സാജു കൊമ്പന്‍
’12 മാസത്തെ ബിസിനസ് സ്റ്റഡീസ് കോഴ്‌സ് പഠിക്കാന്‍ 2012 ജനുവരി 17നാണ് ഞാന്‍ മൗറീഷ്യസില്‍ എത്തിയത്. ഇസിട്ടെക് ബിസിനസ് സ്‌കൂളില്‍ ജനുവരി 24 ന് എത്തിയ എന്നോട് ബിസിനസ് സ്റ്റഡീസ് സര്‍ട്ടിഫിക്കറ്റു കോഴ്‌സ് പഠിക്കാനാണ് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടത്. അത് ആറു മാസത്തെ കോഴ്‌സായിരുന്നു. ഇന്ത്യയില്‍നിന്ന് ബിസിനസ് സ്റ്റഡീസ് സെര്‍ട്ടിഫിക്കറ്റു കോഴ്‌സ് പൂര്‍ത്തിയാക്കിയതിനാല്‍ എനിക്ക് ഈ കോഴ്‌സ് ആവിശ്യമില്ലെന്നു ഞാന്‍ കോളേജ് അധികൃതരോട് പറഞ്ഞു. ഐ ബി എസിലെ അസോസിയേറ്റ് പ്രൊഫസര്‍ ഫസീല ബാനുവിനോട് പരാതിപ്പെട്ടപ്പോള്‍ 6 മാസത്തെ സര്‍ട്ടിഫിക്കറ്റു കോഴ്‌സ് നിര്‍ബന്ധമാണെന്നും തുടര്‍ന്നുള്ള 6 മാസമാണ് ഡിപ്ളോമ കോഴ്‌സെന്നുമാണ് അവര്‍ മറുപടി തന്നത്. എന്നാല്‍ ഞാനതിനെ എതിര്‍ക്കുകയും എനിക്ക് ഫീസ് റീഫണ്ട് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം തിരിച്ചു തരാന്‍ സാധിക്കില്ലെന്ന് കോളേജ് അറിയിച്ചതോടെ ഞാന്‍ നിശബ്ദനാകുകയായിരുന്നു’.
മൗറീഷ്യസ് പ്രധാനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍, ടെര്‍ഷ്യറി എഡ്യുക്കേഷന്‍ കമ്മീഷന്‍, മൗറീഷ്യസ് ക്വാളിഫിക്കേഷന്‍ അതോറിറ്റി, റേഡിയോ പ്ളസ് എന്നിവര്‍ക്ക് തമിള്‍ ശെല്‍വന്‍ പ്രകാശന്‍ എന്ന തമിഴ്‌നാട്ടുകാരനായ വിദ്യാര്‍ഥി നല്കിയ പരാതിയിലാണ് ഇങ്ങനെ പറയുന്നത്.
ഒരു വര്‍ഷത്തിനു ശേഷം മലയാളികളായ 14 വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഹൈ കമ്മീഷനു നല്കിയ പരാതിയിലും ആവര്‍ത്തിക്കുന്നത് ഇതേ കാര്യം തന്നെ. 2013 ജൂണ്‍ 27നാണ് വിദ്യാര്‍ഥികള്‍ പരാതി നല്കിയത്. ‘ലെവല്‍ 2 ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സ് പഠിക്കാനാണ് ഞങ്ങള്‍ ഐ ബി എസില്‍ ചേര്‍ന്നത്. ക്രൂയിസിലും റിസോര്‍ടുകളിലും പാര്‍ട്ട് ടൈം ജോലി ഒഫര്‍ ലെറ്ററില്‍ കോളേജ് ഉറപ്പു നല്‍കിയിരുന്നു. കൂടാതെ 5 വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റോടുകൂടിയ വിസയും ഏജന്റ്റ് ഉറപ്പ് പറഞ്ഞിരുന്നു. അതനുസരിച്ച് 7500 ഡോളര്‍ ഫീസടച്ച് ഞങ്ങള്‍ കോഴ്‌സിന് ചേര്‍ന്നു. എന്നാല്‍ ഇവിടെ എത്തിയതിന് ശേഷം കുറഞ്ഞ കാലയളവിലുള്ള കോഴ്‌സില്‍ ചേരാന്‍ സ്ഥാപന മേലധികാരികള്‍ നിര്‍ബന്ധിക്കുകയായിരുന്നു. കോഴ്‌സ് ആരംഭിച്ചതിന് ശേഷം റെഗുലറായി ക്ളാസുകളോ പ്രാക്റ്റിക്കല്‍സോ നടത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിദ്യാര്‍ഥികളെ ഒറ്റതിരിഞ്ഞു വിളിപ്പിച്ച് ഭീഷണിപ്പെടുത്താനാണ് കോളേജ് അധികൃതര്‍ ശ്രമിച്ചത്’.

