Continue reading “മന്ത്രിയും മേയറും അറിയാന്‍ : ജയസൂര്യ പ്രതികരിക്കുന്നു”

" /> Continue reading “മന്ത്രിയും മേയറും അറിയാന്‍ : ജയസൂര്യ പ്രതികരിക്കുന്നു”

"> Continue reading “മന്ത്രിയും മേയറും അറിയാന്‍ : ജയസൂര്യ പ്രതികരിക്കുന്നു”

">

UPDATES

കേരളം

മന്ത്രിയും മേയറും അറിയാന്‍ : ജയസൂര്യ പ്രതികരിക്കുന്നു

                       
ഒരു വര്‍ഷം രാജ്യത്ത് അഞ്ചു ലക്ഷത്തിലധികം വാഹനാപകടങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒന്നര ലക്ഷത്തോളം ആളുകള്‍ മരിക്കുകയും ചെയ്യുന്നു. കേരളാ പോലീസിന്റെ കണക്ക് അനുസരിച്ച് 2012-ല്‍ മാത്രം 4,286 പേരാണ് സംസ്ഥാനത്ത് റോഡ് അപകടങ്ങളെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങളും മരണവും നടക്കുന്ന ജില്ല എറണാകുളമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 5251 അപകടങ്ങളാണ് ജില്ലയില്‍ ഉണ്ടായത്. ഇതില്‍ ജീവന്‍ നഷ്ടപ്പെട്ടതാകട്ടെ 437 പേര്‍ക്കും. മഹാരാഷ്ട്ര, യു.പി തുടങ്ങിയ വന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ അപകട നിരക്ക് കുറവാണ്. എന്നാല്‍ ജനസംഖ്യയുമായി താരതമ്യപ്പെടുത്തി കണക്കെടുത്താല്‍ കേരളത്തിന്റെ സ്ഥാനം ഈ സംസ്ഥാനങ്ങള്‍ക്കൊക്കെ മുന്നിലാണ്. 
 
റോഡ് അപകടങ്ങള്‍ സ്വയമേവ ഉണ്ടാകുന്നതല്ല. നഷ്ടപ്പെടുന്ന ജീവനുകള്‍ക്ക് വിലയുണ്ടെങ്കില്‍ അത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളും നാം നടത്തേണ്ടതുണ്ട്. റോഡുകള്‍ ജനങ്ങളുടെ ജീവനെടുക്കാതിരിക്കാനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളേതുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ചലച്ചിത്ര താരം ജയസൂര്യ റോഡിലെ കുഴികള്‍ അടച്ചതുമായി ബന്ധപ്പെട്ട വിവാദവും പരിശോധിക്കേണ്ടത്. മേയര്‍ ടോണി ചമ്മിണി, പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവരൊക്കെയാണ് ജയസൂര്യയുടെ നടപടിക്കെതിരെ രംഗത്തെത്തിയതും. എന്തുകൊണ്ടാണ് ഇത്തരമൊരു കാര്യത്തിന് ഇറങ്ങിയതെന്ന് ജയസൂര്യ വിശദീകരിക്കുന്നു. അതിനൊപ്പം, മന്ത്രിയും മേയറും ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും. അഴിമുഖവുമായുള്ള സംഭാഷണത്തില്‍ നിന്ന്: 
 
രു കാര്യം ആദ്യമേ പറയട്ടെ, റോഡിന്റെ പേരിലുള്ള അഭിനയം വേണ്ടെന്നായിരുന്നല്ലോ മേയര്‍ പറഞ്ഞത്. ഇവിടെ തകര്‍ന്നു കിടക്കുന്ന ഈ റോഡ് കണ്ടിട്ടും അതൊന്നും കണ്ടതായി പോലും നടിക്കാത്ത അദ്ദേഹത്തിന്റെ അഭിനയത്തിനു മുന്നില്‍ നമ്മളൊന്നും ആരുമല്ല. പിന്നെ, ഞാന്‍ പ്രതികരിച്ചത്, ഇവിടെ നടക്കുന്ന റോഡ് അപകടങ്ങള്‍ കാണാത്തതോ അറിയാത്തതോ ആയ ആളുകള്‍ അല്ലല്ലോ ഇവരൊന്നും? രാജ്യത്ത് തന്നെ ഏറ്റവുമധികം റോഡ് അപകടങ്ങള്‍ നടക്കുകയും ആളുകള്‍ മരിക്കുകയും ചെയ്യുന്ന നാടല്ലേ നമ്മുടേത്? ഈ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നമ്മള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? അപകടത്തില്‍ ആളുകള്‍ മരിക്കുന്നതിലും പരിക്കു പറ്റുന്നതിലുമൊക്കെ സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലേ? 
 

