സമൂഹത്തില്‍ ആണിനെപ്പറ്റിയുള്ള കാഴ്ചപ്പാട് ആറ് എന്ന സംഖ്യയ്ക്ക് ചുറ്റുമാണ്. ആറടി ഉയരം, ആറക്ക ശമ്പളം, ആറുകട്ട വയര്‍, ആറിഞ്ച് ലിംഗം… ഈ ആറക്ക കണക്കിനെപ്പറ്റിയാണ് ആണുങ്ങള്‍ സദാസമയം ആലോചിക്കുന്നത്.
കേരളവര്‍മ്മ കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തിലെത്തിയ സമയം. ഒന്നാംവര്‍ഷക്കാരുടെ ക്‌ളാസിലേക്ക് ഒരു സംഘം സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിച്ച് എത്തി. സിംഹത്തിന്റെയും മുയലിന്റെയും കഥ പറഞ്ഞ് വിദ്യാര്‍ത്ഥി നേതാവിന്റെ ചെറുപ്രസംഗം. കഥാന്ത്യത്തില്‍, പാവം മുയലിന്റെ പക്ഷത്താണോ ക്രൂരനായ സിംഹത്തിന്റെ കൂടെയാണോ എന്ന നിര്‍ണായക ചോദ്യം നേതാവ് സദസിലേക്കിട്ടു. സ്വാഭാവികമായും എല്ലാവരും മുയലിന്റെ പക്ഷം പിടിച്ചു. ഒരാള്‍ മാത്രം കൈയുയര്‍ത്തി സിംഹപക്ഷത്തേക്ക് ചാഞ്ഞു. മറുപടി കേട്ട് നേതാവിന്റെ യൗവ്വനം പകച്ചു. സിംഹത്തിനും വിശപ്പടക്കണ്ടേ എന്നായിരുന്നു ആ കുട്ടിയുടെ ന്യായം. സിംഹമെന്തിനാ പാവംജീവിയെ ‘കൊന്നുതിന്നുന്നത്’ എന്നെല്ലാം തട്ടിമൂളിച്ച് നേതാവ് തടിതപ്പി. ശക്തിദൗര്‍ബല്യങ്ങളുടെ രാഷ്ട്രീയം പറയാനെടുത്ത ഉദാഹരണകഥ പാളിയതാണ് അവിടെ കുഴപ്പമായത്. തീറ്റയുടെ കാര്യത്തില്‍ സിംഹം ഹിംസ്രജീവിയാകുന്നത് സ്വയംതീരുമാനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ അല്ലല്ലോ. സസ്യാഹാരികളായ മൃഗങ്ങളുടെ എണ്ണം കൂടാതെ നോക്കുകയെന്നതാണ് സിംഹസൃഷ്ടിയില്‍ പ്രകൃതി ഉദ്ദേശിച്ചിരിക്കുന്നത്. വെജിറ്റേറിയനാണ് നല്ലതെന്ന് സിംഹം ചിന്തിച്ചാലും അതിനൊത്ത് മാറണമെങ്കില്‍ കാലങ്ങളായി തുടരുന്ന ഭക്ഷണക്രമവും മാറ്റത്തിന് വിധേയമാകേണ്ടതുണ്ട്.
സിംഹമോ മുയലോ ആയി ഈ ലേഖനത്തിന് ബന്ധമില്ലെങ്കിലും കഥയിലെ ആന്റിക്‌ളൈമാക്‌സ് നമുക്ക് ആവശ്യമുണ്ട്. ഇരയുടെയും വേട്ടക്കാരന്റെയും താരതമ്യങ്ങള്‍ നാം നിത്യവും കേള്‍ക്കുന്നുണ്ട്, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍. മിക്കപ്പോഴും സ്ത്രീ ഇരയും പുരുഷന്‍ വേട്ടക്കാരനുമാകും. മനുഷ്യത്വരഹിതമായ വേട്ടകളെപ്പറ്റി ഇരകള്‍ പങ്കുവച്ച അനുഭവങ്ങളും നിരവധിയുണ്ട്. നിര്‍ഭാഗ്യവശാല്‍ അത് തുടരുകയുമാണ്. ജീവിതമെന്ന ഭൂമികയില്‍ തത്തുല്ല്യം സ്ഥാനമുള്ള പെണ്ണും ആണും എങ്ങനെയാണ് ഇരയും വേട്ടക്കാരനുമായി മാറിയത്? പറഞ്ഞുറപ്പിച്ച അനവധി ഉത്തരങ്ങളുണ്ടതിന്. ‘ഇര’കളോട് ഐക്യദാര്‍ഢ്യപ്പെട്ടും ‘വേട്ടക്കാരനെ’ തള്ളിപ്പറഞ്ഞും കൊണ്ടുതന്നെ ‘വേട്ട’യെ വേറിട്ടൊരു കോണിലൂടെ നോക്കുമ്പോള്‍ ഇതുവരെ കേള്‍ക്കാത്ത ഉത്തരമാണ് കിട്ടുക. ആ രീതിയില്‍ ഈയെഴുത്ത് വേട്ടയെപ്പറ്റിയും വേട്ടക്കാരായ ആണുങ്ങളെ കുറിച്ചുമാണ്. ആണുങ്ങളായി മാത്രം ‘ഒതുങ്ങി ജീവിക്കാന്‍’ അവസരമുള്ള വീരരെപ്പറ്റി. ആണായതു കൊണ്ടുമാത്രം മനുഷ്യത്വം പ്രകടിപ്പിക്കാന്‍ കഴിയാത്ത നിസഹായരായ മനുഷ്യരെപ്പറ്റി.
