UPDATES

സിനിമ

ബോക്സ് ഓഫീസിൽ ഈദ് റിലീസുകളുടെ പെരുമഴക്കാലം; നാളെ അഞ്ചു സിനിമകൾ പ്രദർശനത്തിന്

ഈദ് റിലീസായി കേരളത്തില്‍ തിയ്യേറ്ററിലെത്താനായി കാത്തിരിക്കുന്നത് 10 ചിത്രങ്ങളാണ്

                       

ഒരിടവേളക്ക് ശേഷം പുത്തൻ സിനിമകളെയും പ്രേക്ഷകരെയും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ തീയേറ്ററുകൾ. ഈദ് റിലീസായി കേരളത്തില്‍ തിയ്യേറ്ററിലെത്താനായി കാത്തിരിക്കുന്നത് 10 ചിത്രങ്ങളാണ്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്, മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ട, വിനയ് ഫോര്‍ട് നായകനാകുന്ന തമാശ, വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്‍, ഷാഫി ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആസിഫ് അലി നായകനാകുന്ന കക്ഷി അമ്മിണി പിള്ള, ജയറാം നായകനാകുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍,
ചെമ്പന്‍ വിനോദും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്‌ക്, അപ്പനി ശരത്ത്, ഡൊമനിക് തൊമ്മി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇക്കയുടെ ശകടം എന്നീ മലയാള സിനിമകൾക്കൊപ്പം ബോളിവുഡിൽ നിന്ന് സൽമാൻഖാൻ ചിത്രം ഭാരതും പ്രദർശനത്തിനെത്തും. കൂടാതെ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എൻ.ജി.കെ എന്ന തമിഴ് ചിത്രം ഈദ് റിലീസായി കഴിഞ്ഞ വാരം പ്രദർശനത്തിനെത്തി.

ഈദ് റിലീസായി നാളെ 5 സിനിമകളാണ് തീയേറ്ററിലേക്ക് എത്തുന്നത്. വിനായകൻ നായകനായി എത്തുന്ന ‘തൊട്ടപ്പൻ’. വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തമാശ’. ഷറഫുദീഹീൻ, വിഷ്ണു ഉണ്ണി കൃഷ്ണൻ, ധ്രുവന്‍ എന്നിവരെ കേന്ദ്രകഥാത്രങ്ങളാക്കി ഷാഫി ഒരുക്കുന്ന ചിൽഡ്രൻസ് പാർക്ക്, ചെമ്പന്‍ വിനോദും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്‌ക് എന്നീ മലയാള ചിത്രങ്ങൾക്കൊപ്പം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ നായകനാകുന്ന ‘ഭാരത്’ എന്ന ചിത്രവും നാളെ തീയേറ്ററിൽ എത്തും.

മമ്മൂട്ടിയുടെ ഖാലിദ് റഹ്മാൻ ചിത്രം ‘ഉണ്ട’ ജൂൺ അഞ്ചിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സെൻസർ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചിത്രം ജൂൺ 14 ലേക്ക് റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

തൊട്ടപ്പന്‍

കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തിൽ വിനായകൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തൊട്ടപ്പൻ’. റൊമാന്റിക് ത്രില്ലർ ഡ്രാമയാണ് ചിത്രം. തൊട്ടപ്പൻ’ എന്ന ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് സിനിമ.

പ്രണയത്തിനും ആക്ഷനുമൊപ്പം ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന സിനിമയാണ് തൊട്ടപ്പന്‍. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണിത്. സുരേഷ് രാജന്‍ ഛായാഗ്രഹം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജിതിന്‍ മനോഹരമാണ് എഡിറ്റര്‍. അന്‍വര്‍ അലി, പി.എസ്. റഫീഖ്, അജീഷ് ദാസന്‍ എന്നിവര്‍ ഒരുക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് പൂമരത്തിലൂടെ ശ്രദ്ധേയനായ ലീല എല്‍. ഗിരീഷ്‌കുട്ടന്‍ ആണ്. പശ്ചാത്തല സംഗീതം-ജസ്റ്റിന്‍ വര്‍ഗീസ്. പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ജൂൺ 5 നാളെ തീയേറ്ററിൽ എത്തും.

