UPDATES

അഴിമുഖം ക്ലാസിക്സ്

അവര്‍ മൃതദേഹം ചുമന്നു ഇനിയും നടക്കും; നമ്മുടെ പൊങ്ങച്ചങ്ങളേയും നെറികേടുകളേയും കീറിമുറിച്ച്

ഇതൊന്നും നമുക്കൊരു പുതുമയുള്ള കാഴ്ചയല്ല, ഇന്ത്യന്‍ സാഹചര്യത്തിന്റെ നേര്‍പ്പതിപ്പ് തന്നെയാണിത്.

                       

ഒഡീഷയില്‍ ദാനാ മാജിയും മകള്‍ 12 വയസുകാരി ചൗലയും നടന്നുതീര്‍ത്ത 12 കിലോമീറ്റര്‍ ദൂരം ഇന്ത്യ എന്താണെന്ന് വെളിവാക്കുന്നതാണ്. ഈ രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥ മുതല്‍ നമ്മുടെ വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ പരാജയവും ഈ പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങളോടുള്ള നമ്മുടെ നെറികെട്ട സമീപനവും എല്ലാം ഇതിലുണ്ട്. ഈ ആധുനിക ഇന്ത്യയുടെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഒരു സിനിമയും ഒരു ഡോക്യുമെന്ററിയും ഒരു വാര്‍ത്തയും ഒന്നും പറയാറുമില്ല.

മന:സാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരു മനുഷ്യനും ഒരു നിമിഷം ഹൃദയം നിന്നു പോകുന്ന കാഴ്ചയായിരുന്നു അത്. പഴയൊരു ബഡ്ഷീറ്റില്‍ പൊതിഞ്ഞ ഭാര്യയുടെ ശവശരീരവും തോളിലേറ്റി നടക്കുന്ന മാജി, അതിന്റെ പുറകെ തേങ്ങിക്കരഞ്ഞുകൊണ്ട് ഏതാനും പ്ലാസ്റ്റിക് സഞ്ചികളുമായി നടന്നു നീങ്ങുന്ന ആ പെണ്‍കുട്ടി. അവര്‍ യാത്ര തുടങ്ങിയിടത്ത് ഏതാനും ആളുകള്‍ കാഴ്ചക്കാരായി കൂടി നില്‍പ്പുണ്ടായിരുന്നു. അവിടെ ഒരു സൈക്കിളും ചാരിവച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അതുപോലും മാജിയുടെ സഹായത്തിനില്ലായിരുന്നു.

ക്ഷയരോഗ ബാധിതയായാണ് മാജിയുടെ ഭാര്യ അന്തരിച്ചത്. അന്തസായ രീതിയില്‍ ഭാര്യക്കൊരു അന്ത്യയാത്ര നല്‍കാന്‍ അയാളുടെ മുമ്പിലുണ്ടായിരുന്ന ഏക വഴി ഭാര്യയേയും ചുമലിലേറ്റി ഗ്രാമത്തിലേക്ക് നടക്കുക എന്നതു മാത്രമായിരുന്നു. ഭാവ്‌നിപാറ്റ്‌ന നഗരത്തിലെ ആശുപത്രിയില്‍ നിന്ന് 60 കിലോമീറ്ററുണ്ട് മാജിയുടെ കാലാഹണ്ഡിയിലുള്ള മെല്‍ഘാര്‍ എന്ന ഗ്രാമത്തിലേക്ക്. ചൊവ്വാഴ്ച വൈകിട്ട് ഭാര്യ, 42-കാരിയായ അമംഗ് മരിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിക്കുകയായിരുന്നു എന്ന് മാജി പറയുന്നു. “ഒരു വാഹനം അനുവദിക്കാന്‍ അവരോട് ഞാന്‍ പലതവണ കെഞ്ചി, എന്നാല്‍ അതൊന്നും അവര്‍ ചെവിക്കൊണ്ടില്ല. ഞാനൊരു പാവപ്പെട്ടവനാണ്, സ്വകാര്യ വാഹനം വിളിക്കാന്‍ കൈയില്‍ പൈസയില്ല. ഉണ്ടായിരുന്ന പൈസ ആശുപത്രിയിലും മരുന്നിനുമായി ചെലവായി. അവളെ ചുമന്നുകൊണ്ടു പോവുകയല്ലാതെ എന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു”.

