UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇന്ദു സര്‍ക്കാര്‍’ പ്രദര്‍ശിപ്പിക്കരുത്: സഞ്ജയ്‌ ഗാന്ധിയുടെ മകളെന്ന് അവകാശപ്പെടുന്ന സ്ത്രീ കോടതിയില്‍

മാധ്യമ ശ്രദ്ധ നേടലല്ല തന്റെ ഉദ്ദേശമെന്നും തന്റെ ‘പിതാവിനെ’ക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നത് തടയാനാണ് താന്‍ ശ്രമിക്കുന്നതെന്നും പ്രിയ സിംഗ് പൗള്‍ വിശദീകരിക്കുന്നു.

                       

മധുര്‍ ഭണ്ഡാര്‍ക്കറിന്റെ പുതിയ ചിത്രം ഇന്ദു സര്‍ക്കാര്‍ ജൂലൈ 28ന് റിലീസ് ചെയ്യാനിരിക്കെ, ചിത്രം വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്കുള്ള സഞ്ചാരത്തിലാണ്. 14 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് (സിബിഎഫ്‌സി) ചിത്രത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും റിവ്യൂ കമ്മിറ്റിക്ക് പരാതി നല്‍കുമെന്നും മധുര്‍ ഭണ്ഡാര്‍ക്കര്‍ അപ്പോള്‍ തന്നെ ട്വീറ്റ് ചെയ്തിരുന്നു. അടിയന്തരാവസ്ഥ കാലത്ത് നടക്കുന്ന തന്റെ ചിത്രത്തിന്റെ കഥ 30 ശതമാനം യാഥാര്‍ത്ഥ്യങ്ങളും 70 ശതമാനം ഭാവനയും കോര്‍ത്തിണക്കിയതാണെന്ന് നേരത്തെ തന്നെ ഭണ്ഡാര്‍ക്കര്‍ പറഞ്ഞിരുന്നു.

ചിത്രത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും ഒട്ടേറെ വിവാദങ്ങളില്‍ നായകനായ മകന്‍ സഞ്ജയ് ഗാന്ധിയും കഥാപാത്രങ്ങളായി എത്തുന്ന എന്നതാണ് വിവാദങ്ങളെ കൂടുതല്‍ കൊഴുപ്പിക്കുന്നത്. കോണ്‍ഗ്രസ് നേരത്തെ തന്നെ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രം ‘സെന്‍സര്‍’ ചെയ്യുന്നതിന് മുമ്പ് തങ്ങളെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം സിബിഎഫ്‌സിക്ക് കത്തയച്ചിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളെ ചിത്രത്തില്‍ കഥാപാത്രങ്ങളാക്കിയിട്ടുണ്ടെന്നും അവരെ മോശമായി ചിത്രീകരിക്കുന്നില്ല എന്ന് തങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും കത്തില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ തയ്യാറായില്ല. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ അതിനെതിരെ കോണ്‍ഗ്രസ് വക്താവ് ജോതിരാദിത്യ സിന്ധ്യയെ പോലുള്ളവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ചിത്രത്തിനെതിരെ ഏറ്റവും കൗതുകകരമായ എതിര്‍പ്പ് വന്നത് തീരെ അപ്രതീക്ഷിതമായ ഒരു ഭാഗത്തുനിന്നാണ്. സഞ്ജയ് ഗാന്ധിയുടെ മകളാണ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ പ്രിയ സിംഗ് പോള്‍ ആയിരുന്നു ഇത്. 1980ല്‍ വിമാനപകടത്തില്‍ കൊല്ലപ്പെട്ട സഞ്ജയ് ഗാന്ധിക്ക് ബിജെപി എംപി വരുണ്‍ ഗാന്ധി മാത്രമാണ് മക്കളായി ഉള്ളതെന്നാണ് ഇതുവരെയുള്ള പൊതു ധാരണ. കേന്ദ വനിത – ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അതേസമയം സഞ്ജയ് ഗാന്ധിയുടെ രക്തത്തില്‍ പിറന്ന മകളാണ് താനെന്നും തന്റെ പിതാവിനെയും മുത്തശ്ശിയായ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും അപമാനിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നുമാണ് പ്രിയ സിംഗ് പോളിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ജൂണ്‍ 23ന് മധുര്‍ ഭണ്ഡാര്‍ക്കര്‍, നിര്‍മ്മാതാവ് ഭരത് ഷാ, വാര്‍ത്താവിതരണ – പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു, സിബിഎഫ്‌സി ചെയര്‍പേഴ്‌സണ്‍ പഹ്ലജ് നിഹലാനി എന്നിവര്‍ക്ക് അവര്‍ നാലുപേജുള്ള കത്തയച്ചിരുന്നു. തന്നെ കാണിച്ച് അനുമതി നേടുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ അവരുടെ അവകാശവാദങ്ങള്‍ ഗാന്ധി കുടുംബം അംഗീകരിക്കുന്നത് വരെ ആവശ്യം അംഗീകരിക്കാനാവില്ല എന്നായിരുന്നു നിഹലാനിയുടെ മറുപടി. തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

1968ല്‍ ജനിച്ച തന്നെ 1974ല്‍ ആറാം വയസില്‍ മറ്റൊരു കുടുംബം ദത്തെടുക്കുകയായിരുന്നു എന്നാണ് പ്രിയ സിംഗ് പോളിന്റെ അവകാശവാദം. താന്‍ സഞ്ജയ് ഗാന്ധിയുടെ മകളാണെന്ന് 2010ല്‍ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും അവര്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി ഐകെ ഗുജറാളിന്റെ ഭാര്യ വിമല ഗുജറാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമ ശ്രദ്ധ നേടലല്ല തന്റെ ഉദ്ദേശമെന്നും തന്റെ പിതാവിനെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നത് തടയാനാണ് താന്‍ ശ്രമിക്കുന്നതെന്നും പ്രിയ സിംഗ് പോള്‍ വിശദീകരിക്കുന്നു.

1975 മുതല്‍ 1977 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതികരിച്ച ഒരു സ്ത്രീയാണ് ഇന്ദു സര്‍ക്കാരിലെ മുഖ്യ കഥാപാത്രം. ഇന്ദു സര്‍ക്കാര്‍ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീര്‍ത്തി കുല്‍ഹാരിയാണ്. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ വേഷമിടുന്നത് സുപ്രിയ വിനോദും സഞ്ജയ് ഗാന്ധിയായി മാറുന്നത് നീല്‍ നിതിന്‍ മുകേഷുമാണ്. ആര്‍എസ്എസ്, ഇന്റലിജന്‍സ് ബ്യൂറോ, പ്രധാനമന്ത്രി, അകാലി, കമ്മ്യൂണിസ്റ്റ്, ജയപ്രകാശ് നാരായണന്‍, സെക്ഷന്‍ ഓഫീസര്‍, കിഷോര്‍ എന്നീ വാക്കുകളും ചില സംഭാഷണശകലങ്ങളും വെട്ടിമാറ്റണമെന്നാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