2012 ലും 13ലുമായി ഇസിട്ടെക് ബിസിനസ് സ്‌കൂളില്‍ നടന്നതും ഇപ്പോഴും തുടരുന്നതുമായ സംഭവങ്ങളുടെ ഏകദേശചിത്രം മനസിലാക്കാന്‍ ഈ രണ്ട് പരാതികള്‍ മാത്രം മതി. വിദേശ യൂണിവേഴ്‌സിറ്റികളില്‍ മികച്ച കോഴ്‌സുകള്‍, പാര്‍ട്ട് ടൈം ജോലി, സൗജന്യ താമസം, ഇന്‍ഷുറന്‍സ് കവറേജ് തുടങ്ങി മോഹന വാഗ്ദാനങ്ങളുമായെത്തുന്ന എജന്‍സികളുടെയും തട്ടിപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വലയില്‍പ്പെട്ടുപോകുന്ന നിരവധി പേരില്‍ ചിലര്‍ മാത്രമാണ് തമിള്‍ ശെല്‍വന്‍ പ്രകാശനും 14 മലയാളി വിദ്യാര്‍ഥികളും.
അല്‍പം ചരിത്രം
മൗറീഷ്യസിലെ എബിനില്‍ സ്ഥിതിചെയ്യുന്ന ഐ ബി എസിന്റ്റെ ഡയറക്റ്റര്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ ദാമ ചൗദെരിയാണ്. മൗറീഷ്യസ് ക്വാളിഫികേഷന്‍ അതോറിറ്റിയിലും ടെര്‍ഷ്യറി എഡ്യുക്കേഷന്‍ കമ്മീഷനിലിലും രജിസ്‌റ്റെര്‍ ചെയ്തിട്ടുളള സ്ഥാപനമാണെന്നാണ് ഐ ബി എസിന്റെ ബ്രോഷെറില്‍ കൊടുത്തിരിക്കുന്നത്. ഹോട്ടല്‍ റിസോര്‍ട്ട് നെറ്റ്വര്‍ക്കായ കോണ്‍സ്‌റ്റെന്‍സ് ഹോസ്പിറ്റാലിറ്റി അകാഡമിയുമായും യുകെ ആസ്ഥാനമായ കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റിയുമായും തങ്ങള്‍ക്കു പാര്‍ട്ട്‌ണര്‍ഷിപുണ്ടെന്നും അവര്‍ ബ്രോഷെറില്‍ വിശദീകരിക്കുന്നുണ്ട്. ലെവല്‍ 4 ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സിനോടൊപ്പം ലെവല്‍ 2 സ്‌പെഷ്യലൈസേഷനായി 6 കോഴ്‌സുകളും ഐ ബി എസ് വാഗ്ദാനം ചെയ്യുന്നു. 6 മാസത്തെ ട്രെയിനിങ്ങും 6 മാസത്തെ ഇന്റ്റേണ്‍ഷിപ്പും ഉള്‍പ്പെടുന്ന കോഴ്‌സിന്റെ ഫീസ് 7000 യു എസ് ഡോളറാണ്.
