November 14, 2024 |
Share on

സൂപ്പര്‍ മിനി എസ്‌യുവി ‘ടി ക്രോസ്സു’മായ് വോക്‌സ്‌വാഗണ്‍

ഏറ്റവും നൂതനമായ സാങ്കേതികതകള്‍, പുതിയ എന്‍ജിന്‍, സുരക്ഷ സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് ഈ പുത്തന്‍ മോഡല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

എസ്യുവി ശ്രേണിയിലേക്ക് പുതിയൊരു അതിഥിയെ കൂടി വരവേല്‍ക്കാന്‍ തയ്യാറായിക്കോളൂ. അതെ, നിരവധി സവിശേഷതകളുമായി പുതിയ വോക്‌സ്‌വാഗണ്‍ ടി ക്രോസ്സ് പുറത്തിറക്കിയിരിക്കുകയാണ്. ഇതൊരു സൂപ്പര്‍ മിനി എസ്യുവി മോഡല്‍ ആണ് എന്ന് പറയാം. ഈ ജര്‍മന്‍ നിര്‍മാതാക്കളുടെ ഏറ്റവും ചെറിയ എസ്യുവി പതിപ്പ് എന്ന പ്രത്യേകതയോടെ ആണ് ഈ കുഞ്ഞന്‍ വിപണിയിലെത്തുന്നത്. 4,107 എംഎം നീളവും 1,558 എംഎം ഉയരവും വരുന്ന ടി ക്രോസ്സ് പോളോയെക്കാള്‍ വലുതാണെങ്കിലും വോക്‌സ്‌വാഗണിന്റെ തന്നെ മറ്റു പതിപ്പായ ഓഡി ക്യു 2, ടൊയോട്ട സി എച്ച് ആര്‍, ടി റോക് എന്നീ മോഡലുകളെക്കാള്‍ ചെറുത് തന്നെ.

ഏറ്റവും നൂതനമായ സാങ്കേതികതകള്‍, പുതിയ എന്‍ജിന്‍, സുരക്ഷ സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് ഈ പുത്തന്‍ മോഡല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. എം ക്യു ബി ആര്‍ക്കിടെക്ചര്‍ മുഖേനെ ഉള്ള ഡിസൈനിങ്ങും ടി റോക് മോഡലിനേക്കാള്‍ വലിപ്പക്കുറവും ടി ക്രോസ്സിനു ആവശ്യക്കാരേറെ ഉള്ള ഒരു എന്‍ട്രി ലെവല്‍ എ ഒ മോഡലിന്റെ പരിവേഷം നല്‍കിയിട്ടുണ്ട്.

വരുന്ന വര്‍ഷങ്ങളില്‍ എസ്യുവി ശ്രേണിയില്‍ മികച്ച മോഡലുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് വൊല്‍ക്സ്വാഗണ്‍ 2015ല്‍ അറിയിച്ചിരുന്നു. പുതുതലമുറയിലെ പോളോ ഹാച്ച്ബാക്കിനെയും വെന്റോയേയും മറികടക്കുന്ന പ്രകടനവുമായാണ് വൊല്‍ക്സ്വാഗണ്‍ ടി ക്രോസ്സ് എത്തുന്നത്. നിലവില്‍ പുറത്തുവന്ന ചിത്രങ്ങളനുസരിച്ച് ടി ക്രോസ്സിന്റെ ഡിസൈന്‍ ടി റോക്കില്‍ നിന്നും ഉള്‍ക്കൊണ്ടാണ് ചെയ്തിരിക്കുന്നത് എന്ന് മനസിലാക്കാം.

വലിപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, ത്രീ സ്ലേറ്റ് ഗ്രില്‍,സില്‍വര്‍ നിറത്തോടുകൂടിയ ബാഷ് പ്ലേറ്റ് എന്നിങ്ങനെ എസ്യുവിക്ക് ഒത്ത പ്രത്യേകതകള്‍ എല്ലാം തന്നെ ടി ക്രോസ്സിനുണ്ട്. 1 ലിറ്റര്‍ മുതല്‍ 1.6 ലിറ്റര്‍ വരെ വരുന്ന പെട്രോളിന്റെയും ഡീസലിന്റെയും എന്‍ജീനുകളുമായാണ് ടി ക്രോസ്സ് രംഗത്തെത്തുന്നത്.രണ്ടു തരം വീല്‍ബേസുകളില്‍ ആണ് ടി ക്രോസ്സ് പുറത്തിറക്കിയിരിക്കുന്നത്. അതില്‍ ചെറിയ വീല്‍ ബേസ് വരുന്ന പതിപ്പ് എം ക്യു ബി – എ ഒ പ്ലാറ്റ്ഫോമിലാണ് ഘടന.

