Continue reading “അരികുകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍”

" /> Continue reading “അരികുകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍”

"> Continue reading “അരികുകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍”

">

UPDATES

സൈന്‍സ് ഫെസ്റ്റിവല്‍

അരികുകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍

                       

കെ ജി ബാലു

മെയ് 28 മുതല്‍ ജൂണ്‍ഒന്നു വരെ എറണാകുളം ടൌണ്‍ ഹാള്‍, ചില്‍ഡ്രസ് പാര്‍ക്ക് തീയറ്റര്‍ എന്നിവിടങ്ങളിലായി നടന്ന സൈന്‍സ് 2014 ഡോക്യുമെന്ററി വീഡിയോ ഫിലിം ഫെസ്റ്റിവെലില്‍ മത്സരവിഭാഗങ്ങളിലടക്കം വിവിധ വിഭാഗങ്ങളിലായി ഏതാണ്ട് നൂറ്റിമുപ്പതോളം സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ കനേഡിയന്‍ അനിമേറ്ററും സിനിമാ സംവിധായകനുമായ നോര്‍മന്‍ മക്‌ലാരന്റെ (1914-1987) ആനിമേഷന്‍ ചിത്രങ്ങള്‍ പുത്തന്‍ കാഴ്ചയായി. 1950 കളില്‍ സംഗീതവും ചിത്രങ്ങളും ആനിമേഷനും ഉപയോഗിച്ച് മക്‌ലാരന്‍ നടത്തിയ പരീക്ഷണങ്ങള്‍ അത്ഭുതപ്പെടുത്തുതായിരുന്നു. 1953ല്‍ അദ്ദേഹത്തിന് ബെസ്റ്റ് ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്‌കാര്‍ നേടിക്കൊടുത്ത നെയ്‌ബേസ്, പാസ് ഡി ഡ്യുക്‌സ് (1968, ബാഫ്റ്റാ ഫിലിം അവാര്‍ഡ്), തുടങ്ങി നിരവധി ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.

ബെസ്റ്റ് ഓഫ് സൈന്‍സ് വിഭാഗത്തില്‍ ഫിക്ഷനും ഡോക്യുമെന്ററിയുമായി ആറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മീല്‍സ് റെഡി (നിതുനാ നെവീല്‍ ദിനേശ്), സ്‌കൈലാബ് ഈസ് ഫാളിങ്ങ് (മനോജ് ലിയോനല്‍ ജോസ), വെള്ളപ്പൊക്കത്തില്‍ (ജയരാജ്), നിങ്ങള്‍ അരണയെ കണ്ടോ ? (സുനന്ദ ബട്ട്), ലേഡീസ് സ്‌പെഷ്യല്‍ (നിധി തുളി), കടല്‍ത്തീരത്ത് (ഷെറി) എിവയായിരുന്നു ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍.

ജൂറി അംഗങ്ങളായ മധുശ്രീ ദത്ത (ഐ ലിവ് ഇന്‍ ബെഹ്‌റാംപാഡ, 7 ഐലന്‍ഡ്‌സ് ആന്‍ഡ് എ മെട്രോ), റിയാസ് കോമു (മൈ ഗ്രേവ്, ദി ലാസ്റ്റ് വാള്‍), കെ.ബി.വേണു (അവാബി – എ പോസറ്റീവ് സ്‌റ്റോറി) എന്നിവരുടെ ചിത്രങ്ങള്‍ ജൂറി ഫിലിം വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. നസ്‌റുദ്ദീന്‍ ഷാ അഭിയിച്ച മൈ ഗ്രേവ് എന്ന പതിമൂന്ന് മിനിറ്റ് വീഡിയോ ഇന്‍സ്റ്റലേഷന്‍ പുതിയ കാലത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ചിത്രത്തിലുടനീളം ലൈറ്റും പശ്ചാത്തല സംഗീതവും മാറിമാറി വരുന്നതിനുസരിച്ച് നസ്‌റുദ്ദീന്‍ ഷായ്ക്കുണ്ടാകുന്ന ഭാവമാറ്റമാണ് ചിത്രീകരിച്ചിരിക്കുന്നത്. ദി ലാസ്റ്റ് വാള്‍ എ വീഡിയോ ഇന്‍സ്റ്റലേഷന്‍ തെരുവില്‍ ജീവിക്കുന്ന ഒരാള്‍ അയാളുടെ ഓര്‍മ്മകളുടെ, ചിന്തകളുടെ ലാസ്റ്റ് വാളില്‍ തീര്‍ക്കുന്ന ഗ്രാഫിറ്റിയെ ചിത്രീകരിക്കുന്നു. ആ മനുഷ്യന്റെ ഒരു ദിവസമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഫിലിം ഫെസ്റ്റിവെലുകളിലേക്ക് ബിനാലെയോടൊപ്പം കടന്നുവന്ന വീഡിയോ ഇന്‍സ്റ്റലേഷനുകള്‍ പുതിയ ദൃശ്യാനുഭവമായി. റിയാസ് കോമു ക്യൂറേറ്റു ചെയ്ത ആര്‍ടിസ്റ്റിക്ക് സിനിമാ വിഭാഗത്തില്‍ ഏതാണ്ട് ഇരുപതോളം വീഡിയോ ഇന്‍സ്റ്റലേഷനുകള്‍ പ്രദര്‍ശിപ്പിച്ചു. അനിമേഷന്‍, സംഗീതം, ദൃശ്യം എിങ്ങനെ സിനിമാ സങ്കേതത്തിന്റെ സാധ്യതകളെ ശക്തമായി ഉപയോഗിക്കുവയായിരുന്നു മിക്ക ചിത്രങ്ങളും. രാഷ്ട്രീയവും പരിസ്ഥിതിയും തുടങ്ങി വ്യക്തിയുടെ അന്തഃര്‍സങ്കര്‍ഷങ്ങള്‍വരെയുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഇവ കൈകാര്യം ചെയ്തു. ചൈനയില്‍ നിന്നുള്ള സണ്‍ സൂന്റെ ചിത്രങ്ങളില്‍ ചൈനയുടെ സമകാലിക രാഷ്ട്രീയ പ്രധാന പ്രമേയമാകുന്നു. സ്വിറ്റ്‌സര്‍ലാന്റ്, ലെബനന്‍, ഇന്ത്യ, അമേരിക്ക, സൗത്താഫ്രിക്ക, ഫ്രാന്‍സ് എിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

