UPDATES

സിനിമ

സെന്‍സര്‍ ബോഡെന്ന അശ്ലീലത്തിന് ആര് കത്രിക വെയ്ക്കും?

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ മരണങ്ങളെ കുറിച്ച് പറയുന്നതിന്റെ പേരില്‍ സുവേന്ദു ഘോഷ് സംവിധാനം ചെയ്ത ബംഗാളി ചിത്രം ശൂന്യതോയ്ക്ക് മേല്‍ സെന്‍സര്‍ കത്രിക

                       

സുവേന്ദു ഘോഷ് സംവിധാനം ചെയ്ത ബംഗാളി ചിത്രം ശൂന്യതോയ്ക്കാണ് ഏറ്റവും ഒടുവില്‍ സെന്‍സര്‍ ബോഡിന്റെ കത്രിക വീണിരിക്കുന്നത്. നോട്ട് നിരോധനം പരാമര്‍ശിക്കുന്ന ആറ് രംഗങ്ങളാണ് സെന്‍സര്‍ ബോഡിനെ പ്രകോപിപ്പിച്ചത്. ഇതില്‍ രണ്ടെണ്ണം മുറിച്ചുമാറ്റാനും ബാക്കി നാലെണ്ണത്തില്‍ നോട്ട് നിരോധനം സംബന്ധിച്ച് പറയുന്ന ഭാഗം ബീപ് ശബ്ദം വച്ച് മറയ്ക്കാനുമാണ് നിര്‍ദ്ദേശിച്ചത്. മുറിച്ചുമാറ്റപ്പെട്ട സീനുകളിലൊന്ന് നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ മരണങ്ങളെ കുറിച്ച് പറയുന്നതാണ്. വലിയ മീനുകള്‍ സുരക്ഷിതരായിരിക്കുമ്പോള്‍ ചെറുമീനുകളെ പിടിക്കുകയാണെന്നും ഗവണ്‍മെന്റ് തെറ്റാണ് ചെയ്തത് എന്നും പറയുന്ന സംഭാഷണഭാഗം ബീപ് ശബ്ദം വച്ച് വികലമാക്കേണ്ടി വന്നു. സെന്‍സര്‍ ബോഡിന്റെ കൊല്‍ക്കത്ത റീജിയണല്‍ ഓഫീസാണ് ചെയര്‍മാന്‍ പഹ്ലാജ് നിഹലാനിയുടെ ആവശ്യപ്രകാരം കട്ടുകള്‍ നിര്‍ദ്ദേശിച്ചത്. തന്റെ ചിത്രം പുറത്തിറങ്ങുകയും ജനങ്ങള്‍ കാണുകയും വേണമെന്ന് താല്‍പര്യമുള്ളതില്‍ ഇത് അംഗീകരിച്ചുകൊടുക്കേണ്ടി വന്നതായി സംവിധായകന്‍ സുവേന്ദു ഘോഷ് പറഞ്ഞു. യു എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയെ നശിപ്പിക്കുന്ന ഒരു ജനാധിപത്യവിരുദ്ധ സ്ഥാപനവും ഒരു വലിയ അശ്ലീലവുമായി സെന്‍സര്‍ ബോഡ് മാറിയിരിക്കുകയാണ്. കലാവിഷ്‌കാരങ്ങളിലെ വിമര്‍ശനങ്ങളെ പോലും ഇവര്‍ക്ക് സഹിക്കാനാവുന്നില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇത്തരം രാജഭക്തര്‍ നടപ്പാക്കുന്നത്. അനുഷ്‌ക ശര്‍മ പ്രധാന കഥാപാത്രമായ ഫില്ലൗരി എന്ന ബോളിവുഡ് ചിത്രത്തില്‍ പ്രേതത്തെ ഓടിക്കാന്‍ ഹനുമാന്‍ ചാലിസ ചൊല്ലുന്ന രംഗമാണ് മതവികാരം വ്രണപ്പെടുത്തുന്നതായി ആരോപിച്ച് സെന്‍സര്‍ ബോഡ് മുറിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടത്. ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തില്‍ 13 കട്ടുകളാണ് സെന്‍സര്‍ ബോഡ് നിര്‍ദ്ദേശിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദളിന്റെ താല്‍പര്യത്തിന് വിരുദ്ധമായി സംസ്ഥാനത്തെ ഭരണകൂടവും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം തുറന്നുകാട്ടിയതിനാണ് ഈ ചിത്രത്തെ കീറി മുറിക്കാന്‍ ശ്രമിച്ചത്. ചിത്രം പഞ്ചാബിനെ അപമാനിക്കുന്നതാണെന്ന് സെന്‍സര്‍ ബോഡ് അഭിപ്രായപ്പെട്ടു. ഈ സിനിമയെ ഒന്നടങ്കം നശിപ്പിക്കുന്ന തരത്തിലുള്ള കട്ടുകള്‍ക്കെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവായ സംവിധായകന്‍ അനുരാഗ് കശ്യപ് അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വലിയ പ്രതിഷേധമാണ് സെന്‍സര്‍ ബോഡിനെതിരെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. കോടതി ഇടപെടല്‍ കാരണം സെന്‍സര്‍ ബോഡിന്റെ നീക്കം വിലപ്പോയില്ല. ഹനുമാനെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചു എന്ന് പറഞ്ഞാണ് ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത മലയാള ചിത്രം കാ ബോഡി സ്‌കേപ്പിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്നാണ് പ്രാദേശിക സെന്‍സര്‍ കണ്ടുപിടിച്ചത്.

