April 17, 2025 |
Share on

‘വളരെ നന്നായിരിക്കുന്നു ചോര കണ്ടില്ലേ? പടം ഹിറ്റാവും’; ‘നിറക്കൂട്ട്’ ചിത്രീകരണത്തിനിടെ നടന്ന സംഭവം വിവരിച്ച് ബാബു നമ്പൂതിരി

തുടക്കക്കാരനായ ഒരു നടന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ച എന്ന പേരില്‍ വിമർശനങ്ങൾ ഉയർന്നിരുന്നെന്ന് ബാബു നമ്പൂതിരി പറയുന്നു

1985ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രമാണ് നിറക്കൂട്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയും സുമലതയുമായിരുന്നു നായികാനായകന്മാര്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായി ബാബു നമ്പൂതിരിയും വേഷമിട്ടിരുന്നു.നായക കഥാപാത്രമായ മമ്മൂട്ടിയെ സ്‌നേഹിക്കുന്ന നായികയാണ് സുമലത. എന്നാല്‍ നായകന്റെ അടുത്ത സുഹൃത്തുകൂടിയായ അജിത്തിനും സുമലതയുടെ കഥാപാത്രത്തെ ഇഷ്ടമാണ്‌. സുമലതയെ ബലമായി പിടിച്ചു വലിച്ചിഴയ്ക്കുന്ന രംഗത്തിനിടയില്‍ നെറ്റി പൊട്ടിയെന്നും ആകെ ബഹളമായെന്നും തുടക്കക്കാരനായ ഒരു നടന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ച എന്ന പേരില്‍ വിമർശനങ്ങൾ ഉയർന്നിരുന്നെന്ന് ബാബു നമ്പൂതിരി പറയുന്നു. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

‘നിറക്കൂട്ടിന്റെ ചിത്രീകരണം കൊല്ലത്ത് വച്ച് നടക്കുന്നതിനിടയില്‍ ഒരു സംഭവമുണ്ടായി. അജിത്ത് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഫോട്ടോഗ്രാഫറാണ്. നായക കഥാപാത്രമായ മമ്മൂട്ടിയെ സ്‌നേഹിക്കുന്ന നായികയാണ് സുമലത. എന്നാല്‍ നായകന്റെ അടുത്ത സുഹൃത്തുകൂടിയായ അജിത്തിനും സുമലതയുടെ കഥാപാത്രത്തെ ഇഷ്ടമാണ്‌. എങ്ങനെയെങ്കിലും സുമലതയെ വശപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്ന അജിത്ത് ഒടുവില്‍ അവരെ ട്രാപ്പ് ചെയ്യുന്നുണ്ട്. ബലമായി പിടിച്ചു വലിക്കാന്‍ ശ്രമിക്കുകയും തോളിലെടുത്തുകൊണ്ട് ഒരു മുറിയില്‍ നി്ന്നും മറ്റൊരു മുറിയിലേക്ക് എടുത്തു കൊണ്ടു പോകുന്നുമുണ്ട്, ചിത്രത്തില്‍. തോളിലെടുത്തു കൊണ്ട് വാതിലിന്റെ കട്ടിള കടന്ന് അടുത്ത മുറിയിലേക്ക് പ്രവേശിക്കുന്നതാണ് ഷോട്ട്. എന്റെ തോളില്‍ കിടക്കുന്ന സുമലത പിടിയില്‍ നിന്നു വഴുതി മാറാന്‍ ശ്രമിച്ചുകൊണ്ട് കൈയും കാലുമെല്ലാം ആട്ടിക്കൊണ്ടിരിക്കയാണ്. കുറച്ചു കൂടി സുരക്ഷിതമാക്കാനായി ആദ്യത്തെ മുറിയില്‍ നിന്നും അടുത്ത മുറിയിലേക്ക് കൊണ്ടു പോകുകയാണ്. സ്പീഡിലാണ് നടക്കുന്നത്. കണ്ണടച്ച് സുമലത തോളില്‍ കിടക്കുന്നു. പെട്ടെന്ന് വാതിലിന്റെ കട്ടിളയില്‍ സുമലതയുടെ നെറ്റി തട്ടി. കരച്ചിലായി, ബഹളമായി. താരതമ്യേന തുടക്കക്കാരനായ ഒരു നടന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ച എന്ന പേരില്‍ വിമര്‍ശനങ്ങളും പൊന്തി വന്നു.

സിനിമയുടെ ഭാഗമായ ജോഷി സാറിനോ ജോയ് തോമസിനോ ഒന്നുമല്ല, സെറ്റിലെ മറ്റുള്ളവര്‍ക്ക് അതൊരു വലിയ പ്രശ്‌നമായി. അതില്‍ സുമലതയും ഉണ്ടാകുമെന്നാണ് കരുതിയത്. കുറച്ചുകൂടെ അനുഭവമുള്ള ഒരാളായിരുന്നെങ്കില്‍ ഈ പ്രശ്‌നം വരില്ലായിരുന്നല്ലോ എന്നൊരു സംസാരം അവിടെയുണ്ടായി. ഷൂട്ട് അവിടെ നിര്‍ത്തി. പിന്നീട് മുറിവേറ്റ നടിയെയും കൊണ്ട് ജ്യോത്സ്യനായ കോരച്ചേട്ടന്റെ അടുത്തേക്കാണ് നിര്‍മാതാവ് ജോയ് തോമസ് നേരെ പോയത്. അദ്ദേഹം മുറിവ് കണ്ടിട്ട് പറഞ്ഞു, ‘വളരെ നന്നായിരിക്കുന്നു. ചോര കണ്ടില്ലേ? പടം ഹിറ്റാവും.’ ഈ സംഭവത്തെ വളരെ നെഗറ്റീവ് ആയിട്ടാണ് അണിയറപ്രവര്‍ത്തകര്‍ കണ്ടിരുന്നതെങ്കില്‍ ഒരുപക്ഷേ സുമലതയും ഞാനുമായുള്ള കോമ്പിനേഷന്‍ തന്നെ മാറ്റി മറ്റൊരു പെയറിനെ വച്ച് സിനിമ മുഴുമിപ്പിച്ചേനെ.’ എന്നാല്‍ കോരച്ചേട്ടന്റെ വാക്കുകളിലുള്ള വിശ്വാസം എല്ലാം ശുഭമാക്കി. ഒന്ന് രണ്ട് ആഴ്ച്ചകളുടെ ബ്രേക്കിനു ശേഷം ഷൂട്ടിംഗ് വീണ്ടും തുടര്‍ന്നു’- ബാബു നമ്പൂതിരി പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

×