UPDATES

വിപണി/സാമ്പത്തികം

ഡിആര്‍ഡിഒ-യ്ക്കുള്ള ഉത്പന്നവുമായി മേക്കര്‍വില്ലേജ് കമ്പനി

മൊബൈല്‍ ടച്ച് സ്‌ക്രീന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സോളാര്‍ ഫിലിം, എന്നിവയില്‍ തുടങ്ങി ഏതു പ്രതലത്തിലും സൂക്ഷ്മമായ കോട്ടിംഗ് നടത്താന്‍ ഈ ഉപകരണം ഉപയോഗിക്കാം. വായുരഹിതമായ അന്തരീക്ഷത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന അപൂര്‍വ കോട്ടിംഗ് ഉപകരണമാണിത്.

                       

മേക്കര്‍വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത കമ്പനിയായ ഡെല്‍ഗാഡോ കോട്ടിംഗ് ആന്‍ഡ് ടെക്‌നോളജി സൊല്യൂഷന്‍സിന്റെ കോട്ടിംഗ് മെഷീന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വാങ്ങി. കളമശ്ശേരിയിലെ കേരള ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ നടന്ന ഹാര്‍ഡ്‌ടെക് 19 സമ്മേളനത്തില്‍ വച്ച് കേന്ദ്ര പ്രതിരോധ-ഉത്പാദക വകുപ്പ് സെക്രട്ടറി ഡോ. അജയ് കുമാര്‍ കമ്പനി സിഇഒ ആര്‍ ശ്രീകുമാറിന് വില്‍പ്പന കരാര്‍ കൈമാറി.

പ്രതലങ്ങളില്‍ വിവിധ തരത്തിലുള്ള കോട്ടിംഗ് നടത്തുന്നതിനുള്ള ഉപകരണമാണ് ഡെല്‍ഗാഡോ സൊല്യൂഷന്‍സ് വികസിപ്പിച്ചെടുത്തത്. നിലവില്‍ വിദേശ സാങ്കേതികവിദ്യയിലൂന്നിയാണ് ഈ രംഗത്തെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഉപകരണം ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ രംഗത്ത് നിലവിലുള്ളതിനേക്കാള്‍ 30 ശതമാനത്തോളം ചെലവ് കുറയ്ക്കാമെന്ന മെച്ചവും ഇതിനുണ്ട്.

മേക്കര്‍വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തതിനു ശേഷമാണ് മാതൃകയില്‍ നിന്ന് ഉത്പന്നം എന്ന നിലയിലേക്കെത്തിക്കാന്‍ സാധിച്ചതെന്ന് സ്ഥാപകന്‍ ആര്‍ ശ്രീകുമാര്‍ പറഞ്ഞു. ഗവേഷണാനന്തര സേവനത്തിനിടയിലാണ് ഈ പദ്ധതി രൂപപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മേക്കര്‍ വില്ലേജിലെത്തി ആദ്യ വര്‍ഷത്തില്‍ തന്നെ ഉത്പന്നം വിപണിയിലറക്കാനായി എന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ടച്ച് സ്‌ക്രീന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സോളാര്‍ ഫിലിം, എന്നിവയില്‍ തുടങ്ങി ഏതു പ്രതലത്തിലും സൂക്ഷ്മമായ കോട്ടിംഗ് നടത്താന്‍ ഈ ഉപകരണം ഉപയോഗിക്കാം. വായുരഹിതമായ അന്തരീക്ഷത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന അപൂര്‍വ കോട്ടിംഗ് ഉപകരണമാണിത്.

മേക്കര്‍ വില്ലേജിലെ ഏറ്റവും വിപണി പങ്കാളിത്തമുള്ള കമ്പനികളിലൊന്നായ ശാസ്ത്ര റോബോട്ടിക്‌സിന്റെ പരിഷ്‌കരിച്ച റോബോട്ടിക് ആമിന്റെ അവതരണവും പ്രതിരോധ ഉത്പാദക വകുപ്പ് സെക്രട്ടറി ഡോ. അജയ് കുമാര്‍ നിര്‍വഹിച്ചു. മനുഷ്യസ്പര്‍ശം ആവശ്യമില്ലാത്ത നൂതന ജോലികള്‍ ചെയ്യുന്നതിനുള്ള റോബോട്ടാണ് ശാസ്ത്രയുടെ പ്രധാന ഉപകരണം. നിലവില്‍ തന്നെ ബോഷ്, എച്‌സിഎല്‍ തുടങ്ങിയ മുന്‍ നിര കമ്പനികളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്.

നിലവിലുള്ള ഉത്പന്നത്തേക്കാള്‍ 3 മടങ്ങ് ക്രയശേഷി കൂടിയ ഉപകരണമാണ് ശാസ്ത്ര വികസിപ്പിച്ചെടുത്തത്. റോബോട്ടിന്റെ പ്രവര്‍ത്തനലാവധി നാല് മടങ്ങ് വര്‍ധിച്ചു. കൂടുതല്‍ സുഗമമായ യന്ത്രസ്ഥാപനവും കുറഞ്ഞ അറ്റകുറ്റപ്പണിയുമെല്ലാം ഇതിന്റെ പ്രത്യേകതയാണെന്ന് കമ്പനി സിഇഒ ആരോണിന്‍ പി പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