സെന്‍സര്‍ ബോഡിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ നിന്ന് തന്നെ വഴി മാറിക്കൊണ്ടുള്ള കടന്നുകയറ്റമാണ് സിനിമകള്‍ക്ക് മേല്‍ അത് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ സിനിമയായ രാജ ഹരിശ്ചന്ദ്ര പുറത്തിറങ്ങി ഏഴ് വര്‍ഷത്തിന് ശേഷം അതായത് 1920ലാണ് ഇന്ത്യന്‍ സിനിമാട്ടോഗ്രാഫ് ആക്ട് പാസാക്കിയത്. ഇതിന്റെ ഭാഗമായി സിനിമകള്‍ പരിശോധിച്ച് പ്രദര്‍ശനാനുമതി നല്‍കുന്നതിനുള്ള സംവിധാനമായ സെന്‍സര്‍ ബോഡുകള്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിലവില്‍ വന്നു. ബോംബെയിലും കല്‍ക്കട്ടയിലും മദ്രാസിലും ലാഹോറിലും ബര്‍മയുടെ ഭാഗമായിരുന്ന റംഗൂണിലും സെന്‍സര്‍ ബോഡുകള്‍ വന്നു. സ്വാതന്ത്ര്യത്തിന് ശേഷം പ്രാദേശിക സെന്‍സര്‍ ബോഡുകളുടെ സ്വയംഭരണാവകാശം ഇല്ലാതാവുകയും ബോംബെ ബോഡ് ഓഫ് ഫിലിം സെന്‍സേര്‍സ് രൂപം കൊള്ളുകയും ചെയ്തു. 1952ലെ സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം ഇത് സെന്‍ട്രല്‍ ബോഡ് ഓഫ് ഫിലിം സെന്‍സേര്‍സ് ആയി മാറി.