ലിംഗനീതിയ്ക്കും സമാധാനം നിറഞ്ഞ ജീവിതത്തിനും സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും മാറേണ്ടതുണ്ടെന്നാണ് ആഗസ്റ്റ് ആദ്യവാരം ‘മായ’യുടെ (MAYA) ആഭിമുഖ്യത്തില്‍ തൃശൂരില്‍ നടന്ന ‘വര്‍ക്കിംഗ് വിത്ത് മെന്‍ ആന്‍ഡ് ബോയ്‌സ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ ദേശീയശില്‍പശാലയുടെ സന്ദേശം. ഇതിന്റെ പശ്ചാത്തലത്തില്‍ ആണുങ്ങളെങ്ങനെ ആണുങ്ങളായെന്നും പെണ്ണുങ്ങളെങ്ങനെ പെണ്ണുങ്ങളായെന്നും എല്ലാക്കാലത്തും അവരിങ്ങനെത്തന്നെ ആയാല്‍ മതിയോയെന്നും അന്വേഷിക്കുകയാണ് ഈ ലേഖനം.
കരയാത്ത ധീരര്‍
ആണുങ്ങളായാല്‍ കരയരുത്. സങ്കടവും കരച്ചിലുമെല്ലാം പെണ്ണുങ്ങള്‍ക്കുള്ളതാണ്. ജനിച്ച നാള്‍ തൊട്ട് ആണുങ്ങളെ പഠിപ്പിക്കുന്നതാണിത്. ആണുങ്ങള്‍ ധീരരും സാഹസികരുമാണെന്നും ഘോഷമുണ്ട്. പക്ഷേ ആത്മഹത്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ ധീരരായ ആണുങ്ങള്‍ സ്ത്രീകളെ ബഹുദൂരം പിന്നിലാക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെ മാത്രം ആത്മഹത്യയുടെ കണക്കുകള്‍ പരിശോധിക്കാം. 2014-ല്‍ ഇന്ത്യയില്‍ ആകെ ആത്മഹത്യ ചെയ്തവര്‍ 1,31,666. പുരുഷന്മാര്‍ 89,129. സ്ത്രീകള്‍ 42,521. ട്രാന്‍സ്‌ജെന്‍ഡര്‍ 16. മനുഷ്യരുടെ ആത്മഹത്യാനിരക്ക് ആരോഗ്യകരമായ സമൂഹത്തെപറ്റിയുള്ള ശുഭസൂചനയല്ല. അതില്‍തന്നെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നായകസ്ഥാനം കൊണ്ടാടുന്നു എന്നവകാശപ്പെടുന്ന പുരുഷനാണ് കൂടുതലായി ആത്മഹത്യ ചെയ്യുന്നതെന്നത് കാര്യങ്ങളുടെ പോക്ക് ശരിയല്ലെന്നാണ് കാണിക്കുന്നത്. സ്ത്രീകളുടെ പലവിധ പീഡനത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന ‘പുരുഷപീഡന’ക്കാരുടെ ഇരവാദമല്ല കാരണമായി ഉന്നയിക്കാനുള്ളത്. പുറമേക്ക് സ്മാര്‍ട്ട് ആണെങ്കിലും പൊതുവില്‍ ഇന്ത്യന്‍ പുരുഷന്‍ അപകര്‍ഷതാബോധത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. ‘യഥാര്‍ത്ഥ ആണായി’ ജീവിക്കാന്‍ എടുത്തണിയുന്ന വേഷങ്ങളുടെ അമിതഭാരമാണ് ‘ആണുങ്ങള്‍ക്ക്’ വിനയാകുന്നത്.
വനിതാവിമോചന പ്രസ്ഥാനങ്ങളുടെ നാലു പതിറ്റാണ്ടത്തെ പരിശ്രമങ്ങള്‍ സ്ത്രീകളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയും പ്രശ്‌നങ്ങള്‍ പൊതുമധ്യത്തിലെത്തിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തു. പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ലെങ്കിലും സ്ത്രീപ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ വേദികളുണ്ടായെന്നതും അവരെ കേള്‍ക്കാന്‍ ആളുണ്ടായി എന്നതും വലിയമാറ്റമാണ്. ഇക്കാലംകൊണ്ട് മറ്റൊരു കാര്യവും ബോധ്യപ്പെട്ടു. സമൂഹത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് പുരുഷനെ കൂടി ഉള്‍ക്കൊള്ളുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതാണെന്ന്. സഹജീവിയായ സ്ത്രീയോട് ഹിംസ കാണിക്കുന്ന പുരുഷന്‍ ‘സമൂഹത്തിന്റെ’ സൃഷ്ടിയാണെന്ന പുതിയ നരവംശപാഠം ഉള്‍ക്കൊണ്ടുള്ള മാറ്റങ്ങളിലേക്ക് ഫെമിനിസം കടന്നു.
