ഇന്ത്യ മക്കാര്‍ത്തിക്കാലത്തില്‍
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത അഭിഭാഷകനായ ജോസഫ് റെയ്മണ്ട് ‘ജോ’ മകാര്‍ത്തി കേമനായോരു അഭിഭാഷകനോ ധീരനായോരു പോരാളിയോ ആയിരുന്നില്ല. യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അയാള്‍ പേരെടുത്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നില്ല.
എന്നാല്‍, 1950 ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രാലയത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെയും ചാരശൃംഖലയുടേയും പട്ടിക തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്നതോടെ അയാള്‍ ദേശീയശ്രദ്ധയിലേക്ക് കുതിച്ചുയര്‍ന്നു. ഹോളിവുഡിലെ പ്രമുഖരേയും സ്വവര്‍ഗാനുരാഗികളെയും ചേര്‍ത്ത് അയാള്‍ പിന്നീട് തന്റെ പട്ടിക വിപുലമാക്കി. ഫലമോ: യു.എസിലെങ്ങും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കായി തെരച്ചിലുകള്‍; ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടമായി; നിരവധി പേര്‍ വര്‍ഷങ്ങളോളം അപമാനിക്കപ്പെട്ടു, നിന്ദക്കും വെറുപ്പിനും വിധേയരായി. അയാളുടെ തേര്‍വാഴ്ച്ച അധികകാലം നീണ്ടില്ല. 1954-ല്‍ യു.എസ് സെനറ്റ് അയാളെ താക്കീതു ചെയ്തു. മൂന്നു കൊല്ലത്തിനുശേഷം മദ്യാസക്തരോഗിയായി, 48-ആം വയസില്‍ അയാള്‍ മരിച്ചു.
ഇന്ത്യയുടെ മകാര്‍ത്തിക്കാലം
ആളുകള്‍ക്ക് നേരെ ദേശദ്രോഹത്തിന്റെയും അട്ടിമറിശ്രമത്തിന്റെയും നെടുങ്കന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ ഇംഗ്ലീഷില്‍ പൊതുവേ വിളിക്കുക McCarthyism എന്നാണ്.
നമ്മള്‍ മക്കാര്‍ത്തിക്കാലത്തേക്ക് എത്തിയിരിക്കുന്നു. ടി വി ചാനലുകളുടെ ഭ്രാന്തമായ ആവേശത്തിലൂടെ സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകളിലൂടെ രാഷ്ട്രീയ നിലപാടുകളിലൂടെ, നിരവധി മാധ്യമങ്ങളുടെയും മറ്റ് തലങ്ങളില്‍ ഉള്ളവരുടെയും സജീവമായ സഹായത്തോടെ, ഭരണകൂടം നമ്മെ വിഭജിക്കാന്‍ നേര്‍രേഖകള്‍ വരയ്ക്കുകയാണ് എന്നു മനസിലാക്കാന്‍ സമയമായി.
ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലാണ്; ടൈംസ് നൌ. ടൈംസ് നൌവിലെ എഡിറ്റര്‍ ഇന്‍ ചീഫും മുഖ്യ വാര്‍ത്ത അവതാരകനുമായ അര്‍ണോബ് ഗോസ്വാമി ചൊവ്വാഴ്ച തന്റെ ന്യൂസ് അവര്‍ പരിപാടിയില്‍ “നമ്മുടെ സൈന്യത്തെ അധിക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ജമ്മു കാശ്മീരിലെ ഏറ്റവും ശത്രുതാപരമായ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന നമ്മുടെ സൈന്യത്തേയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്യുന്ന,”‘കപട ഉദാരവാദികളെ’ കണക്കറ്റ് ചീത്ത വിളിച്ചു.
പിന്നെ ഗോസ്വാമി പരത്തിയൊരടിയാണ്;“അവരില്‍ ചിലര്‍ മാധ്യമങ്ങളില്‍ ഉള്ളവരാണെങ്കിലും എനിക്കൊന്നുമില്ല, അവരെയും വിചാരണ ചെയ്യണം.”
അയാള്‍ ഉന്നം വെച്ചവരില്‍ ഒരാളായ ബര്‍ഖ ദത്ത് തന്റെ ഫെയ്സ് ബുക് പോസ്റ്റില്‍ രൂക്ഷമായി പ്രതികരിച്ചു. ഗോസ്വാമിയോടുള്ള പുച്ഛം തിരിച്ചും അതേപോലെയാണെന്ന് അവര്‍ പറഞ്ഞു. “ഏതെങ്കിലും വിഷയത്തില്‍ നിങ്ങളുടെ അതേവശത്തുണ്ടാകുന്നത് എന്നെ കൊല്ലുന്നതിന് സമമാണെന്നും” അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്ററില്‍, അദ്ദേഹത്തിന്റെ ഇഷ്ടപദ്ധതി സ്റ്റാര്‍ട് അപ് ഇന്ത്യ, പാകിസ്ഥാന്‍ അനുകൂല പ്രെസ്റ്റിറ്റ്യൂറ്റ്സിനെ (press, prostitutes എന്നീ വാക്കുകള്‍ ചേര്‍ത്തു രൂപപ്പെടുത്തിയ വാക്ക്) ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റ് retweet ചെയ്യുന്നത് വരെയെത്തി തര്‍ക്കം. വാണിജ്യമന്ത്രാലയം പിന്നീടത് നീക്കം ചെയ്ത് മാപ്പ് പറഞ്ഞു.
പാകിസ്ഥാന്‍ അനുകൂലികളെയും ഇന്ത്യ വിരുദ്ധരെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിലായിരുന്നു കാര്‍ഗില്‍ വിജയ ദിവസം യുദ്ധത്തിലെ രക്തസാക്ഷികള്‍ക്കായി സമര്‍പ്പിച്ച ന്യൂസ് അവറിലെ ചര്‍ച്ച.
