Continue reading “അഴിമുഖ ചിന്തകള്‍”

" /> Continue reading “അഴിമുഖ ചിന്തകള്‍”

"> Continue reading “അഴിമുഖ ചിന്തകള്‍”

">

UPDATES

അഴിമുഖ ചിന്തകള്‍

                       
എന്റെ ചെറുപ്പ കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു അത്താണി ഉണ്ടായിരുന്നു. ഗ്രാമ പാതയുടെ ഓരത്ത്, ഊടുവഴികള്‍ സംഗമിക്കുന്ന സ്ഥാനത്ത് മൂന്നു കല്‍ത്തുണുകള്‍ ചേര്‍ത്തു വച്ച ഒരത്താണി. ചാലിയാറിന്റെ അഴിമുഖത്ത്, ബേപ്പൂര്‍ ലൈറ്റ് ഹൗസിന്റെ നിഴലില്‍, അസ്തമിക്കുന്ന സൂര്യനെ നോക്കിയിരിക്കുമ്പോള്‍, എന്തോ, എന്റെ മനസിലേക്ക് കടന്നു വന്നത് ആ അത്താണിയുടെ ഓര്‍മയാണ്. 
 
നാട്ടു വഴികളിലൂടെ, അങ്ങു ദൂരെയുള്ള ചന്തയിലേക്ക് പല സാമഗ്രികളും പൊയ്‌ക്കൊണ്ടിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലേയും ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലേയും കാര്‍ഷികോത്പന്നങ്ങളും, പാളയില്‍ സംഭരിച്ച തൈരും, മറ്റു സാധനങ്ങളും തലച്ചുമടായി ആ വഴി കടന്നു പോയി. തലയിലെ ഭാരമിറക്കി, യാത്രാ മധ്യേ അല്പം വിശ്രമത്തിനായി കച്ചവടക്കാര്‍ ഞങ്ങളുടെ അത്താണിയിലെത്തിയിരുന്നു. പല വഴികളുടേയും സംഗമ സ്ഥാനത്തുള്ള അത്താണിയുടെ തന്ത്രപരമായ പ്രാധാന്യം ഗ്രാമവാസികളുടെ ശ്രദ്ധയില്‍  പെട്ടിരുന്നോ എന്നറിയില്ല. പക്ഷേ, കുറച്ചു സമയം കൊണ്ടു തന്നെ അത്താണിക്കു ചുറ്റും ചന്തയുടേതായ ഒരു പരിസരം വളര്‍ന്നു വന്നു. ദൂരെ നിന്നെത്തുന്ന കച്ചവടക്കാര്‍ അത്താണിയെ ഒരിടത്താവളമാക്കി. ഗ്രാമത്തിലെ ഊടുവഴികളിലൂടെ ചെറിയ കുട്ടകളില്‍ കുരുമുകളും, വെറ്റിലയും, പാക്കും മുട്ടയുമെല്ലാം അത്താണിയിലേക്കെത്തി. ഇവയൊക്കെ വാങ്ങാന്‍ കച്ചവടക്കാരെത്തി. ഗ്രാമത്തിനു പുറത്തു നിന്നും വന്ന സാധനങ്ങള്‍ അത്താണിയില്‍ നിന്നും ഗ്രാമവാസികള്‍ വാങ്ങി. കൊടുക്കല്‍ വാങ്ങലുകള്‍ കൂടിയതോടെ അത്താണിയില്‍ ആള്‍ക്കാരുടെ പോക്കു വരവും കൂടി. അവരുടെ ആവശ്യങ്ങള്‍ക്കായി ആരോ ഒരു ചായക്കട തുടങ്ങി. അതിനടുത്താരോ ഒരു മാടക്കട തുടങ്ങി. താമസിയാതെ ഉന്തുവണ്ടികള്‍ എത്തി. അവര്‍ക്ക് അകമ്പടി ആയെന്ന പോലെ ഒരു കൊല്ലന്റെ ആലയും ആശാരിയുടെ പണിപ്പുരയും അത്താണിയില്‍ പ്രവര്‍ത്തനം തുടങ്ങി. അങ്ങനെ ഞങ്ങളുടെ അത്താണി ഒരു അറിയപ്പെടുന്ന വിപണന കേന്ദ്രമായി മാറി. 
 
