UPDATES

സയന്‍സ്/ടെക്നോളജി

സ്വന്തം എ ഐ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ

പല ഭരണവെല്ലുവിളികളും പരിഹരിക്കുന്നതിനോടൊപ്പം വലിയ വിഭാഗം ജനങ്ങള്‍ക്ക് കാര്യക്ഷമമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് പദ്ധതി ലക്ഷ്യമിടുന്നത്.

                       

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) മേഖലയില്‍ പുതിയ കാല്‍വെപ്പ് നടത്താനൊരുങ്ങി ഇന്ത്യ. ആധാര്‍, യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) തുടങ്ങിയ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ (ഡിപിഐ) തുടര്‍ച്ചയെന്നോണമാണ് എ ഐ രംഗത്തും ഇന്ത്യ കാല്‍വയ്ക്കാനൊരുങ്ങുന്നത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹ മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ ഇന്ത്യ നടത്താനൊരുങ്ങുന്ന പരീക്ഷണത്തെ കുറിച്ചു പ്രഖ്യപനം നടത്തിയത്. രാജ്യം അതിന്റെ പ്രഥമ എ ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നത് വഴി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ മാനങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി പ്രതീക്ഷ പങ്കുവച്ചത്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സിന്റെ ഡിജിഫ്രോഡ് ആന്‍ഡ് സേഫ്റ്റി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല ഭരണവെല്ലുവിളികളും പരിഹരിക്കുന്നതിനോടൊപ്പം വലിയ വിഭാഗം ജനങ്ങള്‍ക്ക് കാര്യക്ഷമമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് പദ്ധതി ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ നടപടികളുടെ ഫലപ്രാപ്തിയും പ്രവര്‍ത്തന ക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, ഇലക്ട്രോണിക് സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സാങ്കേതിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ, ഭരണരീതികള്‍ നവീകരിക്കുന്നതിനും പൊതുസേവന വിതരണത്തിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത, സുതാര്യത, എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ഡിപിഐ (ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍) പോലെ കൂടുതല്‍ ഫലവത്തായതും സവിശേഷവുമായ ഒരു തീരുമാനമായി ഇത് മാറുമെന്നും അതുവഴി ഇന്ത്യയ്ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യത തുറക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വലിയ ഭാഷ മാതൃകകള്‍ സൃഷ്ടിക്കുന്നതിനും വിവര ശേഖരങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ‘അനോണിമിസ്ഡ് ഡാറ്റയുടെ’ ആവശ്യകതയുണ്ടാകും. ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ (ഡിപിഡിപി) ആക്റ്റും സ്വകാര്യത പ്രശ്‌നങ്ങളും നിലനില്‍ക്കുന്നത് കൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ഈ ഡാറ്റകളുടെ ഫലവത്തായ ഉപയോഗത്തിന് തടസങ്ങളുണ്ടാകും. എന്നാല്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകള്‍ വഴി ഇത്തരത്തിലുള്ള വിവര ശേഖരങ്ങളെ(dataset ) ഉപയോഗപ്രദമാക്കാന്‍ സാധിക്കും. അടുത്തിടെ, എ ഐ വൈദഗധ്യത്തിനും പരിസ്ഥിതി വികസനത്തിലും ഐബിഎമ്മുമായി ഗവണ്‍മെന്റ് ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. എ ഐ കമ്പ്യൂട്ടിംഗ് കമ്പനിയായ എന്‍വിഡിയ കോര്‍പ്പറേഷന്‍ (NVIDIA ) സര്‍ക്കാരുമായും ഇന്‍ഫോസിസ്, റിലയന്‍സ്, ടാറ്റ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളും എ ഐ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസിപ്പിക്കാന്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഒരുങ്ങുന്നത്.

സ്വന്തമായി എ ഐ നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി എന്താണ്?

