Continue reading “സോഷ്യല്‍ മീഡിയയില്‍ സൌഹൃദങ്ങള്‍ നെയ്യുന്നവര്‍”

" /> Continue reading “സോഷ്യല്‍ മീഡിയയില്‍ സൌഹൃദങ്ങള്‍ നെയ്യുന്നവര്‍”

"> Continue reading “സോഷ്യല്‍ മീഡിയയില്‍ സൌഹൃദങ്ങള്‍ നെയ്യുന്നവര്‍”

">

UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

സോഷ്യല്‍ മീഡിയയില്‍ സൌഹൃദങ്ങള്‍ നെയ്യുന്നവര്‍

                       

നൈജീരിയയില്‍ നിന്നും അമ്പത് വയസ്സ് പ്രായമുള്ള സണ്ണിച്ചായന്‍ എന്നെ വിളിക്കുമ്പോള്‍ മനസ്സില്‍ ആദ്യം തോന്നിയ വികാരം അത്ഭുതം ആയിരുന്നു… ഈ മനുഷ്യന്‍ എനിക്ക് ആരാണ്? എങ്ങനെ ഉണ്ടായി ഇങ്ങിനെ ഒരു ആത്മബന്ധം? എത്ര അതിശയകരമായി ആണ് ഇദ്ദേഹം എന്നെ മനസ്സിലാക്കുകയും അറിയുകയും ചെയ്തിരിക്കുന്നത്? എത്ര തുറന്ന മനസ്സോടെ ആണ് ഇദ്ദേഹം എന്നോട് സംസാരിക്കുന്നത്? ഞങ്ങള്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ല ഇതുവരെ.. ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട സൌഹൃദവും ഇല്ല… നല്ലൊരു സൌഹൃദം ഉണ്ടാകാന്‍ കാരണങ്ങള്‍ ആയ സമപ്രായമോ, അടുത്ത നാട്ടുകാരോ, ഒരേ ഇഷ്ടങ്ങളോ ഒന്നും ഞങ്ങളില്‍ ഇല്ല… പക്ഷെ ഞങ്ങള്‍ ഈയിടെയായി മിക്കപ്പോഴും സോഷ്യല്‍ മീഡിയ വഴി കണ്ടുമുട്ടാറുണ്ട്. സംസാരിക്കാറുണ്ട്. മനസ്സിലെ നന്മ തിരിച്ചറിയാന്‍ ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ പരസ്പരം സാധിച്ചിട്ടുണ്ട്. ഈയൊരു തിരിച്ചറിവാകും ഇങ്ങനെയൊരു നല്ല സൌഹൃദത്തിനു കാരണമായത്. ഇന്ന് ഞങ്ങള്‍ ഒരുപാട് അകലെ ആണെങ്കിലും, ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ ആണെങ്കിലും ഒട്ടും അപരിചിതര്‍ അല്ല. കുടുംബത്തിലെ ഓരോ അംഗങ്ങളെ കുറിച്ചും ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും ഞങ്ങള്‍ക്ക് പരസ്പരം തിരിച്ചറിയാന്‍ സാധിക്കും എന്നതില്‍ ഒരു സംശയവും ഇല്ല.

 


@YIMMY’S YAYO™

 