എന്തുകൊണ്ട് ഐ ബി എസ് തിരഞ്ഞെടുക്കണം എന്നതിനും കോളേജ് കാരണങ്ങള്‍ നിരത്തുന്നുണ്ട്. ഐ ഇ എല്‍ ടി എസ് വേണ്ട, 6 മാസത്തെ താമസം സൌജന്യം, വേതനത്തോടു കൂടിയുള്ള ഇന്റ്റേണ്‍ഷിപ്, സൗജന്യ യാത്ര സൗകര്യം, വര്‍ക്ക് പെര്‍മിറ്റ്, ക്രുയിസിലൂം റിസോര്‍ട്ടുകളിലും പ്ളേസ്‌മെന്റ് എന്നു തുടങ്ങി വിദേശത്തു പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ നിരവധി വാഗ്ദാനങ്ങള്‍ കോളേജ് മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ ഈ വാഗ്ദാനങ്ങളില്‍ പലതും തട്ടിപ്പാണെന്നാണു ആദ്യ പരാതിക്കാരനായ തമിള്‍ സെല്‍വന്‍ സാക്ഷ്യപ്പെടുത്തുന്നത്. ടെര്‍ഷ്യറി എഡ്യുക്കേഷന്‍ കമ്മിഷന്റെ അക്രെഡിറ്റേഷന്‍ കാലാവധി 2006 ആഗസ്റ്റ് 10നു തന്നെ കഴിഞ്ഞതായിട്ടാണ് ടെക് ഔദ്യോഗിക വെബ്‌സൈറ്റില്‍ കാണിക്കുന്നത്. തമിള്‍ സെല്‍വന്റെ പരാതിയെ തുടര്‍ന്ന് റേഡിയോ പ്ളസിനോട് പ്രതികരിച്ച ടെര്‍ഷ്യറി എഡ്യുക്കേഷന്‍ മന്ത്രി രാജേഷ് ജിത്ത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ടെര്‍ഷ്യറി എഡ്യുക്കേഷന്‍ കമ്മീഷനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി ഡെമി മിഡിയ എന്ന ഫ്രഞ്ച് ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പോര്‍ട്ടല്‍ ഇതു സംബന്ധിച്ചു രണ്ടു റിപ്പോര്‍ട്ടുകള്‍ 2012 മാര്‍ച്ച് മാസത്തില്‍ത്തന്നെ പ്രസിദ്ധികരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ, അനുവാദമില്ലാതെ മൗറീഷ്യസ് ക്വാളിഫികേഷന്‍ അതോരിറ്റിയുടെ ലോഗോ ഒഫെര്‍ ലെറ്ററില്‍ ഇനി മുതല്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം കൊടുത്തതായി എം ക്യു എ പറഞ്ഞതായും ഡെമി മിഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. 2012ല്‍ത്തന്നെ ഇത്രയേറെ പ്രശ്‌നങ്ങള്‍ ഗവണ്മെന്ടിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടും എങ്ങനെയാണ് 2013 ല്‍ വീണ്ടും കുറേയധികം കുട്ടികള്‍ തട്ടിപ്പിനിരയായത് എന്ന് അന്വേഷിക്കുമ്പോളാണ് എഡ്യുക്കേഷന്‍ കണ്‍സല്‍റ്റിങ്ങ് ഏജന്‍സികളും ഇത്തരം കോളേജുകളും തമ്മിലുള്ള കച്ചവട ബന്ധം വെളിപ്പെടുന്നത്.