വൈറ്റില
 
പിന്നെ, അനീതി വല്ലാതെ കാണുമ്പോള്‍ മനുഷ്യര്‍ പ്രതികരിച്ചു പോവുന്നത് സ്വാഭാവികമല്ലേ? നമ്മളൊക്കെ ജീവിക്കുന്നിടത്ത് കാര്യങ്ങള്‍ നന്നായിരിക്കണമെന്നും ആളുകളൊക്കെ നന്മയുള്ളവരാകണമെന്നുമൊക്കെ ആഗ്രഹിക്കുന്നത് തെറ്റാണോ? ഒരുപാടു പേരുടെ സഹകരണവും മറ്റും ഉണ്ടായിരുന്നു കുഴിയടയ്ക്കുന്നതിനൊക്കെ.  സാധാരണക്കാരുടെ വിയര്‍പ്പിന് ഒരു വിലയുമില്ലേ? ഇത്തരം അനീതികള്‍ പലതും നടക്കുന്നുണ്ട്. ആരുമൊന്നും ചോദിക്കാത്തതുകൊണ്ടും ചോദിക്കേണ്ടവര്‍ മിണ്ടാതിരിക്കുന്നതു കൊണ്ടുമാണ് അതൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നത്. ടോള്‍ കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും ടോള്‍ പിരിക്കുന്ന റോഡുകള്‍ ഇവിടെയുണ്ട്. അതൊക്കെ എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നാല്‍ അത് ശരിയല്ലെന്നും അതുകൊണ്ട് അതു പാടില്ലെന്നും പറയാനോ ചെയ്യാനോ എന്തു കൊണ്ടാണ് ആരും ശ്രമിക്കാത്തത് എന്നാണ് എനിക്ക് തോന്നാറുള്ളത്. ഇത് ഈ നാട്ടിലെ എല്ലാ സാധാരണക്കാരുടേയും കൂടി വികാരമാണ്. 
 
ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങുമ്പോള്‍ മാത്രമേ മാറ്റങ്ങള്‍ വരൂ. ഞാന്‍ പബ്ളിസിറ്റിക്കു വേണ്ടി ഇറങ്ങിയാതാണെന്നാണ് മേയറൊക്കെ പറഞ്ഞത്. എന്നാല്‍ ജനം വിചാരിക്കുന്നത് അങ്ങനെയല്ലെന്ന് അവര്‍ മനസിലാക്കണം. പൊറുതിമുട്ടിയിട്ടാണ് ഞാന്‍ ആ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ശ്രമിച്ചത്. അത് ജയസൂര്യ ചെയ്തു എന്നതുകൊണ്ടല്ല, സിനിമാ നടന്‍ വരെ ഇങ്ങനെ ചെയ്യുന്നുണ്ടെല്ലോ എന്ന് തോന്നിയിട്ടാണ് ജനങ്ങള്‍ കൂടെ നിന്നത്. അന്ന് അവിടെ കൂടിയവരുടെയൊന്നും ലക്ഷ്യം സത്യസന്ധമായിരുന്നില്ലെന്നാണോ മേയറൊക്കെ പറയുന്നത്? 
 

