കേരളത്തിനെതിരായ സാമ്പത്തിക വിവേചനം സകലസീമകളും ലംഘിച്ച് കേരളത്തിന്റെ ബജറ്റിനെ തകിടം മറിക്കുന്ന നിലയിലായിരിക്കുന്നു. കേരളം നേടിയ സാമൂഹ്യ, മാനവവികാസ സൂചകങ്ങള്‍ കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം ലഭിക്കുന്നതിനു വിഘാതമാകുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. 1971 ല്‍ കേരളത്തിന്റെ ജനസംഖ്യ രാജ്യ ജനസംഖ്യയുടെ 3.8 ശതമാനമുണ്ടായിരുന്നു. 2011 സെന്‍സസ് കണക്കു പ്രകാരം ഇത് 2.8 ശതമാനമായി കുറഞ്ഞു. ജനസംഖ്യാ നിയന്ത്രണം എന്ന ദേശീയ ലക്ഷ്യം കൈവരിക്കാന്‍ കേരളം കാണിച്ച മിടുക്കാണ് ഈ നേട്ടത്തിനാധാരം. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കിയും ആരോഗ്യ പരിപാലനം, പ്രത്യേകിച്ച് പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട ആരോഗ്യ പരിപാലനം, ഉറപ്പാക്കിയും നേടിയ നേട്ടമാണിത്. ഈ നേട്ടം കേരളത്തിന്റെ നികുതി വിഹിതം ഇടിയുന്നതിനു കാരണമായി. ഇതേ പോലെ ആളോഹരി വരുമാനം ഇന്ത്യന്‍ ശരാശരിയേക്കാള്‍ 50 ശതമാനമെങ്കിലും ഉയര്‍ന്നതാണ് കേരളത്തിന്റേത്.
നികുതി വിഹിതം പങ്കു വെയ്ക്കുന്നതിനായി പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ സ്വീകരിച്ച മാനദണ്ഡങ്ങളില്‍ 60 ശതമാനം ഊന്നല്‍ ഈ രണ്ടു കാര്യങ്ങള്‍ക്കുമാണ്. ഇതിന്റെ ഫലമായി കേരളത്തിന്റെ നികുതി വിഹിതം കുത്തനെ ഇടിഞ്ഞു. ഇതു ധനകാര്യ കമ്മീഷനെ ബോധ്യപ്പെടുത്തിയതിന്റെ ഫലമായി കിട്ടിയതാണ് റവന്യൂക്കമ്മി ഗ്രാന്റ്. നികുതി വിഹിതത്തിലെ നഷ്ടം അഞ്ചു വര്‍ഷക്കാലം 85000 കോടി രൂപ വരും. റവന്യൂക്കമ്മി ഗ്രാന്റ് 4 കൊല്ലം കൊണ്ട് 38000 കോടി മാത്രം അനുവദിച്ചു. ഇപ്പോള്‍ ഇത് ഏതാണ്ടു നിന്നു. ജിഎസ്ടി നഷ്ടപരിഹാരവും ഇതിനു സമാനമായി കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന ഒരു വരുമാനമായിരുന്നു. അതും നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. ജിഎസ്ടി നടപ്പിലാക്കുന്നതിന് ചില പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഈ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനാണ് നഷ്ടപരിഹാരം തന്നുകൊണ്ടിരുന്നത്. എന്നാല്‍ പ്രതിസന്ധികള്‍ അതെപോലെ തുടരുകയും നഷ്ടപരിഹാരം നിലക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ചാവശ്യപ്പെട്ടിട്ടും ജിഎസ്ടി നഷ്ട പരിഹാരം തുടര്‍ന്നില്ല.
കീശ കവരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍
ഇത്തരത്തില്‍ കേരളത്തിനു ലഭിക്കേണ്ട നികുതി വരുമാനത്തില്‍ വലിയ കുറവ് വന്നിരിക്കുന്നു. അതിനു പകരമായുള്ള റെവന്യൂ കമ്മിറ്റി ഗ്രാന്റും നിലച്ചു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചുകൊണ്ടിരുന്ന പണവും ഇല്ലാതായി. സ്വാഭാവികമായും ഈ വരവുകള്‍ ഏതാണ്ട് നിലച്ചത് നടപ്പു സാമ്പത്തിക വര്‍ഷത്തിലാണ്. സംസ്ഥാനം വലിയ പണ ഞെരുക്കത്തിലേക്ക് എത്തുന്നത് വളരെ സ്വാഭാവികമാണ്. കാരണം ഈ വരുമാനങ്ങളെല്ലാം ഒരുമിച്ചില്ലാതാവുന്ന ഘട്ടമാണ്. ഈ അവസരം കൃത്യമായി തെരഞ്ഞെടുത്ത് വായ്പ പരിധി ഏകപക്ഷീയമായി വെട്ടികുറക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി. ഇതിന്റെ ഫലമായി 2019-20 ല്‍ 40000 കോടി വായ്പ എടുത്തിരുന്നെങ്കില്‍ 2023 -24 ല്‍ ഇരുപത്തിഅയ്യായിരം കോടിയായി കുറഞ്ഞു. ഈ വര്‍ഷം അതിനേക്കാള്‍ ഗണ്യമായി കുറയും എന്നതാണ് സ്ഥിതി. 2019-2020നെ അപേക്ഷിച്ചു കോവിഡ് മൂലം 2020 -21 ല്‍ സമ്പദ്ഘടന താഴേക്ക് പോയി. പക്ഷെ അവിടെ നിന്നും വളരെ മികച്ച വീണ്ടെടുപ്പും വളര്‍ച്ചയും ഉണ്ടായി.
