സ്കൂളുകളും കോളേജുകളും മതചിഹ്നങ്ങളും ചടങ്ങുകളും നിർബന്ധിതമാക്കുന്നതാണ് തടയേണ്ടത്.
സ്കൂള്‍ മാനേജ്മെന്റുകളാണ് സ്വകാര്യ സ്കൂളുകളിലെ യൂണിഫോം തീരുമാനിക്കുന്നതെന്നും അതിനാല്‍ തട്ടവും ഫുള്‍ സ്ലീവും ഉപയോഗിച്ചാല്‍ യൂണിഫോം ആയി അംഗീകരിക്കാന്‍ കഴിയില്ലെന്ന മാനേജ്മെന്റ് നിലപാടില്‍ ഇടപെടാന്‍ കഴിയില്ലെന്നുമുള്ള കേരള ഹൈക്കോടതിയുടെ വിധി വന്നത് കഴിഞ്ഞ ദിവസം കണ്ടിരുന്നു.
ഞാൻ പഠിച്ചതൊരു സർക്കാർ സ്കൂളിലാണ്. അവിടെ യൂണിഫോം ഉണ്ടായിരുന്നു. നിറവും തുണിയും കൃത്യമായിരിക്കണമെന്നും രണ്ടു പീസ് ഉള്ള വസ്ത്രമായിരിക്കണമെന്നുമേ നിഷ്കർഷ ഉണ്ടായിരുന്നുള്ളൂ. ചില പെൺകുട്ടികൾ ചുരിദാറും ഷാളുമിട്ടു. ചിലരത് ഷാളില്ലാതെ ഇട്ടു. ചിലർ ഫുൾപാവാടയും ബ്ലൗസുമിട്ടു. ചിലർ മിഡിസ്കർട്ടും ടോപ്പുമിട്ടു. ചിലർ ഫുൾസ്ലീവും മറ്റുചിലർ ഹാഫ്സ്ലീവുമിട്ടു. ചിലർ തട്ടമിട്ടു. ചിലർ കുറിതൊട്ടു. ചിലർ പൊട്ടുവെച്ചു. ചിലർ കുരിശുമാലയിട്ടു. ചിലർ മുടി കെട്ടിവെച്ചു. ചിലർ അഴിച്ചിട്ടു. ചിലർ പിന്നിയിട്ടു. അനുപമയും ബീനയും ഷറഫുന്നീസയും കദീജയും മെൻഷിജോസഫും ഷീജയും ഷീബയും ഒരുമിച്ച് ഒരേ ബസിൽ കയറി സ്കൂളിൽ പോയി. ഒരാൾ വൈകിയാൽ മറ്റുള്ളവർ കാത്തുനിന്നു. ടീച്ചറുടെ ചീത്ത ഒരുമിച്ചുകേട്ടു.
ഞങ്ങളുടെ യൂണിഫോമിന്റെ നിറമൊഴിച്ചാൽ വസ്ത്രധാരണത്തിൽ അല്ലറചില്ലറ വ്യത്യാസങ്ങൾ പലതുമുണ്ടായിരുന്നു. അന്നൊന്നും ചെരിപ്പും മുടികെട്ടുന്ന രീതിയുമടക്കം യൂണിഫോം ആക്കിയിരുന്നില്ല. ഞങ്ങളിൽ ചിലർ അമ്പലത്തിലും ചിലർ പള്ളികളിലും പോകുന്നവരായിരുന്നു. ചിലർ നിസ്കരിച്ചിരുന്നു. അത്തരം വൈവിധ്യങ്ങൾ ഞങ്ങളെയോ ഞങ്ങളുടെ മാതാപിതാക്കളെയോ അലോസരപ്പെടുത്തിയിരുന്നില്ല. കദീജയുടെ തട്ടമോ എന്റെ പൊട്ടോ ചന്ദനക്കുറിയോ ഞങ്ങളുടെ സംസാരവിഷയമായില്ല. പിന്നീട് കോളേജ് പ്രായത്തിൽ കുഞ്ഞു കുഞ്ഞു സാധനങ്ങൾ വാങ്ങി ശേഖരിച്ചുവെക്കുമായിരുന്നതിൽ യേശുക്രിസ്തുവും ഇരുട്ടിൽ തിളങ്ങുന്ന കുരിശുമാലയും കണ്ട് ആരും മുഖം ചുളിച്ചില്ല. ബസ് യാത്രകളിലും മറ്റും തട്ടമിട്ടിരിക്കുന്നത് ശീലമായത് ആരും ശ്രദ്ധിച്ചുപോലുമില്ല.