കേരളത്തില്‍നിന്നുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും പറയുന്നു
അഖില്‍ ചാലിങ്ങല്‍ എന്ന വിദ്യാര്‍ഥി പറയുന്നു ‘ഞാന്‍ ലെവെല്‍ 2 ഫുഡ് പ്രൊഡെക്ഷനും ലെവല്‍ 4 ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സും പഠിക്കാനാണ് ഇവിടെ എത്തിയത്. പക്ഷെ അതിലും താഴ്ന്ന കോഴ്‌സില്‍ ചേരാനാണ് ഇവിടെ വന്നതിന് ശേഷം കോളേജ് അധികൃതര്‍ പറയുന്നത്. അതിനു വിസമ്മതിച്ചതോടെ എന്റെ ജീവന്‍ തന്നെ അപകടത്തിലായിരിക്കയാണ്’. ഇതേ പരാതി ഉന്നയിക്കുന്ന തിരുവനന്തപുരം ജില്ലക്കാരനനായ ആന്റോ ഷീന്‍ രാജ് നാട്ടിലുള്ള തന്റെ അമ്മയ്ക്കും ഭീഷണിയുണ്ടെന്നാണ് ഇ മെയില്‍ വഴി അഴിമുഖത്തെ അറിയിച്ചത്. വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടയുടനെ ദാമ ചൗധരി മൗറീഷ്യസ് വിടുകയും കോളേജ് അധികൃതര്‍ തങ്ങളെ പല തരത്തില്‍ ഭീക്ഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ തോമസ് ബേബിയുടെ അമ്മ സലിയമ്മ പറയുന്നത് ‘ജോലി നല്‍കാമെന്ന ഉറപ്പു നല്കിയെതിന്റെ അടിസ്ഥാനത്തിലാണ് മകന്‍ ഈ കോഴ്‌സ് പഠിക്കാന്‍ ചേര്‍ന്നത്. അവിടെ ചെന്നപ്പോഴാണ് പറഞ്ഞ കാര്യങ്ങളൊന്നും ഇല്ലെന്ന് മനസിലായത്’. നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് പോയത്. 50000 രൂപ കൊച്ചിയിലുള്ള എ ബി സി എന്ന ഏജന്‍സിക്കും കൊടുത്തു. ഇപ്പോള്‍ അവനവിടെ ജീവിക്കാന്‍ ഇവിടെനിന്നു പണം അയച്ചു കൊടുക്കേണ്ട അവസ്ഥയാണ്’ തോമസ് ബേബിയുടെ അച്ചന്‍ വി പി ബേബി പറയുന്നു.
മറ്റൊരു വിദ്യാര്‍ഥിയായ കോട്ടയം സ്വദേശി എബിന്‍ സെബാസ്റ്റ്യന്റെ ബന്ധു ജിതിന്റെ പരാതി എ ബി സി ലിങ്ക്‌സിനെതിരെയാണ്. ‘സാധാരണയായി കോളേജുകളാണു ഏജന്‍സികള്‍ക്ക് കാശ് കൊടുക്കുന്നത്. എന്നാല്‍ നോണ്‍ റിഫണ്ടബിള്‍ എന്നെഴുതിവാങ്ങിച്ചു 50000 രൂപ തങ്ങളുടെ കയ്യില്‍ നിന്നും എജന്‍സി വാങ്ങിച്ചിട്ടുണ്ട് . ഈ പണം തിരിച്ചു തരുന്നതിനെ കുറിച്ചു ഇതുവരെയായി അവരൊന്നും പറഞ്ഞിട്ടില്ല. ഞങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. എന്നാല്‍ രണ്ടാഴ്ച്ച കാത്തിരിക്കാനാണ് കമ്പനി പറയുന്നത്’. 5 മാസം മുന്‍പ് ഐ ബി എസില്‍ നിന്ന് റീഫണ്ട് വാങ്ങിച്ചു നാട്ടില്‍ തിരിച്ചു വന്ന വിവേക് എന്ന വിദ്യാര്‍ഥി അവരുടെ തട്ടിപ്പിനെകുറിച്ചു എ ബി സിയെ അറിയിച്ചിട്ടും അത് മറച്ചുവെച്ചാണു വീണ്ടും വിദ്യാര്‍ഥികളെ അയച്ചതെന്നും ജിതിന്‍ ആരോപിക്കുന്നു.