1983ല്‍ സിനിമാട്ടോഗ്രാഫ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുകയും സെന്‍ട്രല്‍ ബോഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനായി സ്ഥാപനം മാറുകയും ചെയ്തു. പേരില്‍ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാണ്. സിനിമകളിലെ രംഗങ്ങള്‍ മുറിച്ചു മാറ്റല്‍ അല്ല ഈ സ്ഥാപനത്തിന്റെ പണി. സിനിമകള്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യലാണ്. ഉപയോഗിച്ച് വന്ന വാക്കെന്ന നിലയിലും ഉപയോഗിക്കാനുള്ള സൗകര്യം പരിഗണിച്ചും സെന്‍സര്‍ ബോഡ് എന്ന് തന്നെ ഉപയോഗിച്ച് വരുകയാണെന്ന് മാത്രം. ഈ പേര് നല്‍കുന്നത് സിനിമകളെ തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങളുടേയും മുന്‍വിധികളുടേയും വിഡ്ഢി സങ്കല്‍പ്പങ്ങളുടേയും ഭാഗമായി കീറി മുറിക്കാനുള്ള അധികാരമാണെന്ന് സെന്‍സര്‍ ബോഡ് ധരിച്ച് വച്ചിട്ടുള്ളത് സിനിമയെ സംബന്ധിച്ചും എന്ന കലയെ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചും ഏറെ ദ്രോഹകരമാണ്.

സംഘപരിവാറിന്റെ സാംസ്‌കാരിക അധിനിവേശത്തിന് തടസമായ പൊതുസ്ഥാപനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യവുമായി സംഘപരിവാര്‍ അനുഭാവം യോഗ്യതയായി കണ്ട് വ്യക്തികളെ സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിക്കുക എന്ന പരിപാടിയാണ് മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാന്‍ വരുന്നതും. ചരിത്ര ഗവേഷണ കൗണ്‍സില്‍ അദ്ധ്യക്ഷനായി സുദര്‍ശന്‍ റാവു വരുന്നതും. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല പോലൊന്നില്‍ ജഗദീഷ് കുമാറിനെ പോലൊരാള്‍ വൈസ് ചാന്‍സലറാകുന്നതും ഹൈദരാബാദ് സര്‍വകലാശാലയില്‍ അപ്പാറാവുവിനെ പോലൊരാള്‍ വിസിയായി തുടരുന്നതുമെല്ലാം ഈ അജണ്ടയുടെ ഭാഗമാണ്.

പൊതു സ്ഥാപനങ്ങളെ തകര്‍ക്കുക, വര്‍ഗീയ അജണ്ടകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമായി ഉപയോഗിക്കുക, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വിമത ശബ്ദങ്ങള്‍ക്കും കൂച്ചുവിലങ്ങിടുക, സ്വേച്ഛാധിപത്യങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതും തടയുക എന്നീ താല്‍പര്യങ്ങളാണ് പ്രയോഗത്തില്‍ വരുന്നത്. ഇത്തരം സമീപനത്തിന്റെ ഭാഗമായാണ് പഹ്ലാജ് നിഹലാനിയെ പോലൊരാള്‍ സെന്‍സര്‍ ബോഡിന്റെ അദ്ധ്യക്ഷ പദവിയില്‍ വരുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ‘ഹര്‍ ഖര്‍ മോദി, ഖര്‍ ഖര്‍ മോദി’ എന്ന ഡോക്യൂമെന്‍ഡറി സംവിധാനം ചെയ്തു എന്നതാണ് സെന്‍സര്‍ ബോഡ് അദ്ധ്യക്ഷനാവാനുള്ള നിഹലാനിയുടെ പ്രധാന യോഗ്യത. ചില ഹിന്ദി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വാസെപൂര്‍, വിശാല്‍ ഭരദ്വാജിന്റെ ഓംകാര തുടങ്ങിയ വ്യാപക നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളൊന്നും ഉണ്ടാവാനേ പാടില്ലായിരുന്നു എന്ന അഭിപ്രായക്കാരനാണ്. രാജ്കുമാര്‍ ഹിരാനിയുടെ പികെയെ കുറിച്ചും ബിജെപി അനുഭാവിയും കടുത്ത മോദി ഭക്തനുമായ നിഹലാനിയുടെ അഭിപ്രായം ഇതാണ്.

സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്ന സെന്‍സര്‍ബോഡിന്റെ തലപ്പത്ത് സിനിമയെ കുറിച്ച് വ്യക്തമായ ധാരണയുള്ള കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും തന്നെ വരുന്നതാണ് ഉചിതം. എന്നാല്‍ ഇത് സംഭവിക്കുന്നില്ല. സെന്‍സര്‍ ബോഡിന്റെ കൈ കടത്തലിനെ കുറിച്ചുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ പരാതികള്‍ പഹ്ലജ് നിഹലാനിയുടെ വരവോടെ തുടങ്ങിയതല്ല. അത് പതിറ്റാണ്ടുകളായി ഉള്ളതാണ്. ബ്രിട്ടീഷ് ഇന്ത്യയെ അപേക്ഷിച്ച് സ്വതന്ത്ര ഇന്ത്യയിലാണ് സെന്‍സര്‍ ബോഡ് സിനിമയുഹടെ അന്തസത്തയേയും ആത്മാവിനേയും നശിപ്പിക്കുന്ന കൈകടത്തലുകാരനായത് എന്നത് ശ്രദ്ധേയം. ചുണ്ടുകള്‍ ചേര്‍ത്തുള്ള ചുംബനങ്ങള്‍ പോലും അശ്ലീലമെന്ന് പറഞ്ഞ് വിലക്കുന്ന സദാചാര പൊലീസിംഗാണ് പലപ്പോഴും സെന്‍സര്‍ ബോഡ് നടത്താറുള്ളത്. ബ്രിട്ടീഷ് ഇന്ത്യയിലെ നിശബ്ദ, ശബ്ദ ചിത്രങ്ങളെ സംബന്ധിച്ച് ഇത്തരം രംഗങ്ങള്‍ മനുഷ്യന്റെ സ്വാഭാവികമായ വികാര പ്രകടനങ്ങളുടെ ആവിഷ്‌കാരമായിരുന്നു. എന്നാല്‍ പിന്നീടുണ്ടായ അവസ്ഥ അതല്ല. വര്‍ഗീയത, അക്രമം, ക്രിമിനല്‍ പ്രവൃത്തികള്‍, പുരുഷ മേധാവിത്തം, സ്ത്രീ വിരുദ്ധത തുടങ്ങിയ കാര്യങ്ങളെ ആദര്‍ശവത്കരിക്കുകയും ആഘോഷിക്കുകയും ചെയ്ത ചിത്രങ്ങള്‍ക്ക് ഒരു വിമര്‍ശനം പോലുമില്ലാതെ യു സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സെന്‍സര്‍ ബോഡ് തന്നെയാണ് മനുഷ്യന്റെ പച്ചയായ ജീവിതവും വികാര പ്രകടനങ്ങളും സത്യസന്ധമായും കലാപരമായ മികവോടെയും അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സദാചാരത്തിന്റേയും സംസ്‌കാരത്തിന്‌റേയും പേരില്‍ കത്രിക വയ്ക്കുന്നത്. സെന്‍സര്‍ ബോഡിന്റെ കത്രികയില്‍ മുറിവേറ്റ് ചോര വാര്‍ന്ന എത്രയോ സിനിമകളുണ്ട്. ഇത്തരം കാപട്യങ്ങള്‍ വളര്‍ന്നാണ് ഇപ്പോള്‍ പഹ്ലജ് നിഹലാനിയുടെ സെന്‍സറിംഗ് അശ്ലീലത്തില്‍ എത്തി നില്‍ക്കുന്നത്. ഭരണകൂടത്തെയോ അതിന് നേതൃത്വം നല്‍കുന്നവരുടെ പ്രത്യയശാസ്ത്രങ്ങളെയോ വിമര്‍ശിക്കാന്‍ പോലും കഴിയാതിരിക്കുന്ന അവസ്ഥ.