യൂണിഫോമിന്റെ ഉദ്ദേശ്യം എന്ന് അന്നൊക്കെ മനസ്സിലാക്കിയിരുന്നത് സാമ്പത്തികസ്ഥിതിയിലുള്ള വ്യത്യാസങ്ങൾ കുട്ടികൾക്കിടയിൽ പ്രകടമാകാതിരിക്കാനുള്ള വഴി എന്നായിരുന്നു. ഇന്നു കാണുന്നത് പക്ഷേ, മുടികെട്ടുന്നതു പോലും ഒരുപോലെ ആക്കിയ, റോബോട്ടുകൾ പോലെ എന്നുതോന്നിക്കും വിധം ഒരുപോലെ ഡ്രസ് ചെയ്ത കുട്ടികളെയാണ്. ഇതു കാണുമ്പോൾ ഒരു തരം അസ്വസ്ഥതയാണ് തോന്നാറ്. യാതൊരു വിധ വൈവിധ്യത്തിനും ഇടകൊടുക്കാത്ത വിധം ഫാക്ടറി അസംബ്ലിലൈനിൽ നിന്നിറങ്ങി വരുന്നതു പോലെ നടന്നുപോകുന്ന കുട്ടികൾ.
ഇങ്ങനെയല്ല മതചിഹ്നങ്ങളിൽ നിന്ന് മുക്തി നേടേണ്ടത്. ഇത്തരത്തിൽ മതചിഹ്നങ്ങളിൽ നിന്ന് മുക്തിനേടാമെന്നത് വ്യാമോഹം മാത്രമാണ്. മതവും മതചിഹ്നങ്ങളും പ്രസക്തമല്ലാതാകേണ്ടത് വിദ്യാഭ്യാസത്തിലൂടെയും ‘തങ്ങളിൽ പെട്ടവർ’ അല്ലാത്തവരുമായുള്ള നിരന്തര ഇടപെടലുകളിലൂടെയും അതുവഴി ലഭിക്കുന്ന exposure-ലൂടെയുമാണ്. സ്കൂളുകൾ ഇത്തരത്തിൽ ഡ്രസ്കോഡുകളിൽ തീരെ ഫ്ലെക്സിബിൾ അല്ലാതെയായാൽ സംഭവിക്കുന്നത് നേരെ തിരിച്ചായിരിക്കും. മാതാപിതാക്കൾ ‘തങ്ങളുടെ കൂട്ടരു’ടെ സ്കൂളുകൾ കൂടുതൽ കൂടുതൽ തേടിപ്പോകും. പുതുതലമുറയിലെ കുട്ടികൾ മതപരമായി കൂടുതൽ കൂടുതൽ segregate ചെയ്യപ്പെടും. തട്ടമിട്ടവരുടെ സ്കൂൾ, കുരിശിട്ടവരുടെ സ്കൂൾ, കുറിതൊട്ടവരുടെ സ്കൂൾ എന്നിങ്ങനെ വ്യത്യസ്ത യൂണിഫോമുകളിൽ വെവ്വേറെ ഇടങ്ങൾ റിസർവ് ചെയ്യപ്പെടും.
ഒരാൾ മതചിഹ്നം ഉപയോഗിക്കുന്നതിനേക്കാൾ എനിക്കു പ്രശ്നമായി തോന്നിയിട്ടുള്ളത് മറ്റു മതചിഹ്നങ്ങളോട് കാണിക്കുന്ന അകൽച്ചയും അപരബോധവും അസഹിഷ്ണുതയുമാണ്. മേലെ പറഞ്ഞ segregation-ന്റെ ഒരനന്തരഫലമാണത്. അങ്ങനെയാണ് ബീഫ് തിന്നാൽ കൊല്ലാനിറങ്ങുന്ന ആൾക്കൂട്ടങ്ങളുണ്ടാകുന്നത്. അങ്ങനെയാണ് വീട് വാടകയ്ക്കു കിട്ടാത്ത മുസ്ലീങ്ങളുണ്ടാകുന്നത്. അങ്ങനെയാണ് ക്രിസ്ത്യാനികളെന്നാൽ മതം മാറ്റാനിറങ്ങുന്ന ടീമാണെന്ന പൊതുബോധമുണ്ടാകുന്നത്. അങ്ങനെയാണ് തന്റെ മതവും അതിന്റെ രീതികളും ‘ശുദ്ധാശുദ്ധികളും’ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതാണെന്ന ഒരുതരം അരക്ഷിതത്വബോധം മനസ്സിലുറയ്ക്കുന്നത്. മിസിരിയക്കും നസീമക്കുമൊപ്പം ഒരേ പറമ്പിൽ കളിച്ചുവളർന്ന എനിക്ക് അത്തരം വാദങ്ങൾ ചിരിച്ചുതള്ളാനാകുന്നത് അവരും അവരുടെ ജീവിതരീതിയുമൊന്നും എനിക്ക് അന്യമോ അപരിചിതമോ അല്ലാത്തതുകൊണ്ടാണ്. ഞാൻ ജീവിക്കുന്നതുപോലെയാവണമെന്നില്ല എല്ലാവരും ജീവിക്കുന്നതെന്ന തിരിച്ചറിവ് അക്കാലത്തുതന്നെ കൈവന്നതുകൊണ്ടാണ്.