എവിടെപ്പോയി ആണത്തം
ആണുങ്ങളോടുള്ള ഏറ്റവും വലിയ വെല്ലുവിളിയായാണ് ‘ആണത്തമുണ്ടെങ്കില്‍ ചെയ്തു കാണിക്ക്’ എന്നത്. വെല്ലുവിളിയില്‍ തോറ്റുപോയാല്‍ ആണല്ലെന്ന് മറ്റുള്ളവര്‍ പറയുമെന്നതിനാല്‍ ജീവന്‍ അപകടത്തിലാക്കിയും പുരുഷന്‍ അതേറ്റെടുക്കും. കാഴ്ചയില്‍ മാത്രം ആണായിരുന്നാല്‍പ്പോരാ. അതിനുമപ്പുറമുള്ളതെന്തോ ആണ് ആണത്തം എന്നുവരുന്നു. ആണുങ്ങളുമായി ബന്ധപ്പെട്ടതാണ് ആണത്തം (masculintiy) എന്നും ഫെമിനിറ്റിയുടെ (പെണ്ണത്തം) നേര്‍വിപരീതമാണ് മാസ്‌കുലിനിറ്റി എന്നുമാണ് പൊതുധാരണ. ജാതി, മതം, ദേശം തുടങ്ങി നിരവധി അടരുകളിലായി കിടക്കുന്ന ഇന്ത്യന്‍ ജനതയെ ചൂണ്ടിക്കാട്ടി ഇതാണ് മാസ്‌കുലിനിറ്റി എന്ന് ചൂണ്ടിപ്പറയാനാവില്ല. പിന്നെന്താണ് ആണത്തം? നമ്മള്‍ അനുവര്‍ത്തിക്കുന്ന പിതൃമേധാവിത്വ വ്യവസ്ഥയുടെ (ptariarchy) സന്തതിയാണ് ആണത്തം. ആണത്തം എന്ന ഏകവചനത്തേക്കാള്‍ ആണത്തങ്ങള്‍ (masculinities) എന്ന ബഹുവചനമാണ് ശരിയെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സഞ്ജയ് ശ്രീവാസ്തവ പറയുന്നു. ആണത്തം എന്നത് ഏകമുഖിയല്ല, ബഹുമുഖിയാണെന്ന് സാരം.
സ്ത്രീയും പുരുഷനും പാട്രിയാര്‍ക്കിയുടെ വാഹകരാണ്. മൃദുത്വമുള്ളവരായി സ്ത്രീയും ദൃഢത്വമുള്ളവരായി പുരുഷനും പാട്രിയാര്‍ക്കിക്ക് വേണ്ടി വേഷമിടുന്നു. പാട്രിയാര്‍ക്കിയുടെ സന്തതിയായ മാസ്‌കുലിനിറ്റി അധികമായുള്ളതിനാല്‍ പുരുഷനാണ് പ്രധാന ഗുണഭോക്താവ്. അധികാരവും അതിന്റെ പ്രയോഗവുമാണ് കാതല്‍. തീക്ഷ്ണമായൊരു നോട്ടത്തില്‍ തുടങ്ങി വംശഹത്യ വരെ നീണ്ടതാണ് അതിന്റെ ചരിത്രവും വര്‍ത്തമാനവും. പാട്രിയാര്‍ക്കി സമൂഹത്തില്‍ ‘ആണുങ്ങള്‍’ക്ക് സ്ത്രീകളേക്കാള്‍ ഉന്നതസ്ഥാനം നല്‍കുന്നു. മാസ്‌കുലിനിറ്റിയാകട്ടെ, ആണുങ്ങളിലെ ശക്തനായ ആണിനെ (superior man) സൃഷ്ടിക്കുന്നു.
ശരീരശാസ്ത്രം അനുസരിച്ച് സ്ത്രീയുടെയും പുരുഷന്റെയും മസ്തിഷ്‌കങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. ആണായാലും പെണ്ണായാലും മനുഷ്യന്റെ പ്രവൃത്തിയും സ്വഭാവവും നിയന്ത്രിച്ചു നടപ്പാക്കുന്നത് മസ്തിഷ്‌കവും അതുള്‍ക്കൊണ്ട ഇന്ദ്രിയ കേന്ദ്രങ്ങളുമാണ്. സ്ഥിരവും താത്കാലികവുമായ നാഡീബന്ധങ്ങളുടെ സ്വാധീനതയില്‍ ഇന്ദ്രിയകേന്ദ്രങ്ങളില്‍ ഉടലെടുക്കുന്ന പ്രതികരണങ്ങളാണ് സ്വഭാവവും ചര്യകളും. ആന്തരികവും ബാഹ്യവുമായ ചുറ്റുപാടുകളില്‍ നിന്നുണ്ടാകുന്ന ചോദനകളാലാണ് നാഡീബന്ധങ്ങള്‍ രൂപപ്പെടുന്നത്. ചുറ്റുപാടുകളുടെ അവസ്ഥയും സ്വഭാവവുമാണ് സ്ത്രീയും പുരുഷനിലുമുള്ള സ്വഭാവവ്യത്യാസത്തിന് കാരണം. മതാചാരങ്ങള്‍, സാമൂഹ്യവഴക്കങ്ങള്‍, പാരമ്പര്യ സമ്പ്രദായങ്ങള്‍, വിശ്വാസങ്ങള്‍ ഇവയൊക്കെ സ്ത്രീക്ക് പ്രത്യേകമായ നടപ്പുക്രമവും പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണവും കല്‍പ്പിച്ച് പുരുഷനേക്കാള്‍ താഴെ നിറുത്തുന്ന സമൂഹമാണ് ഇന്നുള്ളത്. ഈ അടിമപ്പെടുത്തല്‍ (subjugation) തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറിയാണ് പെരുമാറ്റങ്ങളില്‍ വ്യത്യാസമുണ്ടാകുന്നത്. സാഹചര്യങ്ങളുടെ സൃഷ്ടിയാണ് സ്ത്രീപുരുഷ സ്വഭാവത്തിലെ സാമ്യമില്ലായ്മയുടെ അടിസ്ഥാനമെന്ന് വിശദീകരിക്കുന്നു മനസും ശരീരശാസ്ത്രവുമെന്ന ഗ്രന്ഥത്തില്‍ ഡോ.പി.കെ.നാരായണന്‍.