കുട്ടിക്കാലത്ത്, കൂട്ട് കൂടി, കളിച്ച് ചിരിച്ച്, കൌമാരവും കടന്ന് യൌവനത്തിന്റെ പ്രാരംഭ ദശയില്‍ ഇനി ഒരിക്കലും പിരിയില്ല എന്ന് ദൃഡപ്രതിജ്ഞയും ചെയ്ത്, ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ എങ്ങോട്ടൊക്കെയോ ജീവിതം തേടിപ്പോകാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കള്‍ ആണ് നാം. പിന്നീടെപ്പോഴോ എല്ലാം മറന്ന്, ഓര്‍മ്മകള്‍ പോലും നഷ്ടപ്പെട്ട് വഴിയില്‍ എവിടെയോ നാം അവരെ ഉപേക്ഷിച്ചിട്ടുണ്ടാകും. ഇന്നിതാ എല്ലാം നഷ്ടപ്പെട്ടു എന്ന് നാം കരുതിയ സൌഹൃദങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കിളിര്‍ക്കുകയും പുഷ്പിക്കുകയും ചെയ്യുന്നു. ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത ഒരു സേവനം ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പഴയ ചങ്ങാത്തങ്ങള്‍ക്ക് നടുവില്‍ ഇപ്പോള്‍ നിര്‍വഹിച്ച് കൊണ്ടിരിക്കുന്നത്. ചിലവില്ലാതെ, പരസ്പരം കാണുകയും കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ തിരിച്ചറിയുന്നത്, ഇതുവരെ കണ്ടിട്ടില്ലാത്ത സ്നേഹവും, വിശ്വാസവും, ആശ്വാസവും സന്തോഷവും ഒക്കെയാണ്. പരസ്പരം എന്ത് മാത്രം ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ച്ചറിയുമ്പോള്‍, എന്തുകൊണ്ട് ഇത്രനാള്‍ ഇവരെയൊക്കെ അകറ്റിനിര്‍ത്തി എന്ന ആത്മ രോദനത്തിന് തന്നെ ഇടയാക്കുന്നു. വെറും ഒരു ഫോണ്‍ കാള്‍ മാത്രം അകലങ്ങളില്‍ ആയിരുന്നു ഓരോരുത്തരും. എന്നാല്‍, എല്ലാരും വളരെ അകലങ്ങളില്‍ ആണെന്ന് സ്വയം സങ്കല്പിച്ച്, നാം സൃഷ്ടിച്ച മതില്‍ക്കെട്ടിനുള്ളില്‍ സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു. ഇന്ന്, ഈ വൈകിയ വേളയില്‍, ഒരിക്കലും പിരിയാനും വേര്‍പെടുത്താനും കഴിയാത്ത തരത്തില്‍ പഴയ സ്നേഹബന്ധങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പൂത്തുല്ലസിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ നിരന്തരം ഇടപെടുന്ന ഓരോരുത്തര്‍ക്കും ഇത്തരം നൂറു നൂറു സൌഹൃദത്തിന്റെ കഥകള്‍ പറയാനുണ്ടാകും. ഒരുകാലത്ത് നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ ഈ സൌഹൃദങ്ങള്‍  സോഷ്യല്‍ മീഡിയ വഴി പുനര്‍ജനിക്കുമ്പോള്‍ വീണ്ടും ജീവന്‍ വെക്കുന്നത് യഥാര്‍ത്ഥ സ്നേഹവും വിശ്വാസവും കൂടിയാണ്. ഇന്ന്, തിരക്കുകള്‍ക്കിടയില്‍ ഈ സൌഹൃദ സംഭാഷണങ്ങള്‍ പകര്‍ന്നു നല്‍കുന്ന ആശ്വാസം ചില്ലറയല്ല!

 


@Keith Negley

 

ഇവക്കിടയില്‍ മറ്റു ചില സൌഹൃദങ്ങള്‍ ഉണ്ട്. അതാണ്‌ ഏറ്റവും അത്ഭുതം ഉണ്ടാക്കുന്ന മറ്റൊന്ന്! തൊട്ടരികെ തന്നെ ഉണ്ടായിട്ടും ഒരിക്കല്‍ പോലും കാണാനോ പരിചയപ്പെടാനോ, അറിയാനോ അറിയിക്കാനോ പോലും സാധിക്കാതെ പോയ ചില മനുഷ്യര്‍. ഈ സോഷ്യല്‍ മീഡിയ ഇല്ലായിരുന്നുവെങ്കില്‍ ഒരിക്കലും അവര്‍ നമ്മുടെ ജീവിതത്തില്‍ ആരും ആയിത്തീരുമായിരുന്നില്ല. അവരില്‍ ചിലരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ പശ്ചാത്താപമാണ് തോന്നുന്നത്. കാരണം എന്തുകൊണ്ട് ഇത്രനാള്‍ ഇവരെ ഒക്കെ നാം ഒരു കാരണവും കൂടാതെ മാറ്റി നിര്‍ത്തി? ഇവര്‍ എപ്പോഴും നമുക്ക് തൊട്ടരികില്‍ തന്നെ ഉണ്ടായിരുന്നുവല്ലോ. അവരില്‍ ചിലരെ എത്രമാത്രം അവജ്ഞയോടെയാണ് നാം ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ ഇന്നവര്‍ നമുക്ക് എന്തുമാത്രം പ്രിയപ്പെട്ടവര്‍ ആണ്. മറ്റു ചിലരെ അഹങ്കാരത്തിന്റെയും തന്നിഷ്ടത്തിന്റെയും പ്രതിരൂപങ്ങള്‍ ആക്കി നാം അകറ്റി നിര്‍ത്തി. എന്നാല്‍ അവര്‍ മുറുകെ പിടിച്ച ആദര്‍ശവും ആശയ ഭദ്രതയും തിരിച്ച്ചറിഞ്ഞപ്പോള്‍ ചെറുതായി പോയത് ഇതുവരെ മനസ്സില്‍ കൊണ്ട് നടന്ന നമ്മുടെ തന്നെ മിഥ്യാ ധാരണകള്‍ ആയിരുന്നു. മറ്റു ചിലരെ നാം ബഹുമാനത്തില്‍ പൊതിഞ്ഞ് മനസ്സിലെ ക്ഷേത്രത്തില്‍ പൂവിട്ടു പൂജിച്ചു. എന്നാല്‍ അവര്‍ വാ തുറന്നപ്പോള്‍ വിസര്‍ജിച്ച വിഷം കണ്ട് അന്ധാളിച്ച് പോയെങ്കിലും അവരെ പടിയടച്ച് പിണ്ഡം വെക്കാനും ഇതേ സോഷ്യല്‍ മീഡിയ തന്നെ കാരണമായി. മറ്റു ചിലര്‍ നമുക്ക് മുന്നില്‍ വെറും പുസ്തകപ്പുഴുവോ സന്യാസിയോ ഒക്കെ ആയിരുന്നു. എന്നാല്‍ അവര്‍ തുറന്നിട്ട അറിവിന്‍റെ അക്ഷയ ഖനിയുടെ ആഴം കണ്ട് മൂക്കത്ത് വിരല്‍ വെക്കാന്‍ പോലും നാം മറന്നു പോകുന്നു! സോഷ്യല്‍ മീഡിയ അത്ഭുതം ആകുകയാണ്. കാണാത്തത് കണ്മുന്നില്‍ കാട്ടി തരുന്നു അത്! അറിയാത്തത് വിരല്‍തുമ്പില്‍ അറിയിച്ച് തരുന്നു അത്!

