June 14, 2025 |
Share on

ശിവതാണ്ഡവം ആടുമ്പോൾ എന്നില്‍ നിറയെ പൗരുഷമായിരുന്നു, പൂതനയായി കുഞ്ഞിനെ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ ഉടലിലും ഉയിരിലും സ്ത്രീയുടെ സമസ്ത സ്പന്ദനങ്ങളും പ്രവഹിച്ചിരുന്നു: മോഹൻലാൽ

ആ പറക്കലിന്റെ ആനന്ദം തീരുന്നില്ല. തീരുമ്പോള്‍ ഞാന്‍ ആകാശത്തില്‍ ഒരു മഴമേഘത്തുണ്ട് പോലെ അലിഞ്ഞലിഞ്ഞ് അപ്രത്യക്ഷമാവും.

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന സിദ്ധാന്തം കലയിലും സത്യമാണെന്ന് നടൻ മോഹൻലാൽ. നരസിംഹം എന്ന സിനിമയിലും ആറാം തമ്പുരാനിലും നരനിലും താഴ്‌വാരത്തിലുമെല്ലാം ഞാന്‍ അവതരിപ്പിച്ചത് പൗരുഷപ്രധാനമായ കഥാപാത്രങ്ങളായിരുന്നു. എന്നാൽ അവയ്ക്ക് കടകവിരുദ്ധമാണ് കമലദളം വാനപ്രസ്ഥം ഇട്ടിമാണി തുടങ്ങിയ കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങൾക്കായി കഥകളിയോ, നൃത്തമോ, മാർഗ്ഗം കളിയോ താൻ പഠിച്ചിട്ടല്ലെന്നും മോഹൻലാൽ പറയുന്നു.

എന്നാൽ, അതെല്ലാം എന്നിലുണ്ടായിരുന്നു. ആവശ്യം വന്നപ്പോള്‍ ഞാന്‍ തന്നെ അവയെ തിരഞ്ഞു കണ്ടുപിടിച്ചു എന്നുമാത്രം. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന സിദ്ധാന്തം കലയിലും സത്യമാണെന്നും അദ്ദേഹം പറയുന്നു. നൃത്തത്തിനും മാര്‍ഗ്ഗംകളിക്കും ചുവടുവെക്കുമ്പോള്‍, കഥകളിയില്‍ പൂതനയായി കുഞ്ഞിനെ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ എന്റെ ഉടലിലും ഉയിരിലും ഒരു സ്ത്രീയുടെ സമസ്ത സ്പന്ദനങ്ങളും പ്രവഹിക്കുന്നത് ഞാന്‍ അനുഭവിച്ചു. എന്റെ സര്‍വ്വകോശങ്ങളും നൃത്തം ചെയ്തു. വാത്സല്യം ചുരത്തി. അതുവരെ അനുഭവിച്ചിട്ടില്ലാത്ത തലങ്ങളിലേക്ക്, ആന്ദമൂര്‍ച്ഛകളിലേക്ക് കുറച്ച് നേരമെങ്കിലും എത്താന്‍ എനിക്ക് സാധിച്ചെന്നും അദ്ദേഗം തന്റെ ബ്ലോഗിൽ കുറിക്കുന്നു.

മോഹൻലാലിന്റെ കുറിപ്പിന്റെ പൂർണരൂപം…

ഇട്ടിമാണി എന്ന സിനിമയില്‍ മാര്‍ഗ്ഗംകളി അവതരിപ്പിച്ചപ്പോള്‍ പലരും എന്നോട് ചോദിച്ചു, ലാല്‍ മാര്‍ഗ്ഗംകളി പഠിച്ചിട്ടുണ്ടോ എന്ന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമലദളം എന്ന സിനിമയില്‍ നൃത്തം ചെയ്തപ്പോഴും പലരും ചോദിച്ചു, ലാല്‍ നൃത്തം പഠിച്ചിട്ടുണ്ടോ എന്ന്. വാനപ്രസ്ഥം എന്ന സിനിമയില്‍ കഥകളി ആടിയപ്പോള്‍, പൂതനാമോക്ഷം അവതരിപ്പിച്ചപ്പോഴെല്ലാം ചോദിച്ചു, ലാല്‍ കഥകളി പഠിച്ചിട്ടുണ്ടോ എന്ന്. എല്ലാറ്റിനും എന്റെ ഉത്തരം ഇല്ല, ഇല്ല, ഇല്ല എന്ന് തന്നെയായിരുന്നു. ഞാനിവയൊന്നും പഠിച്ചിട്ടില്ല. എന്നാല്‍ ഇവയെല്ലാം എന്നിലുണ്ടായിരുന്നു. ആവശ്യം വന്നപ്പോള്‍ ഞാന്‍ തന്നെ അവയെ തിരഞ്ഞു കണ്ടുപിടിച്ചു എന്നുമാത്രം. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന സിദ്ധാന്തം കലയിലും സത്യമാണ്.