ഹോമേജ് വിഭാഗത്തില്‍ വധശിക്ഷ നടപ്പാക്കാന്‍ വിധിക്കപ്പെടുന്ന ആരാച്ചാരുടെ മാനസിക വ്യപാരങ്ങളിലൂടെ കടന്നുപോകുന്നവണ്‍ ഡേ ഫ്രം എ ഹാങ്ങ് മാന്‍സ് ലൈഫ് (സംവിധാനം: ജോഷി ജോസഫ്,ക്യാമറ: റസാഖ് കോട്ടയ്ക്കല്‍), ചിത്രകാരന്‍ സി.എന്‍.കരുണാകരനെ ആസ്പദമാക്കി ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി, ദി ആര്‍ട്ടിസ്റ്റ്, പ്രശസ്ത കവി അയ്യപ്പപണിക്കരെ പരിചയപ്പെടുത്തുന്ന’ബ്ലൂസണ്‍ ഗ്രീന്‍ മൂണ്‍ (ക്യമാറ-റസാക്ക് കോട്ടയ്ക്കല്‍), കൂടാതെ ക്രിസ് മാര്‍ക്കര്‍, അലൈന്‍ റെനെ എിവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

ഫോക്കസ് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ക്രോണിക്കിള്‍ ഓഫ് എ ടെമ്പിള്‍ (ശ്രാവ കട്ടികനേനി), 2007ല്‍ ഗോകുല്‍ചാറ്റില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അനാഥയായ അഞ്ചു വയസുകാരിയെ സ്വന്തം മകളെ പോലെ വളര്‍ത്തുന്ന പപ്പലിന്റെ ജീവിതത്തിലുണ്ടാകുന്ന സങ്കീര്‍ണതകളെ ചിത്രീകരിക്കുന്നു. വൈറ്റ് വാന്‍ സ്റ്റോറീസ് (ലീന മണിമേഖല), ശ്രീലങ്കന്‍ സൈന്യം അന്യായമായി തട്ടികൊണ്ടു പോയി കൊലപ്പെടുത്തുന്ന തമിഴ് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ കഥപറയുന്നു. അതോടൊപ്പം അധികാരികള്‍ ഇവരോട് കാണിക്കുന്ന നിഷേധാത്മകനിലപാടിനെയും രൂക്ഷമായി ആക്രമിക്കുന്നുണ്ട് ചിത്രം. സമാനമായ വിഷയമാണ് എന്‍. ശ്രീമിത്ത് സംവിധാനം ചെയ്ത ‘ വാ’ര്‍ മാര്‍ക്ക്’ എന്ന ഡോക്യുമെന്ററിയും കൈകാര്യം ചെയ്യുന്നത്. ഇഷാനി കെ.ദത്ത സംവിധാനം ചെയ്ത ‘ വോംബ് ഓണ്‍ റെന്റ്’ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീകളുടെ ജീവിതം പറയുന്നു.

ബെസ്റ്റ് ഓഫ് സൈന്‍സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നിധി തുളുവിന്റെ ‘ലേഡീസ് സ്‌പെഷ്യല്‍’ ശ്രദ്ധേയമായി. ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച റെയില്‍വേ ശൃംഖലയായ മുംബൈയില്‍ സ്ത്രീകള്‍ക്കുമാത്രമായി ഓടുന്ന ലേഡീസ് സ്‌പെഷ്യന്‍ ട്രെയിനിനിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രം. സ്ത്രീകള്‍ക്കുമാത്രമായുള്ള ഈ ട്രെയിന്‍ തങ്ങള്‍ക്ക് ഏറെ സുരക്ഷിതത്വം തരുന്നു, ഒരു വീടുപോലെ എന്നു പറയുമ്പോള്‍ ഇന്ത്യയുടെ സാമൂഹീകാവസ്ഥയുടെ നേര്‍ചിത്രമാകുകയാണ് നിധിയുടെ ഡോക്യുമെന്‍ററി.