എസ്.എ റോഡ്
 
പിന്നെ പബ്ളിസിറ്റിക്കു വേണ്ടിയാണെങ്കില്‍ എനിക്ക് വേറെയെന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമായിരുന്നു? ഒരു സ്റ്റാര്‍ ഷോ സംഘടിപ്പിച്ചു കൂടേ? എന്തായാലും റോഡിലെ കുഴിയടച്ച ജയസൂര്യയുടെ സിനിമ എന്നു പറഞ്ഞതു കൊണ്ട് എന്റെ സിനിമ 100 ദിവസം ഓടില്ലല്ലോ? സിനിമ വിജയിക്കണമെങ്കില്‍ അതിനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. ഞാന്‍ എന്റെ ജോലി ശരിയായി ചെയ്തില്ലെങ്കില്‍, അതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഞാന്‍ അവിടെ നിന്ന് ഔട്ടാകും. എല്ലാവരുടേയും കാര്യവും അങ്ങനെ തന്നെയാണ്. എന്റെ സിനിമ നല്ലതല്ലെങ്കില്‍ ജനങ്ങള്‍ കാണില്ല. ആ തിരിച്ചറിവ് ഉള്ളയാള്‍ തന്നെയാണ് ഞാന്‍. എനിക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണ ഞാന്‍ ചെയ്യുന്ന ജോലിയുടെ പ്രത്യേകത കൊണ്ടാണ്. ഒരു 10 വര്‍ഷം മുമ്പുള്ള ജയസൂര്യ ഇത്തരമൊരു കാര്യത്തിന് ഇറങ്ങിയാല്‍ ആരെങ്കിലും ശ്രദ്ധിക്കുമായിരുന്നോ? ഞാന്‍ ചെയ്തത് തെറ്റാണെന്നാണ് മന്ത്രിക്കും മേയര്‍ക്കുമൊക്കെ തോന്നിയത്. അവരുടെ ഭാഗത്തു നിന്ന് തെറ്റു സംഭവിച്ചു എന്നതു കൊണ്ടാണെല്ലോ നമ്മളെ പോലുള്ളവര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത് എന്നത് എന്തുകൊണ്ട് മറന്നു പോകുന്നു? 
 
 
ഒരു കാര്യം പറയാനുള്ളത്, ഞാന്‍ ജയസൂര്യ ആയതോ ഒന്നുമല്ല പ്രശ്‌നം, ഇക്കാര്യങ്ങളൊക്കെ ചെയ്യേണ്ടവര്‍ കണ്ണു തുറക്കണമെന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. നമ്മള്‍ പുറംരാജ്യത്തേക്കൊക്കെ പോകുമ്പോള്‍ ആലോചിക്കും. ദൈവമേ നമ്മുടെ നാട് മാത്രമെന്താ ഇങ്ങനെ? എന്തിന്റെ കുറവുള്ളതു കൊണ്ടാണ്? നമ്മള്‍ നികുതി കൊടുക്കുന്നവരാണ്. നല്ല റോഡിലൂടെ പോകാനും അപകടങ്ങളില്‍ പെടാതിരിക്കാനും നമുക്ക് അവകാശമില്ലേ? നികുതി കൊടുത്തില്ലെങ്കില്‍ നിയമനടപടിയൊക്കെ വരുന്നത് നമ്മള്‍ കാണാറുള്ളതാണെല്ലോ. അപ്പോള്‍ തിരിച്ച് ആ ഉത്തരവാദിത്തം നമ്മളെ ഭരിക്കുന്നവരും കാണിക്കണം. റോഡ് ശരിയാക്കിയില്ലെങ്കില്‍ റോഡ് നികുതി അടയ്‌ക്കേണ്ടതുണ്ടോ എന്നു കൂടി ആലോചിക്കും. സര്‍ക്കാരിനോടുള്ള എല്ലാ ബഹുമാനങ്ങളോടും കൂടി തന്നെ പറയുന്ന കാര്യമാണിത്. റോഡ് നികുതി തരുന്നവരാണ് ഞങ്ങള്‍. മനുഷ്യന്റെ ജീവന് അപകടമുണ്ടാകാത്ത വിധത്തിലെങ്കിലും സഞ്ചരിക്കാന്‍ പറ്റുന്ന റോഡ് ഉണ്ടാക്കിയില്ലെങ്കില്‍ റോഡ് നികുതി തരില്ല എന്ന് ജനം പറയും. അവരെ മുഴുവന്‍ ജയിലില്‍ പിടിച്ചിടുമോ? 
 
