലിയെഡ് കമ്പ്യൂട്ടേഴ്‌സ്, സ്‌കില്ലേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നോളഡ്ജ് പോഡിയം, കാഡെന്‍സ് പാര്‍ട്ട്‌നേഴ്‌സ്, ഇടിഎ ഗ്രീന്‍സ് എന്നിവയിലേക്ക് വകമാറ്റിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

2018-ല്‍ ആണ് ഈ അഴിമതിയെക്കുറിച്ച് ഒരു വിസില്‍ ബ്ലോവറില്‍ നിന്നും വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിക്കുന്നത്. എന്നാല്‍ അധികാരത്തില്‍ ഉണ്ടായിരുന്നവര്‍ എല്ലാ അന്വേഷണങ്ങളും തടസപ്പെടുത്തുകയാണുണ്ടായത്. കൂടാതെ സെക്രട്ടേറിയേറ്റില്‍ സൂക്ഷിച്ചിരുന്ന, പദ്ധതിയുമായി ബന്ധപ്പെട്ട എല്ല നിര്‍ണായക രേഖകളും അവിടെ നിന്നും മാറ്റുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഈ കേസ് അന്വേഷിക്കുന്നതിനും മുന്നേ തന്നെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗവും ആദായ നികുതി വകുപ്പും ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരുന്നു.

×