തമാശ

നവാഗതനായ അഷ്റഫ് ഹംസയുടെ സംവിധാനത്തിൽ വിനയ് ഫോർട്ട് നായകനായി എത്തുന്ന ചിത്രമാണ് തമാശ. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്,ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സംവിധായകന്‍ തന്നെയാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

അപകര്‍ഷബോധത്തിന്റെ നിഴലില്‍ കഴിയുന്ന മലയാളം അധ്യാപകന്‍ ശ്രീനിവാസനായി വിനയ് ഫോര്‍ട്ട് എത്തുന്ന ചിത്രമാണ് തമാശ. ആത്മവിശ്വാസം തീരേയില്ലാത്ത ശ്രീനിവാസന്‍ പല സന്ദര്‍ഭങ്ങളില്‍ നാല് പെണ്ണുങ്ങളെ കണ്ടുമുട്ടുന്നു. അവരിലൂടെ നീങ്ങുന്ന അയാളുടെ ജീവിതമാണ് തമാശയില്‍ ചിത്രീകരിക്കുന്നത്. പ്രേമത്തിന് ശേഷം വിനയ് ഫോര്‍ട്ട് അധ്യാപക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് തമാശ. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവരാണ് നായികമാര്‍. റെക്സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍ഹിക്കുന്ന ചിത്രത്തിനായി വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരിയാണ്. ഛായാഗ്രഹണം സമീര്‍ താഹിര്‍.

ചില്‍ഡ്രണ്‍സ് പാര്‍ക്ക്

ഷറഫുദീഹീൻ, വിഷ്ണു ഉണ്ണി കൃഷ്ണൻ, ധ്രുവന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഷാഫി സംവിധാനം ചെയുന്ന കോമഡി എന്റർടൈനറാണ് ചില്‍ഡ്രണ്‍സ് പാർക്ക്. റാഫിയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. നൂറോളം കുട്ടികള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഹരീഷ് കണാരന്‍, ഗായത്രി സുരേഷ്, മാനസാ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടു കണ്‍ട്രീസിന് ശേഷം ഷാഫിയും റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചില്‍ഡ്രണ്‍സ് പാര്‍ക്ക്. കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ രുപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫൈസല്‍ അലിയാണ്.

ഭാരത്

സല്‍മാന്‍ ഖാന്‍ പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഭാരത്. സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ അലി അബ്ബാസും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭാരത്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

2014 ല്‍ പുറത്തിറങ്ങിയ ദക്ഷിണകൊറിയന്‍ ചിത്രമായ ‘ഓഡ് ടു മൈ ഫാദര്‍’ എന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഭാരത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടത്തിലൂടെ കൊറിയയുടെ രാഷ്ട്രീയ മാറ്റങ്ങളും പ്രധാന സംഭവങ്ങളും അവതരിപ്പിച്ച ചിത്രമായിരുന്നു ‘ഓഡ് ടു മൈ ഫാദര്‍’. ഇന്ത്യന്‍ പതിപ്പില്‍ ഭാരത് എന്ന നായകന്റെ കഥയിലൂടെ ഇന്ത്യയുടെയും കഥയാണ് സംവിധായകന്‍ പറയുന്നത്. ജൂണ്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വൈറസ്

നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് ‘വൈറസ്’.കേരളം നിപ്പയെ അറിഞ്ഞതും ഭയപ്പെട്ടതും അതിജീവിച്ചതും വെള്ളിത്തിരയിലെത്തിക്കുകയാണ് ഇവിടെ ആശിഖ് അബു എന്ന സംവിധായകൻ. കേരളം ഇച്ഛാശക്തിയോടെ നടന്നുകയറിയ നിപ്പയുടെ ദിനങ്ങളാണ് സിനിമയുടെ പ്രേമേയമാകുന്നത്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, റഹ്മാന്‍, പാര്‍വതി, രേവതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മായാനദിക്കുശേഷം ആഷിക് അബു ഒരുക്കുന്ന വൈറസിന്റെ തിരക്കഥ മുഹ്‌സിന്‍ പരാരിയും സുഹാസും ഷറഫും ചേര്‍ന്നാണ്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം സുശിന്‍ ശ്യാം, എഡിറ്റിംഗ് സൈജു ശ്രീധരന്‍. ഒ.പി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂൺ 7 ന് ലോകവ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്തും.