എഡ്യുക്കേഷന്‍ കണ്‍സെല്‍റ്റിങ്ങ് എജന്‍സികളുടെ ക്യാന്‍വാസിംഗ്
മൗറീഷ്യസിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് അഴിമുഖം പ്രതിനിധി എ ബി സി ലിങ്ക്‌സ് കൊച്ചിയുടെ മാനേജിംഗ് ഡയറക്ടര്‍ ഹെന്റി ജോസഫുമായി സംസരിച്ചപ്പോള്‍ പേടിക്കാനൊന്നുമില്ലെന്നും കുട്ടികള്‍ ക്ളാസില്‍ കേറാത്തതാണ് അടിസ്ഥാന കാരണമെന്നുമാണു ആദ്യംതന്നെ പ്രതികരിച്ചത് ‘. ‘തിരുവനന്തപുരത്തുള്ള ഒരു വിദ്യാര്‍ഥി മറ്റൊരു കോളേജിനു വേണ്ടി കളിച്ചതാണിത്. 7500 ഡോളറിനു ഐ ബി എസ് പഠിപ്പിക്കുന്ന കോഴ്‌സ് 3500 ഡോളറിനു പഠിപ്പിക്കാമെന്ന് മറ്റൊരു കോളേജ് ഓഫര്‍ ചെയ്തു. ഈ വിദ്യാര്‍ഥി അവരുടെ കയ്യില്‍ നിന്ന് കമ്മീഷന്‍ വാങ്ങിച്ച് മറ്റ് വിദ്യാര്‍ഥികളെക്കൂടി സംഘടിപ്പിക്കുകയായിരുന്നു. ഇതേ കോളേജ് തന്നെയാണ് ഇവര്‍ക്ക് വക്കീലിനെയും വെച്ചുകൊടുത്തത് ‘- ഹെന്റി ജോസഫ് ആരോപിക്കുന്നു. ‘ലെവല്‍ 2 ഫുഡ് പ്രൊഡക്ഷെന്‍ കോഴ്‌സിന്റെ അംഗീകാരം നഷ്ടപ്പെട്ട കാര്യം കോളേജ് വിദ്യാര്‍ഥികളെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഒഫര്‍ ചെയ്ത ലെവല്‍ 4 കോഴ്‌സ് കൂടാതെ ലെവല്‍ 5ഉം ഉള്‍പ്പെടുത്തി കുറച്ചുകൂടി മികച്ച കോഴ്‌സാണ് നല്കിയിരിക്കുന്നത്. അവരത് ഇവിടെ നിന്ന് തന്നെ ഒപ്പിട്ട് അംഗീകരിച്ചിട്ടാണ് അങ്ങോട്ടേക്കു പോയത്. അതുകൊണ്ടാണ് നിങ്ങള്‍ ഒപ്പിട്ട് അംഗീകരിച്ച പേപ്പര്‍ ഞങ്ങളുടെ കയ്യിലിരിക്കുമ്പോള്‍ ഞങ്ങളെന്തിനാണു റീഫണ്ട് തരുന്നതെന്ന് കോളേജ് ചോദിക്കുന്നത് ‘

മുന്‍പ് തന്നെ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്ന കോളേജായിട്ടും എന്തുകൊണ്ടാണ് വീണ്ടും വിദ്യാര്‍ഥികളെ അങ്ങോട്ടയച്ചത് എന്ന ചോദ്യത്തിന് ഉത്തരമായി ‘ഞങ്ങളുടെ കയ്യില്‍ കോളേജ് അയച്ചുതന്ന എല്ലാ അക്രെഡിറ്റേഷന്‍ സെര്‍ട്ടിഫിക്കറ്റുകളും