UPDATES

വീഡിയോ

അമേരിക്കയുടേയും റഷ്യയുടേയും യുദ്ധക്കപ്പലുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക് (വീഡിയോ)

ദൃശ്യങ്ങള്‍ പുറത്തുവിട്ടും, പരസ്പരം കുറ്റപ്പെടുത്തിയും ഇരു രാജ്യങ്ങളും രംഗത്തുവന്നു

                       

അമേരിക്കയുടേയും റഷ്യയുടേയും യുദ്ധക്കപ്പലുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. കിഴക്കൻ ചൈനാ കടലിൽ 165 ഫീറ്റ്‌ (50 മീറ്റർ) അകലെയായി മാത്രം കടന്നുപോകുന്ന യുദ്ധക്കപ്പലുകളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടും, പരസ്പരം കുറ്റപ്പെടുത്തിയും ഇരു രാജ്യങ്ങളും രംഗത്തുവന്നു.

യുഎസ്എസ് ചാന്‍സലേഴ്സ് വില്ലി എന്ന പടക്കപ്പലിന്‍റെയും ജീവനക്കാരുടെയും സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന നിലയില്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ അടുത്തുവന്നുവെന്നും, കൂടിയിടി ഒഴിവാക്കാന്‍ എല്ലാ എൻജിനുകളും പിന്നോട്ടു തിരിക്കേണ്ടി വന്നുവെന്നും അമേരിക്കന്‍ നാവികസേന പറഞ്ഞു. ‘സമുദ്ര നിരീക്ഷണം നടത്തുകയായിരുന്ന ഒരു ഹെലിക്കോപ്റ്റര്‍ കപ്പലില്‍ ഇറങ്ങാന്‍ നില്‍ക്കുകയായിരുന്നു. അതിനായി നേര്‍രേഖയില്‍ സഞ്ചരിക്കവേയാണ് റഷ്യന്‍ കപ്പല്‍ 50-100 അടിയോളം അടുത്തുവരെ വന്നത്. എന്നാല്‍ ആളപായമോ, കപ്പലിന് എന്തെങ്കിലും കേടുപാടുകളോ സംഭവിച്ചിട്ടില്ല’, ജപ്പാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ ഏഴാം കപ്പല്‍വ്യൂഹത്തിന്‍റെ വക്താവ് ക്ലേ ഡോസ്സ് പറഞ്ഞു.

കിഴക്കൻ ചൈനാ കടലിൽ ഫിലിപ്പീൻസിന്‍റെ വടക്ക്-കിഴക്ക് ഭാഗത്തൂടെ സഞ്ചരിക്കുകയായിരുന്ന അഡ്മിറൽ വിനൊഗ്രാഡോവെന്ന തങ്ങളുടെ പടക്കപ്പലിനു നേരെ അമേരിക്കന്‍ പടക്കപ്പല്‍ പാഞ്ഞടുക്കുകയായിരുന്നുവെന്ന് റഷ്യയുടെ നാവിക സേനയും പ്രതികരിച്ചു. ചാന്‍സലേഴ്സ് വില്ലി പെട്ടന്നു ദിശമാറ്റി വരികയായിരുന്നുവെന്നും, ഏതാണ്ട് 50 മീറ്റർ മാത്രം അകലെയെത്തിയതോടെ അപകടം ഒഴിവാക്കാന്‍ റഷ്യന്‍ കപ്പല്‍ പിന്തിരിയുകയായിരുന്നുവെന്നും അവര്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

നേരത്തെയും തെക്കൻ ചൈനാ കടലിൽ സമാനമായ സംഭവം നടന്നിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ചൈനീസ് – അമേരിക്കന്‍ കപ്പലുകളാണ് മുഖാമുഖം വന്നത്. റഷ്യന്‍ വിമാനങ്ങള്‍ അപകടകരമായ രീതിയിൽ അമേരിക്കന്‍ വിമാനങ്ങളോട് അടുത്ത് പറക്കുന്നതായി സമീപ കാലങ്ങളിൽ അമേരിക്ക പലതവണ പരാതിപ്പെട്ടിരുന്നു.

അടുത്തകാലത്തായി ഉക്രൈന്‍, സിറിയ പ്രശ്നങ്ങളില്‍ തട്ടി അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്ക വിലക്കിയ ചൈനീസ് കമ്പനിയായ ഹുവേയ്ക്ക് വലിയ സ്വീകരണം നല്‍കിയതും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. അതിനിടെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്.

Read More: ക്രിക്കറ്റ് കളിയാണ്, അതിദേശിയതയുടെ പ്രദര്‍ശനമല്‍സരമല്ല; ടെണ്ടുല്‍ക്കര്‍ മുതല്‍ ധോണിവരെയുള്ളവരുടെ രാജ്യസ്‌നേഹ ‘പ്രകടനങ്ങള്‍’

Share on

മറ്റുവാര്‍ത്തകള്‍