 
അപകടമുണ്ടായാല്‍ രക്ഷപെടുന്നതിനാണെല്ലോ ഹെല്‍മെറ്റ് ധരിക്കുന്നത്. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ അതിന് പിഴയുമുണ്ട്. ഇവിടെ ലളിതമായി ചോദിക്കാവുന്ന ഒരു കാര്യം ഈ അപകടം ഒഴിവാക്കാനല്ലേ നമ്മള്‍ ശ്രമിക്കേണ്ടത് എന്നാണ്. അതിനുള്ള നടപടികള്‍ എടുത്താല്‍ ഈ പിഴയും മറ്റു പ്രശ്‌നങ്ങളുമൊക്കെ ഒഴിവാക്കാവുന്നതാണെല്ലോ. റോഡ് നിര്‍മിക്കുന്ന കോണ്‍ട്രാക്ടറില്‍ നിന്ന് ഒരു മിനിമം ഗ്യാരണ്ടിയെങ്കിലും നമ്മള്‍ക്ക് ആവശ്യമുളളതല്ലേ? അതു കിട്ടുന്നില്ലെങ്കില്‍ അതിനര്‍ഥം സര്‍ക്കാരിനെ ആരോ പറ്റിക്കുന്നു. അല്ലെങ്കില്‍ സര്‍ക്കാര്‍ നമ്മളെ പറ്റിക്കുന്നു എന്നാണ്. റോഡ് നിര്‍മിക്കുന്ന കോണ്‍ട്രാക്ടറോഡ് ഞങ്ങള്‍ക്ക് കുറഞ്ഞത് ഒരു അഞ്ചു വര്‍ഷത്തെയെങ്കിലും ഗ്യാരണ്ടി വേണമെന്ന് ഉറപ്പാക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാരിന് പറ്റാത്തത്? ഈ ഗ്യാരണ്ടിയില്‍ പ്രശ്‌നമുണ്ടായാല്‍ നമുക്ക് കോണ്‍ട്രാക്ടറോട് അതിനുള്ള വിശദീകരണം ചോദിച്ചു കൂടേ? അതുപോലെ നിര്‍മിക്കുന്ന റോഡിനരികില്‍ കോണ്‍ട്രാക്ടറുടെ മേല്‍വിലാസവും ഒക്കെ വച്ച് ബോര്‍ഡ് സ്ഥാപിച്ചു കൂടേ? ഇതൊക്കെ ജനങ്ങള്‍ ചോദിക്കുന്ന കാര്യങ്ങളാണ്.  
 
 
മേയര്‍ പറയുന്നത് ഞാന്‍ ശാസ്ത്രീയമായല്ല കുഴിയടച്ചത് എന്നാണ്. എന്തുകൊണ്ടാണ് ആ റോഡ് നിര്‍മിച്ചപ്പോള്‍ ശാസ്ത്രീയമായി ചെയ്യാന്‍ പറ്റാതിരുന്നത്? ഒരു മഴയ്ക്കു ശേഷം പൊട്ടിപ്പൊളിഞ്ഞ് താറുമാറാകുന്ന ഇവിടുത്തെ റോഡുകളാണോ ശാസ്ത്രീയമായി നിര്‍മിച്ചത്? ആ ജനറല്‍ ഹോസ്പിറ്റലിന്റെ മുമ്പിലുള്ള റോഡ് ഒക്കെ കണ്ടാല്‍ സഹിക്കില്ല. ആ റോഡിലൂടെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നവര്‍ മരിക്കാതെ രക്ഷപെട്ടാല്‍ ഭാഗ്യം. ഇതൊക്കെ നമ്മുടെ കണ്‍മുന്നില്‍ തന്നെ നടക്കുന്ന കാര്യങ്ങളാണ്. ഇങ്ങനെ നമ്മള്‍ അറിയാത്ത എത്രയോ കാര്യങ്ങള്‍. 
 
