ടീം അഴിമുഖം
ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മുംബൈയില്‍ ജയ് മഹാരാജ് എന്ന പുതിയ ചാനലിന്റെ ഉദ്ഘാടനം സാന്താക്രൂസിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വളരെ ആര്‍ഭാടപൂര്‍വം നടക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാന്‍, എന്‍.സി.പി നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശരത് പവാര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ തുടങ്ങി ചടങ്ങില്‍ പങ്കെടുത്തത് പ്രമുഖരുടെ നീണ്ടനിര. ചാനല്‍ ചെയര്‍മാനായ സുധാകര്‍ ഷെട്ടിയുടെ പിന്‍കാല ചരിത്രം ഇവര്‍ക്കാര്‍ക്കും ഒരു തടസമായില്ല എന്നതും ശ്രദ്ധേയമാണ്. ഷെട്ടി മുംബൈയിലെ പ്രസിദ്ധമായ ദീപാ ഡാന്‍സ് ബാറിന്റെ ഉടമസ്ഥനാണെന്നതും ആ ബാറിനെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുള്ള വലിയ വിവാദങ്ങളുമൊക്കെ ഇവര്‍ക്കൊക്കെ അറിയാമായിരുന്നു.
2005-ല്‍ തുടങ്ങിയ ദീപാ ബാറിനെ കേന്ദ്രീകരിച്ചുള്ള ക്രിക്കറ്റ് വാതുവയ്പും മുംബൈയില്‍ പല പ്രമുഖരുടേയും ഹരമായിരുന്ന ഇവിടുത്തെ ഡാന്‍സര്‍ തരന്നും ഷെയ്ക്കിന്റെ കോടിക്കണക്കിന് രൂപയുടെ സമ്പത്തിന്റെ കഥകളുമൊക്കെ മുംബൈയില്‍ അങ്ങാടിപ്പാട്ടായ കാര്യങ്ങളാണ്. 2006-ല്‍ ദീപാ ബാര്‍ പൂട്ടിയതിനു ശേഷം ഷെട്ടി തന്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ സഹാന ഗ്രൂപ്പ് അടക്കമുള്ള പല ബിസിനസുകളും തുടങ്ങി. 8000 ചതുരശ്ര അടിയുള്ള ദീപാ ബാര്‍, ഷെട്ടി 2009-ല്‍ യോഗാ പരിശീലകന്‍ ബാബാ രാംദേവിന് ക്ളാസ് നടത്താനായി വിട്ടുകൊടുത്തു. ദീപാ ബാറില്‍ ഡാന്‍സ് ചെയ്തിരുന്ന പെണ്‍കുട്ടികള്‍ക്കും മുംബൈയിലെ ഇതുപോലുള്ള ബാറുകളില്‍ ഡാന്‍സ് ചെയ്തിരുന്ന നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്കും എന്തു സംഭവിച്ചുവെന്ന് ആരും അന്വേഷിച്ചില്ല. അരലക്ഷത്തിനു മേല്‍ സ്ത്രീകളും 40,000-ത്തോളം പുരുഷന്മാരും ഡാന്‍സ് ബാറുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കണക്ക്. ഇവര്‍ക്ക് എന്തു സംഭവിച്ചുവെന്നോ ഇവരുടെ കുടുംബങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്നോ അന്വേഷിക്കാതെ മുഖം തിരിച്ച സര്‍ക്കാരിന്റെയും രാഷ്ട്രീയക്കാരുടേയും മുഖത്തേറ്റ അടിയായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീം കോടതി നടത്തിയ ചരിത്രപ്രധാനമായ വിധി.

തരന്നും ഷെയ്ക്
‘സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ സദാചാര ബോധം സമൂഹത്തിലെ ഉയര്‍ന്ന തട്ടിലുള്ളവരുടേതിനേക്കാള്‍ മോശമാണെന്ന മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ചതെ’ന്ന് സുപ്രീം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഈ സമീപനം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഡാന്‍സ് ബാറുകള്‍ വേശ്യാവൃത്തിക്കുള്ള മറയാണെന്ന് പറഞ്ഞ് അവ നിരോധിച്ച സര്‍ക്കാര്‍, നക്ഷത്ര ഹോട്ടലുകളില്‍ ബാറും അവിടെ ഡാന്‍സും നടത്തുന്നതിനെ എതിര്‍ത്തില്ല എന്നതാണ് ശ്രദ്ധേയം. ഈ ഒരു വൈരുദ്ധ്യമാണ് സുപ്രീം കോടതി എടുത്തു പറഞ്ഞതും.
