UPDATES

ഓട്ടോമൊബൈല്‍

17.5 കിലോമീറ്ററിന് വെറും ഒരു രൂപ മാത്രം; ചാണകത്തില്‍ നിന്നുള്ള ഇന്ധന ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ ബസ്

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു കമ്പനി വികസിപ്പിച്ച ബസ് ഇന്ത്യയിലെ ആദ്യത്തേതാണ്

                       

‘വിശുദ്ധ പശുവിനെ’ കൊണ്ട് കൂടുതല്‍ പ്രയോജനങ്ങള്‍ ഉള്ളതായി കൊല്‍ക്കത്തയില്‍ നിന്നും റിപ്പോര്‍ട്ട് വരുന്നു. പശുവിന്റെ ചാണകത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് ഓടിക്കുന്ന വാഹനമാവും രാജ്യത്തെ ഗതാഗത സൗകര്യങ്ങളിലെ ഏറ്റവും ചിലവ് ചുരുങ്ങിയ മാര്‍ഗ്ഗം എന്നാണ് അവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പശുവിന്‍ ചാണകത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് ഓടിക്കാവുന്ന ഒരു ബസ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു കമ്പനി വികസിപ്പിച്ചതോടെയാണ് ഗതാഗത രംഗത്ത് വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പരീക്ഷണത്തിന്റെ വാതില്‍ തുറന്നത്.

കല്‍ക്കത്ത നഗരത്തിന്റെ വടക്കുള്ള ഉല്‍ടാദംഗയില്‍ നിന്നും തെക്കുള്ള ഗാരിയയിലേക്ക് ഈ ബസ് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങി.

17.5 കിലോമീറ്ററിന് വെറും ഒരു രൂപ മാത്രം ഈടാക്കുന്ന ബസ് ഗതാഗതരംഗത്ത് വലിയ വിപ്ലവമായി മാറിയേക്കും. നിലവില്‍ കൊല്‍ക്കത്തില്‍ ഏറ്റവും കുറഞ്ഞ ബസ് നിരക്ക് ആറ് രൂപയാണ്. മിനിമം ചാര്‍ജ്ജില്‍ അവിടെ 12 മുതല്‍ 17 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. ഡല്‍ഹിയിലെ സിഎന്‍ജി ബസുകളിലാവട്ടെ നാല് കിലോമീറ്ററിന് അഞ്ച് രൂപയാണ് നിരക്ക്.

പശുവിന്റെ ചാണകത്തില്‍ നിന്നും ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്ന കൊല്‍ക്കത്തയിലെ ഫിനിക്‌സ് ഇന്ത്യ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഗ്രൂപ്പ് എന്ന സ്ഥാപനം അശോക് ലൈലന്റുമായി ചേര്‍ന്നാണ് 54 സീറ്റുള്ള ബസ് നിര്‍മ്മിച്ചത്. 13 ലക്ഷം രൂപയായിരുന്നു നിര്‍മ്മാണ ചിലവ്. ബിര്‍ബും ജില്ലയിലുള്ള തങ്ങളുടെ ശാലയില്‍ നിന്നും പശുവിന്‍ ചാണകത്തെ ആശ്രയിച്ചാണ് ബയോഗ്യാസ് നിര്‍മ്മിക്കുന്നതെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോതി പ്രകാശ് ദാസ് പറഞ്ഞു. എന്നാല്‍ മറ്റ് മൃഗങ്ങളുടെ ചാണകം കൊണ്ട് ബയോഗ്യാസ് ഉണ്ടാക്കിയാല്‍ ഇതേ ഇന്ധനക്ഷമത ലഭിക്കുമോ എന്ന കാര്യം വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒരു കിലോ ബയോഗ്യാസിന് 20 രൂപയാണ് ഉല്‍പാദന ചിലവ്. ഒരു കിലോ ബയോഗ്യാസ് ഉപയോഗിച്ച് ബസിന് അഞ്ച് കിലോ മീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും.

ഒരു കിലോ ബയോഗ്യാസ് ഉപയോഗിച്ച് 20 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കമ്പനി. 80 കിലോ ഗ്യാസ് ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഇതിന്റെ ടാങ്ക്. 12 പുതിയ ബയോഗ്യാസ് ബസുകളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗതരംഗത്ത് വലിയ വിപ്ലവങ്ങള്‍ക്ക് ഈ കണ്ടുപിടിത്തം കാരണമായേക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share on

മറ്റുവാര്‍ത്തകള്‍