പിന്നെ മേയര്‍ ചോദിച്ചത്, ജയസൂര്യയ്‌ക്കോ കുട്ടിക്കോ കുടുംബത്തിനോ ഒക്കെ അസുഖം വന്നാല്‍ സ്വയം ചികിത്സിക്കുമോ അതോ ഡോക്ടറുടെ അടുക്കല്‍ പോകുമോയെന്ന്. എന്റെ കുട്ടിക്കാണ് പനി വരുന്നതെങ്കില്‍ ആദ്യം ചെയ്യുക ഒരു തുണി നനച്ച് കുട്ടിയുടെ നെറ്റിയിലിടും. അതിന് എം.ബി.ബി.എസ് പഠിക്കുകയോ ഡോക്ടറാവുകയോ ഒന്നും വേണ്ട. സ്‌നേഹവും കരുതലുമുണ്ടായാല്‍ മതി. ശാസ്ത്രീയമായി ചെയ്യുന്നതിനു മുമ്പുള്ള അത്തരം ശുശ്രുഷകളൊക്കെ ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. ഇതേ റോഡിന്റെ കാര്യത്തിലും ചെയ്തുള്ളൂ. ശാസ്ത്രീയമായി ഉണ്ടാക്കിയ റോഡാണെങ്കില്‍ എങ്ങനെ ഇപ്പോഴത്തെ അവസ്ഥയായി എന്ന് ആലോചിച്ചാല്‍ മതി, മേയര്‍ പറഞ്ഞതിന്റെയൊക്കെ മറുപടിയും കിട്ടും. 
 

ജി.സി.ഡി.എ – 1
 
പിന്നെ, ഇക്കാര്യത്തിന് ഇത്രയും പബ്ളിസിറ്റി കൊടുത്തത് ഞാനല്ല, മേയര്‍ തന്നെയാണ്. ഞാന്‍ മിണ്ടാതിരുന്നതാണ്. മന്ത്രിയും മേയറുമൊക്കെയാണ് ഇത് ഈ രീതിയില്‍ ചര്‍ച്ചയാക്കിയത്. ഞാന്‍ ഒരു ചാനലിനോടും ഒന്നും പറയാന്‍ പോയിട്ടില്ല. ഞാന്‍ ചെയ്തത് ശരി തന്നെയാണെന്ന ഉറച്ച ബോധ്യം ഉള്ളതു കൊണ്ടു തന്നെയാണത്. മേയറുടെയൊക്കെ പ്രസ്താവന വന്നതിനു ശേഷം ജനങ്ങള്‍ പോലും അവര്‍ക്കെതിരെ തിരിഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല. ജനങ്ങള്‍ അവരില്‍ ഒരാളായി തന്നെയാണ് എന്നെ കണ്ടത്. അവരോരുത്തരും ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് നമ്മള്‍ അന്നു ചെയ്തതും. അപ്പോള്‍ മന്ത്രിയും മേയറുമൊക്കെ അതിനെതിരെ രംഗത്തു വന്നപ്പോള്‍ അത് തങ്ങളെ തന്നെ ആക്ഷേപിക്കുന്നതാണെന്ന് ജനങ്ങള്‍ക്ക് തോന്നുന്നത് സ്വാഭാവികമല്ലേ? പിന്നെ, ഇതൊന്നും ഇത്രയും പ്രശ്‌നമാക്കേണ്ടിയിരുന്നില്ല. എന്നെക്കൊണ്ട് ആകാവുന്നത് ചെയ്യാമെല്ലോ എന്നു കരുതി, നല്ല ഉദ്ദേശശുദ്ധിയോടു കൂടി തന്നെ ചെയ്തതാണ്. നല്ലത് പറയും എന്നു തന്നെയായിരുന്നു എന്റെ വിശ്വാസവും. ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പണം തന്നെയാണ് അതിന് ഉപയോഗിച്ചതും. എന്റെ സ്ഥാനത്ത് മമ്മൂക്കയോ ലാലേട്ടനോ ആണ് ഇങ്ങനെ ചെയ്തിരുന്നതെങ്കില്‍ മന്ത്രിയും മേയറുമൊക്കെ എന്തു പറയുമായിരുന്നു? പത്തു മുപ്പതു വര്‍ഷമായി ഇവിടെ നിറഞ്ഞു നില്‍ക്കുന്ന അവരൊക്കെ ചെയ്താലും അതൊക്കെ പബ്ളിസിറ്റിക്കു വേണ്ടിയാണെന്ന് പറയുമോ? അപ്പോള്‍ ഇതു ചെയ്തത് ജയസൂര്യ ആയതു കൊണ്ടാണോ ഇതിന് വില കല്‍പ്പിക്കാത്തത്? 
 