തീര്‍ത്തും ബുദ്ധിശൂന്യവും അല്‍പ്പത്തരം നിറഞ്ഞതുമായ വാദങ്ങളുമായി സിനിമകളെ നേരിടുകയാണ് ഇവര്‍. 2015-16 കാലത്ത് 77 സിനിമകളെയാണ് സെന്‍സര്‍ ബോഡ് കത്രിക വച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതും പ്രദര്‍ശനാനുമതി നല്‍കാതെ തടഞ്ഞതും. 2013-14ല്‍ 23 സിനിമകള്‍ക്കും 2014-15ല്‍ 47 സിനിമകള്‍ക്കുമാണ് സെന്‍സര്‍ ബോഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഗ്രാന്‍ഡ് മസ്തി, രമണ്‍ രാഘവ്, ഒകെ മെ ധോകെ എന്നീ ചിത്രങ്ങള്‍ക്കെല്ലാം കഴിഞ്ഞ വര്‍ഷം സെന്‍സര്‍ ബോഡ് അനുമതി നിഷേധിച്ചിരുന്നു. സംവിധായകന്‍ പ്രകാശ് ഝാ നിര്‍മ്മിച്ച ലിപ്സ്റ്റിക് അണ്ടര്‍ ബുര്‍ഖയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോഡ് പറഞ്ഞ കാരണം വിചിത്രമാണ്. സ്ത്രീകേന്ദ്രീകൃതവും സ്ത്രീപക്ഷവുമാണ് ചിത്രമെന്നാണ് അനുമതി നിഷേധിക്കാനുള്ള കാരണമായി സെന്‍സര്‍ ബോഡ് പറഞ്ഞത്. അസഭ്യവാക്കുകളാണത്രെ മറ്റൊരു കാരണം. അനാര്‍ക്കലി ഓഫ് അരാ എന്ന ചിത്രത്തിന് 11 കട്ടുകളാണ് സെന്‍സര്‍ ബോഡ് നിര്‍ദ്ദേശിച്ചത്. സെന്‍സര്‍ബോഡിന്റെ എക്‌സാമിനിംഗ്, റിവൈസിംഗ് കമ്മിറ്റികള്‍ കണ്ട ശേഷമാണ് ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. നിലവില്‍ യു (നിയന്ത്രണങ്ങളില്ലാത്ത പ്രദര്‍ശനം), എ (പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം), യുഎ (രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ കാണാവുന്നത്), എസ് (പ്രത്യേക വിഭാഗങ്ങള്‍ക്കും വ്യക്തികള്‍ക്കും) എന്നീ വിഭാഗങ്ങളില്‍ പെടുത്തിയാണ് ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത്. സെന്‍സര്‍ ബോഡിന്റെ തീരുമാനം സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പീലറ്റ് ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യാം. 2015-16 കാലത്ത് പ്രദര്‍ശനാനുമതി മുടങ്ങിയ 77 സിനിമകളില്‍ 49 സിനിമകളും ബോഡിന്റെ തീരുമാനം ട്രൈബ്യൂണലില്‍ ചോദ്യം ചെയ്തു.

ചലച്ചിത്ര പ്രവര്‍ത്തകരുടെ വ്യാപകമായ പരാതികളെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സിനിമാട്ടോഗ്രാഫ് ആക്ടിലും സെന്‍സര്‍ ബോഡ് ചട്ടങ്ങളിലും മാറ്റം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ഇതിന്റെ ഭാഗമായാണ് സംവിധായകന്‍ ശ്യാം ബെനഗലിന്റെ അദ്ധ്യക്ഷതയില്‍ കമ്മിറ്റി രൂപപ്പെടുന്നത്. 2016 ഏപ്രില്‍ 26ന് ശ്യാം ബെനഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാലത്തിനനുസരിച്ച് സമീപനങ്ങളില്‍ മാറ്റം വരുത്താനും സിനിമകളോട് ഉദാരമായ സമീപനം സ്വീകരിക്കാനും തയ്യാറാകണമെന്ന് ശ്യാം ബെനഗല്‍ കമ്മിറ്റി അടക്കമുള്ളവ നിര്‍ദ്ദേശിച്ചിട്ടും പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായിട്ടില്ല. സെന്‍സര്‍ ബോഡിന്റെ കാര്യത്തില്‍ തങ്ങള്‍ക്കൊന്നും അറിയില്ല എന്ന മട്ടിലുള്ള കയ്യൊഴിയല്‍ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാര്യങ്ങള്‍ അങ്ങനെ അല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സിനിമയെ എങ്ങനെ കാണുന്നു അല്ലെങ്കില്‍ സംഘപരിവാര്‍ എങ്ങനെ സിനിമയെ കാണുന്നു, ജനങ്ങള്‍ എന്തൊക്കെ കാണണം എന്നാണ് അവര്‍ താല്‍പര്യപ്പെടുന്നത് എന്നതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് സെന്‍സര്‍ ബോഡ് പ്രവര്‍ത്തിച്ചു വരുന്നത് എന്നും മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. വ്യക്തികളെന്ന നിലയില്‍ പല അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും എല്ലാം ഉണ്ടാവാമെങ്കിലും സെന്‍സര്‍ ബോഡിന്റെ ഭാഗമായവര്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പൊതുപ്രശ്‌നങ്ങളില്‍ വിവാദ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന പതിവില്ല. എന്നാല്‍ പഹ്ലജ് നിഹലാനി അതും തെറ്റിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയര്‍മാനായി കെട്ടിയിറക്കപ്പെട്ട ബിജെപി അംഗവും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരാണെന്ന് പ്രഖ്യാപിക്കാന്‍ നിഹലാനിക്ക് മടിയുണ്ടായില്ല.

