Continue reading “തരൂരിനും വേണം സ്വകാര്യത, അത് ട്വിറ്ററിലായാലും.”

" /> Continue reading “തരൂരിനും വേണം സ്വകാര്യത, അത് ട്വിറ്ററിലായാലും.”

"> Continue reading “തരൂരിനും വേണം സ്വകാര്യത, അത് ട്വിറ്ററിലായാലും.”

">

UPDATES

കേരളം

തരൂരിനും വേണം സ്വകാര്യത, അത് ട്വിറ്ററിലായാലും.

                       

ടീം അഴിമുഖം

1990-കളില്‍ അന്നത്തെ യുഗോസ്ലാവിയയില്‍ യു.എന്‍ സമാധാന സേനാ തലവനായി ലഫ്. ജനറല്‍ സതീഷ് നമ്പ്യാര്‍ സേവനമനുഷ്ടിക്കുന്ന കാലം. അന്ന് ഡല്‍ഹിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ യു.എന്‍ സമാധാന സേനയുമായി ബന്ധപ്പെട്ട’ കാര്യങ്ങള്‍ നോക്കുന്നത് സതീഷ് നമ്പ്യാരുടെ സഹോരനായ വിജയ് നമ്പ്യാരായിരുന്നു. ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്തിരുന്ന് യുഗോസ്ലാവിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയിരുന്നത് അന്ന് യു.എന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശശി തരൂര്‍.

അന്ന് അമേരിക്കയ്ക്ക് യുഗോസ്ലാവിയയില്‍ വ്യക്തമായ താത്പര്യമുണ്ട്. സ്വാഭാവികമായും യു.എന്‍ സമാധാന സേനയുടെ ഇടപെടലും അമേരിക്കന്‍ താത്പര്യങ്ങളുമായി ചേര്‍ന്ന് പോയില്ല. യു.എന്‍ സമാധാന സേന ചെയ്യുന്ന ഓരോ കാര്യങ്ങളും അമേരിക്ക ചോര്‍ത്തുന്നതായി നമ്പ്യാര്‍ സഹോദരങ്ങള്‍ക്കും തരൂരിനും സംശയമുയര്‍ന്നു. ഇതിനെ മറികടക്കാന്‍ മൂവരും ചേര്‍ന്ന് കണ്ടെത്തിയ വഴിയായായിരുന്നു അവര്‍ തമ്മിലുള്ള പ്രധാന സംഭാഷണങ്ങളെല്ലാം മലയാളത്തിലാക്കുക എന്നത് – സംഭവം മുറിഞ്ഞ മലയാളത്തിലായിരുന്നെങ്കിലും അമേരിക്കയുടെ മുന്നില്‍ മുട്ടുമടക്കാതെ സതീഷ് നമ്പ്യാര്‍ പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു പോരികയായിരുന്നു.

പക്ഷേ ട്വിറ്ററിന്റേയും ഫേസ് ബുക്കിന്റെയുമൊക്കൊ കാര്യം അങ്ങനെയല്ലല്ലോ. പ്രത്യേകിച്ച് നിങ്ങള്‍ സംസാരിക്കുന്നത് പാക്കിസ്ഥാനിലുള്ള പത്രപ്രവര്‍ത്തകയോട് 140 വാക്കുകളുള്ള ട്വീറ്റുകളില്‍ കൂടിയാണെങ്കില്‍. യു.എന്നില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള കൂടുമാറ്റത്തില്‍ ട്വിറ്റര്‍ ഉപയോഗം ശശി തരൂരിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ലോകമെങ്ങുമുള്ള സംഭവവികാസങ്ങള്‍ തരൂരിന്റെ ട്വിറ്ററിലൂടെ കടന്നു പോയി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റാരും തന്നെ ട്വിറ്ററിനെ അത്ര കാര്യമാക്കാതിരുന്നപ്പോഴായിരുന്നു ഇതെന്നോര്‍ക്കണം.  കന്നുകാലി ക്ലാസ് വിവാദമൊക്കെ മറക്കാന്‍ സമയമായിട്ടുമില്ല- തരൂരിന്റെ  പി.ജി വുഡ്ഹൗസ് തമാശ അന്ന് മനസിലാകാത്തവരൊക്കെ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.
 