ഉണ്ടെ’ന്നാണ് ഹെന്റി ജോസെഫു പറഞ്ഞത്. ”ഓരോ രാജ്യത്തെയും ക്വാളിഫികേഷന്‍ അതോറിറ്റികള്‍ അംഗീകരിചിട്ടുള്ള കോഴ്‌സുകള്‍ മാത്രമേ ഞങ്ങള്‍ പ്രമോട്ട് ചെയ്യാറുള്ളൂ. കൂടാതെ എംബസി വഴിയും ആ രാജ്യത്തുള്ള മലയാളികളായ ആളുകള്‍ മുഖാന്തിരവും കോളേജിനെക്കുറിചു അന്വേഷിക്കും’ – തിരുവനന്തപുരത്തെ ഒബെറോന്‍ ഏജന്‍സി ഡയരക്ടറായ ബെന്നന്‍ പറയുന്നു. ഐ ബി എസിന്റെ അനുഭവത്തില്‍ നിന്നുതന്നെ മനസിലാക്കാന്‍ കഴിയുന്ന കാര്യം തങ്ങള്‍ക്ക് നല്ല ബിസിനസ് ബന്ധമുള്ള കോളേജിനെക്കുറിച്ച് വലിയ രീതിയിലുള്ള അന്വേഷണമൊന്നും ഏജന്‍സികള്‍ നടത്തുന്നില്ല എന്നു തന്നെയാണ്. ഐ ബി എസ് നിങ്ങളെയും പറ്റിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് ആണെന്ന ഉത്തരമാണ് ബെന്നന്‍ നല്കിയത്. എന്തായാലും കുറഞ്ഞ ചിലവില്‍ വിദേശത്ത് പഠിക്കാനായെത്തുന്ന കുട്ടികളാണു പലപ്പോഴും ഇത്തരം അപകടങ്ങളില്‍ ചെന്ന് ചാടുന്നത്. വലിയ പ്രശസ്തിയില്ലാത്ത സ്ഥാപനങ്ങള്‍ കുട്ടികളെ കിട്ടാന്‍ വേണ്ടി ഒഫര്‍ ചെയ്യുന്ന വലിയ കമ്മീഷനും ഏജന്‍സികള്‍ക്ക് കുട്ടികളെ ക്യാന്‍വാസ് ചെയ്ത് ഇത്തരം സ്ഥാപനങ്ങളിലേക്കും പറഞ്ഞയക്കാന്‍ പ്രേരണയാകുന്നുണ്ട് . ഒരു തവണ അക്കരെ കടന്നാല്‍ എങ്ങനെയെങ്കിലും അവിടെ പിഴച്ചുകൊള്ളും എന്ന ധൈര്യമാണ് ഏജന്‍സികള്‍ക്ക്.
പ്രശ്‌നവുമായി ബന്ധപ്പെട്ടു ഐ ബി എസിന്റെ ഇന്ത്യയിലെ കാര്യങ്ങള്‍ നോക്കുന്ന ദാമ ചൌധരിയുടെ ഭാര്യ ശ്രവന്തി ദാമയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ തയ്യാറായില്ല. ഐ ബി എസിന്റെ മാര്‍കെറ്റിങ്ങ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി മനു ദാസിനെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ സ്ഥാപനത്തില്‍ നിന്ന് രാജി വെച്ചു എന്നാണ് അഴിമുഖത്തിനോട് പറഞ്ഞത്.