അഴിമുഖഖത്തിനു വേണ്ടി ആദ്യ കുറിപ്പ് തയാറാക്കുന്നതോര്‍ത്ത് ചാലിയാര്‍ അഴിമുഖത്തിരുന്ന എന്റെ മനസിലേക്ക് അകാരണമായി, ആകസ്മികമായി തന്നെ ആ അത്താണി കടന്നു വരികയായിരുന്നു. അഴിമുഖത്ത് ഞാനും, ശാന്തമായി ഒഴുകുന്ന ചാലിയാറും മാത്രം. ആറിനപ്പുറം ആളൊഴിഞ്ഞ ബേപ്പൂര്‍ തുറമുഖം. കേരളത്തിന്റെ അഴിമുഖങ്ങളില്‍ നിന്ന് പണ്ടെങ്ങോ അണഞ്ഞു പോയ സമുദ്ര വാണിഭ പ്രതാപ കാലത്തിന്റെ ഓര്‍മ പോലെ അറബിക്കടലിനപ്പുറം അണയുന്ന സൂര്യന്‍. 
 
 
 
 
ഞങ്ങളുടെ അത്താണിക്കും ഒരു പ്രതാപ കാലമുണ്ടായിരുന്നു. ഏതാണ്ട്, തുറമുഖ സമാനമായ ഒരു പ്രതാപ കാലം. ഒരു വിപണന മാര്‍ഗത്തിലെ ഇടത്താവളമായി തുടങ്ങി, സ്വന്തം നിലയില്‍ ഒരു വിപണന കേന്ദ്രമായ ചരിത്രം. ബേപ്പൂരിലേക്ക് അറബികള്‍ വന്നു പോയ പോലെ അത്താണിയിലേക്ക് കച്ചവടക്കാര്‍ വന്നു പോയി. അവര്‍ കൊണ്ടു വന്ന ഈന്തപ്പഴവും ഊദും അത്തറും പോലെ അത്താണിയിലേക്ക് ചരക്കുകളെത്തി. അവരുടെ കപ്പലുകള്‍ക്ക് ബേപ്പൂര്‍ ഒരു സുരക്ഷിത താവളം ഒരുക്കിയതു പോലെ, ഗ്രാമ പാതയിലെ തലച്ചുമടുകള്‍ക്ക് അത്താണി ഒരു താങ്ങായി. ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളില്‍ നിന്നും ഉള്ള സാധനങ്ങള്‍ അത്താണി വഴി ഗ്രാമത്തിനു പുറത്തുള്ള ചന്തയില്‍ എത്തി. വയനാടന്‍ നാണ്യവിളകള്‍ ബേപ്പുര്‍ വഴി ലോക വിപണി തേടിയതു പോലെ. ക്രയ വിക്രയങ്ങള്‍ കൂടിയതോടെ അത്താണി തേടി ഉന്തുവണ്ടികള്‍ എത്തി. വണ്ടികള്‍ റിപ്പയര്‍ ചെയ്യാന്‍ ആശാരിയും കൊല്ലനുമെത്തി. ഇവരുടെ കൂട്ടുകച്ചവടത്തില്‍ ക്രമേണെ അത്താണിക്കലിലൊരു ഉന്തുവണ്ടി നിര്‍മാണ കേന്ദ്രം തുടങ്ങി. നാട്ടിലെ ആഞ്ഞിലി തടിയില്‍ തീര്‍ത്ത വണ്ടികള്‍ പുറം ലോകം തേടി യാത്രയായി- നിലമ്പുര്‍ തേക്കില്‍ പണിത ബേപ്പൂര്‍ ഉരു പോലെ. 
 
പിന്നീടെപ്പോഴോ അത്താണിയില്‍ ഒരു വില്ലുവണ്ടിയെത്തി. അതിലൊരു കങ്കാണിയെത്തി. കിലുങ്ങൂന്ന മടിശീലയും കുലുങ്ങുന്ന ചിരിയുമായൊരു കങ്കാണി. അയാള്‍ക്കാരോ ഗ്രാമത്തില്‍ ഇടം കൊടുത്തു. അവിടെ നിന്നയാള്‍ ചെറിയ തോതില്‍  കച്ചവടം തുടങ്ങി. ഗ്രാമപാതയിലൂടെ വരുന്ന സാധനങ്ങള്‍ അയാളുടെ വില്ലുവണ്ടിയിലുടെ പുറം നാട്ടിലേക്കു പോയി. കങ്കാണി കുലുങ്ങിച്ചിരിച്ചും മടിശീല കിലുക്കിയും കച്ചവടം നടത്തി. അയാള്‍ ഗ്രാമത്തിലെത്തുന്ന എല്ലാ ചരക്കുകളും വാങ്ങി. ഗ്രാമത്തിലെ കച്ചവടക്കാര്‍ കങ്കാണിയുടെ വില്ലുവണ്ടികള്‍ നിറച്ചു. അവ പിന്നീട് പുറം ലോകം തേടിപ്പോയി. 
 