നമ്മള്‍ കൂടുതല്‍ അടഞ്ഞ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യം നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണെന്നും സംവിധായകന്‍ ഒനീര്‍ പറഞ്ഞിരുന്നു. നിഖില്‍ മൈ ബ്രദര്‍, ഐ ആം ആഫിയ, മേഘ, അഭിമന്യു, ഒമര്‍ എന്നീ ചീത്രങ്ങളുടെ സംവിധായകനാണ് ഒനീര്‍. ഇത് വലിയ അപായ സൂചനയാണ്. ശ്യാം ബെനഗലിന്റെ മന്‍ഥന്‍, ഗോവിന്ദ് നിഹലാനിയുടെ ആക്രോശ്, ചക്ര തുടങ്ങിയ സിനിമകളൊക്കെ ഇപ്പോളാണ് ഉണ്ടായതെങ്കില്‍ അതൊന്നും പുറത്ത് വരുമായിരുന്നില്ല എന്ന് തോന്നുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇത്തരം സമീപനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരണമെന്നും ഒനീര്‍ ആവശ്യപ്പെടുന്നു.

സെന്‍സര്‍ ബോഡ് എന്ന സ്ഥാപനം എന്തിനാണ്? സിനിമയ്‌ക്കോ പൊതുസമൂഹത്തിനോ ഇത് കൊണ്ട് എന്ത് ഗുണമാണുള്ളത് എംന്നൊക്കെയുള്ള ചോദ്യങ്ങള്‍ പ്രസക്തമാണ്. ഏതായാലും മോദി സര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തില്‍ പുരോഗമനപരവും സുചിന്തിതവുമായ ഒരു പരിഷ്‌കരണ ശ്രമം പ്രതീക്ഷിക്കുന്നത് അബദ്ധമായിരിക്കും. ചലച്ചിത്ര ലോകത്ത് നിന്നുള്ള ശക്തമായതും കൂട്ടായ്മയോടെ ഉള്ളതുമായ പ്രതിഷേധങ്ങള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാനാവൂ. എറ്റവും ഭീകരമായ സെന്‍സറിംഗ് നടക്കുന്ന ഇറാനില്‍ പോലും ശക്തമായ രാഷ്ട്രീയ പ്രമേയങ്ങള്‍ സാദ്ധ്യമാണെങ്കില്‍ ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും അത് സാധിക്കും. പക്ഷെ ചിത്രം പുറത്തിറക്കാനായി ശിവസേന നേതാവിന്റെ കാല് പിടിക്കുന്ന നിലപാടും വ്യക്തിത്വവുമില്ലാത്ത സിനിമാക്കാരെ അവര്‍ ഒറ്റപ്പെടുത്തേണ്ടി വരും.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