നരസിംഹം എന്ന സിനിമയിലും ആറാം തമ്പുരാനിലും നരനിലും താഴ്‌വാരത്തിലുമെല്ലാം ഞാന്‍ അവതരിപ്പിച്ചത് പൗരുഷപ്രധാനമായ കഥാപാത്രങ്ങള്‍ ആയിരുന്നു. അവയ്ക്ക് കടകവിരുദ്ധമാണ് നേരത്തേ പറഞ്ഞ സ്‌ത്രൈണ ഭാവങ്ങള്‍. രാജശില്‍പി എന്ന സിനിമയില്‍ ശിവതാണ്ഡവം ആടുമ്പോഴും എന്നില്‍ പൗരുഷമായിരുന്നു നിറയെ. എന്നാല്‍ നൃത്തത്തിനും മാര്‍ഗ്ഗംകളിക്കും ചുവടുവെക്കുമ്പോള്‍, കഥകളിയില്‍ പൂതനയായി കുഞ്ഞിനെ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ എന്റെ ഉടലിലും ഉയിരിലും ഒരു സ്ത്രീയുടെ സമസ്ത സ്പന്ദനങ്ങളും പ്രവഹിക്കുന്നത് ഞാന്‍ അനുഭവിച്ചു. എന്റെ സര്‍വ്വകോശങ്ങളും നൃത്തം ചെയ്തു. വാത്സല്യം ചുരത്തി. അതുവരെ അനുഭവിച്ചിട്ടില്ലാത്ത തലങ്ങളിലേക്ക്, ആന്ദമൂര്‍ച്ഛകളിലേക്ക് കുറച്ച് നേരമെങ്കിലും എത്താന്‍ എനിക്ക് സാധിച്ചു.

ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ആനന്ദവും സൗഭാഗ്യവും ഇത്തരത്തിലുള്ള പരകായ പ്രവേശവും അതിന്റെ അനുഭവവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ നമുക്ക് നമ്മളല്ലാത്ത പലതും ആകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അവയൊന്നും ആകാന്‍ സാധിക്കാതെ മിക്ക മനുഷ്യരും മരിച്ചുപോകുന്നു. എന്നാല്‍ ഒരു നടന് ഇവയില്‍ പലതും അല്‍പകാലത്തേക്കെങ്കിലും ആകാന്‍ സാധിക്കുന്നു. അയാള്‍ കള്ളനാകുന്നു, പൊലീസുകാരനാവുന്നു, കൊള്ളത്തലവനാകുന്നു, വധശിക്ഷ കാത്തുകിടക്കുന്ന കൊലയാളിയാവുന്നു, രോഗിയാവുന്നു, എഴുത്തുകാരനാവുന്നു, കഥകളി നടന്‍ ആവുന്നു, മേളവിദഗ്ധന്‍ ആവുന്നു, ചരിത്ര കഥാപാത്രമാവുന്നു, അച്ഛനും മുത്തച്ഛനുമാവുന്നു, കണ്ണുകാണാത്തയാളും ഓര്‍മ്മ നഷ്ടപ്പെട്ടയാളുമാവുന്നു. ചിലപ്പോള്‍ സ്ത്രീയാവുന്നു, ട്രാന്‍സ് ജെന്‍ഡര്‍ ആവുന്നു. ഇതെല്ലാം ഒറ്റ ശരീരത്തിന്റെ ചുറ്റളവില്‍ അയാള്‍ സാധ്യമാക്കുന്നു. ഇതിനര്‍ഥം ഇവയെല്ലാം നമ്മളില്‍ ഉണ്ട് എന്നതാണ്. മനുഷ്യന്റെ മസ്തിഷ്‌കത്തെക്കുറിച്ച് പറയാറുണ്ട്. അതിന്റെ സാധ്യതകളില്‍ വളരെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ നാം ഉപയോഗിക്കുന്നുള്ളൂ. അതുപോലെ തന്നെയാണ് ശരീരത്തിന്റെയും മനസ്സിന്റെയും സാധ്യതകളും.