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗു പോലും ട്വിറ്ററിന്റെ സ്വാധീനത്തേയും സാധ്യതകളെയും തിരിച്ചറിഞ്ഞ് പിന്നീട് തരൂരിനോട് സംസാരിക്കുകയുണ്ടായി. തരൂര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നതിനെ കുറ്റം പറഞ്ഞ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അടക്കമുള്ളവര്‍ പിന്നീട് ട്വിറ്ററിന്റെ വലിയ വക്താക്കളായി മാറുതും കണ്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തെ സോഷ്യല്‍ മീഡിയ യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ തരൂരിന് ചെറുതല്ലാത്ത പങ്കുണ്ട്.

പക്ഷേ, ഓരോ നിമിഷവും  അപ്‌ഡേറ്റഡ് ആയിക്കൊണ്ടിരിക്കുന്ന ട്വിറ്റര്‍ യുഗത്തില്‍ നിങ്ങളുടെ സ്വകാര്യതയ്ക്കും ആശങ്കയ്ക്കുമൊന്നും യാതൊരു സ്ഥാനവുമില്ല. അതൊക്കെ ചെറിയ വാക്കുകളിലൂടെയാണെങ്കിലും ലോകത്തിനു മുന്നിലെത്തും. ഇതാണ് സുനന്ദ പുഷ്‌കര്‍ – തരൂര്‍ ദമ്പതികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസമായി ട്വിറ്റര്‍ ലോകം ചര്‍ച്ച ചെയ്യുന്നതിലെ യാഥാര്‍ഥ്യം.

സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുന്നത് ഇതാദ്യമല്ല. അമേരിക്കന്‍ പാര്‍ലമെന്റംഗമായിരുന്ന, വലിയൊരു രാഷ്ട്രീയ ഭാവി പ്രവചിക്കപ്പെട്ടിരുന്ന ആന്തണി വീനര്‍ ഒന്നുമല്ലാതായി പോയതിനു പിന്നിലും സോഷ്യല്‍ മീഡിയയില്‍ സ്വകാര്യത പങ്കുവച്ചതു തയൊയിരുന്നു. അദ്ദേഹം ചെയ്ത അബദ്ധം തന്റെ അര്‍ധനഗ്ന ചിത്രങ്ങള്‍ അപരിചിതരായ സ്ത്രീകളുമായി പങ്കുവച്ചതായിരുന്നു.
 

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളോ അതിലെ പോസ്റ്റിംഗോ ഒന്നും അധികം നിയന്ത്രണവിധേയമല്ല. ആര്‍ക്കും എന്തും പറയാമെന്നുള്ള സ്വാതന്ത്ര്യവും അതു തുറന്നു തരുന്നുണ്ട്. എന്നാല്‍ സ്വകാര്യതയും പൊതു ചര്‍ച്ചകളും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സ്വകാര്യതകള്‍ അവസാനിച്ചു കൊണ്ടിരിക്കുന്നതാണ് നമ്മുടെ ലോകം. ഇനിയും ഇത്തരം  അബദ്ധങ്ങള്‍ ട്വിറ്ററും ഫേസ്ബുക്കുമടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ നമുക്കു ചുറ്റിലും സംഭവിക്കാം. രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരുടെ കിടപ്പറ ജീവിതം ലൈവ് ആയി ട്വീറ്റ് ചെയ്യപ്പെടാന്‍ പോവുകയാണ്. എത്ര രാഷ്ട്രീയ സഖ്യങ്ങള്‍ അതു മൂലം തകരുമെന്നോ ആരൊക്കെ വിവാഹമോചനം തേടുമെന്നോ എതൊക്കെ കണ്ടു തന്നെ അറിയണം.

Share on

മറ്റുവാര്‍ത്തകള്‍