കുടുംബത്തില്‍ വലിയ അധികാരവും നായകത്വവുമുള്ള ഭര്‍ത്താവും പിതാവുമായ ഒരു തൊഴിലാളി, മറ്റൊരു പുരുഷനായ മേലധികാരിയുടെ കീഴില്‍, പ്രയാസമേതുമില്ലാതെ ഫാക്ടറിയില്‍ പണിയെടുക്കും. അയാള്‍ക്ക് ആണായതുകൊണ്ട് സമൂഹത്തിലും കുടുംബത്തിലും തീര്‍ച്ചയായും മുന്‍ഗണനകള്‍ കിട്ടുന്നുണ്ട്. എന്നാല്‍ അധികാരവും ശക്തിയും കൂടുതലുള്ള മറ്റൊരു ആണിനുമുമ്പില്‍ വിധേയനാവുന്നുമുണ്ട്. മറ്റിടങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന ആണത്താധികാര പ്രയോഗത്തിന്റെ ചെടിപ്പിനെ സ്ത്രീ \ കുടുംബം \ കുട്ടി പോലെ ‘ദുര്‍ബലരുടെ’ മേല്‍ ആഞ്ഞടിച്ച് ഇല്ലാതാക്കാന്‍ ഇതേ പാട്രിയാര്‍ക്കി അവനും അവസരം കൊടുക്കുന്നുമുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങളില്‍ ആണുങ്ങളല്ലേ പ്രതികളാകുന്നത്. പിന്നെന്തിനാണ് ഇതിലിത്ര ആലോചിക്കാനെന്നാണ് പൊതുവെയുള്ള ചിന്ത. പ്രത്യക്ഷത്തില്‍ ആണാണ് പ്രതിയെങ്കിലും കാലങ്ങളായി നടന്നുവരുന്ന ആ അക്രമപരമ്പരകളെ വിശകലനം ചെയ്യുമ്പോള്‍ മാസ്‌കുലിനിറ്റിയും പാട്രിയാര്‍ക്കിയുമാണ് കാരണക്കാരെന്ന് തെളിയും. ആഴത്തില്‍ പരിശോധിച്ചാല്‍ പാട്രിയാര്‍ക്കിയാണ് സകല ഹിംസകളുടെയും ഹേതുവെന്നും മനസിലാകും. യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിഞ്ഞാല്‍ പരിഹാരത്തിലെത്തുക എളുപ്പമാണ്. പക്ഷേ, കടലില്‍ ഉപ്പെന്ന പോലെയാണ് പാട്രിയാര്‍ക്കിയും മാസ്‌കുലിനിറ്റിയും സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത്. തിരിച്ചറിയലും തിരുത്തലും ഏറെ ശ്രമകരം.
എന്താണ് പാട്രിയാര്‍ക്കി
മക്കള്‍ക്ക് സ്വത്തവകാശമുള്ള ജാതിമുറയാണ് ‘പിതൃദായ ക്രമം’. പിതൃമേല്‍ക്കോയ്മയുള്ള ഈ സമ്പ്രദായത്തില്‍ പിതാവാണ് പരമാധികാരി. പിതാവില്‍ നിന്ന് പുത്രനിലേക്കാണ് പിന്തുടര്‍ച്ചാവകാശം. കുടുംബപരമായും സാമൂഹ്യമായും അനുവര്‍ത്തിക്കുന്ന ഈ വ്യവസ്ഥിതിയാണ് പാട്രിയാര്‍ക്കി. അധികാരത്തിലൂന്നിയ ഈ വ്യവസ്ഥയുടെ നാഥന്‍ പുരുഷനാണ്. തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും പുരുഷനാണ്. സ്ത്രീകള്‍ ഭരിക്കുന്ന കുടുംബങ്ങളിലും സ്ഥാപനങ്ങളിലും പുരുഷന്റേതെന്ന് പറയുന്ന ‘ആണത്ത’ പ്രയോഗം തന്നെയാണുള്ളത്. മാസ്‌കുലിനിറ്റിക്ക് ലിംഗഭേദമില്ല.