കഴിഞ്ഞ മേയില്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ദേശീയ ഡാറ്റാ ഗവേണന്‍സ് ഫ്രെയിം വര്‍ക്ക് നയത്തിന്റെ കരട് പുറത്തിറക്കിയിരുന്നു. അതിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള വ്യക്തിപരമല്ലാത്തതും, ഇന്ത്യന്‍ പൗരന്മാരില്‍ നിന്നുമുള്ള അജ്ഞാതമായ വിവരശേഖരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യന്‍ ഡാറ്റാസെറ്റ് പ്ലാറ്റ്ഫോം സൃഷ്ടിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യക്തിഗതമല്ലാത്ത ഡാറ്റ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്ത്യന്‍ ഗവേഷകര്‍ക്കും ഇതിലെ വിവരങ്ങള്‍ കൈകാര്യം ചെയ്യാമെന്ന ആശയമാണ് കരട് നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഭരണം മെച്ചപ്പെടുത്തുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡാറ്റാ നേതൃത്വത്തിലുള്ള ഗവേഷണ-സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം എന്നിവ പ്രാപ്തമാക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ ഡാറ്റാ ശേഖരണം നവീകരിക്കുക എന്നത് കൂടിയാണ് നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന്.

ഈ വര്‍ഷം ഒക്ടോബറില്‍ ഐടി മന്ത്രാലയം രൂപീകരിച്ച വര്‍ക്കിങ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വിവരശേഖരണ പദ്ധതിയില്‍ കേന്ദ്ര/സംസ്ഥാന/യൂണിയന്‍ ടെറിട്ടറി/പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍, മിനിസ്ട്രി ഓഫ് മൈക്രോ, സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, മീഡിയ ഓര്‍ഗനൈസേഷനുകള്‍, ഓപ്പണ്‍ ടെക്‌നോളജി കമ്മ്യൂണിറ്റികള്‍ തുടങ്ങിയവയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ്. ഇന്ത്യന്‍ വിവരശേഖര പ്ലാറ്റ്ഫോം കൈവശം വച്ചിരിക്കുന്ന വ്യക്തിഗതമല്ലാത്ത ഡാറ്റകള്‍. റിപ്പോര്‍ട്ട് പ്രകാരം, ഡാറ്റാധിഷ്ഠിത നവീകരണത്തിനും വികസനത്തിനും ശക്തമായ അടിത്തറ നല്‍കിക്കൊണ്ട് ഇന്ത്യയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇക്കോസിസ്റ്റം ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.

ഇന്ത്യ എങ്ങനെ എ ഐ- യെ നിയന്ത്രിക്കും?

എ ഐ-ക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് രാജ്യം വിശ്വസിക്കുന്നതിനാല്‍, മുന്‍കാലങ്ങളില്‍ നിന്ന് ഇന്ത്യന്‍ സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്ന നിയമങ്ങളില്‍ പ്രതിഫലിക്കും. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ വന്‍കിട ടെക് കമ്പനികള്‍ക്ക് സര്‍ക്കാര്‍ പിന്തുണയുള്ള ഡാറ്റാബേസുമായി തങ്ങളുടെ കൈവശമുള്ള അജ്ഞാത വ്യക്തിഗത വിവരങ്ങള്‍ പങ്കിടാന്‍ നിര്‍ദ്ദേശം നല്‍കുന്നതിനെ പറ്റി കേന്ദ്രം പരിഗണിക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യ ബില്‍ കരടിന്റെ ഭാഗമായുള്ള ഈ നിര്‍ദേശങ്ങള്‍ വന്‍കിട ടെക് കമ്പനികളെ തങ്ങളുടെ കൈവശമുള്ള എല്ലാ വ്യക്തിഗതതേതര ഡാറ്റയും, ഇന്ത്യന്‍ ഡാറ്റാസെറ്റ് പ്ലാറ്റ്ഫോമിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ബന്ധിതമാക്കും. എന്നിരുന്നാലും, 2024 ലെ പൊതു തെരെഞ്ഞുപ്പിനു മുന്‍പ് ബില്‍ പുറത്തിറക്കില്ലെന്നാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ചെയര്‍മാനായുള്ള ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ നിയുക്ത സമിതിയാണ് സമാഹരിച്ച നോണ്‍-പേഴ്സണല്‍ ഡാറ്റാസെറ്റുകളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താം എന്ന ആശയം ആദ്യമായി നിര്‍ദ്ദേശിച്ചത്. 2021 ജനുവരിയിലെ ഒരു കരട് റിപ്പോര്‍ട്ടില്‍, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പങ്കിടാവുന്ന ചില ‘ഉയര്‍ന്ന മൂല്യമുള്ള ശേഖരങ്ങളെ’ ഉപയോഗപ്പെടുത്താനും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