UPDATES

ഇന്ത്യ

മി. പ്രധാനമന്ത്രി, അദാനിയുടെ കള്ളപ്പണം മാത്രമല്ല പ്രശ്നമെന്ന് ഞങ്ങള്‍ക്കുമറിയാം

ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടത്തിയ കള്ളപ്പണത്തിന്റെ യഥാര്‍ത്ഥ ലോകം തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാചകമടിയേക്കാള്‍ ഏറെ സങ്കീര്‍ണമാണ്.

                       

കള്ളപ്പണം സംബന്ധിച്ചു നരേന്ദ്രമോദി സര്‍ക്കാരിനുള്ള ശരിക്കുള്ള വെല്ലുവിളി വരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞയാഴ്ച സുപ്രീം കോടതിയില്‍ കണ്ട, യു പി എ സര്‍ക്കാരിന്റെ അതേ മാര്‍ഗത്തില്‍, വിദേശത്തെ നികുതിവെട്ടിപ്പ് കേന്ദ്രങ്ങളിലെ അനധികൃത ബാങ്ക് അക്കൌണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ പുറത്തുപറയാനാവില്ലെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചത്  ഒരു നിഴലാട്ടം മാത്രമാണ്.

വലിയ കിടുവകള്‍ വരാനിരിക്കുന്നതേയുള്ളൂ. കള്ളപ്പണം സംബന്ധിച്ചാകുമ്പോള്‍ വെല്ലുവിളികള്‍ നിസ്സാരമല്ല. അഴിമുഖത്തിന് വിശ്വസനീയമായ ചില സ്രോതസ്സുകളില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച്, രണ്ടു മുന്‍ സുപ്രീം കോടതി ന്യായാധിപന്മാര്‍ നയിക്കുന്ന കള്ളപ്പണം കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘം തങ്ങളുടെ ആദ്യത്തെ പ്രധാന ഇരയെ ചൂണ്ടയിട്ടുകഴിഞ്ഞു. കാലത്തിന്റെ കളി നമുക്ക് കാണിക്കുന്ന വലിയ വൈരുദ്ധ്യം നോക്കൂ, അത് പ്രധാനമന്ത്രിയുടെ ഉറ്റ സഹായി ഗൌതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പാണ്. വൈദ്യുതി ഉപകരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ദുബായ് വഴി മൌറീഷ്യസിലേക്ക് 5468 കോടി രൂപ ചോര്‍ത്തി എന്നാണ് ആരോപണം. 3580.8 കോടി രൂപയുടെ ഉപകരണങ്ങളാണ് അവര്‍ ഇറക്കുമതി ചെയ്തത്. പക്ഷേ ഈ ഇടപാടിലെ വില പെരുപ്പിച്ചു കാണിച്ച് അവര്‍ ഇന്ത്യയില്‍ നിന്നും 9048.8 കോടി രൂപ പുറത്തേക്കയച്ചു. ഇതില്‍ ഉപകരണങ്ങളുടെ വിതരണക്കാരായ ചൈനീസ്, തെക്കന്‍ കൊറിയന്‍ കമ്പനികള്‍ക്ക് 3580.8 കോടി രൂപ മാത്രമേ ലഭിച്ചുള്ളൂ. ബാക്കി മുഴുവന്‍ മൌറീഷ്യസിലേക്ക് ചോര്‍ത്തുകയായിരുന്നു എന്നാണ് റവന്യൂ അന്വേഷണ വിഭാഗം കണ്ടെത്തിയത്.

സി ബി ഐ പ്രാഥമികാന്വേഷണം ആരഭിച്ചിരുന്നു. ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെയും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നിര്‍ദേശാനുസരണം വിദേശ വിനിമയ ലംഘനങ്ങള്‍ കൂടി അന്വേഷിക്കുന്നു.

ഈ കേസ് യുക്തിസഹമായ ഒരു അന്ത്യത്തിലെത്തുമോ എന്നാണ് ചോദ്യം? അദാനിയെ കുറ്റവിചാരണ ചെയ്യുമോ? അതോ പുതിയ ഭരണസംവിധാനത്തില്‍ അയാള്‍ക്കുണ്ടെന്ന് പറയുന്ന ആ ‘പിടിപാട്’ അദാനിയെ രക്ഷിക്കുമോ? ആര്‍ക്കെങ്കിലും വേണ്ടി തന്റെ പ്രതിച്ഛായയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നരേന്ദ്ര മോദി സാധാരണ തയ്യാറാവാറില്ല എന്നാണ് പൊതുവെ പറയാറ്. അദാനി ഗ്രൂപ്പിന്റെ കാര്യത്തിലും പ്രധാനമന്ത്രിയില്‍ നിന്നും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. വാസ്തവത്തില്‍, കള്ളപ്പണത്തിന്റെ കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി അദാനിയാകണമെന്നില്ല.

