UPDATES

സിനിമ

അധോലോക നായകനായ മോഹൻലാലിന്റെ പിതാവ്, കൂട്ടുകാരന്റെ മകളെ പ്രണയിച്ച റിട്ടേർഡ് പട്ടാളക്കാരൻ; ഗിരീഷ് കർണാടിൻറെ രണ്ട് മലയാള സിനിമകൾ

1996 ൽ പുറത്തിറങ്ങിയ ദ് പ്രിന്‍സ്, 1987 ലെ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളിലാണ് അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

                       

പ്രശസ്ത നാടകകൃത്തും നടനുമായ ഗിരിഷ് കര്‍ണാട് ഇന്ന് ബംഗളൂരുവിലെ വസതിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും നിരവധി സിനിമകളില്‍ സാന്നിധ്യമാറിയിച്ച അദ്ദേഹം സിനിമയില്‍ സജീവമായിരുന്നപ്പോഴും നാടകകൃത്തെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ഇംഗ്ലീഷിലും കന്നഡയിലും നാടകങ്ങള്‍ രചിച്ചിരുന്നു. മാല്‍ഗുഡി ഡെയ്‌സ് പോലുള്ള പ്രശസ്തമായ ടെലിവിഷന്‍ ഷോകളും അദ്ദേഹം ചെയ്തു. കേന്ദ്ര സംഗീത അക്കാദമി ചെയര്‍മാനായിരുന്നു.

പത്മഭൂഷണ്‍, ജ്ഞാനപീഠപുരസ്കാരം ജേതാവ് കൂടിയായ അദ്ദേഹം രണ്ട് മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 1996 ൽ പുറത്തിറങ്ങിയ ദ് പ്രിന്‍സ്, 1987 ലെ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളിലാണ് അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രജനികാന്തിനെ നായകനാക്കി ബാഷയെന്ന സുപ്പർഹിറ്റ്‌ തമിഴ് സിനിമയ്ക്ക് ശേഷം സുരേഷ് കൃഷ്ണ മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി പ്രിൻസ്’. 1996ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലാണ് നായകനായി എത്തിയത്. ചിത്രത്തിൽ മോഹൻലാലിന്റെ അധോലോക ചക്രവർത്തിയായ അച്ഛന്റെ വേഷണത്തിലാണ് ഗിരീഷ് കർണാട് എത്തിയത്.

വിശ്വനാഥ് എന്ന അണ്ടർവേൾഡ് ഡോണിന്റെ കഥാപത്രമാണ് ഗിരീഷ് കർണാട് ഈ ചിത്രത്തിൽ കൈകാര്യം ചെയ്‌തത്‌. സ്വാർത്ഥതത്പ്പരനായ കർക്കശക്കാരൻ അച്ഛന്റെ വേഷം അദ്ദേഹം ഏറെ കയ്യടക്കത്തോടെ അവതരിപ്പിച്ചു. ഭാര്യയായി ശ്രീവിദ്യയും, മറ്റൊരു മകനായി കാക്കാ രവിയും വേഷമിട്ടു.

എന്നാൽ ‘ബാഷ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഏറെ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രം വൻ പരാജയമായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലെ ആ താര സാന്നിധ്യം അന്ന് തിരിച്ചറിയപ്പെടാതെ പോയി.

1986ൽ, ഭരതൻ സംവിധാനം ചെയ്ത ‘നീലക്കുറിഞ്ഞി പൂത്തപ്പോൾ’ എന്ന ചിത്രത്തിലാണ് കർണാടിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ശ്രീനിവാസൻ, നെടുമുടി വേണു, കാർത്തിക, ഇന്നസെന്റ്, കെ.പി.എ.സി. ലളിത എന്നിവരായിരുന്നു സിനിമയിലെ മറ്റു പ്രധാന
താരങ്ങൾ.

അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രം ബ്ലേം ഇറ്റ് ഓണ്‍ റിയോ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭരതന്‍ ഈ ചിത്രം ഒരുക്കിയത്. കേണല്‍ അപ്പു മേനോന്‍ എന്ന കഥാപാത്രത്തെയാണ് ഗിരീഷ് കര്‍ണാട് അവതരിപ്പിച്ചത്. ശിവരാമകൃഷ്ണൻ നായർ എന്ന നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രത്തിന്റെ വീട്ടിലേക്ക് സുഹൃത്തും റിട്ടയേര്‍ഡ് പട്ടാളക്കാരനുമായ കേണല്‍ അപ്പു മേനോന്‍ എത്തുന്നതും. ശിവരാമ കൃഷ്ണന്റെ നിർബന്ധത്തെ തുടർന്ന് പിന്നീട് അദ്ദേഹം അവിടെ താമസിക്കുകയും, അവിവാഹിതനായ അദ്ദേഹം പിന്നീട് ശിവരാമകൃഷ്ണന്റെ മകളായ സന്ധ്യയുമായി(കാർത്തിക) പ്രണയിത്തിലാകുന്നതുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ നടന്‍ മുരളിയായിരുന്നു അദ്ദേഹത്തിന് വേണ്ടി ശബ്ദം നല്‍കിയത്.

വംശവൃക്ഷ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാനരംഗത്തേക്ക് കടക്കുന്നത്. ഈ ചിത്രം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടി. അതിന് മുമ്പ് യുആര്‍ അനന്തമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി പട്ടാഭിരാമ റെഡ്ഡി സംവിധാനം ചെയ്ത സംസ്‌കാര എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. കന്നഡ സിനിമയില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള ആദ്യ ദേശീയ പുരസ്‌കാരം നേടിയ ആദ്യ ചിത്രമാണ് ഇത്. കന്നഡയിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. തബ്ബലിയു നീനഡെ മഗനെ, ഒന്‍ഡാനൊണ്ടു കാലഡല്ലി, ചെലുവി, കാട് എന്നിവയാണ് കന്നഡയിലെ പ്രശസ്ത ചിത്രങ്ങള്‍. ഉത്സവ്, ഗൊദ്ദുലി ആന്‍ഡ് റീസന്റ് പുകാര്‍ എന്നിവ ഹിന്ദി ചലച്ചിത്രങ്ങളും. കന്നഡ എഴുത്തുകാരന്‍ കൂവെമ്പിന്റെ നോവലിനെ അടിസ്ഥാനമാക്കി കാനൂരു ഹെഗ്ഗദിതിയാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത സിനിമ. 1999ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. എപിജെ അബ്ദുള്‍ കലാമിന്റെ വിംഗ്‌സ് ഓഫ് ഫയര്‍ എന്ന പുസ്തകത്തിന്റെ ഓഡിയോ പതിപ്പില്‍ കലാമിന് ശബ്ദം കൊടുത്തിരിക്കുന്നത് കര്‍ണാട്.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