ബുധനാഴ്ച രാവിലെയാണ് ആശുപത്രിയില്‍ നിന്ന് ശവശരീരം നീക്കം ചെയ്യാന്‍ അധികൃതര്‍ മാജിയോട് ആവശ്യപ്പെടുന്നത്. അതിന് ആംബുലന്‍സ് വിട്ടുനല്‍കാന്‍ അവര്‍ തയാറായതുമില്ല. അങ്ങനെ ഇന്ത്യന്‍ പ്രമാണിവര്‍ഗത്തിന്റെ ഉച്ചത്തിലുള്ള അവകാശവാദങ്ങളേയും അതിന്റെ ജി.ഡി.പി കണക്കുകളേയും തിളങ്ങുന്ന നഗരങ്ങളെയും ആഗോളതലത്തില്‍ ഉണ്ടെന്ന് പറയുന്ന പദവികളെക്കുറിച്ചുള്ള വിടുവായത്തങ്ങളേയും ആര്‍ജവവും മാന്യതയുമില്ലാത്ത അതിന്റെ വ്യവസ്ഥാപിത ചട്ടക്കൂടുകളേയും കീറിമുറിച്ചു കൊണ്ട് ആ നടപ്പ് ആരംഭിച്ചു. ആ നടപ്പ് 12 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനും ഏതാനും കാഴ്ചക്കാരും ഇതില്‍ ഇടപെടുന്നതും അവര്‍ക്ക് ഒരു ആംബുലന്‍സ് ലഭ്യമാകുന്നതും.

ഇതൊന്നും നമുക്കൊരു പുതുമയുള്ള കാഴ്ചയല്ല, ഇന്ത്യന്‍ സാഹചര്യത്തിന്റെ നേര്‍പ്പതിപ്പ് തന്നെയാണിത്. അപകടത്തില്‍പ്പെട്ട് രക്തമൊലിപ്പിച്ച് ഒരാള്‍ മണിക്കൂറുകള്‍ വഴിയില്‍ കിടക്കുന്നതും അവിടെക്കിടന്ന് മരിക്കുന്നതും നിത്യകാഴ്ചയാണ്. എങ്കിലും നമ്മുടെ കൈകള്‍ സഹായവുമായി അവിടേക്ക് നീളില്ല. നമ്മള്‍ കാഴ്ചക്കാരായി നില്‍ക്കുകയും പാവപ്പെട്ടവന്റെ ദുരിതം പശ്ചാത്തലമാക്കി നാം സെല്‍ഫികളെടുക്കുകയും ചെയ്യും. വി.വി.ഐ.പികളായ നമുക്ക് വേണ്ടി വാഹനങ്ങള്‍ നിര്‍ത്തി സുഗമമായ പാതയൊരുക്കും, ആ തിരക്കില്‍പ്പെട്ട് ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേ ഒരു രോഗി മരിച്ചാലും നമുക്കൊന്നുമില്ല.

ഏതു മാനദണ്ഡം വച്ചു നോക്കിയാലും ഒരു കാര്യം മനസിലാകും, മാജിയുടെ ജീവിതം ഒറ്റപ്പെട്ടതല്ല, ഇന്ത്യന്‍ ഗ്രാമീണ ജനസംഖ്യയുടെ 66 ശതമാനത്തിനും അത്യാവശ്യം വേണ്ട ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കുന്നില്ല, ഏതെങ്കിലും വിധത്തിലുള്ള വൈദ്യശുശ്രുഷ ലഭിക്കണമെങ്കില്‍ 30 കിലോ മീറ്ററിലധികം സഞ്ചരിക്കേണ്ടി വരുന്നത് 31 ശതമാനം പേരാണ്. നഗര മേഖലയില്‍ താമസിക്കുന്ന 28 ശതമാനത്തില്‍ അവര്‍ ഉള്‍പ്പെടില്ല, അതായത്, നമ്മള്‍, നഗരങ്ങളില്‍ താമസിക്കുന്ന ‘പരിഷ്‌കൃതരെ’ന്ന് കരുതപ്പെടുന്ന നമ്മളാണ് ഈ 66 ശതമാനം ആശുപത്രി ബഡ്ഡുകളിലും നിറഞ്ഞിരിക്കുന്നത്.

ആരോടൊക്കെയോ കടം വാങ്ങിയും അയല്‍വാസികളുടെ കാരുണ്യത്താലും മാജി ഭാര്യയുടെ ശവസംസ്‌കാരം നടത്തി. ഇനി 12 വയസുകാരിയായ ആ മകളായിരിക്കും കുടുംബ കാര്യങ്ങള്‍ നോക്കേണ്ടി വരിക, അതാണ് ഇന്ത്യന്‍ യാഥാര്‍ഥ്യം. അവളും ഒറ്റയ്ക്കല്ല, 2014-ലെ കണക്കനുസരിച്ച് 1.7 കോടി കുട്ടികളാണ് ഇന്ത്യയില്‍ സ്‌കൂളില്‍ പോകാത്തവരായി ഉള്ളത്. ഇനി മകളെ സ്‌കൂളിലയയ്ക്കാന്‍ മാജിക്ക് കഴിഞ്ഞാല്‍ തന്നെ രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന ഒറ്റമുറി പ്രാഥമിക വിദ്യാലയത്തിലേക്കായിരിക്കും അത്. ചിലപ്പോള്‍ അവിടെ അവിടെ സ്‌കൂള്‍ മുറികളേ ഉണ്ടാവില്ല, ചിലപ്പോള്‍ ഒരധ്യാപകന്‍, ചിലപ്പോള്‍ അതുമുണ്ടാവില്ല.

മാജിയും മകളും ഇനിയും നടക്കും, നമ്മള്‍ അപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും രാഷ്ട്രീയ വിഷയങ്ങളിലെ മാന്യതയില്ലായ്മയെക്കുറിച്ചും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കും, പെണ്‍മക്കള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വന്‍ പരസ്യങ്ങള്‍ നല്‍കുകയും അതില്‍ അഭിരമിക്കുകയും ചെയ്യും, കിടപ്പാടമില്ലാത്തവരും ദളിതരും ആദിവാസിയും ശബ്ദമുയര്‍ത്തുമ്പോള്‍ അവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തും, അതിന്റെ ആക്രോശങ്ങള്‍ ടി.വി മുറികളില്‍ ഉയരുമ്പോള്‍ ലോകം ഭരിക്കാന്‍ പോകുന്ന ഇന്ത്യയെക്കുറിച്ച് വാതോരാതെ ഉദ്‌ബോധനം നടത്തും. വമ്പന്‍ കാറുകള്‍ വാങ്ങി ലോകത്തിനു മുന്നില്‍ ആഡംബരം കാണിച്ചും നികുതി അടയ്ക്കാതെ ഞെളിയുകയും ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കും, ഹൃദയശൂന്യമായ യുദ്ധങ്ങളില്‍ പൊരുതും.

മാജിയും മകളും ഇനിയും നടക്കും. നിരക്ഷരരും പട്ടിണിക്കാരും അപമാനിക്കപ്പെട്ടവരുമായ കോടിക്കണക്കിന് ഗ്രാമീണരും ഒപ്പം നടക്കും. നമ്മുടെ പൊങ്ങച്ചങ്ങളെയും നെറികേടുകളെയും കീറിമുറിച്ചുകൊണ്ട്.

(2016 ആഗസ്ത് 26നു പ്രസിദ്ധീകരിച്ചത്)

Share on

മറ്റുവാര്‍ത്തകള്‍