UPDATES

സാമ്പത്തിക പ്രതിസന്ധിക്കാലത്തും പ്രതീക്ഷ നല്‍കുന്ന ഐടിമേഖല

ഉപഭോക്താക്കള്‍ യന്ത്രവല്‍ക്കരണത്തിന്റെ സാധ്യതകള്‍ കൂടുതല്‍ മനസ്സിലാക്കി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചുവരുമെന്നും ഡിമാന്‍ഡ് ഉയരുമെന്നും ഐ.ടി കമ്പനികള്‍ കണക്കുകൂട്ടുന്നു.

                       

177  ബില്ല്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ സര്‍വ്വീസ് വ്യവസായം എല്ലായ്‌പ്പോഴും തൊഴിലവസരങ്ങളുടെ ഒരു സങ്കേതമാണ്. എന്നാല്‍ അതിവേഗം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക രംഗം അതിന്റെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.   അപ്പോഴും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തൊഴിലവസരങ്ങളില്‍ നേരിയ വര്‍ദ്ധനവുണ്ടായി. വീണ്ടും പഴയകാലത്തേക്ക് തിരിച്ചുപോകുമെന്ന് പലരും പ്രതീക്ഷിച്ചു.

വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ് / ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ തുടങ്ങിയ പ്രധാന കമ്പനികള്‍ ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 27,000 ജീവനക്കാരെയാണ് പുതുതായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17,000 ആയിരുന്നു. അതിശയകരമെന്നു പറയട്ടെ, കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ആദ്യമായി ആകെ 85,000 പുതിയ ജീവനക്കാരെയാണ് ഐ.ടി വ്യവസായം സ്വീകരിച്ചത്.

ഓഗസ്റ്റിലെ ഇന്ത്യയുടെ ഉല്‍പാദന വളര്‍ച്ച 15 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്ന സമയത്താണ് ഇതെല്ലാം സംഭവിക്കുന്നത്. അത് വളരെ വ്യക്തവും പ്രകടവുമായ മാന്ദ്യത്തെ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ചിലര്‍ ആഭ്യന്തര വില്‍പ്പനയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായി ഇക്കഴിഞ്ഞ ആഴ്ചയിലാണ് വെളിപ്പെടുത്തിയത്. ടാറ്റാ മോട്ടോഴ്സ് 50 ശതമാനം ഇടിവ് രേഖപ്പെടുത്തി. തകര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക രംഗം മോദി ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പ്രധാന കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിടാന്‍ നോക്കുന്ന സമയത്ത് സര്‍ക്കാര്‍ എങ്ങിനെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നത് കണ്ടറിയണം.

അത്രയ്ക്ക് ദുര്‍ബലമായ സാമ്പത്തിക സാഹചര്യത്തിലും ഇന്ത്യയുടെ സോഫ്റ്റ്‌വെയര്‍ വ്യവസായം വ്യത്യസ്തമായൊരു ചിത്രമാണ് നല്‍കുന്നത്. വന്‍കിട ഐടി സ്ഥാപനങ്ങളുടെ വളര്‍ച്ച അടുത്ത കാലത്തായി ഗണ്യമായി കുറഞ്ഞുവെങ്കിലും ഈ മേഖലയില്‍ പുതിയ നിയമനങ്ങള്‍ കാര്യമായി നടന്നിട്ടുണ്ട്. അപ്പോള്‍, ഈ കുതിപ്പിന്റെ കാരണമെന്താണ്? ഉപഭോക്താക്കള്‍ യന്ത്രവല്‍ക്കരണത്തിന്റെ സാധ്യതകള്‍ കൂടുതല്‍ മനസ്സിലാക്കി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചുവരുമെന്നും ഡിമാന്‍ഡ് ഉയരുമെന്നും ഐ.ടി കമ്പനികള്‍ കണക്കുകൂട്ടുന്നു.

ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി ബാലകൃഷ്ണന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘ആഗോളാടിസ്ഥാനത്തിലുള്ള ഡിമാന്‍ഡിന്റെ തുടര്‍ച്ചയാണ് ഐ.ടി മേഖലയില്‍ ഉണ്ടായ പുതിയ നിയമനങ്ങള്‍. കൂടാതെ പുതിയ ഡിജിറ്റല്‍ വ്യവസായങ്ങള്‍ക്ക് പുതിയ പ്രതിഭകളെയും ആവശ്യമുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിസാ പ്രശ്‌നങ്ങളും പ്രാദേശികമായി കൂടുതല്‍ നിയമനങ്ങള്‍ നടക്കാന്‍ കാരണമായി. ഇന്ത്യന്‍ ഐടി വ്യവസായം പ്രധാനമായും കയറ്റുമതി അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആഭ്യന്തര മാന്ദ്യം അതിനെ ബാധിക്കുകയുമില്ല. ഇന്ത്യന്‍ ഐടി കമ്പനികളുടെ ഏറ്റവും വലിയ വിപണിയായ യുഎസ് ഇപ്പോഴും 2 ശതമാനത്തിന് മുകളില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്’.

മറ്റൊരു കാര്യം, യുഎസിലും യൂറോപ്പിലും ഐ.ടി മേഖലയിലുള്ള   നിയമനങ്ങളും വര്‍ദ്ധിക്കുകയാണ് എന്നതാണ്. പ്രാദേശികമായി നിയമനങ്ങള്‍ നടത്താന്‍ യുഎസ് ഭരണകൂടം ശ്രദ്ധിക്കുന്നുമുണ്ട്. മിക്ക ഇന്ത്യന്‍ ടെക് സ്ഥാപനങ്ങളും, പ്രത്യേകിച്ച് മുന്‍നിര ബ്രാന്‍ഡുകള്‍ യുഎസിലെ സ്വദേശിവല്‍ക്കരണ ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു. ഉദാഹരണത്തിന്, ജൂണ്‍ അവസാനത്തോടെ യുഎസില്‍ 10,000 ജീവനക്കാരെ നിയമിച്ചുകൊണ്ടാണ് പ്രാദേശികവല്‍ക്കരണമെന്ന കടമ്പ ഇന്‍ഫോസിസ് പൂര്‍ത്തിയാക്കിയത്. യുഎസില്‍ നാല് ഇന്നൊവേഷന്‍ ഹബുകള്‍ സൃഷ്ടിക്കാനും അത് നടത്തിക്കൊണ്ടുപോകാന്‍ സ്വദേശികളെ നിയമിക്കാനുമുള്ള തയ്യാറെടുപ്പിലുമാണ് ഇന്‍ഫോസിസ്.

ഭാവിയില്‍ ഇത് ഒരു ട്രെന്‍ഡായി മാറിയേക്കാം. മിക്കവാറും എല്ലാ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളും യുഎസില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തും. ശ്രദ്ധേയമായി, ഐടി കമ്പനികള്‍ യുഎസിലെ എഞ്ചിനീയറിംഗ് ഇതര വിദ്യാര്‍ത്ഥികളെ പോലും നിയമിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ചും അവര്‍ സര്‍ഗ്ഗാത്മകവും കലാപരവുമായ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെങ്കില്‍. ഇത് ഇന്ത്യയില്‍ സൃഷ്ടിക്കേണ്ട തൊഴിലുകളുടെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ക്ക് താല്‍പര്യമൊന്നും ഉണ്ടായിട്ടല്ല. ട്രംപ് ഭരണകൂടത്തിന്റെ കര്‍ക്കശമായ നിര്‍ദേശങ്ങളാണ് കാരണം.

അമേരിക്കക്കാരെ നിയമിക്കുകയെന്നാല്‍ അത് കൂടുതല്‍ ചെലവേറിയ കാര്യമാകും എന്നതാണ് വസ്തുത. യുഎസില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന വേതനം സ്ഥിരമായി നല്‍കണം. അത് കമ്പനികളുടെ പ്രവര്‍ത്തന മാര്‍ജിനും ഉയര്‍ത്തും. ജൂണ്‍ പാദത്തില്‍ ഇന്‍ഫോസിസിന്റെ പ്രവര്‍ത്തന മാര്‍ജിന്‍ 140 ബേസിസ് പോയിന്റ് ഉയര്‍ന്ന് 20.5 ശതമാനമായിരുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം നല്‍കേണ്ടി വന്നതാണ് കാരണം.

ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം എച്ച് 1-ബി നിര്‍ദേശങ്ങള്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഏറ്റവും കേവലമായ നിരക്കില്‍ നിന്നും എച്ച് 1-ബി വിസ നിരസിക്കുന്നതിന്റെ തോത് പല കമ്പനികളിലും 40 ശതമാനത്തിലധികമായി. അതിന്റെ അര്‍ത്ഥം ഇന്ത്യന്‍ ടെക്കികള്‍ക്ക് മുമ്പത്തെപ്പോലെ വിസ ലഭിക്കുന്നില്ല എന്നാണ്. സ്വാഭാവികമായും അമേരിക്കന്‍ പൗരന്മാരെ നിയമിക്കേണ്ടിവരും. ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതും അതാണ്.

ട്രംപിന്റെ ‘Buy American, Hire American’ നയമാണ് വിസാ ചട്ടങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാകാന്‍ കാരണം. കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന കമ്പനികളെയാണ്  സര്‍ക്കാറിന് ആവശ്യം. അതുകൊണ്ടുതന്നെ ഈ വിസകള്‍ക്കായി അപേക്ഷിക്കുമ്പോള്‍ ധാരാളം പേപ്പര്‍വര്‍ക്കുകള്‍ ആവശ്യമായിവരും. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍എഎഎപി) നടത്തിയ പഠനമനുസരിച്ച് കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, തൊഴിലുടമകള്‍ എച്ച് 1-ബി വിസ ഫീസായി 5 ബില്യണ്‍ ഡോളറിലധികം നല്‍കേണ്ടിയിട്ടുണ്ട്. അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും പരിശീലനം നല്‍കാനാണ് ആ പണം ഉപയോഗിക്കുക.

നേരത്തെ, കമ്പനികള്‍ ഒരു അപേക്ഷയ്ക്ക് 500 ഡോളര്‍ നല്‍കേണ്ടിയിരുന്നു. വീണ്ടും ഫീസ് ഗണ്യമായി ഉയര്‍ന്നു. 26-ല്‍ കൂടുതല്‍ മുഴുവന്‍ സമയ ജീവനക്കാര്‍ക്കായി എച്ച് 1-ബി അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ ഒരു ജീവനക്കാരന് 1,500 ഡോളര്‍ നല്‍കണം. 25-ഓ അതില്‍ താഴെയോ ആണെങ്കില്‍ 750 ഡോളര്‍ വീതവും നല്‍കണം. കൂടാതെ, ചെലവു വര്‍ദ്ധിക്കുന്നത് ഇന്ത്യന്‍ ടെക്കികള്‍ക്ക് യുഎസില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും ഒരു തടസ്സമാവുകയും ചെയ്യുന്നു. വെല്ലുവിളികള്‍ക്കിടയിലും ഐടി മേഖല മുന്നോട്ടുതന്നെയാണ് എന്നതാണ് മോദി സര്‍ക്കാരിന് ആശ്വാസം നല്‍കുന്നു. ഇന്ത്യയിലെ ആഭ്യന്തര ഉല്‍പാദനത്തില്‍ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപി 6 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read: എഞ്ചിനീയര്‍മാര്‍ പരാജയപ്പെടുന്നത് എന്തുകൊണ്ട്? സിദ്ധാന്ത ഭാരത്തില്‍ തളര്‍ന്ന സാങ്കേതിക വിദ്യാഭ്യാസം

ഡാര്‍ലിംഗ്ടണ്‍ ഹെക്ടര്‍

ഡാര്‍ലിംഗ്ടണ്‍ ഹെക്ടര്‍

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