മേനക
 
ഒരിക്കല്‍ ഇവിടുത്തെ ഒരു റോഡില്‍ 7.50 രൂപ ടോള്‍ കൊടുക്കുന്നതു സംബന്ധിച്ച് ഒരു പ്രശ്‌നമുണ്ടായിരുന്നു. 10 രൂപ നല്‍കുന്നവര്‍ക്ക് ബാക്കിയായി 2 രൂപയും 50 പൈസയ്ക്ക് മിഠായിയുമാണ് നല്‍കുന്നത്. നമുക്കറിയാം, ബള്‍ക്കായി വാങ്ങുമ്പോള്‍ ഈ മിഠായിക്ക് 10-15 പൈസ മാത്രമേ വില വരൂ എന്ന്. ഇത് സ്ഥിരമായപ്പോഴാണ് ഞാന്‍ ആ മിഠായികളെല്ലാം കൂടി ചേര്‍ത്ത് ടോള്‍ ആയി കൊടുത്തത്. അന്ന് അവിടെയുള്ള ആള്‍ എന്നോട് വളരെ മോശമായി പെരുമാറുകയാണ് ചെയ്തത്. പിന്നീടൊരിക്കല്‍ ഞാനും ഭാര്യയും കൂടി യാത്ര ചെയ്യുമ്പോഴും ഇതേ രീതിയില്‍ മോശമായി പെരുമാറി. ചേട്ടന്‍ നാടു നന്നാക്കാന്‍ ഇറങ്ങിയിരിക്കുകയാണോ, ഇത്രേം കാശ് ഉണ്ടാക്കുന്നതല്ലേ എന്നൊക്കെയായിരുന്നു അയാള്‍ ആക്ഷേപിച്ചത്. ഞാന്‍ പറഞ്ഞു, സുഹൃത്തേ, ഞാന്‍ മാത്രം വിചാരിച്ചാല്‍ നാടു നന്നാകില്ല. പക്ഷേ ഓരോരുത്തരും അങ്ങനെ വിചാരിച്ചു കഴിയുമ്പോള്‍ അതിന്റെ മാറ്റമുണ്ടാകും എന്നു പറഞ്ഞ് പോന്നു. പിന്നെ പോലീസിനെ വിളിച്ചു പറഞ്ഞു. അതോടെ എന്തായാലും മിഠായി വിതരണം നിന്നു. 
 

കുണ്ടൂര്‍ റോഡ്
 
മറ്റൊന്ന്, ചാനലുകള്‍ വരാന്‍ വേണ്ടി ഞാന്‍ കാത്തു നിന്നു, കാള്‍ ഷീറ്റ് ഒന്നും ഇല്ലാത്തതു കൊണ്ടായിരിക്കും ഈ പണിക്ക് ഇറങ്ങിയത് എന്നൊക്കെയുള്ള ആക്ഷേപങ്ങളാണ്. അതൊക്കെ അവരെ ആരെങ്കിലുമൊക്കെ തെറ്റിദ്ധരിപ്പിച്ചതാകണം. തേവരയില്‍ ‘മങ്കിപ്പെന്‍’ എന്ന സിനിമയുടെ വര്‍ക്ക് 5.30 വരെ ചെയ്തിട്ടാണ് ഞാന്‍ വീട്ടിലെത്തിയത്. ലൊക്കേഷനിലിരുന്നാണ് ഞാന്‍ കാര്യങ്ങളൊക്കെ ഓര്‍ഗനൈസ് ചെയ്തതും. ഞാന്‍ ഒരു ചാനലിനേയും വിളിച്ചു പറഞ്ഞിട്ടില്ല. എന്റെ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ടാവും. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ തന്നെ ചില ചാനലുകള്‍, ഇന്ത്യാ വിഷന്‍ ആണെന്നു തോന്നുന്നു, അവിടെ എത്തിയിരുന്നു. ലോഡുമായി പ്രത്യേക സമയത്ത് മാത്രമേ ലോറിക്ക് വരാന്‍ കഴിയുകയുള്ളൂ എന്നതു കൊണ്ടാണ് രാത്രി വരെ വൈകിച്ചത്. അല്ലാതെ ചാനല്‍ വരാന്‍ വേണ്ടിയായിരുന്നില്ല. മഴ വരുമോ എന്നൊക്കെയുള്ള ആശങ്കയും ഉണ്ടായിരുന്നു. ഞാനും കൂടി ചേര്‍ന്നാണ് ലോറിയില്‍ നിന്ന് സാധനങ്ങളൊക്കെ ഇറക്കിയത്. ഇതും കഴിഞ്ഞാണ് ചാനലുകളോട് സംസാരിച്ചതും. 
 