അധികാരം ആണിലൂടെ എന്നതാണ് പാട്രിയാര്‍ക്കിയുടെ വിളംബരവാക്യം. അധികാരം ശക്തരിലൂടെ എന്നതാണ് കുറെക്കൂടി ശരി. ശാരീരികമായും മാനസികമായും മൃദുവായവരെ അടിച്ചമര്‍ത്തി ശക്തരെയും സാഹസികരെയും അധികാരമേല്‍പ്പിക്കും. അധികാരവും സമ്പത്തും എല്ലാക്കാലത്തും മിക്ക മനുഷ്യരെയും കൊതിപ്പിച്ചിട്ടുണ്ട്. അധികാരപ്രയോഗത്തിന് അവസരം ലഭിക്കാനായി എന്തുത്യാഗത്തിനും തയ്യാറുമാണ്. സഹസ്രാബ്ദങ്ങളായി ഒരേ വ്യവസ്ഥയിലൂടെ കടന്നുവന്നതിന്റെ മേല്‍ക്കൈ നിമിത്തം പുരുഷനാണ് പാട്രിയാര്‍ക്കിയിലേക്ക് എളുപ്പം ആകര്‍ഷിക്കപ്പെടുന്നത്. ‘പുരുഷലക്ഷണങ്ങള്‍’ കാണിക്കുന്ന സ്ത്രീകളും വിജയിക്കാറുണ്ട്. അധികാരം കൈയാളുന്നവര്‍ക്ക് ചില പ്രത്യേക ചിഹ്നങ്ങള്‍ വേണമെന്നതിനാല്‍, ചെന്നായയുടെ തോലിട്ട ആടിന്റെ വേഷത്തിലാണ് ‘മാസ്‌കുലിന്‍ ആണുങ്ങള്‍’ പ്രത്യക്ഷപ്പെടുക. ഉറക്കെ കുരയ്ക്കാം എന്ന മെച്ചംകൊണ്ടു മാത്രം ദുരിതങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.
സങ്കടം, കരച്ചില്‍, പേടി, ചിരി, സമഭാവന, സംസാരം, സൗഹൃദം… തുടങ്ങിയ വികാരവിചാരങ്ങളെല്ലാം ദുര്‍ബലരുടെ\അധമരുടെതാണ്. ആണുങ്ങള്‍ ആരോഗ്യദൃഢഗാത്രരും ഉറച്ച ശബ്ദമുള്ളവരും ധീരരുമാണ്. ധീരരാരും തളരില്ലെന്ന മുന്‍ധാരണയില്‍, ജൈവികമായി ആണാണെങ്കിലും, ഇത്തരം മാനുഷികവികാരങ്ങള്‍ കാണിക്കുന്നവരെ ‘പെണ്ണെ’ന്ന കള്ളിയിലാണ് ഉള്‍പ്പെടുത്തുക. ജൈവികമായും സാമൂഹ്യപരമായും പെണ്ണ് ദുര്‍ബലയാണെന്നും ആണുങ്ങളാല്‍ ഭരിക്കപ്പെടേണ്ടവരുമാണെന്നും കാലങ്ങള്‍കൊണ്ട് അരക്കിട്ടുറപ്പിച്ചിട്ടുമുണ്ട്. നിലനില്‍പ്പിന്റെ ഭാഗമായി പാട്രിയാര്‍ക്കി തന്നെയാണ് പെണ്ണത്തവും (feminine) സൃഷ്ടിച്ചുള്ളത്.
ലിംഗം നുണയാണ്
ആണ് ആണത്തം, പെണ്ണ് പെണ്ണത്തം തുടങ്ങിയ വിഭജനങ്ങള്‍ ജനനത്തിലൂടെ കിട്ടുന്നതാണെന്നാണ് നമ്മുടെ പഠിപ്പ്. എന്നാല്‍ ആണത്തവും (masculine) പെണ്ണത്തവും (feminine) ജൈവീകമല്ലെന്നും സാമൂഹ്യനിര്‍മ്മിതിയും പ്രകടനവുമാണെന്നും നിരീക്ഷിക്കുന്നു പ്രമുഖ തത്വചിന്തകയും ജെന്‍ഡര്‍ തിയറിസ്റ്റുമായ ജൂഡിറ്റ് ബട്‌ലര്‍ (Judith butler). മനുഷ്യക്കുഞ്ഞായി ജനിക്കുന്ന ജീവിയെ ലിംഗവേര്‍തിരിവുകളുടെ കള്ളിയിലാക്കുന്നത് പാട്രിയാര്‍ക്കിയാണ്. വ്യക്തമായ ശക്തിദൗര്‍ബല്യങ്ങളുടെ വേര്‍തിരിവുകളിലൂടെയേ അതിന് നിലനില്‍പ്പ് സാധ്യമാകൂ.
മറ്റൊരു പുരുഷന്റെ അധികാര പ്രയോഗവും ആത്മനിഷ്ഠാപരമായ അക്രമവാസനയുമാണ് സ്ത്രീയെ ആക്രമിക്കാന്‍ പുരുഷനെ പ്രാപ്തനാക്കുന്നതെന്ന് മിഷേല്‍ കാഫ് മന്‍ വിശദീകരിക്കുന്നു. സമൂഹത്തിന്റെ പിന്തുണയാലാണ് ആണത്തമുള്ള അക്രമകാരി പുരുഷന്‍ രൂപം കൊള്ളുന്നത്. പുരുഷമേധാവിത്വ ക്രമത്തില്‍ വളരുന്ന ആണ്‍കുട്ടി സ്വാഭാവികമായും അതിന്റെ ഭാഗമാകും. തനിക്കുള്ള വിശേഷാധികാരം ഉറപ്പിക്കുന്നതിനായി വീട്ടിനകത്തും പുറത്തുമുള്ള സ്ത്രീകളെ പലവിധ പീഡനത്തിന് വിധേയപ്പെടുത്തും. ഇത്തരം ആണ്‍ അന്യായങ്ങള്‍ക്ക് സ്റ്റേറ്റും മതങ്ങളും രാഷ്ട്രീയപാര്‍ട്ടികളും അനുകൂലവുമാണ്. ചവറിന് തീപിടിച്ചാല്‍ ഉടന്‍ പൊലീസിനെ അറിയിക്കാന്‍ ജാഗ്രത കാട്ടുന്നവര്‍ അയല്‍വീട്ടില്‍ സ്ത്രീകളെ തല്ലുന്നതിന്റെ ബഹളം കേട്ടാലും പുരുഷനെതിരെ പരാതി പറയാന്‍ നില്‍ക്കാറില്ല. അതവരുടെ ‘സ്വകാര്യത’യല്ലേ എന്നായിരിക്കും ന്യായം. തല്ലിയുംകൊന്നും ശക്തി കാണിക്കുന്ന പാട്രിയാര്‍ക്കിയോട് സമൂഹത്തിനെന്നും മമതയാണ്.