ഡോക്യുമെന്റി, കഥാചിത്രം മത്സര വിഭാഗങ്ങളിലെ ചിത്രങ്ങളില്‍ അക്കാദമി ഉത്പന്നങ്ങളായ സിനിമകളില്‍ സൈദ്ധാന്തിക സമീപനം മുഴച്ച് നിന്നപ്പോള്‍ അക്കാദമിക്ക് പുറത്തുനിന്നുള്ള സിനിമകളില്‍ സാങ്കേതിക-സൈദ്ധാന്തിക ജ്ഞാനക്കുറവും പ്രകടമായിരുന്നു. മത്സരവിഭാഗം ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘ട്രാന്‍സ്‌ലേറ്റഡ് ലൈവ്‌സ്: എ മൈഗ്രേഷന്‍ റീവിസിറ്റഡ്’ എ ഷൈനി ജേക്കബ് ബെഞ്ചമിന്റെ ഡോക്യുമെന്ററി, കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്ക് ജോലിക്കായി പോയ സ്ത്രീകളുടെ കഥ പറയുന്നു. രണ്ടാം ലോകമഹായുദ്ധ ശേഷം ജര്‍മ്മനിയുടെ പുനഃരുദ്ധാരണത്തിനായി കത്തോലിക്കാ സഭ കേരളത്തില്‍ നിന്ന് പത്താംക്ലാസ് പാസായ പെണ്‍കുട്ടികളെ നേഴ്‌സിങ്ങിനായി കൊണ്ടുപോയിരുന്നു. മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയാതെ ജര്‍മ്മനിയിലെത്തിയ ആ പെണ്‍കുട്ടികളില്‍ ചിലര്‍ ജര്‍മ്മന്‍ പൗരത്വം സ്വീകരിക്കുന്നു. മറ്റുള്ളവര്‍ ഇപ്പോഴും ജന്മനാടിനെ സ്വപ്‌നം കാണുന്നു. ചിലര്‍ കേരളത്തില്‍ നിന്നും മറ്റുചിലര്‍ ജര്‍മ്മന്‍കാരെയും വിവാഹം കഴിച്ചു. വിവാഹം തന്നെവേണ്ടെന്നുവെച്ചവരും ഇവര്‍ക്കിടയിലുണ്ട്. തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സങ്കീര്‍ണ്ണമായ സംസ്‌കാരിക-സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നു.

സൈന്‍സ് 2014: പുരസ്കാരങ്ങള്‍

ഏറ്റവും നല്ല കഥാചിത്രം : മഘി (ഉമേഷ് വിനായക് കുല്‍ക്കര്‍ണി), ഏറ്റവും നല്ല ഡോക്യുമെന്ററി : കാന്‍ഡില്‍സ് ഇന്‍ ദ വിന്‍ഡ് (കവിതാ ബാല്‍, നന്ദന്‍ സക്‌സേന), സിനിമ എക്‌സ്പിരിമെന്റാ (ഫിക്ഷന്‍) : ഐസാ നഹീന്‍ തുഅ ത താഹിരാ (റജുലാ ഷാ), പ്രത്യേക പരാമര്‍ശം (കഥാ ചിത്രം) : ഓര്‍ഡിനറി ടൈംസ് (തകപാ കര്‍മ്മ), എ ഡ്രീം ആനിമല്‍ (സന്‍യുക്ത ശര്‍മ്മ), പ്രത്യേക പരാമര്‍ശം (ഡോക്യുമെന്ററി): ഷെപ്പേര്‍ഡ്‌സ് ഓഫ് പാരഡൈസ് (രാജാ ഷബീര്‍ ഖാന്‍), എബാംഗ് ബെവാരിഷ് (ദേബാലിന).

ജൂറി അംഗങ്ങള്‍ : മധുശ്രീ ദത്ത (ചെയര്‍പേസ), റിയാസ് കോമു, കെ.ബി.വേണു (അംഗങ്ങള്‍).

മലയാളത്തിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ഇത്തവണത്തെ ജോണ്‍എബ്രഹാം അവാര്‍ഡ് (മലയാളം,2014) സുദേവന്‍ സംവിധാനം ചെയ്ത സിആര്‍ നമ്പര്‍.89 നേടി. സണ്ണി ജോസഫ്, ഡോ.പി.എസ്.രാധാകൃഷണ്ന്‍, നേമം പുഷ്പരാജ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

Share on

മറ്റുവാര്‍ത്തകള്‍