മതചിഹ്നങ്ങൾ ഉപേക്ഷിക്കുന്നവർക്ക് സപ്പോർട്ട് കൊടുത്തുകൊണ്ടും അവരെ ആൾക്കൂട്ടത്തിൽ നിന്ന് ഷീൽഡ് ചെയ്തുമാണ് മതചിഹ്നങ്ങളെയും, മതത്തെ പൊതുവേയും തന്നെ, നേരിടേണ്ടത്. മതം വിട്ടു പുറത്തുവരിക എന്നത് തികച്ചും വ്യക്തിപരമായ ഒരു തീരുമാനമാണ്, കാരണം അതിന്റെ പരിണതഫലങ്ങളിൽ വ്യക്തി-കുടുംബ-ബന്ധങ്ങൾ പെടുന്നു എന്നതു തന്നെ. അങ്ങനെ വരുന്നവർ ഒറ്റപ്പെടുന്നില്ല എന്നുറപ്പുവരുത്തുകയാണ് വേണ്ടത്. അതു ചെയ്യുന്നതിനു പകരം നാം 916 ലെൻസും വെച്ചിരുന്ന് അവരുടെ മതമില്ലായ്കയുടെ അളവെടുക്കുന്നു, പോരെന്നു പരിഹസിച്ചു തിരിച്ചുവിടുന്നു. മതത്തിനകത്തു നിൽക്കുന്നവർക്ക് കിട്ടുന്നതരം സപ്പോർട്ട്, പുറത്തു വരാൻ ശ്രമിക്കുന്നവർക്ക് ഒരു ഭാഗത്തു നിന്നും ലഭിക്കുന്നില്ല; രണ്ടു ഭാഗവും അവരെ ക്രൂശിക്കാൻ തയ്യാറായി നിൽക്കുന്നു.
സ്കൂളുകളും കോളേജുകളും മതചിഹ്നങ്ങളും ചടങ്ങുകളും നിർബന്ധിതമാക്കുന്നതാണ് തടയേണ്ടത്. മതപ്രാർത്ഥനകൾ, തട്ടം നിർബന്ധിതമാക്കൽ, മതപരമായ ആഘോഷങ്ങളും ചടങ്ങുകളും നിർബന്ധമാക്കൽ, സരസ്വതീപൂജയ്ക്ക് പുസ്തകം വെക്കാനാവശ്യപ്പെടൽ എന്നിങ്ങനെ എണ്ണിയാൽ തീരാത്തത്ര കാര്യങ്ങളുണ്ട്. സ്കൂൾ മാനേജ്മെന്റ് എന്ന അധികാരം ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇത്തരം കാര്യങ്ങളാണ് സത്യത്തിൽ ചോദ്യം ചെയ്യപ്പെടേണ്ടത്. മറിച്ച്, സ്കൂൾ യൂണിഫോം വിഷയത്തിൽ കോടതിവിധി ചെയ്യുന്നത് അത്തരം വിവേചനാധികാരങ്ങൾ പൂർണമായും സ്കൂൾ മാനേജ്മെന്റിനു നൽകുകയാണ്. ഇതേ ന്യായമുപയോഗിച്ച് മറ്റൊരു സ്കൂളിന് തട്ടം നിർബന്ധമാക്കാനുമാവും.
ഒരു പെൺകുട്ടിയുടെ തട്ടമോ ഹെയർസ്റ്റൈലോ ഒന്നുമല്ല മതവർഗീയത വളർത്തുന്നത്. മറിച്ച്, മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാതിരിക്കുക, തന്നിൽ നിന്നു വേറിട്ട ഒന്നിനെ അംഗീകരിക്കാതിരിക്കുക തുടങ്ങിയ അവസ്ഥകളിലാണ് മതവർഗീയതയുടെ വിത്ത്.
*Image for representational purpose only
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)