പിന്നെ ഇത്തരം കാര്യങ്ങളില്‍ നിന്ന് ചാനലുകളെ എന്തിന് മാറ്റി നിര്‍ത്തണം? അവരെ അറിയിച്ചെങ്കില്‍ തന്നെ എന്താണ് തെറ്റ്? എന്തു പ്രധാന കാര്യം ഉണ്ടാകുമ്പോഴും ആദ്യം വിളിച്ചു പറയുന്നത് അവരെ തന്നെയല്ലേ? കുട്ടി ഉണ്ടായപ്പോഴും ഒക്കെ അവര്‍ വാര്‍ത്ത കൊടുത്തിട്ടുണ്ട്. അവരൊക്കെ എന്നെ പിന്തുണയ്ക്കുന്നവരുമാണ്. അവരോട് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ബാധ്യസ്ഥനുമാണ്. അവര്‍ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ് ചെയ്യുന്നത്. പിന്നെ എന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊടുക്കുന്നത് ഞാന്‍ ചെയ്യുന്ന ജോലി ഈ മേഖലയില്‍ ആയതു കൊണ്ടാണ്. അല്ലാതെ ജയസൂര്യ ആയതു കൊണ്ടല്ല, ആ തിരിച്ചറിവ് എനിക്കുണ്ട്. 
 

ചിറ്റൂര്‍ റോഡ്
 
എന്തു ചെയ്യുമ്പോഴും നമ്മുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് മനുഷ്യരുടെ ചിന്ത. ഈ ഭയം മൂലമാണ് പലപ്പോഴും നമുക്കൊന്നും ചെയ്യാന്‍ കഴിയാതെ പോകുന്നത്. അത്തരമൊരു ഭയം ഉണ്ടായിക്കഴിഞ്ഞാല്‍ അത് നമ്മളെ പ്രതികൂലമായി ബാധിക്കും. അതെന്നെ ബാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ് എങ്ങനെയെങ്കിലും ഇത് ചെയ്യണമെന്ന ഉറപ്പോടു കൂടിത്തന്നെ ഇറങ്ങിയത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഭാര്യ ചോദിച്ചു, എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോയെന്ന്. പ്രശ്‌നമുണ്ടായാലും സാരമില്ല. തല്ലിക്കൊല്ലുമൊന്നുമില്ലല്ലോ എന്നു പറഞ്ഞാണ് ഞാന്‍ പോന്നത്. കുടുംബവും മറ്റുള്ളവരും ഇക്കാര്യത്തില്‍ തന്ന പിന്തുണ വളരെ വലുതായിരുന്നു. 
 
നമ്മുടെ സിസ്റ്റം പെര്‍ഫെക്ട് ആക്കുക തന്നെ വേണം. നിങ്ങള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതു പോലെ മറ്റു കാര്യങ്ങളും കര്‍ശനമാക്കിക്കൂടേ? ജനങ്ങള്‍ വെറുതെ ഇരിക്കില്ലെന്ന് ഭരിക്കുന്നവര്‍ മനസിലാക്കണം. എല്ലാക്കാലത്തും ഒരേ പോലെ സഹിച്ചു ജീവിക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ജനങ്ങളുടെ ഇഷ്ടം കൂടി നോക്കി ഭരിക്കണം. എത്ര തിരക്കുണ്ടായാലും അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ ഒരു ചെവിയെങ്കിലും ഉണ്ടാകണം. ചില പ്രതിജ്ഞകളൊക്കെ എടുത്തിട്ടാണെല്ലോ ഇവരൊക്കെ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നത്. അത് മറക്കാതിരുന്നാല്‍ മതി. അല്ലെങ്കില്‍ ജനങ്ങള്‍ പുതിയ പ്രതിജ്ഞകള്‍ എടുക്കുന്നത് കാണേണ്ടി വരും. 
 
 

Share on

മറ്റുവാര്‍ത്തകള്‍