യൂറോപ്യന്‍ വിപണിയെ കേന്ദ്രീകരിച്ചുള്ള ഈ പതിപ്പ് ആംസ്റ്റര്‍ഡാമിലാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ വലിപ്പമേറിയ വീല്‍ബേസ് സൗത്ത് അമേരിക്ക, ഇന്ത്യ, ചൈന പോലുള്ള വളര്‍ന്നു വരുന്ന കമ്പോളങ്ങളെ ലക്ഷ്യമാക്കി ബ്രസീലില്‍ ആണ് പുറത്തിറക്കുന്നത്. ചെരിഞ്ഞ പിന്‍സീറ്റുകള്‍ കൂടുതല്‍ ലെഗ് സ്‌പേസ് മാത്രമല്ല ചെറിയ കാര്‍ഗോ സ്‌പേസും തരുന്നു.

ഫ്രണ്ടിലെ ഗ്രില്ലിനോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ ആണ് വലിപ്പമേറിയ ഹെഡ് ലൈറ്റ് നല്‍കിയിരിക്കുന്നത്. ഡേ ടൈം എല്‍ ഇ ഡി ലാമ്പുകള്‍ക്കിടയില്‍ ചെറിയ ക്രോം ബിറ്റ് കൊടുത്തിട്ടുണ്ട്. മുന്നിലെ ബമ്പറിനു താഴെയായി റബ്ബറിന്റെ ആവരണത്തോടുകൂടിയ ഫോക്‌സ് അലുമിനിയം പാനല്‍ പിടിപ്പിച്ചിട്ടുണ്ട്. ആകര്‍ഷകമായ ഇന്റീരിയര്‍ ലൈറ്റിംഗ്, ഡ്രൈവ് മോഡ് സെലെക്ടര്‍, പനോരമിക് സണ്‍ റൂഫ്, ഓട്ടോമാറ്റിക് പാര്‍ക്ക് അസ്സിസ്‌റ്, 10.2 ഇഞ്ച് വരുന്ന ഡിജിറ്റല്‍ കണ്‍സോള്‍ എന്നിങ്ങനെ നീളുന്നു ടി ക്രോസ്സിന്റെ പ്രത്യേകതകള്‍.

8 ഇഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ സിസ്റ്റവും ഈ മിനി എസ്യുവിയില്‍ ഇടം പിടിച്ചിട്ടുണ്ട്. വൊകസ്വാഗണ്‍ പോളോയിലും വിര്‍ച്യൂവിലും നല്‍കിയിരിക്കുന്ന 1 ലിറ്ററിന്റെ ടി എസ് ഐ പെട്രോള്‍ എന്‍ജിന്‍ ആണ് ചെറിയ വീല്‍ബേസ് പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനു 128 ബിഎച്ച്പിയും 196 എന്‍എമ്മും ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ട്. ഇതിന്റെ വലിയ പതിപ്പുകളിലാവട്ടെ 150 ബിഎച്ച്പിയും 250 എന്‍എമ്മും ഉത്പാദനക്ഷമത ഉള്ള 1.4 ലിറ്ററിന്റെ ടി എസ് ഐ പെട്രോള്‍ എന്‍ജിന്‍ ആണ് കരുത്താകുന്നത്. 110 എച്ച്പി കരുത്തുള്ള മൂന്നാമതൊരു എന്‍ജിന്‍ ഓപ്ഷന്‍ കൂടി ഉണ്ട് ടി ക്രോസ്സിന്. 1 ലിറ്ററിന്റെ ടി എസ് ഐ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സില്‍ ആണ് പ്രവര്‍ത്തിക്കുക. എന്നാല്‍ മറ്റു എന്‍ജിനുകള്‍ക്ക് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ആണ് നല്‍കിയിരിക്കുന്നത്.

മുന്തിയ സുരക്ഷ സംവിധാനങ്ങള്‍ ആണ് ടി ക്രോസില്‍ ഒരുക്കിയിരിക്കുന്നത്. ആറു എയര്‍ ബാഗുകള്‍, ഓട്ടോമാറ്റിക് പോസ്റ്റ് കൊളിഷന്‍ ബ്രേക്കിംഗ്, എ ബി എസ് സുരക്ഷ എന്നിങ്ങനെ ഉള്ള സംവിധാനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന കമ്പോളങ്ങള്‍ (ഉദാ:ഇന്ത്യ) ആണ് ഈ പതിപ്പുകള്‍ക്കായി വഴി ഒരുക്കാന്‍ പോകുന്നത്.എന്നാല്‍ യൂറോപ്യന്‍ കമ്പോളങ്ങളെ ലക്ഷ്യമിട്ടിരിക്കുന്ന പതിപ്പില്‍ പെഡസ്ട്രിയന്‍ ഡിറ്റെക്ഷനോടുകൂടിയ എബിഎസ് സുരക്ഷ ഉറപ്പാക്കുന്നു. മാത്രമല്ല ഓട്ടോമാറ്റിക് ഹൈ ബീം, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ് സംവിധാനങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2020ഓടെ ടി ക്രോസ്സ് ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

Advertisement