മികച്ച സാങ്കേതിക വിദ്യയും പരിശീലന സൗകര്യങ്ങളും ലോകത്തിലെ ഒന്നാം നമ്പര്‍ പോലീസ് സേനയാകാനുള്ള ഒരുക്കത്തിലാണ് ദുബൈ പോലീസ്. മേയ് മാസം മുതല്‍ യന്ത്ര പോലീസുകാരുടെയും സേവനം ഉപയോഗിക്കാനാണ് നീക്കം. തുടക്കത്തില്‍ എണ്ണം കുറവായിരിക്കുമെങ്കിലും 2030 ആകുമ്പോഴേക്കും പോലീസ് സേനയിലെ 30 ശതമാനം യന്ത്ര പോലീസുകാരാക്കാനാണ് നീക്കം.
ഭാവിയില്‍ നേരിടാനിടയുള്ള വെല്ലുവിളികളും സങ്കീര്‍ണ കുറ്റകൃത്യങ്ങള്‍ തടയാനുമാണ് ഈ നീക്കം. ഫ്യൂച്ചര്‍ ഷേപ്പിംഗ് സെന്റര്‍ അധ്യക്ഷന്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ഇതിനെക്കുറിച്ച് വിശദീകരിച്ചു. ദുബൈയില്‍ നടന്നുവരുന്ന ആഗോള പൊലീസ് ഫോറത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 2025 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും മികച്ച അഞ്ച് പൊലീസ് സേനകളിലൊന്ന് ദുബൈയുടേതാകും. സമ്പൂര്‍ണ ഡിഎന്‍എ ബാങ്ക് രൂപീകരിക്കുന്നതോടെ രാജ്യത്ത് അറിയപ്പെടാത്തതോ ദുരൂഹസാഹചര്യത്തിലെയോ കുറ്റകൃത്യങ്ങള്‍ ഉണ്ടാകില്ല. മനുഷ്യ ജീവനക്കാരുടെ സേവനം ആവശ്യമില്ലാത്ത സ്മാര്‍ട്ട് പൊലീസ് സ്‌റ്റേഷന്‍ 2030ല്‍ തുറക്കും.
അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ഐര്‍ലന്റ്, ബ്രസീല്‍, ചൈന, ഫിലിപ്പീന്‍സ്, ആസ്‌ട്രേലിയ, ജര്‍മനി, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയും പരിപാടിയില്‍ പങ്കെടുത്തു.