ഭാരതം എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ‘അര്‍ധ നാരീശ്വര പ്രകൃതി’യെ സങ്കല്‍പിച്ചിരുന്നു. പാതി പുരുഷനും പാതി സ്ത്രീയും.. യിന്‍-യാന്‍ എന്ന് ചൈനയും താവോയും പറയും. ഇങ്ങിനെയെങ്കില്‍ മാത്രമേ എല്ലാം സന്തുലിതമാവൂ. ഏതെങ്കിലും ഒന്ന് മറ്റേതിനെ അധികരിക്കുമ്പോള്‍ ജൈവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ വരുന്നു. ശുദ്ധകലയുടെ എല്ലാ വിഭാഗങ്ങളും സ്‌ത്രൈണമായ അവസ്ഥയില്‍ നിന്നാണ് ഉണ്ടാവുന്നത്. അങ്ങിനെയേ സാധിക്കൂ. മനുഷ്യന്റെ ലോലവും ലാസ്യവുമായുള്ള എല്ലാം ചെന്ന് തൊടുന്നത് നമ്മിലെതന്നെ ഈ സ്‌ത്രൈണാവസ്ഥയെ ആണ്. ഈ അര്‍ധനാരീശ്വര ഭാവത്തില്‍ നിന്നാണ് എല്ലാ മഹത്തായ സൃഷ്ടികളും സംഭവിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ സ്ത്രീയാണോ പുരുഷനാണോ വലിയ ആള്‍ എന്ന ചോദ്യത്തിന് എന്ത് പ്രസക്തിയാണുള്ളത്?

നടന്മാരായ ദിലീപും ജയസൂര്യയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയി അഭിനയിച്ചിട്ടുണ്ട്. അതിന്റെ അനുഭവത്തെക്കുറിച്ച് ഞാന്‍ അവരോട് ചോദിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കും അഭിനയത്തിന്റെ കാലാവധി കഴിഞ്ഞിട്ടും കുറച്ചുനാള്‍ ആ അവസ്ഥയില്‍ നിന്നും മോചിതരാവാന്‍ സാധിച്ചില്ല എന്നവര്‍ പറഞ്ഞു. ഇതും ഒരു അഭിനേതാവിന് മാത്രം സംഭവിക്കുന്ന കാര്യമാണ്. തന്റെ യഥാര്‍ഥ ഭാവത്തിന്നപ്പുറത്തേക്ക് പോയി ഒരു ഹ്രസ്വകാലം അയാള്‍ ജീവിക്കുന്നു. പിന്നെയും ആ അവസ്ഥ അയാളില്‍ തുടരുന്നു. ഒടുവില്‍ അതിനെ കുടഞ്ഞുകളയാന്‍ അയാള്‍ മറ്റൊരു ഭാവത്തിലേക്ക് കൂടുവിട്ട് കൂടുമാറുന്നു. അങ്ങനെ വര്‍ഷങ്ങളോളം മാറിമാറി അയാള്‍ ഒടുവില്‍ ചെന്നെത്തിനില്‍ക്കുന്നത് ശുദ്ധമായ ഒരു ശൂന്യതയിലാവും.

അടിത്തട്ടുവരെ കാണാവുന്ന ഒരു തടാകം പോലെയായിരിക്കും അയാള്‍. അല്ലെങ്കില്‍ തീര്‍ത്തും തെളിഞ്ഞ ആകാശം പോലെ. അപ്പോള്‍ അയാളില്‍ നിറയെ മൗനമായിരിക്കും. ആരോടും അയാള്‍ക്ക് പരിഭവങ്ങളുണ്ടാവില്ല. ഒന്നും ആകാന്‍ ആഗ്രഹം ഉണ്ടാവില്ല. അഹങ്കാരം അശേഷം ഉണ്ടാവില്ല. മത്സരഭാവം ഉണ്ടാവില്ല. ഈ പ്രകൃതിയുമായി ഭേദഭാവം പോലുമുണ്ടാവില്ല. ഈ അവസ്ഥയാണ് ഞാനും തേടുന്നത്. അങ്ങോട്ടാണ് എന്റെയും യാത്ര. അവിടെ ഞാന്‍ എത്തിച്ചേരുമോ എന്നറിയില്ല. എങ്കിലും കൂടുവിട്ട് കൂടുമാറി ഞാന്‍ പറന്നുകൊണ്ടേയിരിക്കുന്നു. ആ പറക്കലിന്റെ ആനന്ദം തീരുന്നില്ല. തീരുമ്പോള്‍ ഞാന്‍ ആകാശത്തില്‍ ഒരു മഴമേഘത്തുണ്ട് പോലെ അലിഞ്ഞലിഞ്ഞ് അപ്രത്യക്ഷമാവും.

സ്‌നേഹത്തോടെ മോഹന്‍ലാല്‍

 

 

Leave a Reply

Your email address will not be published. Required fields are marked *

×