 

                                                    Photo courtesy: Marco Bijmans
 
 
 
വില്ലുവണ്ടികള്‍ക്ക് അത്താണി ആവശ്യമില്ലായിരുന്നു. ക്രമേണെ ആര്‍ക്കും അത്താണി ആവശ്യമില്ലാതായി. അത്താണിക്കലെ കൊല്ലനും ആശാരിയും വില്ലു വണ്ടി ഉണ്ടാക്കാന്‍ തയാറായില്ല. അവിടുത്തെ മറ്റു കച്ചവടക്കാരും മാറ്റത്തിന് വിമുഖത കാട്ടി. അങ്ങനെ അത്താണിയിലെ കച്ചവട പ്രസ്ഥാനം ക്ഷയിച്ചു തുടങ്ങി. കാലക്രമേണ ഞങ്ങളുടെ അത്താണിയില്‍ ആരും വരാതായി. ഗ്രാമത്തില്‍ നിന്നും നിറഞ്ഞ വില്ലുവണ്ടികള്‍ അപ്പോഴും പുറത്തേക്ക് പൊയ്‌ക്കൊണ്ടിരുന്നു. കുറെയേറെ വര്‍ഷങ്ങള്‍ അങ്ങനെ പോയി. പിന്നീടെപ്പോഴോ കങ്കാണിയും വില്ലുവണ്ടികളും അപ്രത്യക്ഷമായി. അയാള്‍ മറ്റേതോ ഗ്രാമത്തിലേക്ക് പോയത്രെ. ഒഴിഞ്ഞ ഒരു കോണില്‍ അത്താണിയുടെ ഒടിഞ്ഞ കല്‍ത്തൂണുകള്‍ ഒരു പ്രതാപ കാലത്തിന്റെ അസ്ഥിപഞ്ചരം പോലെ നിലകൊണ്ടു. ഒരു തരം നിസംഗതയോടെ, നിശബ്ദമായി. 
 
ചാലിയാര്‍ അഴിമുഖവും ഏതാണ്ട് അതുപോലെ ആയിരിക്കുന്നു. മുരടിച്ചു പോയ ഒരു കച്ചവട സംസ്‌കാരത്തിന്റെ സാക്ഷിപത്രം. ഒഴിഞ്ഞു കിടക്കുന്ന തുറമുഖം, ശൂന്യമായ കപ്പല്‍ച്ചാല്‍, നിശബ്ദമായ അഴിമുഖം, ഒരു തരം നിസഹായത. അവിടെയിരുന്ന്  അഴിമുഖഖത്തിനു വേണ്ടി ഒരു കുറിപ്പ് ആലോചിക്കുമ്പോള്‍ ഒരു തരം ശൂന്യത ഉള്ളിലേക്ക് കടന്നു വരുന്നത് ഞാനറിഞ്ഞു. എങ്കിലും ഇടയ്‌ക്കെപ്പോഴൊക്കെയോ ബേപ്പൂര്‍ ലൈറ്റ് ഹൗസില്‍ നിന്നുള്ള വെളിച്ചത്തിന്റെ നാളം ഒരു പ്രത്യാശയെന്നവണ്ണം എന്റെ മേല്‍ പതിക്കുന്നുണ്ടായിരുന്നു. അതെന്നെ കടന്നു പോയി. അറബിക്കടലിന്റെ ആഴങ്ങളിലേക്ക്, ബേപ്പൂരിന്റേയും ചാലിയാറിന്റേയും കോഴിക്കോടിന്റേയും കേരളത്തിന്റെ തന്നെയും സമൃദ്ധമായിരുന്ന സമുദ്ര വ്യാപാര പ്രതാപ കാലത്തെ തിരിച്ചു കൊണ്ടു വരാനെന്ന വിധം.  അഴിമുഖത്തിില്‍ ഞാനെഴുതേണ്ടത് എന്താണ് എന്ന് മനസിലേക്ക് വരുന്നത് അറിയുന്നുണ്ടായിരുന്നു. ഒരു മഹത്തായ പാരമ്പര്യത്തിലേക്ക് വായനക്കാരുടെ ചിന്തകളെ മടക്കി കൊണ്ടു പോകേണ്ട ഒരു പരമ്പര തന്നെയാവണമത് എന്നു ഞാനുറപ്പിച്ചു. അവ വരും ലക്കങ്ങളില്‍.
 

Share on

മറ്റുവാര്‍ത്തകള്‍