പെണ്ണിനുണ്ട്, ആണിനില്ല
ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പ്രസവിക്കുന്നതും പാലൂട്ടി വളര്‍ത്തുന്നതും ആഹാരം കൊടുക്കുന്നതും സ്ത്രീകളാണ്. കളിപ്പാട്ടങ്ങളിലും കളികളിലും ആഹാരത്തിലും ഉടുപ്പിലും എല്ലാം ആണ്‍പെണ്‍ വേര്‍തിരിവുണ്ടെങ്കിലും കൗമാരത്തിലേക്ക് കടക്കുന്നതോടെയാണ് കുട്ടികളില്‍ ആണത്തവും പെണ്ണത്തവും കൂടുതലായി പ്രകടമാകുക. പലതരം പ്രയാസങ്ങളുണ്ടെങ്കിലും ഋതുമതിയാകുന്നത് പെണ്‍കുട്ടിയെ സംബന്ധിച്ച് കുറച്ച് ഗുണകരമാണ്. ശരീരത്തെയും സെക്‌സിനെയും പ്രത്യുത്പാദനത്തെയും പറ്റി അറിവ് കിട്ടുന്നു. മാതാവും മറ്റ് മുതിര്‍ന്ന സ്ത്രീകളുമായുള്ള സമ്പര്‍ക്കമാണ് പെണ്‍കുട്ടിയെ ഒരുപരിധിവരെ സഹായിക്കുന്നത്. ആണ്‍കുട്ടികളെ സംബന്ധിച്ച് പ്രായപൂര്‍ത്തിയാവല്‍ പ്രക്രിയ എപ്പോഴാണെന്നോ എന്താണെന്നോ കൃത്യമായി അറിയാനാവാത്ത ഇരുണ്ടപ്രതിഭാസമാണ്. ഒരു നിശ്ചിതകാലയളവില്‍ ജീവിതം പെട്ടെന്ന് മാറും. മാതാവുള്‍പ്പെടെയുള്ള സ്ത്രീകള്‍ അകലം പാലിക്കും. പിതാവും പുരുഷന്മാരും കടന്നുവരും.
അമ്മക്കുട്ടി ആണത്തത്തിലേക്ക് കടക്കുമ്പോള്‍ അങ്കലാപ്പിലാകും. നിന്റെ സ്വഭാവങ്ങളും ചിന്തയും ‘ആണുംപെണ്ണുംകെട്ട’താണെന്ന് ചുറ്റുമുള്ള ആണ്‍ലോകം ആവര്‍ത്തിക്കുന്നതോടെ ആത്മാഭിമാനം നിലനിറുത്താന്‍ ജനനം മുതലുള്ള ശീലങ്ങളെയും സൗമ്യതകളെയും ഒറ്റയടിക്കൊഴിവാക്കി പുരുഷാവരണത്തിലേക്ക് മാറുന്നു. അതോടെ സ്വത്വം നഷ്ടപ്പെടും. മനസ് തുറക്കാനാകാതെ ഏകാകിയും അരക്ഷിതനുമാകും. ഈയവസ്ഥയില്‍ നിന്ന് മോചിതനാകാന്‍ അധികാരപ്രയോഗമെന്ന ഒറ്റവഴിയേ മുമ്പിലുള്ളൂ. അപ്പോഴത്തെ നൈമിഷിക ‘സുഖ’ത്തിലൂടെ വ്യാജസുരക്ഷിതത്വം കിട്ടും. എത്രമാത്രം അസ്വസ്ഥനും അരക്ഷിതനുമാകുന്നുവോ അത്രമേല്‍ തീവ്രമായി ഈ സുരക്ഷിതത്വത്തിലെത്താന്‍ ക്രൂരതയില്‍ അഭയം തേടും. യൗവ്വന കാലത്തെ മാനസികവ്യഥകളും ആണാണെന്ന തിരിച്ചറിവും കൂടിക്കലരുമ്പോള്‍, തളര്‍ന്നവശനായിട്ടും യുദ്ധം ചെയ്യേണ്ടിവരുന്ന യോദ്ധാവിനെ പോലെ, ‘ആണത്ത’ത്തെ പോഷിപ്പിക്കേണ്ട ദുരവസ്ഥ. ദുര്‍ബലരായവരെ കടന്നാക്രമിച്ച് അധികാരത്തിന്റെ രുധിരമധുരം നുണയാനുള്ള വ്യഗ്രത.