ഉണ്ട


അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഉണ്ട. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പതമാക്കിയൊരുക്കിയ സിനിമയാണ്. കേരളത്തില്‍ നിന്ന് ഛത്തിസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്.

ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് കൃഷ്ണന്‍ സേതുകുമാറാണ്. ഷെന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് മണി സാറിനൊപ്പമുള്ള മറ്റ് പോലീസുകാര്‍. സജിത് പുരുഷന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്ത് പിള്ള സംഗീതം നിര്‍വഹിക്കുന്നു. ചിത്രം ജൂൺ 14 ന് തീയേറ്ററിൽ എത്തും.

മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍

 

അച്ചിച്ച ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ, അജി മേടയില്‍, എന്നിവര്‍ നിര്‍മിച്ച് ജയറാം നായകനായി എത്തുന്ന ചിത്രമാണ് ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍’. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ കോമഡിക്ക് പ്രാധാന്യം നല്‍കി കഥപറയുന്ന ചിത്രത്തില്‍ ദിവ്യാ പിള്ളയും സുരഭി സന്തോഷും നായികമാരാകുന്നു.
പേര് സൂചിപ്പിക്കുന്ന പോലെ ഒരു വൃദ്ധനായല്ല ജയറാമെത്തുന്നത്. ഇരുപത്തിനാലുകാരിയായ യുവതിയെ വിവാഹം ചെയ്യുന്ന ജയറാമിന്റെ കഥാപാത്രത്തെ തേടി ഇരുപത്തിനാലുകാരിയായ മകളും അഞ്ചു വയസുള്ള പേരക്കുട്ടിയുമെത്തുന്ന ട്രെയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

വിജയരാഘവന്‍, മല്ലിക സുകുമാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗദ, സലിം കുമാര്‍, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂൺ 6 ന് തീയേറ്ററിൽ എത്തും.

കക്ഷി അമ്മിണിപിള്ള

നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് കക്ഷി അമ്മിണിപിള്ള. തലശേരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ആസിഫ് എത്തുന്നത്. അഹമ്മദ് സിദ്ധിഖിയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

സനിലേഷ് ശിവന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ്. സംവിധായകന്‍ ബേസില്‍ ജോസഫ് അഭിനയിച്ച ഉയ്യാരം പയ്യാരം എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഷിബില, സരസ ബാലുശേരി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ജൂൺ 14 ന് തീയേറ്ററിൽ എത്തും.

മാസ്‌ക്

ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ ഗിരീഷ് ലാല്‍ നസിര്‍.എന്‍. എം. എന്നിവര്‍ നിര്‍മിച്ചു നവാഗത നായ സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന മാസ്‌ക് കള്ളന്റേയും പോലീസിന്റേയും കഥപറയുന്നു. ചെമ്പന്‍ വിനോദും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ജൂൺ 5 നാളെ പ്രദർശനത്തിനെത്തും.

ഇക്കയുടെ ശകടം

മമ്മൂട്ടിയുടെ ആരാധകന്റെ കഥയുമായി എത്തുന്ന സിനിമയാണ് ഇക്കയുടെ ശകടം. അപ്പാനി ശരത്, ഡെമിനിക് തൊമ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നു.പ്രിന്‍സ് അവറാച്ചനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . കോമഡി ഫാന്റസി ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയാണെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ നൂറിലേറെ പുതുമുഖങ്ങളാണ് അണിനിരക്കുന്നത്.

പോപ്പ് സിനിമാസ് നിര്‍മ്മിക്കുന്ന ‘ഇക്കയുടെ ശകട’ത്തിന്റെ ഛായാഗ്രഹണം വിദ്യാശങ്കര്‍ ആണ്. എഡിറ്റര്‍ വിഷ്ണു വേണുഗോപാല്‍. ചാള്‍സ് നസരെത്ത് ആണ് സംഗീതം. ചിത്രം ജൂൺ 14ന് തീയേറ്ററിൽ എത്തും.

 

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

Related news


Share on

മറ്റുവാര്‍ത്തകള്‍