UPDATES

ഓഫ് ബീറ്റ്

2015 ലെ കേരള ബജറ്റ്

രാഷ്ട്രീയ ഇടവഴി: പരമ്പര, ഭാഗം-111

                       

2015-ല്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഒരു സംഭവമായിരുന്നു. പതിമൂന്നാം കേരളനിയമസഭയുടെ അഞ്ചാമത്തെ ബഡ്ജറ്റ് 2015 മാര്‍ച്ച് പതിമൂന്നിന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ധനകാര്യമന്ത്രിയായ കെ.എം. മാണി അവതരിപ്പിച്ചു. കേരള സംസ്ഥാനത്ത് 13 പൂര്‍ണ്ണ ബജറ്റുകള്‍ അവതരിപ്പിച്ച്, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചെന്ന റെക്കോഡ് സ്വന്തമാക്കിയ വ്യക്തിയാണ് കെ. എം. മാണി. 2015ലെ ബജറ്റ് അവതരണം കോലാഹലങ്ങള്‍ നിറഞ്ഞ സംഭവബഹുലമായ ബജറ്റ് അവതരണമായിരുന്നു. ബാര്‍ കോഴയില്‍ ആരോപണം നേരിടുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിലെ ധാര്‍മികത ചൂണ്ടിക്കാട്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഏത് വിധേയനേയും ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും എന്ത് വില കൊടുത്തും അത് തടയുമെന്ന് പ്രതിപക്ഷവും നിലപാട് കര്‍ക്കശമായിരുന്നു. വളരെ വലിയ കയ്യങ്കാളിക്കായിരുന്നു ബജറ്റ് അവതരണ ദിവസം കേരളനിയമസഭ സാക്ഷ്യം വഹിച്ചത്.

കസേര കളികളുടെ കാര്‍ട്ടൂണുകള്‍

കേരള നിയമസഭയിലെ കയ്യാങ്കളി ദേശീയ ദിനപത്രങ്ങളും വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ബജറ്റ് ദിനത്തിന് ഒരു ദിവസം മുമ്പേ തിരുവനന്തപുരം നഗരത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും കെ. എം. മാണിയെ തടയുമെന്ന് പ്രഖ്യാപിച്ച് സമരം ചെയ്തിരുന്നു. രാത്രിയിലും ബജറ്റ് ദിനത്തിലും തുടര്‍ന്ന സമരം പല പ്രാവശ്യം അക്രമസക്തമായിരുന്നു. ഡി.വൈ.എഫ്.ഐ.യും യുവമോര്‍ച്ചയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഭരണപ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ നിയമസഭയില്‍ കിടന്നുറങ്ങി ബജറ്റ് തടയാനും പ്രതിരോധിക്കാനും ശ്രമം നടത്തിയത് വാര്‍ത്തയായിരുന്നു.

നിയമസഭയിലെ കലുഷിതമായ അന്തരീക്ഷത്തില്‍ ഒമ്പത് മിനിറ്റിനുള്ളില്‍ ബജറ്റ് അവതരിപ്പിച്ച് ബജറ്റ് മേശപ്പുറത്ത് വെച്ച ധനമന്ത്രി കെ.എം. മാണി, ബജറ്റിലെ പ്രസക്തഭാഗങ്ങള്‍ വിശദീകരിച്ചത് നിയമസഭയുടെ മീഡിയ റൂമിലിരുന്നാണ്. അന്നത്തെ ബജറ്റ് അവതരണം മാധ്യമം പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് വി ആര്‍ രാഗേഷ് ചിത്രീകരിച്ചിരിക്കുന്നത് വളരെ രസകരമായാണ്. ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള ലഡുവിതരണം വരെ കാര്‍ട്ടൂണിലുണ്ട്. അന്നത്തെ പ്രധാന താരങ്ങളൊക്കെ കാര്‍ട്ടൂണിലും കാണാം.

കാര്‍ട്ടൂണ്‍ കടപ്പാട് : മാധ്യമം

 

Share on

മറ്റുവാര്‍ത്തകള്‍