 

 

മറ്റു ചില സൌഹൃദങ്ങള്‍ ഉണ്ട്. അത് എങ്ങിനെ നിര്‍വചിക്കണം എന്നറിയില്ല. അവര്‍ അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് നടന്നു കയറിയവര്‍ ആണ്. വെറും ഒരു സുഹൃത്ത് എന്ന നിര്‍വചനം അവര്‍ക്ക് മതിയായതല്ല. അതിനപ്പുറം രക്തബന്ധങ്ങള്‍ക്ക് സമമായ ബന്ധനങ്ങള്‍ ആണത്. ഈ ജന്മത്തില്‍ നമുക്കൊപ്പം സഹോദരനോ സഹോദരിയോ, മകനോ മകളോ, അച്ചനോ അമ്മയോ ആകേണ്ടവര്‍. നമ്മളിലേക്ക് അവിചാരിതമായി കടന്നുവന്നപ്പോള്‍ മാത്രമാണ് നാം അവരെ തിരിച്ചറിയുന്നത്, ഇത്രനാള്‍ ഞാന്‍ അന്വേഷിച്ച മകന്‍, സഹോദരന്‍, അച്ഛന്‍ ഒക്കെ ഇവന്‍/ഇവള്‍ ആയിരുന്നു എന്ന്. ഈ സോഷ്യല്‍ മീഡിയ അവസാനിച്ച് പോയാലും അവസാനിക്കാതെ നില്‍ക്കുന്ന ചില ജീവിത യാഥാര്‍ത്യങ്ങള്‍ ആയി ഈ ബന്ധങ്ങള്‍ മരണം വരെ നിലനില്‍ക്കുക തന്നെ ചെയ്യും. രക്തബന്ധങ്ങള്‍ക്കും അപ്പുറം സമാനമായ മറ്റു ചില ബന്ധങ്ങള്‍ കൂടി ഈ ഭൂമിയില്‍ ഉണ്ട് എന്ന് നമുക്ക് തെളിയിച്ച് തന്നവര്‍ ആയിരിക്കും നാളെ നമുക്ക് അവര്‍. സോഷ്യല്‍ മീഡിയയില്‍ സദാ സഞ്ചരിക്കുകയും എന്നാല്‍ സ്വന്തമായി ഒരക്ഷരം പോലും പ്രതികരിക്കുകയോ, തന്‍റേതായ ഒരു വ്യക്തിത്വം സൃഷ്ടിക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഇങ്ങിനെ ഉള്ള സൌഹൃദങ്ങളും ബന്ധങ്ങളും ഒക്കെ വിദൂര ചിന്തകള്‍ക്കും അപ്പുറമാകാം!

 


@Dadu Shin

 