ഇന്ത്യന്‍ ഗവണ്‍മെന്റ്റ് ഇടപെടുന്നു
മൗറീഷ്യസില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളുടെ പ്രശ്‌നം ദേശീയ മാധ്യമങ്ങളും മലയാളം ചാനലുകളും റിപ്പോര്‍ട്ട് ചെയ്തതോടെ ഗവണ്‍മെന്റ്റ് ഉടന്‍ നടപടിയെടുക്കുമെന്ന് ഉറപ്പു നല്കിയിട്ടുണ്ട്. കൈക്കൊണ്ട നടപടിയെക്കുറിച്ച് മൗറീഷ്യസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇതിനോടകം തന്നെ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ട്. തങ്ങള്‍ ചേര്‍ന്ന കോഴ്‌സിനു മൗറീഷ്യസ് ക്വാളിഫികേഷന്‍ അതോറിറ്റിയുടെ അംഗീകാരമില്ലെന്നു ആരോപിച്ച് 2013 മെയ്മാസം ഹൈക്കമ്മീഷനു പരാതി തന്ന എട്ടു വിദ്യാര്‍ഥികള്‍ക്ക്
റീഫണ്ട് വാങ്ങിച്ചുകൊടുത്തു. ജൂണ്‍ മാസം രണ്ടു കുട്ടികള്‍ പരാതിയുമായി വന്നപ്പോള്‍ തന്നെ അവര്‍ക്ക് ഫീസ് റീഫണ്ട് വാങ്ങിച്ചു കൊടുത്തു. കേരളത്തില്‍ നിന്നുള്ള 16 വിദ്യാര്‍ഥികളുടെ പരാതി കിട്ടിയ ഉടനെത്തന്നെ ജൂലൈ 3 ന് ഐ ബി എസ് മാനേജിംഗ് ഡറക്ടര്‍ ത്രിഭുവന്‍ സിംഗിനെ ഹൈക്കമ്മീഷനില്‍ വിളിച്ചു വരുത്തി ഉടന്‍ തന്നെ പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഐ ബി എസുമായി ബന്ധപ്പെട്ട പരാതിയെക്കുറിച്ചുള്ള വിവരം ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ടെര്‍ഷ്യറി എഡ്യുക്കേഷന്‍ കമ്മീഷനോട് വേണ്ട നടപടിയെടുക്കാനും ആവിശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അയച്ച വക്കീല്‍ നോട്ടീസിനെ തുടര്‍ന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ താല്പര്യമുണ്ടെന്നു ഐ ബി എസ് മാനേജ്‌മെന്റ് ഹൈക്കമ്മിഷനെ അറിയിക്കുകയുണ്ടായി. കൂടാതെ ടെര്‍ഷ്യറി വിദ്യാഭ്യാസ മന്ത്രി രാജേശ്വര്‍ ജിത്ത, വിദേശകാര്യ മന്ത്രി എന്നിവരുടെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിട്ടുണ്ട്.
ഒടുവിലൊരു ക്യാന്‍വാസിംഗ് കൂടി
മൗറീഷ്യസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സ് പഠിക്കാന്‍ താല്‍പ്പര്യമുണ്ടെന്നു പറഞ്ഞു കൊച്ചിയിലെ എ ബി സി ലിങ്ക്‌സിലേക്ക് വിളിച്ചപ്പോള്‍ എംബസി പ്രശ്‌നം കാരണം അങ്ങോട്ടേക്കു വിദ്യാര്‍ഥികളെ അയക്കുന്നില്ല എന്ന വിശദീകരണമാണു ഏജന്‍സി നല്കിയത്. പകരം വിദേശത്തേക്കുള്ള എന്‍ട്രി മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഏറ്റവും നല്ലത് ലാത്വിയയില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ചെയ്യുന്നതാണ്. 26 രാജ്യങ്ങളില്‍ സഞ്ചരിക്കാനും വര്‍ക്ക് പെര്‍മിറ്റിനും ഉള്ള സാധ്യതയാണ് ഏജന്‍സി സൂചിപ്പിച്ചത്. അധികമൊന്നും മുന്നൊരുക്കം നടത്താതെ എത്തുന്ന ഒരു വിദ്യാര്‍ഥി ഇത്തരം മോഹന സാധ്യതകളില്‍ വീണുപോകും എന്ന കാര്യം തീര്‍ച്ച. അതു