അന്നത്തെ ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടീലിന്റെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കമാണ് ഡാന്‍സ് ബാര്‍ നിരോധിച്ചു കൊണ്ടുള്ള നിയമ നിര്‍മാണത്തിന് വഴിവച്ചത്. സെലക്ടീവ് മൊറാലിറ്റിിയിലൂന്നിയ ഈ നിയമത്തെയാണ് ജനാധിപത്യവിരുദ്ധമായി കണ്ട് സുപ്രീം കോടതി ചവറ്റുകൊട്ടയിലെറിഞ്ഞത്.
ജനാധിപത്യമെന്നത് വ്യക്തി സ്വാതന്ത്ര്യം ഉറപ്പിക്കുകയും ഓരോരുത്തര്‍ക്കും എന്തു വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കലും കൂടിയാണ്. പക്ഷേ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭരണവര്‍ഗം പലപ്പോഴും നടപ്പാക്കുന്നത് ഭരണഘടന തന്നെ അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ഫ്യൂഡല്‍ മൂല്യങ്ങളെ പിന്തുടരുന്ന ഒരുപാടു തീരുമാനങ്ങളുടെ ഒരു ഘോഷയാത്രയായി ഇന്ത്യന്‍ ജനാധിപത്യം മാറുന്നതിന്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു ഡാന്‍സ് ബാര്‍ നിരോധനത്തിലും പ്രതിഫലിച്ചത്. ഇസ്രത് ജഹാന്റെ കൊലപാതകം തൊട്ട് ഡല്‍ഹി വിമാനത്താവളത്തിലെ യൂസര്‍ ഫീ വരെയുള്ള കാര്യങ്ങളില്‍ ഈ ഫ്യൂഡല്‍ മനസ്ഥിതി കാണാന്‍ കഴിയും.
ഡാന്‍സ് ബാറുകളെന്നത് ഒരു കോസ്‌മോപൊളീറ്റന്‍ സംസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. പല നഗരങ്ങളിലും ഇതുപോലുള്ള ഡാന്‍സ് ബാറുകളുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥ തെറ്റിക്കാത്തിടത്തോളം അവിടെ പോകരുതെന്ന് തങ്ങളുടെ പൗരന്മാരോട് പറയാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ല. അതിനൊപ്പം, ഡാന്‍സ് ബാര്‍ എന്നത് ആയിരക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ്. ഒരൊറ്റ നിരോധനത്തിലുടെ ഇത്തരത്തിലുള്ള നുറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കിയ നടപടിയായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തത്. അതിന് ആധാരമായതാകട്ടെ, വരേണ്യ മൂല്യബോധത്തില്‍ അധിഷ്ഠിതമായ സമൂഹ മനോഘടനയും. അതിന് സര്‍ക്കാര്‍ തന്നെ നേതൃത്വം കൊടുത്തു എന്നതായിരുന്നു ഇവിടെ സംഭവിച്ചത്.

ആര്‍.ആര്‍ പാട്ടീല്‍
ജോലി നഷ്ടപ്പെട്ട പല പെണ്‍കുട്ടികളും വേശ്യാവൃത്തിയിലേക്ക് തള്ളിവിടപ്പെട്ടു. അതിനെതിരെ പ്രതികരിക്കാനോ അവര്‍ക്ക് പകരം ഉപജീവനമാര്‍ഗം കണ്ടെത്താനോ ഡാന്‍സ് ബാറുകള്‍ നിരോധിച്ചവര്‍ യാതൊരു ശ്രമവും നടത്തിയുമില്ല. നികുതി ഇനത്തില്‍ സര്‍ക്കാരിന് വന്‍ നഷ്ടവുമുണ്ടായി. ഡാന്‍സ് ബാറുകള്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത്തരം നടപടികളെ നിയന്ത്രിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനാണ് നിയമപാലകര്‍. അതിനൊന്നും മിനക്കെടാതെ ഏകപക്ഷീയമായി ഡാന്‍സ് ബാറുകള്‍ നിരോധിച്ച നടപടി ഒരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമായിരുന്നു. അതു വിളിച്ചു പറയുന്നതായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക വിധി. നിരോധനത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും മറികടക്കാമെന്ന് കരുതുന്ന എല്ലാ നാടുകളിലേയും അധികാരി വര്‍ഗത്തിനും ഇതൊരു പാഠമാകേണ്ടതാണ്. പാവപ്പെട്ടവന്റേയും കീഴാളന്റെയും തലയ്ക്കു മേലാണ് പലപ്പോഴും ഇത്തരം സദാചാര നടപടികള്‍ വന്നു വീഴുന്നത് എന്നത് ഇന്ത്യന്‍ യഥാര്‍ഥ്യവും.