കള്ളപ്പണം വെളുപ്പിക്കലും, വിദേശത്തെ നികുതിരഹിത താവളങ്ങളിലേക്ക് പണം ചോര്‍ത്തലുമൊക്കെ വരുമ്പോള്‍ അത് കണ്ടെത്തുന്നതില്‍ ഇന്ത്യയിലെ അന്വേഷണ സംഘങ്ങളുടെ അന്വേഷണ ശേഷി തീരെ ദുര്‍ബ്ബലമാണ്. അവരിതുവരെ ഒരു വലിയ നേട്ടവും ഇക്കാര്യത്തില്‍ ഉണ്ടാക്കിയിട്ടില്ല. മിക്ക സന്ദര്‍ഭങ്ങളിലും വിദേശ ഏജന്‍സികള്‍ നല്കിയ വിവരങ്ങളാണ് അവര്‍ക്ക് ഉപയോഗപ്രദമായിട്ടുള്ളത്. പിന്നെയത് നാട്ടുകാര്‍ക്ക് മുന്നില്‍ സ്വന്തം നേട്ടമായി കൊട്ടിഘോഷിക്കും എന്നുമാത്രം.

സങ്കീര്‍ണമായ പണമൊഴുക്ക് കണ്ടെത്താനുള്ള കഴിവാര്‍ജിക്കാതെ, നികുതിവെട്ടിപ്പിനുള്ള സുരക്ഷിത താവളങ്ങളില്‍ സ്രോതസ്സുകള്‍ ഉണ്ടാക്കാതെ, അന്താരാഷ്ട്ര ബാങ്കിംഗ് മേഖലയില്‍ പൊതുതാത്പര്യ പ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നവരെ  സൃഷ്ടിക്കാതെയൊന്നും പ്രത്യേക അന്വേഷണ സംഘത്തിന് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനാവില്ല. സുപ്രീം കോടതിയില്‍ അക്കൌണ്ട് ഉടമകളുടെ പേര് വെളിപ്പെടുത്താത്ത സര്‍ക്കാര്‍ നടപടി ഒരു നിയമപരമായ യാഥാര്‍ത്ഥ്യം മാത്രമാണ്. അത് ഇക്കാര്യത്തില്‍ ഇന്ത്യയുമായി സഹകരിച്ച രാഷ്ട്രങ്ങള്‍ക്ക് നല്കിയ ഒരുറപ്പാണ്. അത് എന്‍ ഡി എ സര്‍ക്കാരിന് ലംഘിക്കാനാവില്ല.

എന്തായാലും, ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടത്തിയ കള്ളപ്പണത്തിന്റെ യഥാര്‍ത്ഥ ലോകം തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാചകമടിയേക്കാള്‍ ഏറെ സങ്കീര്‍ണമാണ്. കള്ളപ്പണത്തെക്കുറിച്ച് ഇത്ര ഉച്ചത്തില്‍ വാചകമടിച്ചതുകൊണ്ടു  മോദി സര്‍ക്കാരിന് ആ വാഗ്ദാനങ്ങള്‍ പാലിക്കുക എളുപ്പമാകില്ല. അല്ലെങ്കില്‍ത്തന്നെ തെരഞ്ഞെടുപ്പ് സമയത്ത് വായില്‍ത്തോന്നിയപോലെ ഊതിപ്പെരുപ്പിച്ചുപറഞ്ഞ കണക്കും, വിദേശത്തെ നികുതിവെട്ടിപ്പ് താവളങ്ങളുമായി ഇടപെടുന്നതിലെ ബുദ്ധിമുട്ടും കണക്കിലെടുക്കുമ്പോള്‍ അവര്‍ പരാജയപ്പെടും എന്ന കാര്യം ഏതാണ്ടുറപ്പാണ്.

അദാനി ഗ്രൂപ്പിനെ കുറ്റവിചാരണ ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ തടസം നിന്നില്ലെങ്കിലും കള്ളപ്പണത്തിനെതിരായ യുദ്ധത്തില്‍ എന്‍ ഡി എ സര്‍ക്കാരിന് വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കഴിയാത്തവണ്ണം മറ്റ് തടസങ്ങള്‍ പൊന്തിവരും. തോല്‍ക്കുമെന്നുറപ്പുള്ള ഒരു യുദ്ധമാണിത്. തെരഞ്ഞെടുപ്പിലെ തട്ടുപൊളിപ്പന്‍ വാചകമടിക്ക് മാത്രം കൊള്ളാവുന്ന ഒന്ന്.

Related news


Share on

മറ്റുവാര്‍ത്തകള്‍