ശാസ്താംകോട്ട കായലിനെ കാമുകി എന്ന് വിളിച്ച് സംബോധന ചെയ്ത ജനപ്രതിനിധി ഈ അനുഗ്രഹീത ഭൂമിയെ ബലാല്‍ക്കാരം ചെയ്യുന്ന യന്ത്രകൈകള്‍ കണ്ടില്ലെന്ന് നടിക്കുകയാണോ?
‘ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ?’ എന്ന് പാടിയ കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ നാട്ടില്‍ തന്നെ പ്രകൃതിയെ സംഹരിച്ചു കൊണ്ടുള്ള ജെസിബിയുടെ ഈ താണ്ഡവം വിരോധാഭാസമെന്നേ പറയാനുള്ളൂ.
എക്‌സൈസ് വകുപ്പിന് ഓഫീസ് നിര്‍മ്മിക്കാന്‍ കായലിന്റെ അരികില്‍ മനോഹരമായ ഈസ്ഥലം കണ്ടെത്തിയതിന് അഭിനന്ദനങ്ങള്‍. കായലിലേക്ക് ഒരു നടപ്പാലം നിര്‍മ്മിച്ചുകൊണ്ട് ഈ കെട്ടിടം നിര്‍മ്മിച്ചിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം എന്ന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശാസ്താംകോട്ട കായലിന്റെ നാഡീനരമ്പുകള്‍ മുറിക്കാന്‍ ഒരുങ്ങുന്നവര്‍ ഈ ആഫീസ് ഇവിടെത്തന്നെ വേണമോ എന്ന് രണ്ടു തവണയല്ല; ഒരായിരം വട്ടം ചിന്തിക്കേണ്ടിണ്ടിയിരിക്കുന്നു. അനധികൃത കയ്യേറ്റങ്ങളാല്‍ നിലവില്‍ ശ്വാസംമുട്ടുന്ന ശാസ്താംകോട്ടയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം കൂച്ചുവിലങ്ങിന്റെ ഘനം കൂട്ടാനാവിടെ ശ്രമം.
ഈ ആഫീസ് ഇവിടെത്തന്നെ വേണമോ എന്നത് പരിഗണിക്കുമ്പോള്‍ തൊട്ടടുത്ത മൈനാഗപ്പള്ളി പഞ്ചായത്തിലാണ് ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത് എന്ന വസ്തുത നാം വിസ്മരിച്ചു കൂടാ.
ശാസ്താംകോട്ട കായലിനെ കാമുകി എന്ന് വിളിച്ച് സംബോധന ചെയ്ത ജനപ്രതിനിധി ഈ അനുഗ്രഹീത ഭൂമിയെ ബലാല്‍ക്കാരം ചെയ്യുന്ന യന്ത്രകൈകള്‍ കണ്ടില്ലെന്ന് നടിക്കുകയാണോ?. റംസാര്‍ കണ്‍വെന്‍ഷന്‍ അന്താരാഷ്ട്ര നീര്‍ത്തടമായി പ്രഖ്യാപിച്ച ഈ തടാക തീരം ഇത്ര അവധാനതയില്ലായ്യ്മയ്ക്ക് പാത്രമാകുന്നത് ആരുടെതെറ്റാണ്? ആരു തെറ്റു ചെയ്താലും കേരള സമൂഹം ഒട്ടാകെ ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥതരാണ്.
ഈ പോസ്റ്റ് ആരും ലൈക്ക് ചെയ്തില്ലെങ്കിലുംഷെയര്‍ ചെയ്തില്ലെങ്കിലും നാളത്തെ തലമുറയുടെ ചോദ്യത്തിന് മുന്നില്‍ എന്റെ അന്ധത എനിക്ക് സ്ഥാപിച്ചെടുക്കേണ്ടിവരും. അതൊഴിവാക്കാന്‍ മാത്രമാണ് ഈഎളിയ പ്രതികരണം.
‘മലിനമായ ജലാശയം അതി മലിനമായ ഭൂമിയും’ കവിയുടെ വാക്കുകള്‍ സ്വന്തം കണ്‍മുന്നില്‍തന്നെ അറം പറ്റുന്നു. കുടിവെള്ളം വറ്റുമ്പോള്‍ തൊണ്ട നനയ്ക്കാന്‍ അന്യന്റെ വീട്ടില്‍ പോകേണ്ടിവരുന്ന ശാസ്താംകോട്ടക്കാരെങ്കിലും പ്രതികരിക്കട്ടെ.
(സെയ്ദ് ഷിയാസ് മിര്‍സയുടെ ഫേസ്ബുക്ക് പോസ്റ്റ്)