ഈ വളര്‍ച്ചയ്ക്ക് ആനുപാതികമായി വായ്പ വരുമാനം വര്‍ധിക്കുന്നതിന് പകരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിനു പറയുന്ന ന്യായം കേരളം വലിയ കടക്കെണിയില്‍ ആണെന്നതാണ്. വസ്തുതാവിരുദ്ധമായ ഒരു ആഖ്യാനമാണിത്. കേരളം കടക്കെണിയിലാണെന്നു പറയുന്ന കേന്ദ്ര സര്‍ക്കാര്‍ മന്ത്രിമാര്‍ ദേശിയ വരുമാനത്തിന്റെ 60 ശതമാനവും കടമുള്ള സര്‍ക്കാരിന്റെ മന്ത്രിമാരാണ്. കോവിഡ് കാലത്തു കേരളത്തിന്റെ ആകെ സഞ്ചിത ബാധ്യത സംസ്ഥാന വരുമാനത്തിന്റെ 39-40 ശതമാനം എത്തി. അവിടെ നിന്ന് സാധാരണ നിലയിലേക്ക് എത്തിഇപ്പോള്‍ 36-35 ശതമാനമാണ് കടത്തിന്റെ ആഭ്യന്തര വരുമാന അനുപാതം. കേരളം കോവിഡ് കാലത്തെ ഉയര്‍ന്ന കടത്തില്‍ നിന്നും പുറത്തുവരികയാണ്. സമ്പദ് ഘടനയുടെ വളര്‍ച്ചയിലൂടെയാണ് കേരളം ഈ കടം മാനേജ് ചെയ്യുന്നത്. അതിനുപകരം ഒരു സുപ്രഭാതത്തില്‍ ഏകപക്ഷീയമായി സംസ്ഥാനത്തിന്റെ വായ്പ വരുമാനത്തെ പിടിച്ചു ഞെരുക്കി ഇല്ലാതാക്കുകയും, ബജറ്റ് ചെയ്ത വായ്പ്പ വരുമാനത്തില്‍ 18000-19000 കോടി രൂപ കുറവു വരുത്തുന്ന ഉപരോധ സമാനമായ നടപടിയാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ബജറ്റിനകത്ത് വരുമാനമായി കണക്കാക്കിയിരിക്കുന്നതാണ് ഈ 18000-19000 കോടി രൂപ. പല ന്യായങ്ങള്‍ നിരത്തി അതു പൊടുന്നനെ ഇല്ലാതാകുകയാണ് ചെയ്യുന്നത്. ഇതിനുപയോഗിക്കുന്ന ന്യായങ്ങള്‍ തങ്ങള്‍ക്ക് യൂണിയന്‍ സര്‍ക്കാര്‍ ബാധകമാക്കുന്നില്ല. സംസ്ഥാന സര്‍ക്കാരും, നിയമസഭയും രൂപപ്പെടുത്തുന്ന ബജറ്റിനെ തകിടം മറിക്കുന്ന നിലയിലേക്കാണ് ഈ വിവേചനം അവസാനം എത്തി നില്‍ക്കുന്നത്.
കേരളം ധന ഞെരുക്കത്തിലെത്തുന്ന ഒരു വര്‍ഷം തെരെഞ്ഞെടുക്കുന്നു. അതേ വര്‍ഷം ഏകപക്ഷീയമായി വായ്പ്പ വരുമാനം വെട്ടികുറക്കുന്നു. ഈ സമീപനം ആര്‍ട്ടിക്കിള്‍ 202 പ്രകാരം നിയമസഭയുടെ സമ്പൂര്‍ണ അധികാരത്തിനകത്തു നിന്നു പാസാക്കുന്ന ബജറ്റിനെ തകിടം മറിക്കുന്ന സ്ഥിതിയിലേക്ക് എത്തുന്നു. ഈ ഗുരുതരമായ സാഹചര്യത്തിലാണ് കേരളം പ്രതിഷേധത്തിലേക്ക് എത്തുന്നത്. കേരളത്തിന്റെബജറ്റില്‍ എത്ര വരുമാനം ധനകമ്മിയായി സമാഹരിക്കണമെന്ന് നിശ്ചയിക്കാനുള്ള ഭരണഘടനപരമായ അധികാരം നിയമസഭക്ക് മാത്രമാണ്. ആ അധികാരത്തെ ബലപ്രയോഗത്തിലൂടെ കയ്യടക്കി സംസ്ഥാനത്തിന്റെ ബജറ്റ്-ധന അധികാരങ്ങളെ തകിടം മറക്കുകയുമാണ് യൂണിയന്‍ സര്‍ക്കാര്‍ ചെയ്യുന്നത്.
കേരളംമുന്നോട്ടുവക്കുന്ന രാഷ്ട്രീയ വികസന സമീപനങ്ങളെ തകര്‍ത്തു കേരളമെന്ന ആശയത്തെ ഇല്ലതാക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കെതിരിയാണ്ജന്തര്‍ മന്തറില്‍മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം.