UPDATES

ബ്ലോഗ്

വിട, ബഷീർ… ഇടിച്ചുകൊല്ലാൻ രാജാക്കന്മാരില്ലാത്തതുകൊണ്ടു ജീവിതം നീണ്ടുകിട്ടിയ ഒരു സഹപ്രവർത്തകന്റെ ആദരാഞ്ജലികൾ

വണ്ടിയിടിച്ച് കൊന്നതിനു ജാമ്യമില്ലാത്ത വകുപ്പിൽ ഒരു ഐ എ എസ്സുകാരനെതിരെ കേസെടുക്കുന്നത് ഇത് കേരളമായതുകൊണ്ടാണ്

                       

കെ എം ബഷീറിനെ എനിക്ക് പരിചയമില്ല, പക്ഷെ ബഷീറിന്റെ ജീവിതം എനിക്ക് നല്ല പരിചയമുണ്ട്.

ഒന്നര-രണ്ടു മണിയ്ക്ക് ജോലി കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്കു പോകുന്ന പത്രക്കാരന്‍റെ ജീവിതമായിരുന്നു ആദ്യം ഒരെട്ടുകൊല്ലം എന്റെയും. അപൂർവ്വം ചില ദിവസങ്ങളിൽ ഭാര്യയേയും കൂട്ടും. യാത്രയുടെ പകുതിയോളം കന്റോൺമെന്റ് ഏരിയ. കള്ളുകുടിച്ചു വണ്ടിയോടിച്ചാൽ പട്ടാളക്കാരനായാലും ഐ എ എസ്സുകാരനായാലും രക്ഷിക്കാൻ ആരും കാണില്ല.

പിന്നെയൊരു ഇടവേള. ഇപ്പോഴും അങ്ങിനെത്തന്നെ. ചില വ്യത്യാസങ്ങൾ .. സമയം ഒരിത്തിരി നേരത്തെ, ബൈക്കിനു പകരം എയർബാഗുള്ള കാറിൽ. ഒരിടിയ്ക്കു ചാകാൻ വഴിയില്ല.

ഇടിച്ചുകൊല്ലാൻ രാജാക്കന്മാരില്ലാത്തതുകൊണ്ടു ജീവിതം നീണ്ടുകിട്ടിയ ഒരു സഹപ്രവർത്തകന്റെ ആദരാഞ്ജലികൾ.

പ്രതി വിസമ്മതം പ്രകടിപ്പിച്ചൽ രക്തപരിശോധനയ്ക്കു നിയമപരമായ ചില ചടങ്ങുകൾ പൂർത്തീകരിക്കാൻ സമയമെടുക്കുമെന്നു നാട്ടുകാരോട് പറഞ്ഞു പ്രതിരോധിക്കാൻ പോലീസ് കമ്മീഷണർ ഉള്ള മനുഷ്യർ ഇന്ത്യയിൽ ഏതാനും ചില ആയിരങ്ങളെ ഉണ്ടാകൂ. പരീക്ഷയെഴുതി ജനാധിപത്യത്തിൽ രാജാക്കന്മാർ ആകുന്ന ജന്മങ്ങൾ.

എന്താണ് പോലീസുകാരൻ പറഞ്ഞത്? എന്താണ് ഹേ, നിയമം?

മോട്ടോർ വെഹിക്കിൾസ് ആക്ട്. വകുപ്പുകൾ 203, 204

പൊതുസ്‌ഥലത്തു വാഹന അപകടമുണ്ടായാൽ അവിടെയെത്തുന്ന യൂണിഫോമിലുള്ള ഉദ്യോഗസ്‌ഥന്‌ സംശയം തോന്നിയാൽ ശ്വാസ പരിശോധന നടത്തണം. മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ ആളെ അറസ്റ്റ് ചെയ്യണം. അയാളുടെ രക്ത പരിശോധന നടത്തണം. ചിലർ സംശയം പ്രകടിപ്പിച്ചതുപോലെ, കമ്മീഷണർ പറഞ്ഞതുപോലെ അവിടെ രക്തപരിശോധനയ്ക്കു വിസമ്മതം പറയാൻ പ്രതിക്കവകാശമില്ല.

എന്തുകൊണ്ട് സിവിൽ സർവീസ് അഭികാമ്യമാണ്‌ എന്ന് മുൻ ഡി ജി പി അലക്‌സാണ്ടർ ജേക്കബ് അദ്ദേഹത്തിന്റെ ഒരു പ്രഭാഷണത്തിൽ പറയുന്നുണ്ട്. ശമ്പളവും മറ്റാനുകൂല്യങ്ങളും കൂട്ടിയാൽ സ്വകാര്യമേഖലയ്ക്ക് കിടപിടിയ്ക്കും എന്ന് അദ്ദേഹം പറയുന്നുണ്ട്.

കള്ളുകുടിച്ചു അർദ്ധരാത്രിയിൽ അമിതവേഗതയിൽ വണ്ടിയോടിച്ചു ഒരു പാവപ്പെട്ട മനുഷ്യനെ ഇടിച്ചുകൊന്നാലും ഭരണ ഘടനയിലെ വകുപ്പുകൾ വച്ച് നിങ്ങളെ പ്രതിരോധിക്കാൻ സ്‌ഥലത്തെ പോലീസ് മേധാവി വരണമെങ്കിൽ ഈ കേരളത്തിൽ ആ ആനുകൂല്യം ഈ രാജാക്കന്മാർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതാണ്. (അക്കാര്യം അലക്‌സാണ്ടർ ജേക്കബ് സാർ മറന്നുപോയി.) അല്ലെങ്കില്പിന്നെ നിങ്ങൾ കണക്കില്ലാത്ത കള്ളപ്പണത്തിന്റെ അധിപതി ആയിരിക്കണം.

വണ്ടിയിടിച്ച് കൊന്നതിനു ജാമ്യമില്ലാത്ത വകുപ്പിൽ ഒരു ഐ എ എസ്സുകാരനെതിരെ കേസെടുക്കുന്നത് ഇത് കേരളമായതുകൊണ്ടാണ്. തങ്ങൾക്കെന്തുവരും എന്നാലോചിക്കാതെ അടിമത്തത്തിനെതിരെ പൊരുതിമരിച്ച, തോക്കിനെ വാരിക്കുന്തങ്ങൾകൊണ്ട് നേരിട്ട മനുഷ്യരുടെ നാടായത്‌കൊണ്ടു മാത്രം. അവർ വരച്ച വരയ്ക്കപ്പുറം പോകാൻ ഭരണാധികാരികൾ ധൈര്യപ്പെടാത്തതുകൊണ്ടുമാത്രം.

വിട, ബഷീർ.

*ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

Related news


Share on

മറ്റുവാര്‍ത്തകള്‍