പാട്രിയാര്‍ക്കി പ്രതീകങ്ങള്‍
സമൂഹത്തില്‍ ആണിനെപ്പറ്റിയുള്ള കാഴ്ചപ്പാട് ആറ് എന്ന സംഖ്യയ്ക്ക് ചുറ്റുമാണ്. ആറടി ഉയരം, ആറക്ക ശമ്പളം, ആറുകട്ട വയര്‍, ആറിഞ്ച് ലിംഗം… ഈ ആറക്ക കണക്കിനെപ്പറ്റിയാണ് ആണുങ്ങള്‍ സദാസമയം ആലോചിക്കുന്നത്. മിക്കപ്പോഴുമത് ആറിഞ്ച് ലിംഗത്തിലും ആറുകട്ട വയറിലുമാണ് ചുറ്റിത്തിരിയുക. സ്ത്രീകളെ ആകര്‍ഷിക്കുക, വിധേയപ്പെടുത്തുക എന്നതാണ് ഉദ്ദേശം. തരളിതഭാവങ്ങളെ ഉപേക്ഷിച്ചതിനാല്‍ പുറംമോടികളിലൂടെയേ ഇണയെ ആകര്‍ഷിക്കാനാകൂ എന്നാണ് ആണ്‍ധാരണ. ഈ അടയാളങ്ങളെ നിരന്തരം പുതുക്കുന്നതിനാല്‍ പുനരാലോചനയക്ക് ഇടം കിട്ടാറുമില്ല. കുറച്ചുകാലം മുമ്പുവരെ നാലുംകൂട്ടി മുറുക്കലും ബീഡിവലിയും ആണത്തത്തിന്റെ ലക്ഷണമായിരുന്നു. ഇന്ന് മുറുക്കും ബീഡിവലിയും കേമത്തമെന്ന് കരുതുന്നവര്‍ കുറവാണ്. ആഢ്യത്വത്തിന്റെയും ആണത്തത്തിന്റെയും ലക്ഷണമായിരുന്ന കുംഭ ആറുകട്ട വയറിലേക്ക് ചുരുങ്ങിയതും (കഷ്ടപ്പെട്ട് ചുരുക്കുന്നതാണ്) പാട്രിയാര്‍ക്കിയുടെ സൂക്ഷ്മ ഇടപെടലിന് ഉദാഹരണം.
പാട്രിയാര്‍ക്കിയെയും ആണത്തത്തെയും വാഴ്ത്തുന്ന സംഗതികളാണ് നമുക്കു ചുറ്റിലും. അവയുടെ മോഹവലയത്തില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ ചെയ്യുന്നതില്‍ അപാകതയുണ്ടെന്ന് തോന്നുകയുമില്ല. അപകര്‍ഷതാബോധവും ദുരഭിമാനവും ഇതിന്റെ ബാക്കിപത്രമാണ്. 2012-ല്‍ റോഡപകടത്തില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,39,091. ഇതില്‍ 1,18,533 പേരും പുരുഷന്മാരാണ്. യുദ്ധത്തിലല്ല ഇത്രയും പേര്‍ അകാലത്തില്‍ ഓര്‍മ്മയാകുന്നത്. 21 മുതല്‍ 50 വരെ പ്രായമുള്ള പുരുഷന്മാരുടെ മരണനിരക്കാണ് കൂടുതല്‍. കുടുംബം പോറ്റേണ്ടവരും കുടുംബനാഥന്മാരും ആയിട്ടുള്ള പുരുഷന്മാരാണ് റോഡില്‍ പൊലിയുന്നത്. അമിതവേഗത, അശ്രദ്ധ, മദ്യപാനം, തെറ്റായ ഡ്രൈവിംഗ്, മോശം റോഡ് തുടങ്ങിയവയാണ് പ്രത്യക്ഷകാരണങ്ങള്‍ പലതുണ്ടെങ്കിലും ‘ആണ്‍’ എന്ന തോന്നലാണ്, ആണത്തത്തിന്റെ അടയാളപ്പെടുത്തലായ ധീരതയും സാഹസികതയുമാണ് മരണങ്ങളുടെ പ്രധാനകാരണം. റോഡുനിയമങ്ങള്‍ പാലിച്ചും സഹഡ്രൈവര്‍മാരെ മാനിച്ചും വാഹനമോടിക്കുന്നത് പോരായ്മയാണ്. പകുതിയോളം സ്ത്രീ ഡ്രൈവര്‍മാര്‍ നിരത്തിലുണ്ടെങ്കിലും അപകടമരണങ്ങള്‍ കൂടുതലും ആണുങ്ങളിലാണെന്നത് മാസ്‌കുലിനിറ്റിയുടെ തീവ്രത കാണിക്കുന്നു. കുടുംബം നോക്കേണ്ട ഉത്തരവാദിത്തം ചെറുപ്പത്തിലേ ആണിന്റെ ചുമലിലാകുന്നു. 25 ലക്ഷത്തോളം അയല്‍സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കവേയാണ് യുവജനസംഘടനകള്‍ ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം എന്ന് വാദിക്കുന്നത്. ദിവസക്കൂലിക്കാരേക്കാള്‍ കുറഞ്ഞ ശമ്പളമാണെങ്കിലും വൈറ്റ് കോളര്‍ ജോലിയാണ് നല്ലതെന്ന ഈ ദുരഭിമാനം ഉണ്ടാക്കുന്നതും അമിതമദ്യപാനം, പുകവലി, മയക്കുമരുന്ന് തുടങ്ങിയവയിലേക്ക് ആണ്‍കുട്ടികള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നതിനും കാരണം മാസ്‌കുലിനിറ്റിയുടെ പ്രഭാവമാണ്.