പുതിയ സൌഹൃദം സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നതിനോപ്പം ഉള്ള സൌഹൃദങ്ങളെ തകര്‍ക്കാനും അതിന് നിസ്സാരമായി സാധിക്കുന്നു. തുറന്നുള്ള അഭിപ്രായ പ്രകടനങ്ങള്‍ നഷ്ടമാക്കുന്നത് വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത സ്നേഹ ബന്ധങ്ങള്‍ ആയിരിക്കും. സോഷ്യല്‍ മീഡിയയില്‍ നാം ഉപയോഗിക്കുന്ന ഓരോ വാക്കുകള്‍ക്കും ഓരോ അര്‍ഥങ്ങള്‍ ഉണ്ട്. അത് ഒരല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാല്‍ നഷ്ടമാക്കുന്നത് നാം വളര്‍ത്തി വലുതാക്കിയ ചങ്ങാത്തങ്ങള്‍ ആയിരിക്കും. സോഷ്യല്‍ മീഡിയകളില്‍ ദിവസവും കയറി ഇറങ്ങുന്നവര്‍ക്ക് മാത്രം വളരെ വേഗത്തില്‍ മനസ്സിലാകുന്ന ചില സത്യങ്ങള്‍ മാത്രം ആണിത്. അല്ലാത്തവര്‍ക്ക് ഇതൊക്കെ അതിശയോക്തികള്‍ മാത്രമാകും. മാറുന്ന ലോകം സോഷ്യല്‍ മീഡിയകളുടെ കൈപ്പിടിയിലെക്ക് അമര്‍ന്നു കൊണ്ടിരിക്കുന്നു. ഇനിയുള്ള സൌഹൃദങ്ങളുടെ ഭാവി സോഷ്യല്‍ മീഡിയകളില്‍ അവര്‍ ഇടപെടുന്ന രീതി കൂടി അനുസരിച്ചിരിക്കും എന്ന് പറയാതിരിക്കാന്‍ വയ്യ. ഇനി മുതല്‍ ചന്തയില്‍ പോകുന്നതും ചായ കുടിക്കാന്‍ പോകുന്നതും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ആയി വീഴും. അപ്പോള്‍ അതിന് ലൈക്കും കമെന്റും കൊടുത്തില്ലെങ്കില്‍ പണി പാളും എന്ന് ഹാസ്യാത്മനാ പറയേണ്ടി വരുന്നുണ്ട്!

 

 

സോഷ്യല്‍ മീഡിയ വഴി പുതിയ സൌഹൃദങ്ങള്‍ തിരഞ്ഞു നടക്കുമ്പോള്‍, വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിലൂടെ നാം നേടിയെടുത്ത സുഹൃത്തുക്കളെ അവജ്ഞയോടെ ഓരങ്ങളില്‍ അകറ്റി നിര്‍ത്തിയിട്ടുണ്ടാവും. അല്ലെങ്കില്‍ കൂടുതല്‍ സൌഹൃദങ്ങള്‍ നേടിയെടുക്കാന്‍ ഉള്ള ആവേശത്തില്‍ പഴയത് മറന്നിട്ടുണ്ടാകും. എന്നാല്‍ കാച്ചി കുറുക്കിയെടുത്ത സൌഹൃദവും കുക്കറില്‍ വേവിച്ചെടുക്കുന്ന സൌഹൃദവും രണ്ടും രണ്ടാണ്. രണ്ടാമത് പറഞ്ഞതിന് പിരിഞ്ഞു പോകാന്‍ നിസ്സാര കാരണങ്ങള്‍ മതി. അതിനെ ഓര്‍ത്ത് ഒരു വേവലാതിയും അവര്‍ക്കുണ്ടാകുകയും ഇല്ല. എന്നാല്‍ ആദ്യം പറഞ്ഞത് അടിച്ചിറക്കിയാലും പിറ്റേന്ന് രാവിലെ പടിവാതിലില്‍ വളിച്ച പുഞ്ചിരിയോടെ നില്‍പുണ്ടാവും. കാരണം നമ്മുടെ ബലവും ബലഹീനതയും നേരിട്ട് കണ്ടവര്‍ ആണവര്‍. അത്ര വേഗം നമ്മളെ ഒഴിവാക്കി അകന്നു മാറാന്‍ അവര്‍ക്ക് കഴിഞ്ഞു എന്ന് വരില്ല. അതിനാല്‍ പെറ്റമ്മയെയും പോറ്റമ്മയെയും തിരിച്ചറിയാന്‍ നമുക്കാകണം. രണ്ടിലും നന്മകള്‍ ഉണ്ട്, തിന്മകളും. വിദൂരങ്ങളില്‍ ഇരുന്ന് അക്ഷരങ്ങളിലൂടെ സൃഷ്ടിക്കുന്ന മായാലോകത്തില്‍ സന്ധിയാകും മുമ്പ് രണ്ടു വട്ടം ആലോചിക്കുക. എല്ലാത്തിലും കല്ലും നെല്ലും ഉണ്ട്… എങ്കിലും എല്ലാ സൌഹൃദങ്ങളെയും കണ്ണുമടച്ച് നിരാകരിക്കാനോ സ്വീകരിക്കാനോ നില്‍ക്കേണ്ടതില്ല. ഇത് രണ്ടിനും ഇടക്ക് ഒരു മധ്യമ മാര്‍ഗം ഉണ്ട്. അതാണ്‌ സ്നേഹത്തിന്‍റെ, സൌഹൃദത്തിന്റെ ശരിയായ രേഖ!

 

 

Share on

മറ്റുവാര്‍ത്തകള്‍