സൈന്യത്തെ കുറ്റപ്പെടുത്തുമ്പോള്‍ കാര്‍ഗില്‍ ധീരന്‍മാരെക്കുറിച്ച് ഒരു വാക്ക് പറയാനോ എഴുതാനോ പരാമര്‍ശിക്കാനോ തങ്ങള്‍ക്ക് അവകാശമുണ്ടോ എന്നു വ്യാജ-ഉദാരവാദികള്‍ സ്വയം ചോദിക്കണം എന്നാവശ്യപ്പെട്ടാണ് ഗോസ്വാമി ചര്‍ച്ച തുടങ്ങിയത്. പാകിസ്ഥാന്‍ ചാരസംഘടന ഐ എസ് ഐയുടെയും 26/11 ഭീകരാക്രരമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയിദിന്റെയും അനുഭാവികളാണ് അവരെന്ന് ഗോസ്വാമി ആരോപിച്ചു. കപട-ഉദാരവാദികള്‍ ഒരു വ്യാജ ആഖ്യാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും.
ചര്‍ച്ചയില്‍ ബി ജെ പി വക്താവ് സംബിത് പത്ര പറഞ്ഞു: “അതേ, ഹാഫിസ് സായിദിന് നിങ്ങളില്‍ (വ്യാജ-ഉദാരവാദികള്‍) ചിലരെ ഇഷ്ടമാണ്, എനിക്കതറിയാം. അയാള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള ചിലരെ ഇഷ്ടമാണെന്ന് പറയുന്ന ഒരു ദൃശ്യം പ്രചരിക്കുന്നുണ്ട്. പക്ഷേ ഇതൊക്കെ പറഞ്ഞാലും ഹഫീസ് സയിദ് ഒരു ഭീകരവാദിയാണ്.”
പത്രയോ ഗോസ്വാമിയോ ബര്‍ഖ ദത്തിന്റെ പേരെടുത്ത് പറഞ്ഞില്ല. പക്ഷേ ഒരു അഭിമുഖത്തില്‍ സയിദ് പറയുന്നതായുള്ള ദൃശ്യത്തില്‍ ഇങ്ങനെയാണ്,“അവിടെ ബര്‍ഖ ദത്തിനെ പോലുള്ളവരുമുണ്ട്, വളരെ നന്നായി സംസാരിക്കുന്നവരും അവിടെയുണ്ട്.”
ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ വേരുറപ്പിച്ചു തുടങ്ങിയകാലത്ത് NDTV-യില്‍ ദത്തിനോടൊപ്പം ജോലി നോക്കിയിട്ടുള്ള ഗോസ്വാമി ചര്‍ച്ചയില്‍ പറഞ്ഞു,“ഒരു വിഭാഗം മാധ്യമങ്ങള്‍ പറയുന്നത് കാശ്മീരിലെ സാഹചര്യം ഇത്ര വഷളായി നില്‍ക്കുമ്പോള്‍ നമ്മളീ വ്യാജ-ഉദാരവാദികളെ ചോദ്യം ചെയ്യരുത് എന്നാണ്. പക്ഷേ ഞാനിപ്പോള്‍ വിശ്വസിക്കുന്നത്, അവരെ പുറത്തുകളയാനുള്ള സമയമായി എന്നാണ്.”
ദത്ത് തിരിച്ചടിച്ചു;“ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ, ഒരു മാധ്യമ പ്രവര്‍ത്തകന്‍, ഒരു വിഭാഗം മാധ്യമങ്ങളെ ഐ എസ് ഐ ഏജന്‍റ് എന്നും ഭീകരാവാദികളുടെ അനുഭാവികളെന്നും ആക്ഷേപിച്ച്, അവര്‍ക്കെതിരെ നടപടിയെടുക്കാനും വിചാരണ നടത്താനും സര്‍ക്കാരിനോട് ആവശ്യപ്പെടുക. നമ്മുടെ സഹപ്രവര്‍ത്തകര്‍ രാഷ്ട്രീയമായി സൌകര്യമുള്ള പേടിയുള്ള മൌനത്തിലൊളിക്കുക. എന്തായാലും ഞാനങ്ങനെ ചൂളിയിരിക്കാന്‍ പോകുന്നില്ല. ഗോസ്വാമി, എത്ര നിങ്ങളെന്റെ പേര് നിങ്ങളുടെ പരിപാടിയില്‍ പ്രത്യക്ഷവും പരോക്ഷവുമായി ഉപയോഗിച്ചാലും, ഞാന്‍ നിങ്ങളുടെ അഭിപ്രായത്തിന് തരിമ്പുവിലയും കല്‍പ്പിക്കുന്നില്ല.”
ഒറ്റയാനായ ഭ്രാന്തനല്ല
അര്‍ണോബ് ഗോസ്വാമി ഒരു ഒറ്റയാള്‍ ഭ്രാന്തനല്ല. തന്റെ ആദ്യ ടി വി അഭിമുഖത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുന്നുകൊടുത്തത് ഇയാള്‍ക്കാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇഷ്ടഭാജനമാണയാള്‍. നമുക്കുചുറ്റും ഉയരുന്ന പുതിയ മക്കാര്‍ത്തിക്കാലത്തിന്റെ ഉച്ചഭാഷിണിയാണയാള്‍. വര്‍ഗീയ വലതുപക്ഷ രാഷ്ട്രീയത്തിന് രാജ്യത്തെ വിഭാഗീയമായി വിഭജിച്ചു, രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ അക്ഷീണം പ്രയത്നിക്കുകയും സഹായിക്കുകയുമാണയാള്‍.