ആണത്തത്തെ ഉത്തേജിപ്പിച്ചാണ് രാഷ്ട്രങ്ങളും മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നിലകൊള്ളുന്നത്. സമൂഹത്തിലും സാംസ്‌കാരത്തിലും ഇഴചേര്‍ന്ന പാപബോധത്തിന്റെ വിത്തുകള്‍ മതത്തിന്റെ സംഭാവനയാണ്. ആണ്‍പെണ്‍ വേര്‍തിരിവുകള്‍ കൃത്യമായി പിന്തുടരാന്‍ മനുഷ്യരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നതും ഈ മതബോധമാണ്. ആണത്തത്തിന്റെ സാഹസികതകളാണ് വിപ്‌ളവങ്ങളുടെ ഊര്‍ജം. ആണത്തത്തെ ഊതിപ്പെരുപ്പിച്ചാണ് രക്തസാക്ഷികളെ സൃഷ്ടിക്കുന്നത്. വെറുപ്പിന്റെയും രാജ്യസ്‌നേഹത്തിന്റെയും മൂശയിലിട്ട് വാഴ്ത്തിയാണ് യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നത്. ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും ചിഹ്നങ്ങളെല്ലാം ശത്രുതയുംധീരതയും മുഖമുദ്രയാക്കിയ ആണത്തരൂപങ്ങളാണെന്നതും ശ്രദ്ധേയം.
ആണത്തത്തിന്റെ പ്രധാനപ്രായോജകരാണ് വിപണിയും മാദ്ധ്യമങ്ങളും. പരസ്യം, സിനിമ, ടിവി, പത്രം, ഇന്റര്‍നെറ്റ് തുടങ്ങിയവയാണ് മാസ്‌കുലിനിറ്റിയെ നിലനിര്‍ത്തുന്നതും പുതുക്കുന്നതും. സ്ത്രീകള്‍ ‘സംരക്ഷിക്ക’പ്പെടേണ്ടവരാണെന്ന് ആവര്‍ത്തിച്ച് പഠിപ്പിക്കുന്ന മാദ്ധ്യമങ്ങള്‍ പുരുഷനെ ഒന്നാംനിരയില്‍ തുടരാനും അനുവദിക്കുന്നു. അടിവസ്ത്രം മുതല്‍ ഏതെല്ലാം ബ്രാന്‍ഡഡ് സാധനങ്ങളുള്ളവരാണ് ആണ്‍ ഗണത്തില്‍ പെടുകയെന്ന് തീരുമാനിക്കുന്നത് പരസ്യവിപണിയാണ്. സൂപ്പര്‍മാന്‍ നായകനായി സിനിമയും ആണിനെ അവതരിപ്പിക്കുമ്പോള്‍ മാറേണ്ടതില്ലെന്ന ഉറച്ചബോധ്യമാണ് ഉണ്ടാകുന്നത്.
മേല്‍ക്കോയ്മയുടെ ലോകം
സ്വത്വത്തിനും സന്തോഷത്തിനും അധികാരം അത്യാവശ്യമാകുന്നതോടെ പുരുഷന്മാര്‍ മേല്‍ക്കോയ്മയുടെ ലോകം സൃഷ്ടിക്കുന്നു. മത്സരിക്കുക, വിജയിക്കുക, വെട്ടിപ്പിടിക്കുക എന്നതാകുന്നു ജീവിതവ്രതം. അധികാരത്തിനു വേണ്ടി ഹിംസയിലേക്കുള്ള യാത്രയില്‍ ചിരിക്കാനും സന്തോഷിക്കാനും മറക്കുന്നവര്‍. സഹജീവിയോട് സമഭാവനയോടെ പെരുമാറാന്‍ അറിയാത്തവര്‍. പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സമത്വമാണ് ലക്ഷ്യമിട്ടതെങ്കിലും കാലങ്ങളേറെയായിട്ടും മരീചിക മാത്രം. മേല്‍ക്കോയ്മയും അധികാരശ്രേണിയും ഇവയുടെ ഭാഗമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള മേല്‍ക്കോയ്മയുള്ളിടത്ത് ലിംഗസമത്വം അസാധ്യമാണെന്നതാണ് ചരിത്രപാഠം. ലിംഗഭേദനങ്ങള്‍ക്ക് അപ്പുറം മനുഷ്യരെ പരിഗണിക്കുന്ന പ്രക്രിയക്കേ പുതുലോകം സൃഷ്ടിക്കാനാകൂ. ഇന്നതാണ് പാട്രിയാര്‍ക്കി, മാസ്‌കുലിനിറ്റി എന്ന് തൊട്ടുകാണിക്കുകയും തിരിച്ചറിയുകയും പ്രയാസമാണെങ്കിലും കയ്യില്‍കൊണ്ടുനടക്കുന്നത് അണുബോംബാണ്. കൊണ്ടുനടക്കുന്ന ആണുങ്ങളെയും മനുഷ്യരാശിയെ മൂടോടെയും നശിപ്പിക്കാന്‍ ഉഗ്രശേഷിയുള്ള ബോംബ്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)